Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭൂഷണമല്ലിത് ഭാഷാഭൂഷണത്തിന്

ഭൂഷണമല്ലിത് ഭാഷാഭൂഷണത്തിന്

ചന്ദ്രതാരാ രാജേഷ്


പിഴവ് ആർക്കും സംഭവിക്കാം. ഏ.ആറിനായാൽപ്പോലും അത് സ്വാഭാവികമാണ്. എന്നാൽ 116 വർഷമായിട്ടും അതുതിരുത്താൻ തയ്യാറല്ല എന്നത് അസ്വാഭാവികം തന്നെയാണ്.

പഠിച്ചും പഠിപ്പിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ തെറ്റ് തിരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭാഷാഭൂഷണമെന്ന ലക്ഷണയുക്തഗ്രന്ഥത്തിൽ ഉപമാലങ്കാരത്തിന്റെ വകഭേദങ്ങളിലൊന്നായ രശനോപമയ്ക്ക് ലക്ഷണം നിർദ്ദേശിച്ചിരിക്കുന്നിടത്താണ് ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്. ഭാഷാഭൂഷണത്തെ അടിസ്ഥാനമാക്കിയാണ് സ്‌കൂൾ തലം മുതൽ അലങ്കാരം പഠിക്കുന്നത്. നൂറുവർഷത്തിലേറെയായി തെറ്റായ നിർവ്വചനമാണ് വിദ്യാർത്ഥികൾ പഠിക്കുന്നതും അദ്ധ്യാപകർ പഠിപ്പിക്കുന്നതും. പരീക്ഷയ്ക്ക് തെറ്റായ ഉത്തരത്തിനു ശരിയിട്ടുകൊടുക്കുകയും ശരിയായ ഉത്തരത്തിനു തെറ്റിട്ടുകൊടുക്കുകയും ചെയ്യേണ്ടിവരുന്നു എന്നതും ഈ പിഴവുമൂലം വന്ന ദുഃസ്ഥിതിയാണ്.

പിഴവു വരുത്തിയ കേരളപാണിനിക്കു മാത്രമല്ല ഈ തെറ്റിന്റെ ഉത്തരവാദിത്വം. ഏ.ആറിനുശേഷം മലയാളത്തിലുണ്ടായിട്ടുള്ള എല്ലാ വൈയാകരണന്മാരും അദ്ധ്യാപകരും ഈ തെറ്റിന്റെ ഉത്തരവാദികളാണ്. കാരണം അവരാരും ഈ തെറ്റുതിരുത്താൻ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. മലയാളഭാഷയുടെ വ്യാകരണം, ഛന്ദശ്ശാസ്ത്രം, അലങ്കാരശാസ്ത്രം എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കിയ മഹാനായ പണ്ഡിതനാണ് ഏ.ആർ. രാജരാജവർമ്മ. അദ്ദേഹം തന്റെ വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി തുടങ്ങിയ കൃതികൾ രചിച്ചത്. ഇന്നും മലയാളഭാഷാപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകങ്ങളാണവ.

1902ലാണ് 'ഭാഷാഭൂഷണം' പ്രസിദ്ധീകരിച്ചത്. അതിന്റെ രചനയിൽ അശ്രദ്ധമൂലം സംഭവിച്ച ഒരു ചെറിയ തെറ്റ് ഇന്നുവരെ എവിടെയും തിരുത്തിക്കണ്ടില്ല. എ.ആറിനെ ഒരുപാട് വിമർശിച്ചിട്ടുള്ള ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ 'അലങ്കാരശാസ്ത്രം മലയാളത്തിൽ' എന്ന പുസ്തകത്തിലും (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം) ഈ പിഴവ് ചൂണ്ടിക്കാണിച്ചിട്ടില്ല. സാമ്യമൂലകമായ അലങ്കാരങ്ങളിൽ അതിപ്രധാനമായ ഉപമയുടെ ലക്ഷ്യലക്ഷണങ്ങൾ വിശദീകരിക്കുന്നിടത്താണ് ഈ അശ്രദ്ധ വന്നുപെട്ടിരിക്കുന്നത്. ഒരു വസ്തുവിന് മറ്റൊന്നിനോട് ചമത്കാരകാരകമായ സാദൃശ്യം കല്പിക്കുന്നതാണ് ഉപമാലങ്കാരം. ഇതിന്റെ വകഭേദങ്ങളിലൊന്നായ രശനോപമയുടെ ലക്ഷണനിർദ്ദേശത്തിലാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്.

'പൂർവ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയിൽ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞുകോർത്തതുപോലെ നിബന്ധിച്ചാൽ രശനോപമ' എന്നാണ് ലക്ഷണം. ഉദാഹരണം ഇതാണ്;
''മൊഴിയധരംപോൽ മധുരം
മൊഴിപോലത്യച്ഛവർണ്ണമാം മേനി
മിഴി മേനിപോലതിരതി
മിഴിപോലത്യന്തദുസ്സഹം വിരഹം.''
മേൽപ്പറഞ്ഞ ലക്ഷണമനുസരിച്ച് രശനോപമയിൽ, പൂർവ്വോപമയിലെ ഉപമാനമായ 'അധരം' ഉത്തരോപമയിൽ ഉപമേയമാകണം. എന്നാൽ അതിനുപകരം പൂർവ്വോപമയിലെ ഉപമേയമായ 'മൊഴി'യാണ് ഉത്തരോപമയിൽ ഉപമാനമായി വരുന്നത്. തുടർന്നും പൂർവ്വോപമയിലെ ഉപമേയത്തെ ഉത്തരോപമയിൽ ഉപമാനമാക്കി തുടർച്ചയായി നിബന്ധിച്ചിരിക്കുന്നു.

ഭാഷാഭൂഷണത്തിലെ ലക്ഷ്യലക്ഷണങ്ങൾ പൊരുത്തപ്പെടുന്നില്ലല്ലോ എന്നു തോന്നിയപ്പോഴാണ് ഞാൻ മറ്റു പുസ്തകങ്ങൾ നോക്കിയത്. 'കാവ്യജീവിതവൃത്തി', 'സാഹിതീസർവ്വസ്വം' എന്നീ ഗ്രന്ഥങ്ങളിൽ രശനോപമയ്ക്കു നല്കുന്ന ലക്ഷണം ഇപ്രകാരമാണ്:
''രശനോപമ, പൂർവ്വോപ-
മേയം പിമ്പുപമാനമായ്
കല്പിച്ചു മറ്റൊന്നതിനോ-
ടുപമിപ്പതിതും ത്വിധാ.''
മേൽപ്പറഞ്ഞ ലക്ഷണപ്രകാരം പൂർവ്വോപമയിലെ ഉപമേയത്തെ ഉത്തരോപമയിൽ ഉപമാനമായി കല്പിച്ച് അതിനോടു 'മറ്റൊന്ന്' ഉപമിക്കുന്നതായാൽ അലങ്കാരം രശനോപമ. ഇതനുസരിച്ച് രശനോപമക്ക് ഭാഷാഭൂഷണത്തിൽ കാണിച്ച ഉദാഹരണം ശരിയാണ്. പൂർവ്വോപമയിലെ ഉപമേയമായ മൊഴി ഉത്തരോപമയിൽ ഉപമാനമാകുന്നു. അടുത്ത ഉപമയിലെ ഉപമേയമായ മേനി പിന്നത്തേതിൽ ഉപമാനമാകുന്നു. അടുത്ത ഉപമേയമായ മിഴി പിന്നത്തേതിൽ ഉപമാനമാകുന്നു.
മറ്റു ചില ഉദാഹരണങ്ങളിലും ഈ ലക്ഷണം സാധുവാണ്.
'കാവ്യപ്രദീപ'ത്തിൽ--
'പൂർവ്വപൂർവ്വോപമേയസ്യ
ഉത്തരോത്തരമുപമാനത്വേ രശനോപമാ.'' എന്നും
'സാഹിത്യദർപ്പണ'-ത്തിൽ
''... കഥിതാരശനോപമാ
യഥോർധ്വമുപമേയസ്യ
യദി സ്യാദുപമാനതാ'' എന്നും ലക്ഷണം പറഞ്ഞിരിക്കുന്നു. സംസ്‌കൃതത്തിലെ ഈ ആധികാരികനിബന്ധങ്ങളിൽ കാണുംവിധം പൂർവ്വോപമയിലെ ഉപമേയത്തെ ഉത്തരോപമയിൽ
ഉപമാനമാക്കി തുടർച്ചയായി നിർബന്ധിക്കുന്നതാണ് രശനോപമ.
ഭാഷാഭൂഷണത്തിൽ ലക്ഷണം കല്പിച്ചതിലാണ് പിഴവ് വന്നത്. ഇത് തിരുത്തേണ്ടതല്ലേ? 1902ൽ പ്രസിദ്ധീകരിച്ച 'ഭാഷാഭൂഷണ'ത്തിന് 116 വർഷത്തിനുള്ളിൽ എത്ര പതിപ്പ് വന്നു! അതിലെല്ലാം ഈ തെറ്റ് ആവർത്തിച്ചിരിക്കുന്നു. ഹൈസ്‌ക്കൂൾ-കോളേജ് തലങ്ങളിൽ എത്ര അദ്ധ്യാപകർ മലയാളം പഠിപ്പിച്ചു! അവരും ഈ തെറ്റ് ആവർത്തിച്ചില്ലേ? പ്രസാധകരുടെയും അദ്ധ്യാപകരുടെയും ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടത് അത്യാവശ്യമാണ്.

ഇപ്പോൾ മലയാളം മീഡിയത്തിൽപ്പെട്ട ഹൈസ്‌ക്കൂൾ-ഹയർസെക്കന്ററി ക്ലാസ്സുകളിലൊന്നും അലങ്കാരമോ സന്ധി-സമാസാദി വ്യാകരണഭാഗങ്ങളോ പഠിക്കേണ്ടതില്ലത്രേ. എന്നാൽ, ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂൾ-ഹയർസെക്കന്ററി ക്ലാസ്സുകളിൽ ഉപമ മുതലായ ചില അലങ്കാരങ്ങളും സന്ധി-സമാസങ്ങളും മലയാളം സിലബസ്സിലുണ്ട്. എന്നിട്ടാണ് മലയാളം'മീഡിയക്കാർ' ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ പരിഹസിക്കുന്നത്! എത്ര അപഹാസ്യം!

ചന്ദ്രതാരാ രാജേഷ്
മലയാളം ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി
ലെമർ പബ്ലിക്ക് സ്‌കൂൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP