Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മപ്രകാശനം - തോമസ് പുത്തിരിയുടെ പുസ്തകത്തെ കുറിച്ച് നിരൂപണം

ആത്മപ്രകാശനം - തോമസ് പുത്തിരിയുടെ പുസ്തകത്തെ കുറിച്ച് നിരൂപണം

ജീവിതസ്മരണകൾ പലപ്പോഴും ചരിത്രരേഖകൾ കൂടിയാണ്. സമൂഹത്തിന്റെ ഗതിവിഗതികൾ വ്യക്തിജീവിതത്തെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും, മാറിക്കൊണ്ടിരിക്കുന്ന വ്യക്തിസമൂഹത്തിൽ ഏതുതരത്തിൽ ഇടപെടുന്നു എന്നതും ഇത്തരം രചനകൾ വ്യക്തമാക്കുന്നു. തോമസ് പുത്തിരി രചിച്ച 'ആത്മപ്രകാശനം' ഇത്തരത്തിലുള്ള ഒരു അനുഭവപരമ്പരയെ വ്യക്തമാക്കുന്നതാണ്. തന്റെ വിദ്യാലയാനുഭവങ്ങളിൽ നിന്നുതുടങ്ങി ചിന്തയിലും സമീപനരീതിയിലും കാര്യമായ തിരുത്തലുകൾ നടന്ന യൗവ്വനകാലത്തെയും തുടർന്ന് തന്റെ പ്രവാസകാലാനുഭവങ്ങളെയും ഒറ്റപ്പെട്ട ചില ഓർമ്മകളിലൂടെ വരച്ചെടുക്കാൻ ശ്രമിച്ചിരിക്കുന്നു. തികച്ചും വൈയക്തികമെന്നു വിശേഷിപ്പിക്കാവുന്ന ആദ്യഘട്ടത്തിൽ നിന്നും വികസിക്കുന്ന ഈ സ്മരണകൾ എത്തിനിൽക്കുന്നത് സാമൂഹ്യമാനം ഉൾക്കൊള്ളുന്ന മറ്റൊരു മണ്ഡലത്തിലാണ്. വൃഷ്ടിയിൽ നിന്ന് സമഷ്ടിയിലേക്കുള്ള ഊന്നൽവ്യതിയാനം തന്നെയാണ് ഈ പുസ്തകത്തിന്റെ സവിശേഷതയും. ഇതിൽതന്നെ വ്യക്തിജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്നവയും നിരീക്ഷണപരിധിയിൽ വരുന്നവയും എന്നിങ്ങനെ ലേഖനങ്ങൾ രണ്ടുതരത്തിലാണ്.

വേലൂരിൽ തന്റെ സഹപാഠി ആയിരുന്ന അശോകനെക്കുറിച്ചെഴുതിയ 'സഹപാഠി' എന്ന ലേഖനത്തിൽ നിന്നാരംഭിക്കുന്ന കുറിപ്പുകൾ അവസാനിക്കുന്നത് ബ്രിട്ടീഷ് വാർത്തകൾ എന്ന അദ്ധ്യായത്തിലാണ്. കേവലം 26 അദ്ധ്യായങ്ങളുടെ അകലമല്ല ഈ കുറിപ്പുകൾക്കിടയിലുള്ളത്. തൃശ്ശൂരിലെ ഒരു ഗ്രാമത്തിൽനിന്നും ബ്രിട്ടീഷ് തൊഴിലാളി യൂണിയനായ യൂനിസന്റെ റീജിണൽ കമ്മറ്റി അംഗമായിത്തീരുന്നതിനിടയ്ക്ക് സ്വാംശീകരിച്ച വിപുലമായ ജീവിതാനുഭവങ്ങളുടേയും അറിവുകളുടേയും ആഴവും വൈവിദ്ധ്യവുമുണ്ട്. തികച്ചും സ്വകാര്യമായ ചില അനുഭവങ്ങളാണ് ആദ്യത്തെ രണ്ടദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നത്. പിന്നീട് പതുക്കെ പതുക്കെ ആ അനുഭവമണ്ഡലം വികസിക്കുന്നു. ഈ വികാസത്തിന് പ്രേരകമായ സാമൂഹ്യഇടപെടലുകൾ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

വ്യക്തിപരമായി തന്റെ ബൗദ്ധിക- മാനസിക മണ്ഡലത്തിൽ സംഭവിച്ച പരിണാമങ്ങളെ തിരിഞ്ഞുനോക്കുന്നതിനോടൊപ്പം ഇത്തരമൊരു മാറ്റം തന്നിലുണ്ടാക്കിയ സമൂഹത്തിന്റെ വ്യവഹാരങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുവാനും ശ്രമം നടത്തിയിയിട്ടുണ്ട്. വിമോചനദൈവശാസ്ത്രവും ശാസ്ത്രസാഹിത്യപരിഷത്തും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങളെ വിലയിരുത്തുമ്പോൾ അത് ഒരു കാലഘത്തിലെ ചരിത്രസ്മരണകൾ കൂടിയായി മാറുന്ന വിധത്തിൽ പൊതുമണ്ഡലവുമായി കൂട്ടിയിണക്കപ്പെടുന്നുണ്ട്. അവതാരികയിൽ എം.എ ബേബി ഇത് ഇപ്രകാരത്തിൽ രേഖപ്പെടുത്തുന്നു. ''ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു പതുക്കെ പതുക്കെ പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാമൂഹ്യരാഷ്ട്രീയ സാഹചര്യം വിവരിക്കുന്ന അനുഭവക്കുറിപ്പുകൾ ലേഖകന്റെ മാത്രം കഥയല്ല. മറിച്ച് അക്കാലത്ത് സമാനജീവിതം നയിച്ച ഒരുപാടുപേരുടെ ജീവിതത്തിലേക്കുള്ള ജാലകങ്ങളാണ്.''

ബോംബെയിലും പിന്നീട് ബ്രിട്ടണിലും ഉണ്ടായ ജീവിതാനുഭവങ്ങളാണ് അഞ്ചാം അദ്ധ്യായം മുതൽ. സമൂഹവുമായി സംവദിക്കുന്ന ഏതൊരു വ്യക്തിയുടേയും ജീവിതകഥയിൽ അത് ചരിത്രവുമായി സന്ധിക്കുന്ന ഒരിടം ഇല്ലാതിരിക്കില്ല. അത്തരം ഒട്ടേറെ സന്ദർഭങ്ങൾ തുടർന്നുള്ള അദ്ധ്യായങ്ങളിൽ കണ്ടെത്താനാവും. പ്രവാസികളുടെ അർത്ഥശാസ്ത്രത്തെപ്പറ്റിയും ബ്രിട്ടീഷ് കോടതിയെപ്പറ്റിയും പാർലമെന്റിനെക്കുറിച്ചും ജനാധിപത്യസംവിധാനത്തെക്കുറിച്ചും സമരാനുഭവങ്ങളെക്കുറിച്ചുമെല്ലാം ഉള്ള ഈ കുറിപ്പുകൾ ചരിത്ര-രാഷ്ട്രീയ മണ്ഡലവുമായി ബന്ധപ്പെട്ടുനിൽക്കുന്ന വിവരണാത്മകമായ ഒരാഖ്യാനരീതി ഉൾക്കൊള്ളുന്നവയാണ്.

'ചക്രവ്യൂഹം' എന്ന പത്താം അദ്ധ്യായം അതിന്റെ പ്രത്യേകമായ അവതരണരീതികൊണ്ടും പ്രതിപാദനത്തിലെ കൃത്യതകൊണ്ടും അതിലേറെ അതുൾവഹിക്കുന്ന നിഗൂഢമായ സാമൂഹ്യവിമർശനരീതി കൊണ്ടും ഏറെ കൗതുകകരമായി അനുഭവപ്പെടും. പ്രവാസജോലിയിൽനിന്നും രണ്ടുവർഷത്തെ അവധിയെടുത്ത് നാട്ടിൽ കഴിഞ്ഞകാലത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി നടത്തിയ അലച്ചിലുകളാണ് പ്രതിപാദ്യം. സീൻ ഒന്ന് രണ്ട് എന്നിങ്ങനെ രണ്ടു ഡസൻ സീനുകളുടെ പരിസമാപ്തിയിൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്ന ലേഖകൻ അനുഭവിക്കുന്ന വിജയാഹ്ലാദം (അതോ ആശ്വാസമോ?) ചുവപ്പുനാടയിൽപ്പെട്ട് അനാവശ്യകാലതാമസം അനുഭവിക്കേണ്ടി വന്ന ആർക്കും അത്രമേൽ ആത്മനിഷ്ഠമായി അനുഭവപ്പെടാം. കേവലം അനുഭവാഖ്യാനത്തിന് അപ്പുറത്ത് നമ്മുടെ ഭരണസംവിധാനത്തിന്റെ മെല്ലെപ്പോക്ക് നയത്തെ കൃത്യമായി ശരമെയ്തു മുറിവേൽപ്പിക്കാനും ആകുന്നുണ്ട് എന്നതാണ് ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്ന വലിയൊരു പ്രത്യേകത. സമാനമായ മറ്റൊരനുഭവം തന്നെയാണ് 'ചായക്കടയും ഇലക്ട്രിസിറ്റി സബ് എഞ്ചിനീയറും' എന്ന ലേഖനം കൈകാര്യം ചെയ്യുന്നതും.

ലണ്ടൻ ജീവിതസന്ദർഭങ്ങളെ പകർത്തുമ്പോൾ കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതോടൊപ്പം സമകാലികപ്രശ്‌നങ്ങളോട് ലേഖകൻ പുലർത്തുന്ന നിലപാടും വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടണിലെ നിർദ്ധനരായ ജനങ്ങൾക്കുവേണ്ടി ബനാറസ് രാജാവ് പണിതുകൊടുത്ത കിണറിനെപ്പറ്റിയുള്ള ലേഖനവും. ലണ്ടനിൽ നടന്ന ഒളിമ്പിക്‌സിനെക്കുറിച്ചുള്ള ലേഖനവും ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്നതാണ്.

സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ സുവർണ്ണശോഭയ്ക്ക് പിന്നിലുള്ള മനുഷ്യവകാശലംഘനനടപടികളെക്കുറിച്ചും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ചും എഴുതിയിട്ടുള്ള ലേഖനങ്ങൾ കൂടി പരാമർശിച്ചാലേ പൂർണ്ണമാവുകയുള്ളൂ. എഴുത്തിനു പിന്നിൽ പ്രവർത്തിക്കുന്ന മനോഭാവത്തെ ഏറ്റവും വ്യക്തമാക്കുന്നതാണ് ഈ ലേഖനങ്ങൾ. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടാവാം, കൂടുതലും ഈ മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾക്കാണ് ലേഖകൻ മുൻതൂക്കം നൽകുന്നത്. 'ഒരു ബ്രിട്ടീഷ് സമരാനുഭവം', 'യൂനിസൻ', 'സാമ്പത്തികമാന്ദ്യത്തിലെ വർഗ്ഗതാല്പര്യം', 'പി.ആർ.സമരവും ബ്രിട്ടീഷ് മലയാളികളും' തുടങ്ങിയ ലേഖനങ്ങൾ പൊതുരംഗത്തെ ഇടപെടലുകളിൽ ഗ്രന്ഥകാരൻ സ്വീകരിച്ച ട്രേഡ് യൂണിയൻ നിലപാടുകളെ വിശദീകരിക്കുന്നതാണ്.

'ആത്മപ്രകാശനം' ആ പുസ്തകത്തിന്റെ തലക്കെട്ടിനെ കവിഞ്ഞുനിൽക്കുന്ന രീതിയിൽ ഒരു സമൂഹനിഷ്ഠസ്വഭാവം പുലർത്തുന്നുണ്ട്. സ്വകാര്യദുഃഖങ്ങളെ ആവിഷ്‌കരിക്കുന്ന ആദ്യത്തെ അദ്ധ്യായങ്ങൾ പുലർത്തുന്ന വൈയക്തികത തുടർന്നുള്ള അദ്ധ്യായങ്ങളിൽ വസ്തുനിഷ്ഠതയ്ക്ക് വഴിമാറിക്കൊടുക്കുന്നു.

'അറിയപ്പെടാത്ത ബ്രിട്ടൺ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള അഞ്ച് ലേഖനങ്ങളും ബ്രിട്ടണിലെ സമകാലിക-രാഷ്ട്രീയ-സാമൂഹ്യ അവസ്ഥകളെ നിരീക്ഷിക്കുന്ന താണ്. വൻകിട വ്യാവസായിക വ്യവസ്ഥിതിയുടെ അനന്തരഫലമായി വന്ന തൊഴിലാളിവിരുദ്ധ നയങ്ങളും അതിനെതിരെ നടന്ന ടോൾപുഡിൻ സമരവും വിവരിക്കുന്ന അദ്ധ്യായം കൃത്യമായ വിവരങ്ങളുടെ ലാളിത്യപൂർണ്ണമായ അവതരണം കൊണ്ട് ശ്രദ്ധേയമാണ്.

തോമസ് പുത്തിരി എന്ന വ്യക്തി അനുഭവിച്ച യാഥാർത്ഥ്യങ്ങളെ നിരീക്ഷിച്ചും അന്വേഷിച്ചും പകർത്തിയ അറിവുകളെ, അതിലൂടെ അദ്ദേഹം അനുവർത്തിക്കുന്ന നിലപാടുകളെ, വ്യക്തമാക്കുന്നതാണ് 'ആത്മപ്രകാശനം' എന്ന കൃതി. ആത്മകഥാപരമായ കുറിപ്പുകൾ എന്നതിനപ്പുറം സവിശേഷമായ സമൂഹചിത്രണം എന്ന രീതിയിൽ കൂടി ഇതിലെ ലേഖനങ്ങൾക്കു പ്രസക്തിയുണ്ട്. ശ്രീ.എം.എ ബേബിയുടെ അവതാരികയും ശ്രീ.ബിനോയ് വിശ്വത്തിന്റെ മുഖവുരയും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന മറ്റുരണ്ടു പ്രധാന ഘടകങ്ങളാണ്. പ്രഭാത് ബുക്ക്ഹൗസ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP