ദീപാ നിശാന്ത് മോഷ്ടിച്ച കവിത ഉൾപ്പെട്ട സമാഹാരത്തിന് എസ് കലേഷിന് സംസ്ഥാന പുരസ്കാരം; 'ശബ്ദമഹാസമുദ്ര'ത്തിന് ലഭിച്ചത് സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരം; യുവ കവിക്ക് അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി; മുരളി തുമ്മാരുകുടിക്കും ഉപന്യാസത്തിന് പുരസ്ക്കാരം
January 23, 2019 | 07:57 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: യുവകവി എസ് കലേഷിന്റെ കവിത മോഷണ വിവാദം അവസാനിച്ചു വരുന്നതേയുള്ളൂ. എന്തായാലും കവിത തന്റേതാണെന്ന് സമർത്ഥിക്കേണ്ടി വന്ന കലേഷിനെ തേടി അംഗീകാരം എത്തി. ദീപ നിശാന്ത് തന്റെ പേരിൽ എകെപിസിറ്റിഎ മാഗസിനിൽ പ്രസിദ്ധീകരിച്ച വിവാദ കവിതയുൾപ്പെടുന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം. 'ശബ്ദമഹാസമുദ്ര'മെന്ന കവിതാ സമാഹാരമാണ് സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്കാരത്തിന് അർഹമായത്.
'അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ' എന്ന കലേഷ് എഴുതിയ കവിത 'അങ്ങനെയിരിക്കെ' എന്ന പേരിൽ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിക്കുകയായിരുന്നു. കവിത മോഷണമാണെന്ന് പറഞ്ഞ് കലേഷ് രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ യഥാർത്ഥ വില്ലനായത് ശ്രീചിത്രനായിരുന്നുവെന്നാണ് ദീപ നിശാന്ത് പറഞ്ഞത്. എന്തായാലും വിവാദങ്ങൾക്ക് ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരമായാണ് പുരസ്ക്കാരം തേടിയെത്തിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കലേഷ് പ്രതികരിച്ചു.
2011ലായിരുന്നു അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എസ് കലേഷ് തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കകയും സിഎസ് വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 'ഇന്ത്യൻ ലിറ്ററേച്ചറി'ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് 2015-ൽ ഇറങ്ങിയ 'ശബ്ദമഹാസമുദ്രം' എന്ന കവിതാ സമാഹാരത്തിൽ കവിത ഉൾപ്പെടുത്തിയത്.
വി.ജെ.ജയിംസിന്റെ 'നിരീശ്വരനാണ്' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വീരാൻകുട്ടിയുടെ 'മിണ്ടാപ്രാണി' മികച്ച കവിതയ്ക്കും അയ്മനം ജോണിന്റെ 'ഇതരചാരാചരങ്ങളുടെ ചരിത്രപുസ്തകം' മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരവും നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പഴവിള രമേശൻ, എംപി.പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്കു സമ്മാനിക്കും. മുരളി തുമ്മാരുകുടിക്കു ഉപന്യാസത്തിലുള്ള പുരസ്ക്കാരവും ലഭിച്ചു.
വിവിധ ശാഖകളിലെ അക്കാദമി അവാർഡുകൾ (25,000 രൂപ)
എസ്.വി.വേണുഗോപാലൻ നായർ (നാടകം: സ്വദേശാഭിമാനി), കൽപറ്റ നാരായണൻ (സാഹിത്യവിമർശനം: കവിതയുടെ ജീവചരിത്രം), എൻ.ജെ.കെ.നായർ (വൈജ്ഞാനിക സാഹിത്യം : നദീവിജ്ഞാനീയം), ജയചന്ദ്രൻ മൊകേരി (ജീവചരിത്രം/ ആത്മകഥ: തക്കിജ്ജ എന്റെ ജയിൽ ജീവിതം), സി.വി.ബാലകൃഷ്ണൻ (യാത്രാവിവരണം: ഏതേതോ സരണികളിൽ), രമാ മേനോൻ (വിവർത്തനം: പർവതങ്ങളും മാറ്റൊലികൊള്ളുന്നു), വി.ആർ.സുധീഷ് (ബാലസാഹിത്യം: കുറുക്കന്മാഷിന്റെ സ്കൂൾ), ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (ഹാസസാഹിത്യം: എഴുത്തനുകരണം അനുരണനങ്ങളും).
എൻഡോവ്മെന്റ് അവാർഡുകൾ
പി.പവിത്രൻ (ഭാഷാശാസ്ത്രം,വ്യാകരണം: മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം), മുരളി തുമ്മാരുകുടി (ഉപന്യാസം: കാഴ്ചപ്പാടുകൾ), പി.കെ.ശ്രീധരൻ (വൈദികസാഹിത്യം : അദ്വൈതശിഖരം തേടി), എസ്.കലേഷ് (കവിത: ശബ്ദമഹാസമുദ്രം), അബിൻ ജോസഫ് (ചെറുകഥാ സമാഹാരം : കല്യാശ്ശേരി തീസിസ്), ഡോ.പി.സോമൻ (വൈജ്ഞാനിക സാഹിത്യം : മാർക്സിസം ലൈംഗികത സ്ത്രീപക്ഷം), ശീതൾ രാജഗോപാൽ (പ്രബന്ധമൽസരം).
