Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാറിൽ പ്രതിപക്ഷം പിന്നാക്കം പോയിട്ടില്ല; രാപ്പകൽ സമരം അവസാനിപ്പിക്കുന്നത് വരാനിരിക്കുന്ന ശക്തമായ സമരത്തിന്റെ മുന്നൊരുക്കം; കോടിയേരി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട്

സോളാറിൽ പ്രതിപക്ഷം പിന്നാക്കം പോയിട്ടില്ല; രാപ്പകൽ സമരം അവസാനിപ്പിക്കുന്നത് വരാനിരിക്കുന്ന ശക്തമായ സമരത്തിന്റെ മുന്നൊരുക്കം; കോടിയേരി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട്

സുനിത ദേവദാസ്

സോളാർ തട്ടിപ്പിന്റെ അലയൊലികൾ അവസാനിച്ചുവെന്ന തോന്നലുണ്ടാക്കിയാണു മന്ത്രിസഭാ പുനസംഘടനാവാർത്തകളുടെ പിന്നാലെ മാദ്ധ്യമങ്ങൾ കൂടിയത്. ചർച്ചകളും പ്രസ്താവനായുദ്ധവുമായി ചെന്നിത്തലയ്ക്കു മന്ത്രിസഭാ ബെർത്ത് ഒരുങ്ങാതെ വിവാദം വെടിയും പുകയും തീർന്ന് അവസാനിച്ചു. അതൊക്കെ കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും സോളാർ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നുമാണു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്. രാപ്പകൽ സമരം നാളെ അവസാനിക്കുന്നത് സമരത്തിൽനിന്നു പ്രതിപക്ഷത്തിന്റെ ഓടിപ്പോക്കല്ല, സമരം ശക്തമാക്കുന്നതിന്റെ മുന്നൊരുക്കമാണ്. സോളാർ പ്രശ്‌നത്തിൽ സിപിഎമ്മിന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും കോടിയേരി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട്.

  • ഉമ്മൻ ചാണ്ടി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് രാപ്പകൽ സമരം ആരംഭിച്ചത്. ഏത് സാഹചര്യത്തിലാണ് അത് അവസാനിപ്പിക്കുന്നത്?

കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളും സമരവുമായി മുന്നോട്ട് പോകാൻ വേണ്ടിയാണ് രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. ഇതുവരെ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതിലേക്കും ഓഫീസുകൾ സ്തംഭിപ്പിക്കുന്നതിലേക്കും ഞങ്ങൾ പോയിട്ടില്ല. പെരുന്നാളായതു കൊണ്ട് രണ്ടു ദിവസം അവധിയെടുക്കുന്നു അതിനു ശേഷം പൂർവ്വാധികം ശക്തിയോടെ കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും സെക്രട്ടറിയേറ്റും സംഭിപ്പിച്ചു കൊണ്ട് ഞങ്ങൾ തെരുവിലിറങ്ങും.

  • സോളാറിന്റെ പേരിൽ നിയമസഭാ സമ്മേളനം സംതംഭിപ്പിക്കുന്നു. ഭരണം നിശ്ചലമാവുന്നു. പൊതു ഖജനാവിന് ഇതുകൊണ്ട് ഉണ്ടാവുന്ന നഷ്ടം വളരെ വലുതല്ലേ?

ആ നഷ്ടത്തിനു ഞങ്ങൾ ഉത്തരവാദികളല്ല. നിയമസഭ സംതംഭിപ്പിച്ചതു ഞങ്ങൾ പറയുന്ന ആരോപണങ്ങൾ കേൾക്കാനും മരുപടി പറയാനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കഴിയാത്തതു കൊണ്ടാണ്. സോളാർ കേസ് ഒതുക്കി തീർക്കാനുള്ള തന്ത്രപ്പാടിലാണു ഭരണസംതംഭനമുണ്ടായത്.
ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും മാത്രമാണ് ഇതിനുത്തരവാദികൾ.

  • സോളാർ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും മന്ത്രിസഭ കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും ഘടകകക്ഷി മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ അഴിമതിക്കൊയ്ത്ത് നടത്തുകയാണെന്ന് ആരോപണങ്ങൾ ഉയരുന്നു. സോളാർ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പ്രതിപക്ഷം ഇതു കാണാതെ പോകുന്നുണ്ടോ?

യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ ആകെയുള്ള യോജിപ്പ് കൊള്ള മുതൽ പങ്കിട്ടെടുക്കുന്നതിൽ മാത്രമാണ്. ആഴ്ചയിലൊരിക്കൽ അവർ മന്ത്രിസഭാ യോഗം ചേരും. ഖജനാവ് എങ്ങനെയൊക്കെ കൊള്ളയടിക്കാമെന്നും ആ കൊള്ള മുതൽ എങ്ങനെയൊക്കെ പങ്കിടാമെന്നും ചർച്ച ചെയ്യും. ഞങ്ങൾ സമരം ഒത്തുകൂടി ശക്തമാക്കാൻ പോവുകയാണ്. സോളാർ വിഷയവും മുഖ്യമന്ത്രിയുടെ രാജിയും എന്ന പ്രധാനപ്പെട്ട വിഷയത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ നിന്നും ശ്രദ്ധ മാറിപ്പോയാൽ മുഖ്യമന്ത്രി രക്ഷപ്പെടും. അതുകൊണ്ട് മറ്റു വിഷയങ്ങളൊന്നും ഇപ്പോൾ ഉയർത്തി കൊണ്ട് വരാത്തത്. എന്നാൽ പ്രതിപക്ഷം അതൊന്നും കാണാതെ പോകുന്നില്ല.

  • ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ചെയ്യുമ്പോൾ രമേശിനെ മന്ത്രിസഭയിലുൾപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു യുഡിഎഫ് ചർച്ച ചെയ്തത്. രമേശ് ചെന്നിത്തല മന്ത്രി പദത്തിലെത്തിയാൽ തീരുന്നതായിരുന്നോ സോളാർ പ്രശ്‌നവും എൽഡിഎഫിന്റെ പ്രതിഷേധവും?


ഒരിക്കലുമല്ല രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതും ഉൾപ്പെടുത്താതിരിക്കുന്നതുമൊക്കെ കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളായിരുന്നു. സോളാർ ഇടപാടിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി രാജി ജുഡീഷ്യൽ അന്വേഷണം നേരിട്ടെങ്കിൽ മാത്രമേ ഞങ്ങൾ പ്രതിഷേധത്തിൽ നിന്നും പിന്മാറുകയുള്ളൂ.

  • പ്രതിപക്ഷത്തെക്കാൾ ശക്തമായി പിസി ജോർജും കെ. സുരേന്ദ്രനും മാദ്ധ്യമങ്ങളുമാണു നില കൊള്ളുന്നതെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്തുകൊണ്ടാണു പ്രതിക്ഷം പലപ്പോഴും ദുർലമാവുന്നത്?

ഞങ്ങൾ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവരാണ്. കണ്ടതും കേട്ടതും ഊഹിച്ചതുമൊന്നും ഞങ്ങൾക്ക് ആരോപണങ്ങളായി ഉന്നയിക്കാൻ കഴിയില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുക്കളുടെ പിൻബലത്തിൽ മാത്രമേ പ്രതിപക്ഷത്തിന് ആരോപണങ്ങളുന്നയിക്കാവൂ. ഞങ്ങളുന്നയിക്കുന്ന ആരോപണങ്ങൾക്കു വ്യക്തമായ തെളിവുകളുണ്ട്. അല്ലാത്തതു പറയാൻ ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾക്കു കഴിയില്ല.

  • കഴിഞ്ഞ വർഷം മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടുമെന്നും അതിന്റെ ആഘാതം കൂറയ്ക്കാൻ ഇടുക്കി ഡാം തുറന്നുവിടണമെന്നും ആവശ്യപ്പെട്ടത് പി.ജെ. ജോസഫ് ആണ്. അതേത്തുടർന്നാണ് കേരളത്തിൽ കടുത്ത വൈദ്യുതി ക്ഷാമമുണ്ടായതും ഇതേത്തുടർന്ന് സോളാർ പാനൽ സഥാപിക്കുന്ന നിർബന്ധിത സർക്കുലർ സർക്കാരിറക്കിയതും. ഇതൊരു ആസൂത്രിത നീക്കമാണെന്നു സംശയിക്കാമല്ലോ?

കേരളത്തിൽ വൈദ്യുതി ക്ഷാമം കൃത്യമായി സൃഷ്ടിച്ചതാണ് എന്നൊരാരോപണം പുതുതായി ഉയർന്നുവന്നിട്ടുണ്ട് ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ അതും ഉൾപ്പെടുത്തണം എന്നാണ് ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ് ഇടുക്കി ഡാം തുറന്നവിട്ടതാണ് കഴിഞ്ഞ വർഷം നാമനുഭവിച്ച കടുത്ത ക്ഷാമത്തിന് പ്രധാന കാരണമായത് അതിനു പുറകിൽ ഒരു ആസൂത്രിത നീക്കമുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നും രണ്ടും മന്ത്രിമാരെ പേരെടുത്ത് പറയേണ്ട കാര്യമില്ല മുഖ്യമന്ത്രിയും 12 മന്ത്രിമാരും അഴിമതിയിൽ പങ്കാളികളാണ്. അതിന് പുററമെ ഭരണ കക്ഷിയിലെ നിരവധി എംഎൽഎമാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് കേന്ദ്രസർക്കാരിന്റെ ഉദാര വൽക്കരണ നയത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും സൃഷ്ടി കൂടിയാണ് ഈ അഴിമതി. അതുകൊണ്ടു സർക്കാർ നയങ്ങൾക്കെതിരേ കൂടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. വരും നാളുകളിൽ പ്രതിഷേധവും സമരവും കൂടുതൽ ശക്തമാക്കും.

  • കുഞ്ഞാലിക്കുട്ടിയും ഗണേഷ് കുമാറും സ്ത്രീവിഷയങ്ങളിൽ ഉൾപ്പെട്ടപ്പോൾ പ്രതിപക്ഷം കാണിച്ച വീറും വാശിയും ധാർമ്മികതയും ജോസ് തെറ്റയിൽ വിഷയത്തിൽ എന്തുകൊണ്ടാണ് പ്രകടിപ്പിക്കാത്തത്?

ജോസ് തെറ്റയിലിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയമായ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെയാണ് നേരിടേണ്ടത്.

  • ജോസ് തെറ്റയിൽ യുവതിയെ ബലാംത്സഗം ചെയ്തിട്ടില്ലായിരിക്കാം. പരസ്പരസമ്മതത്തോടു കൂടിയായരിക്കാം എന്നാലും ഒരു ജന പ്രതിനിധി ഇങ്ങനെ ചെയ്യാമോ? കേരളം മുഴുവൻ ആ ദൃശ്യങ്ങൾ കണ്ടതാണ്?

ആ ദൃശ്യങ്ങൾ മോർഫ് ചെയ്തവയാണെന്ന് യുവതിയും ജോസ് തെറ്റയിലും പറഞ്ഞുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെയും ഗണേഷ്‌കുമാറിനെതിരെയും ആരോപണമുണ്ടായപ്പോഴും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല മന്ത്രി സ്ഥാനം എന്ന ഉത്തരവാദിത്വപ്പെട്ട പദവിയാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പാറശാല എംഎൽഎ: എ. ടി. ജോർജ് കോടതി നടപടികളെ നേരിട്ടിട്ടില്ല. പൊലീസാണ് ആ കേസൊതുക്കയത്. എ. ടി. ജോർജ് ഇപ്പോഴും ആരോപണ വിധേയനാണ്.

  • ജോസ് തെറ്റയിലിന്റേതായി മാദ്ധ്യമങ്ങൾ കാണിച്ച ദൃശ്യങ്ങൾ പൂർണ്ണമായും മോർഫ് ചെയ്തതാണെന്ന് സിപിഐ(എം) വിശ്വസിക്കുന്നുണ്ടോ?

സിപിഎമ്മിന്റെ ഈ വിഷയം സംബന്ധിച്ച നിലപാടുകൾ മുൻപേ വ്യക്തമാക്കിയതാണ്. ഒരു സ്ത്രീ ഒരാളെ വിളിച്ച് കയറ്റുന്നു. മോർഫ് ചെയ്ത ദൃശ്യങ്ങൽ പുറത്ത് വിടുന്നു. ഇതെല്ലാം രാഷ്ട്രീയമാണ്. മാദ്ധ്യമങ്ങൾ ഈ വിഷയത്തെ ഇങ്ങനെ വിടാതെ പിന്തുടരേണ്ട കാര്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP