Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവിതയിലൂടെ സാമൂഹികനവോത്ഥാനവുമായി കുമാരി ദാമോദർ; ആർട് ഓഫ് ലിവിങ് പ്രവർത്തകയായ യുവകവിയുടെ പുതിയ കവിതാ സമാഹാരപ്രകാശനം 27 ന്

കവിതയിലൂടെ സാമൂഹികനവോത്ഥാനവുമായി കുമാരി ദാമോദർ; ആർട് ഓഫ് ലിവിങ് പ്രവർത്തകയായ യുവകവിയുടെ പുതിയ കവിതാ സമാഹാരപ്രകാശനം 27 ന്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യയും ആർട് ഓഫ് ലിവിങ് പരിശീലകയുമായ പറവൂർ സ്വദേശി കുമാരി ദാമോദർ എന്ന യുവകവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ജൂലായ് 27 ന് പ്രകാശനം ചെയ്യും. ഗുരുപൂർണ്ണിമ ദിനത്തിൽ കാലടി ആശ്രമത്തിൽ നടക്കുന്ന സമൂഹ ഗുരുപൂജക്ക് ശേഷമായിരിക്കും പ്രകാശനം. കവിതാസമാഹാരത്തിന്റെ വിലയായി ലഭിക്കുന്ന തുക പറവൂരിലെ ആർട്ട് ഓഫ് ലിവിങ് സേവാപ്രവർത്തനങ്ങൾക്ക് പൂർണ്ണമായും നീക്കിവെച്ചതായി കുമാരി ദാമോദർ പറഞ്ഞു. വേണ്ടപ്പെട്ട ആരുടെയെങ്കിലും വിവാഹം, കുടിപാർപ്പ്, ജന്മദിനം എന്നുവേണ്ട എന്തിന്റെ പേരിലെങ്കിലും മുടങ്ങാതെ ഒരു വൃക്ഷതൈയെങ്കിലും ഭൂമിക്കു സമർപ്പിക്കുന്ന ഒറ്റയാൾ പട്ടാളമായും ഈ പരിസ്ഥിതി പ്രവത്തകയെ നാട്ടുകാർ കാണുന്നു. എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രമായ ചെറായിയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തി മുറ്റിത്തഴച്ചുനിന്ന പച്ചില മരങ്ങൾ പലതും കാണാനില്ല .

തണൽ മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി കുമാരി ദാമോദറും ''ഗ്രീൻ വെയിൻ ''കൂട്ടാളികളും ഈ അടുത്ത ദിവസം രംഗത്തെത്തിയിരുന്നു. സമൂഹത്തിലെ മൂല്യച്യുതികൾക്കു നേരെ അതി ശക്തമായി വിരൽ ചൂണ്ടുന്ന എഴുത്തുകാരികളുടെ കൂട്ടത്തിൽ പറവൂർ സ്വദേശിയും ഇരിങ്ങാലക്കുട കാനറാ ബാങ്ക് ജീവനക്കാരിയുമായ കുമാരി ദാമോദറും ഇടം പിടിക്കുകയാണ്.

സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം ആഘോഷമാക്കിയിരുന്ന സവർണ്ണ മാടമ്പിമാരുടെ അതിക്രൂരമായ ദുരാചാരങ്ങൾക്കും അതിക്രമങ്ങൾക്കും മുന്നിൽ, അടിച്ചമർത്തപ്പെട്ട പെൺ മനസ്സിന്റെ ആത്മരോഷം തിളക്കുന്ന കാവ്യബിംബങ്ങളെ കാവ്യവത്കരിക്കുകയാണ് യുവ കവിയായ കുമാരി ദാമോദർ തന്റെ കവിതകളിലൂടെ. വരേണ്യ സംസ്‌കാരത്തിൽനിന്നും തികച്ചും വ്യത്യസ്തമായ ലളിതവും ജനകീയവുമായ ശൈലിയാണ് പിന്തുടരുന്നത്.

ഉയർന്ന സാമൂഹികാവബോധവും ഉൾക്കാഴ്ചയുമുള്ളതുപോലെ തന്നെ, കടന്നുപോയ ജീവിതത്തിന്റെ ദുരനുഭവങ്ങളും നൊമ്പരങ്ങളും , മുന കൂർപ്പിച്ച ചിന്തയും ഉള്ളതുകൊണ്ടുതന്നെയാണ് കുമാരി ദാമോദറിന്റെ കവിതൾക്ക് ആസ്വാദകരേറെയുള്ളതെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. ഒരുവേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്ന ശൗര്യത്തോടെ, ആവേശത്തോടെ കുമാരിയുടെ കവിതകൾ വായനക്കാരനെ പിന്തുടരുന്നു. അന്യമാകുന്ന ഗോത്രവും സംസ്‌കാരവും വായനക്കാരന്റെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നതായും പ്രശസ്ത നിരൂപകർ അവതാരികയിൽ വ്യക്തമാക്കുന്നു. തന്റേതല്ലാത്ത ആറടിമണ്ണിലേക്ക് ചത്തുപോയ ഒരു പെണ്ണിന്റെ കൊതി'കളെ പറ്റിയാണ് ഈ കവിതാ സമാഹാരമെന്ന് കവി കുമാരി ദാമോദർ പറഞ്ഞു.

തന്റെ കവിതകളെ ഒരു വ്യവസ്ഥാപിത ചട്ടക്കൂട്ടിലൊതുക്കി വായനക്കാരനുമായുള്ള സംവേദനത്തിന്റെ തീവ്രത ഇല്ലാതാക്കുവാൻ മലയാളകവിതയ്ക്ക് കിട്ടിയ കുമാരിയെന്ന ഈ കവി ഒട്ടും ശ്രമിക്കുന്നുമില്ല. 'ഇല വെയിലിനോട് പറഞ്ഞത്' എന്ന പേരിൽ നൂറിലധികം കവിതകളുടെ പ്രസിദ്ധീകരണം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നടന്നത്. പ്രശസ്ത സിനിമാതാരം ദേവൻ,പ്രമുഖ എഴുത്തുകാരൻ സുധീർബാബു ,
നർത്തകി രാജശ്രീവാര്യർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി.

തുടർന്ന് ദിവസേന ഒരുകവിത വീതം മുടങ്ങാതെ 100 ദിവസങ്ങളിലായി നവമാധ്യമങ്ങളിലൂടെ ആസ്വാദകരിലെക്കെത്തിക്കുന്നതിന്റെ നൂറാം ദിവസം പൂർത്തിയായ സന്തോഷഷത്തിലാണ് കുമാരി ദാമോദർ. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാമെന്ന് ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യയും പ്രമുഖ യോഗ പരിശീലകയുമായ കുമാരി ദാമോദർ തെളിയിച്ചിട്ടുണ്ട്.

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയായ യോഗ നിരവധി ആളുകൾക്ക് ആർട്ട് ഓഫ് ലിവിങ് ബാനറിൽ കുമാരി ദാമോദർ പരിശീലിപ്പിച്ചു വരുന്നുമുണ്ട് .ഈ കാവ്യസമാഹാരം സ്വീകരിച്ചുകൊണ്ട് കുമാരി ദാമോദറിന്റെ സേവാപ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്ന സുമനസ്സുകൾക്കും ആർ ഓഫ് ലിവിങ് കുടുംബാംഗങ്ങൾക്കും 9995197187 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP