Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആടു ജീവിതം ഒളിച്ചുവച്ചിരിക്കുന്ന സത്യങ്ങൾ പുറത്തു കൊണ്ടുവന്നു; അറബി വിവർത്തനത്തിന് സൗദിയിലും യുഎഇയിലും നിരോധനം

ആടു ജീവിതം ഒളിച്ചുവച്ചിരിക്കുന്ന സത്യങ്ങൾ പുറത്തു കൊണ്ടുവന്നു; അറബി വിവർത്തനത്തിന് സൗദിയിലും യുഎഇയിലും നിരോധനം

ബെന്യാമിന്റെ വിഖ്യാത നോവൽ ആടുജീവിതത്തിന്റെ അറബി പരിഭാഷയ്ക്ക് യുഎഇയിലും സൗദി അറേബ്യയിലും നിരോധനം. മലപ്പുറം ജില്ലയിലെ ആദ്രിശേരി സ്വദേശിയും ദോഹയിൽ (ഖത്തർ) സ്ഥിരതാമസക്കാരനുമായ സുഹൈൽ വാഫിയാണ് അയാമുൽ മാഇസ് എന്ന പേരിൽ ആടുജീവിതം അറബിയിലേക്ക് മൊഴിമാറ്റിയത്.

സൗദി അറേബ്യയിൽ ചെറുകിട തൊഴിലുകൾക്കായി എത്തിയ ഒരു പ്രവാസി മലയാളിയുടെ യഥാർത്ഥ ജീവിതകഥയാണ് ആടുജീവിതം എന്ന നോവലിനു നിദാനം. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ആടിനെ നോക്കാൻ നിയോഗിക്കപ്പെട്ട നജീബ് എന്ന യുവാവിന്റെ ദുരിതജീവിതം ഹൃദയാവർജ്ജകമായി ചിത്രീകരിച്ച നോവലിന് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഗോട്ട് ഡെയ്‌സ് എന്ന പേരിൽ ഇംഗ്ലീഷിലേക്കും, ഹിന്ദിയും തമിഴുമടക്കമുള്ള ഇന്ത്യൻ ഭാഷകളിലേക്കും നോവൽ മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു. പെൻഗ്വിൻ ആയിരുന്നു ഇംഗ്ലീഷ് വിവർത്തനത്തിന്റെ പ്രസാധകർ.


പ്രശസ്തമായ റിയാദ് പുസ്തകമേളയിലാണ് അറബി വിവർത്തനം റിലീസ് ചെയ്തത്. എന്നാൽ പ്രകാശനത്തിനു മുമ്പുതന്നെ സൗദി അറേബ്യ അയാമുൽ മാഇസിന് നിരോധനം ഏർപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോൾ അറിയുന്നത്. അറബി വിവർത്തനത്തിന്റെ പ്രസാധകരായ കുവൈത്തിലെ ആഫാഖ് ബുക്ക് സ്റ്റോർ മാനേജിങ് ഡയറക്റ്റർ ഡോ. നാസ്സർ അൽ ഷമ്മാരി റമദാനാണ്, പുസ്തകം നിരോധിക്കപ്പെട്ട വിവരം പരിഭാഷകനെ അറിയിച്ചത്. അൽ ഫുഖ്‌റാൻ, വിർജിൻ തുടങ്ങി ദുബായിലും റിയാദിലുമുള്ള പ്രധാനപ്പെട്ട പുസ്തകശാലകളിലൊന്നും നോവലിന്റെ അറബി പതിപ്പ് കിട്ടാനില്ല.

ഗൾഫ് രാജ്യങ്ങൾ ഒരു കലാസൃഷ്ടിയെ നിരോധിക്കുന്നത് ആദ്യമല്ല. കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചലച്ചിത്രം ഇതുപോലെ നിരോധിക്കപ്പെട്ടതാണ്. മറ്റു രാജ്യങ്ങളുടെ മുമ്പിൽ അറബ് ജീവിതത്തിന്റെ ദുരിതങ്ങളും പീഡനങ്ങളും വിവരിക്കുന്ന സൃഷ്ടികളോട് തികഞ്ഞ അസഹിഷ്ണുതയാണ് അവിടുത്തെ സർക്കാരുകൾ പുലർത്തിപ്പോരുന്നത്.

ന്യൂയോർക്കിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നോവലിസ്റ്റ് ബെന്യാമിൻ, പുസ്തകത്തിന്റെ നിരോധനം പ്രതീക്ഷിച്ചിരുന്നതാണെന്നും സ്വാഭാവികമാണെന്നും പ്രതികരിച്ചു. എന്നാൽ വിമർശനങ്ങളോട് ബഹറിൻ കൂടുതൽ സഹിഷ്ണുത കാട്ടുമെന്നു താൻ ആശിക്കുന്നതായും നിരോധനം നോവലിനെയോ പരിഭാഷയേയോ ബാധിക്കില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബഹറിനിൽ 21 വർഷത്തെ പ്രവാസജീവിതത്തിനു ശേഷമാണ് ബെന്യാമിൻ അടുത്തിടെ കേരളത്തിൽ സ്ഥിരതാമസമാക്കിയത്.


നോവൽ ആരെക്കുറിച്ചാണോ എഴുതപ്പെട്ടത്, അവരുടെ അടുത്ത് പുസ്തകം എത്തുന്നത് ഇരട്ടിസന്തോഷം പകരുന്നതായി അറബി പരിഭാഷയുടെ പ്രകാശനത്തിനു മുമ്പേ, ബെന്യാമിൻ അഭിപ്രായപ്പെട്ടിരുന്നു. നിരോധനം, പുസ്തകത്തിനുള്ള ഡിമാൻഡ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് നോവലിന്റെ പരിഭാഷകനായ വാഫി പറഞ്ഞു. പരിഭാഷയുടെ പരിഷ്‌കരിച്ച രണ്ടാംപതിപ്പിനുള്ള തയ്യാറെടുപ്പിലാണ്, വാഫി. അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും തിരുത്തിക്കൊണ്ട്, രണ്ടുമാസത്തിനകം രണ്ടാംപതിപ്പ് പുറത്തുവരാനിരിക്കുകയാണ്.

ആരോഗ്യപരമായ വിമർശനത്തോട് സൗദി അറേബ്യ അനുകൂല നിലപാടായിരുന്നു മുമ്പു സ്വീകരിച്ചു വന്നിരുന്നത് എന്നും എന്നാൽ ഈ പുസ്തകത്തിന്റെ മാത്രം കാര്യത്തിൽ സർക്കാർ എന്തുകൊണ്ടാണ്, ഇത്ര കർശന നിലപാടെടുക്കുന്നത് എന്നു മനസ്സിലാകുന്നില്ലെന്നും സുഹൈൽ വാഫി പറഞ്ഞു. ഗോട്ട് ഡെയ്‌സ് എന്ന പേരിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നപ്പോൾ അറബ് കോളമിസ്റ്റുകൾ വളരെ അനുകൂലമായാണ് നോവലിനെ സ്വീകരിച്ചിരുന്നത് എന്ന് വാഫി കൂട്ടിച്ചേർത്തു.

മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ബെന്യാമിൻ രചിച്ച ഇരട്ട നോവലുകൾ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ എന്നിവ പുറത്തിറങ്ങിയത് രണ്ട് ദിവസങ്ങൾക്കു മുമ്പാണ്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ നടക്കുന്ന ശ്രമങ്ങളും ഈ നോവലുകളിലെ ചർച്ചാവിഷയമാണെന്നത് മറ്റൊരു യാദൃച്ഛികത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP