Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ടിലെ ഷെയറിങ് കെയറിനു ചാരിറ്റി പദവി; വിദ്യാർത്ഥി സഹായ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കി

അയർലണ്ടിലെ ഷെയറിങ് കെയറിനു ചാരിറ്റി പദവി; വിദ്യാർത്ഥി സഹായ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കി

കോർക്ക്: 2009 മുതൽ അയർലണ്ടിൽ പ്രവർത്തിച്ചുവരുന്ന 'ഷെയറിങ് കെയർ' എന്ന ജീവകാരുണ്യ സംഘടനയ്ക്കു രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ നിയന്ത്രിക്കുന്ന ചാരിറ്റീസ് റെഗുലേറ്ററിന്റെ പൂർണ്ണ അംഗീകാരം ലഭിച്ചു. അയർലണ്ടിൽ എല്ലാ ചാരിറ്റി സംഘടനകളും രെജിസ്റ്റർ ചെയ്തിരിക്കണമെന്നതു നിയമപരമായ നിബന്ധനയാണ്. അങ്ങനെ പൂർണ്ണമായി അംഗീകാരം കിട്ടുന്ന ഇന്ത്യൻ പ്രവാസികളുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ചാരിറ്റി സംഘടനയാണ് ഷെയറിങ് കെയർ.

അയർലൻഡിൽ കുടിയേറിയ പ്രവാസി ഇന്ത്യക്കാരുടെ നേതൃത്വത്തിലാണ് ലാഭേച്ഛയില്ലാതെ, ജീവകാരുണ്യപ്രവർത്തികൾ ചെയ്യുകയെന്ന ഉത്തമ ലക്ഷ്യത്തോടെ ഷെയറിങ് കെയർ എന്ന സംഘടന രൂപം കൊള്ളുന്നത്. പ്രവർത്തനം തുടങ്ങിയ നാൾ മുതൽ സുതാര്യവും ഉത്തരവാദിത്വ പൂർണ്ണവുമായി പ്രവർത്തിച്ചതിന്റെ അംഗീകാരമായിട്ട് ഇത് കണക്കാക്കുന്നുവെന്നും, അങ്ങനെ നേടിയെടുത്ത ജനവിശ്വാസ്യത തുടർന്നും നിലനിർത്താൻ ഷെയറിങ് കെയർ ബാധ്യസ്ഥമാണെന്നും ചെയർമാൻ ജോബി ജോസ് പ്രതികരിച്ചു.

പ്രവാസികൾ എന്ന നിലയിൽ അയർലൻഡിൽ ജീവിക്കുമ്പോൾ ഇവിടെയും, നാട്ടിലുമുള്ള പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി രൂപം കൊടുത്ത സംഘടന സ്ഥാപിത ലക്ഷ്യത്തിൽ മുന്നേറുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നു സ്ഥാപിത അംഗങ്ങളിൽ ഒരാളായ ദേവസ്യ ചെറിയാൻ (സാജൻ) അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ജീവിതത്തിനും പുരോഗതിക്കും അടിസ്ഥാനപരമായി വേണ്ട ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലകളിലാണ് ഷെയറിങ് കെയർ ഊന്നൽ കൊടുക്കുന്നത്. ഇന്ത്യയിലും അയർലൻഡിലും ഈ മേഖലകളിൽ തങ്ങളെക്കൊണ്ടാവുന്ന സഹായം ദരിദ്രരായവരിൽ എത്തിക്കാൻ സംഘടനാ ശ്രദ്ധിക്കുന്നു. 2011 മുതൽ നടപ്പിലാക്കിവരുന്ന വിദ്യാർത്ഥി സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ (Pallium India) എന്ന സംഘടനയുമായി ചേർന്നു അൻപതു കുട്ടികൾക്ക് കൂടി സഹായം എത്തിച്ചു. നിലവിൽ പാലിയേറ്റിവ് കെയറിലുള്ളവരുടെയും അല്ലെങ്കിൽ അതേ പോലെയുള്ള അസുഖം ബാധിച്ചു മരിച്ചുപോയവരുടെയും നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായിക്കുകയാണ് രണ്ടാം ഘട്ടപദ്ധതിയിലൂടെ ഷെയറിങ് കെയർ ചെയ്തത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പാലക്കാടുള്ള പൂഞ്ചോല സ്‌കൂളിലെ നാൽപതു കുട്ടികൾക്ക് സഹായം ഓണത്തിന് വിതരണം ചെയ്തിരുന്നു.

ഷെയറിങ് കെയറിനു ഇന്നുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന, സാമ്പത്തികമായും അല്ലാതെയുമുള്ള എല്ലാ സഹായസഹകരണങ്ങൾക്കും അയർലണ്ടിലെ ജനങ്ങളോടും പ്രത്യേകിച്ച് ഇവിടെയുള്ള മലയാളികളായ സുഹൃത്തുക്കളോടും മറ്റ് അഭ്യുദയകാംക്ഷികളോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു. അതുപോലെതന്നെ, ഷെയറിങ് കെയറിനോടൊപ്പം ചേർന്നു, പാവങ്ങളെ സഹായിക്കാൻ അയർലൻഡിലെ എല്ലാ മലയാളികളുടെയും, പ്രവാസിസംഘടനകളുടെയും പ്രത്യേകിച്ച് ചെറുതും വലുതുമായ സംരംഭങ്ങൾ നടത്തുന്ന എല്ലാവരുടെയും സഹകരണവും സഹായവും തുടർന്നും ഉണ്ടാവണമെന്ന് ട്രെഷറർ ജിജോ പെരേപ്പാടൻ അഭ്യർത്ഥിച്ചു. ഭാവിയിൽ സംഘടനയുമായി ചേർന്ന് പരിപാടികളുടെ നടത്തിപ്പിനും, ധനസമാഹരണത്തിനുമൊക്കെയായി സന്നദ്ധസേവനത്തിനു തയ്യാറായിട്ടുള്ള അയർലൻഡിൽ സ്ഥിരതാമസമായിട്ടുള്ളവരെ ക്ഷണിക്കുകയാണ്. താൽപര്യമുള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്നു സെക്രട്ടറി ബിനു തോമസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP