Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനി ചാക്കോയെ വാഹനം ഇടിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുമ്പോൾ; എയിംസിലെ ജോലി വിട്ട് അയർലന്റിൽ എത്തിയിട്ട് ആറു മാസം തികഞ്ഞില്ല: കോട്ടയം സ്വദേശിയുടെ മരണത്തിൽ വിങ്ങി ഐറിഷ് മലയാളികൾ

സിനി ചാക്കോയെ വാഹനം ഇടിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുമ്പോൾ; എയിംസിലെ ജോലി വിട്ട് അയർലന്റിൽ എത്തിയിട്ട് ആറു മാസം തികഞ്ഞില്ല: കോട്ടയം സ്വദേശിയുടെ മരണത്തിൽ വിങ്ങി ഐറിഷ് മലയാളികൾ

ജോലി കഴിഞ്ഞ് മടങ്ങി വരവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയർലന്റിലെ മലയാളി നഴ്‌സ് വിട വാങ്ങി. മാർച്ച് 14നു രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി സ്റ്റാർസ് ഫീൽഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടിൽ റോഡ് മുറിച്ചു കടക്കവെ സിനിയെ കാർ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കോർക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സിനി. മരണത്തോടും വേദനയോടും നിരന്തരം പോരാടി ഈ മലയാളി നഴ്‌സ് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്.

കോട്ടയം കുറിച്ചി സ്വദേശിനിയായ സിനി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെയാണ് ചികിത്സകൾ നടന്നത്. അവിടെ വച്ചു തന്നെയാണ് മരണവും സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. ഒരു ഘട്ടത്തിൽ സിനി തിരിച്ചു വരവിനുള്ള നേരിയ സൂചനകൾ പ്രകടിപ്പിച്ചെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. തുടർന്ന് അപകട നില തരണം ചെയ്യാനാവാതെ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തുടർന്ന് വെന്റിലേറ്റർ സഹായം ഓഫ് ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയും ഇന്നലെ ഉച്ചയോടെ വെന്റിലേറ്റർ ഒഴിവാക്കുകയും ആയിരുന്നു. അതിനാൽ തന്നെ, നാട്ടിൽ നിന്നും സിനിയുടെ മാതാപിതാക്കളും ഗൾഫിൽ ജോലി ചെയ്യുന്ന സിനിയുടെ സഹോദരനും കോർക്കിൽ എത്തിയിരുന്നു.

സിനിക്കു വേണ്ടി കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ചാപ്പലിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടത്തി കൂദാശകൾ നൽകുകയും ചെയ്തു പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്‌ത്തി കൊണ്ടാണ് മരണ വാർത്ത എത്തിയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉൾപ്പെടെയുള്ള ബന്ധുക്കളും, കോർക്ക് ഹോളി ട്രിനിറ്റി മലങ്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോർജ് സക്കറിയയും സമീപത്തുണ്ടായിരുന്നു.

അയർലന്റിലെത്തി ആറുമാസം മാത്രമെ തികയുന്നുള്ളൂവെങ്കിലും സിനിയുടെ വേർപാട് കോർക്ക് മലയാളി സമൂഹം ഉൾപ്പെടുന്ന അയർലന്റ് മലയാളികൾക്ക് കനത്ത വേദനയാണ് നൽകിയിരിക്കുന്നത്. കോട്ടയം ചങ്ങനാശേരി റോഡിൽ ചിങ്ങവനത്തിനു സമീപമുള്ള വട്ടൻച്ചിറ കുറുച്ചി സ്വദേശിനിയും പാറച്ചേരി കുടുംബാംഗവുമായ സിനി ഒക്ടോബറിലാണ് അയർലന്റിൽ എത്തിയത്. വെല്ലൂർ മെഡിക്കൽ കോളജിൽ നിന്നും നഴ്‌സിംഗിൽ മികച്ച മാർക്കോടെ പഠനം പൂർത്തിയാക്കിയ ശേഷം ന്യൂഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യവെയാണ് അയർലണ്ടിൽ എത്തിയത്.

നാളെയും മറ്റന്നാളും ആയാണ് പൊതുദർശനവും അനുസ്മരണ ശുശ്രൂഷകളും സംഘടിപ്പിച്ചിരിക്കുന്നത്. നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറു മണി വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാലു വരെയും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റൽ മോർച്ചറിയിൽ സിനിക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് വിൽട്ടണിലെ എസ്എംഎ ചർച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം നാട്ടിൽ തന്നെ നടത്തുവാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP