Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽ മാറ്റം അനിവാരം, അതിന്റെ വക്താക്കൾ ബിജെപി തന്നെ; ഇരു മുന്നണികളും നൽകിയത് വെറും പാഴ്‌വാഗ്ദാനങ്ങൾ; കളിക്കളത്തിലെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പുറത്തെടുക്കും; എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖച്ഛായ മാറ്റും: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ശ്രീശാന്ത് മറുനാടനോട്..

കേരളത്തിൽ മാറ്റം അനിവാരം, അതിന്റെ വക്താക്കൾ ബിജെപി തന്നെ; ഇരു മുന്നണികളും നൽകിയത് വെറും പാഴ്‌വാഗ്ദാനങ്ങൾ; കളിക്കളത്തിലെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പുറത്തെടുക്കും; എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖച്ഛായ മാറ്റും: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന ശ്രീശാന്ത് മറുനാടനോട്..

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരവും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ എസ് ശ്രീശാന്ത് മറുനാടൻ മലയാളിയോട്. കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇരു മുന്നണികളും ഇത്രയും കാലം വെറും പാഴ് വാഗ്ദാനങ്ങളല്ലാതെ കേരളത്തിനായി എന്താണ് ചെയ്തതെന്നും ശ്രീശാന്ത് ചോദിക്കുന്നു. തൃപ്പുണ്ണിത്തുറയിൽ നിന്നും മത്സരിക്കാൻ തീരുമാനിക്കുമ്പോൾ തുറവൂർ വിശ്വംഭരൻ തൃപ്പുണ്ണിത്തുറയിൽ പ്രചാരണം തുടങ്ങിയതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നു എന്നും അമ്മ തന്നോട് ഇക്കാര്യം പറഞ്ഞയുടനെ താൻ തന്നെയാണ് ബിജെപി നേതൃത്ത്വത്തോട് മറ്റൊരു മണ്ഡലത്തിലേക്ക് മാറണമെന്ന ആവശ്യം ഉന്നയിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

താൻ വളരെയധികം ബഹുമാനിക്കുന്ന ആളായതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ശ്രീശാന്ത് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിന്റെ സമഗ്ര വികസനമായിരിക്കും എല്ലായിപ്പോഴും തന്റെ ലക്ഷ്യമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. തലസ്ഥാനത്ത് മത്സരിക്കാനാകുന്നത് തന്റെ ഭാഗ്യമാണെന്നും ശ്രീ പത്മനാഭസ്വാമിയുടെ മണ്ണിൽ വിജയം സാധ്യമാണെന്നുമാണ് ശ്രീയുടെ പ്രതീക്ഷ. വിജയിച്ച് എംഎൽഎ ആയാൽ തലസ്ഥാനത്തിന്റ മുഖഛായ തന്നെ മാറ്റുമെന്നും ശ്രീശാന്ത് ഉറപ്പിച്ച് പറയുന്നു.

ശ്രീശാന്ത് കെട്ടിയിറക്ക് സ്ഥാനാർത്ഥിയാണെന്നും കൊച്ചിക്കാരനായ അയാൾ തിരുവനന്തപുരത്തിനായി എന്ത് ചെയ്യാനാണ് എന്ന് വിമർശനമുണ്ടല്ലോ എന്ന ചോദ്യത്തിനു താൻ മലയാളിയാണെന്നും മലയാളിയായിട്ടാണ് ഇന്ത്യൻ ടീമിൽ പോലും കളിച്ചതെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രാദേശിക നേതൃത്ത്വത്തിനു തന്റെ സ്ഥാനാർത്ഥിത്ത്വത്തിൽ എതിർപ്പുണ്ടെന്ന വാർത്ത തെറ്റാണെന്നും തനിക്ക് അവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

മണ്ഡലത്തിലെ തീരദേശ മേഖലയെ പൂർണമായും അവഗണിക്കുന്ന മട്ടിലാണ് ഇരു മുന്നണികളും പ്രവർത്തിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തീരദേശമേഖലെയെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുന്നോട്ടുനയിക്കുന്നതിനുള്ള പദ്ധതികൾക്കായിരിക്കും മുൻഗണനയെന്നും യുവാക്കൾക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും തന്റെ എല്ലാ പ്രവർത്തനങ്ങളെന്നും ശ്രീശാന്ത് പറഞ്ഞു.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം എല്ലാ മേഖലയിലും വികസിക്കേണ്ടതാണെന്നും എന്നാൽ ഇവിടുത്തെ നിലവിലെ ഇടതു വലതു മുന്നണികളാണ് തലസ്ഥാനത്തെ പിന്നോട്ടടിക്കുന്നതിന് ഉത്തരവാദികളെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ബിജെപി തന്നെയാണ് കേരളത്തിൽ മാറ്റത്തിന്റെ വക്താക്കളെന്നും വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തുന്നതിനായി പാർട്ടി സജ്ജമാണെന്നും അതിനു മികച്ച അടിത്തറ നൽകാൻ കെൽപ്പുള്ളവരാണ് കുമ്മനം രാജശേഖരനുൾപ്പടെയുള്ള ബിജെപി കേരളാ നേതൃത്ത്വമെന്ന് ശ്രീശാന്ത് പറഞ്ഞു.

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി തീരുമാനിച്ചതിലൂടെ വലിയ ഉത്തരവാദിത്ത്വമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കാര്യങ്ങൾ ശരിക്കും മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നാണ് താൻ മനസ്സിലാക്കിയതെന്നും, വിവിധ മേഖലകളിൽ നിന്നും തനിക്ക് അനേകംപേരുടെ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇത് തന്നെയാണ് വിജയം ഉറപ്പിക്കാനുള്ള കാരണവും.

താൻ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതുമുതൽ ചിലർ തന്നെ വ്യക്തിപരമായി അക്രമിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പരാജയ ഭീതി മൂലമാണ് അവർ അത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇത്തരം നീക്കങ്ങളൊന്നും തന്നെ തളർത്തില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. വാതുവയ്‌പ്പ് കേസിൽ താൻ കുറ്റക്കാരനല്ലെന്ന വിധിവന്നപ്പോൾ തങ്ങൾ ആഗ്രഹിച്ച വിധിയാണെന്നും രാജ്യത്തിനായി 2 ലോകകപ്പ് വിജയത്തിൽ പങ്കാളിയായ ശ്രീശാന്ത് തങ്ങൾക്ക് മകനെപ്പോലെയാണെന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ശ്രീ ഇന്ത്യക്കായി വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിച്ചിരിക്കുകയാണെന്നും പറഞ്ഞുനടന്നവർ ഇപ്പോൾ താൻ ബിജെപി സ്ഥാനാർത്ഥിയായപ്പോൽ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഇപ്പോൾ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ശ്രീശാന്ത് ഞങ്ങളോട് പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചുവരികയായിരുന്നുവെന്നും. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും ശ്രീശാന്ത് പറയുന്നു. ജനങ്ങളെയും രാഷ്ട്രത്തേയും സേവിക്കാൻ ഇതിലും നല്ല വഴിയില്ല. എന്തൊക്കെയായാലും ക്രിക്കറ്റ് തന്നെയാണ് തനിക്ക് ജീവവായു. അതേസമയം, രാഷ്ട്രീയം തനിക്കൊരു നേരംപോക്കല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ബിജെപിയുടെ ആദർശങ്ങളും ധാർമികതയും ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവരുടെയൊപ്പം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു അനുഭാവിയാണ് താനെന്നും രാഷ്ട്രത്തിന്റെ തലവര മാറ്റാൻ പോകുന്ന നേതാവാണ് മോദിയെന്നും ശ്രീശാന്ത് പറയുന്നു.

കളിക്കളത്തിലെ അതേ പോരാട്ടവീര്യം തന്നെയായിരിക്കും രാഷ്ട്രീയത്തിലും പുറത്തെടുക്കുക. ആരെയെും അപമാനിക്കാനോ അനാവശ്യമായി ആരോപണം ഉന്നയിക്കാനോ താൻ തയ്യാറല്ല. തന്റെ മണ്ഡലത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ജനങ്ങളെ അറിയിക്കും. അടുത്ത 2,3 ദിവസങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്കിൽ നിന്നു രക്ഷപെടാനും ഇന്ത്യൻ ടീമിൽ കയറിപ്പറ്റാനുമാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് അങ്ങനെയൊരു ഉറപ്പ് ഒരിടത്തുനിന്നും ലഭിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാമെന്നും ശ്രീശാന്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP