Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ

ജോയ് ഡാനിയേൽ, ദുബായ്

ആമുഖം

പ്രവാസി എഴുത്തുകാരനായ അസിയുടെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. ചുരുങ്ങിയ സമയംകൊണ്ട് മൂന്ന് പതിപ്പുകൾ ഇറങ്ങിയ ഈ നോവൽ ഒത്തിരി ചർച്ചകൾക്ക് വഴിയിട്ടിരിക്കുന്നു. സദ്ദാം ഹുസൈനെ പാർപ്പിച്ച സ്ഥലം എന്ന പേരിലാണ് ക്യാമ്പ് ക്രോപ്പർ നാം അറിയുന്നത്. എന്നാൽ മരണം പതിയിരിക്കുന്ന ആ ഇടനാഴികളിലേക്ക് നമ്മളെ കൊണ്ടുപോവുകയാണ് അസി.

പുസ്തകത്തിന്റെ അവസാന പേജും വായിച്ചുകഴിഞ്ഞ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ' എന്ന തലക്കെട്ട് മനസ്സിൽ ഒന്നുരുവിട്ടാൽ എത്രമാത്രം വികാരനിർഭരമായ രംഗങ്ങളിൽ കൂടിയാണ് ഇതിലെ 174 പേജുകളിൽകൂടി നിങ്ങൾ കടന്നുപോയതെന്ന് മനസ്സിലാകും.

രണ്ടാം വായനയും കഥയും

റ് മാസങ്ങൾക്ക് മുമ്പാണ് ക്യാമ്പ് ക്രോപ്പർ ആദ്യമായി വായിച്ചത്. എന്തുകൊണ്ട് അതേ കഥ തന്നെ രണ്ടാമതും വായിച്ചു എന്ന ചോദ്യത്തിന് രണ്ട് ഉത്തരം ഉണ്ട്. ആദ്യവായന കഥ അറിയാനായിരുന്നു. എന്നാൽ രണ്ടാമത്തെ വായന കഥയ്ക്കുള്ളിലെ കഥയറിയാനും.

ഇറാക്കിൽ നിന്നും സ്‌ക്രാപ്പ് വാങ്ങി വിൽക്കാൻ വരുന്ന ബിജു, ദാസൻ, സലിം എന്ന മൂന്നുപേരിലൂടെയാണ് കഥ തുടങ്ങുന്നത്. കഥ ക്യാമ്പ് ക്രോപ്പറിലൂടെ പുരോഗമിക്കുമ്പോൾ വായനക്കാരന് ഒരു സസ്‌പെൻസ് ത്രില്ലർ വായിക്കുന്ന പ്രതീതി ഉണ്ടാകുന്നു. പിന്നീട് കടന്നുവരുന്ന ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥയുണ്ട്. ചോരമണക്കുന്ന ക്രൂരതയും, ധനത്തിനിനോടുള്ള ആർത്തിയും, അതാണ് കഥയിലുടനീളം നിറഞ്ഞ് നിൽക്കുന്നത് . സദ്ദാം ഹുസൈൻ, പീറ്റർ, ബ്രൗൺ, മാർക്ക്, അലക്‌സ്, സദ്ധാമിന്റെ വക്കീലന്മാർ എന്നിങ്ങനെ മനസ്സിൽനിന്നും മാഞ്ഞുപോകാത്ത കുറെ മുഖങ്ങൾ.

ഹൃദയഭേദകമായ രണ്ട് രംഗങ്ങൾ ഈ നോവലിലെ തുടക്കവും ഒടുക്കവും കാണാം. ആപ്പിൾ വാങ്ങി നടന്നുനീങ്ങുന്ന പെൺകുട്ടിക്ക് നേരിടേണ്ട ദുരന്തവും, എഴുത്തും വായനും അറിയാത്ത വൃദ്ധനും വൃദ്ധക്കും നേരിടേണ്ടിവരുന്ന ക്രൂരതയും. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് നിരപരാധികൾ യന്ത്രത്തോക്കുകൾക്ക് മുന്നിൽ അരിപ്പകൾ പോലെയായിത്തീരുന്ന ക്രൂരമായ യുദ്ധത്തിന്റെ മുഖം വർണിക്കാൻ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട.

മറ്റു നോവലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇത് വെറുമൊരു ഫിക്ഷൻ അല്ല എന്നതാണ്. ഫാക്ടുകളാണ് കഥയുടെ കാതൽ. അതും വായനക്കാർക്ക് അറിയാത്തതും പാതിയറിഞ്ഞതുമായ ഫാക്ടുകൾ. യഥാർത്ഥ സംഭവപരമ്പരകളെ ഒരു നോവലിന്റെ രീതിയിൽ ഇഴചേർത്തിരിക്കുന്ന അസി എന്ന എഴുത്തുകാരന്റെ കഴിവ് കഥയിലെ ഓരോ രംഗങ്ങളിലും വായനക്കാർക്ക് ദർശിക്കാനാകും.

തുടക്കവും ഒടുക്കവും വർണ്ണിച്ചിരിക്കുന്നപോലെ നാടകീയ രംഗങ്ങളാൽ സമ്പന്നമായ കഥയാണിത്. ഏറെയും യുദ്ധമുഖത്ത് നിന്ന് സ്വജീവനെ പണയപ്പെടുത്തി നൽകുന്ന റിപ്പോർട്ടുകൾ പോലെ വായനക്കാരെ ത്രസിപ്പിക്കുന്നതാണ്. മൈനുകളും ബോംബുകളും, യന്ത്രത്തോക്കുകളും നിറഞ്ഞ സദാ മരണം പതിയിരിക്കുന്ന ഇറാക്ക് അതാണ് കഥയുടെ ആദ്യാവസാനം.

സ്‌ക്രാപ്പ്പിന്റെ മറവിൽ ഇറാഖിലെ മ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പുരാവസ്തുക്കൾ കടത്തുവാനാണ് പീറ്ററിന്റെ പദ്ധതി. എന്നാൽ ക്യാമ്പ് ക്രോപ്പറിൽ സദ്ദാമിന്റെ വരവോടെ പീറ്ററിന്റെയും കൂട്ടാളികളിയേടെയും പദ്ധതി മാറ്റിവെക്കേണ്ടി വരുന്നു. അതിനാൽ ദിവസങ്ങൾ മാത്രം ഇറാഖിൽ തങ്ങാൻ കണക്കുകൂട്ടി വന്ന ബിജുവും, ദാസനും, സലീമും ഗത്യന്തരം ഇല്ലാതെ ക്യാമ്പ് ക്രോപ്പറിൽ മൂന്ന് വർഷത്തോളം കഴിച്ചുകൂട്ടേണ്ടി വരുന്നു. ആ മൂന്ന് വർഷങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നോവൽ പ്രമേയം.

നാടകീയ രംഗങ്ങൾ

ഹസ്യ സ്ഥലത്ത് വലിയ പെട്ടികളിൽ പുരാവസ്തുക്കൾ കൊണ്ടുവരുന്ന ഇറാഖികൾക്ക് കൂലിയായി ഡോളർ കിട്ടുമ്പോൾ കണ്ണുകൾ തിളങ്ങുന്നതും, ജോലി കഴിഞ്ഞ് പീറ്റർ ആംഗ്യം കാണിക്കുമ്പോൾ മാർക്കിന്റെ എം.60 മെഷീൻ ഗണ്ണിൽ നിന്നും തുരുതുരെ വെടിയേറ്റ് ആ പാവങ്ങൾ വീഴുന്നതും വായിക്കുമ്പോൾ ദയയുടെ ഒരുകണികയും ഇല്ലാതെ ഒരു രാജ്യത്തെ സാമ്രാജ്യത്വത്തിന്റെ ഭടന്മാർ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് വരച്ചിടുകയാണ്. അവരുട ജഢങ്ങളെപ്പറ്റി അസിയുടെ വരികൾ 'ക്യാമ്പ് ക്രോപ്പറിലെ ശവശീതീകരണിയിൽ 'അജ്ഞാതൻ' എന്ന് കാലിൽ ടാഗ് കെട്ടിയ നാല് ജഡങ്ങൾ കൂടി ഇന്നുണ്ടാകും'.

സദ്ദാമിനെ ക്യാമ്പിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളും, പിടികൂടിയ സദ്ദാമിന്റെ തലമുടിയും താടിരോമങ്ങളും ശേഖരിക്കുന്ന ആൾ 'ഐ ആം എ മണി ഫാൻ' എന്ന് പറഞ്ഞ് സ്റ്റാൻലിന്റെ താടിമീശ ലേലത്തിന് പോയത് 45,000 ഡോളറിനാണ് എന്ന് പറയുന്നതും, ക്യാമ്പിനുള്ളിലെ തടവുകാരുടെ ജീവിത വർണ്ണനയും,സെല്ലിനുള്ളിൽ ക്രൂരമർദ്ദനമേൽക്കുന്ന സ്ത്രീകളെയും, പട്ടിയെകൊണ്ട് മനുഷ്യ മാംസം കടിച്ചു പറിക്കുന്ന ക്രൂരതയും ഒക്കെ ഹൃദയമിടിപ്പോടെയല്ലാതെ നമുക്ക് വായിക്കാനാകില്ല. ആറുലക്ഷത്തോളം ഇറാഖികളെ മരണം കൊണ്ടുപോയത് ഇത്തരം ക്രൂരതകളിലൂടെയായിരുന്നു എന്ന ചിത്രം അസി വരച്ചിടുകയാണിവിടെ. സുഹൈർ അൽ ജനാബിയുടെ ദാരുണ കൊലപാതവർണ്ണയിൽ തുടങ്ങി സദ്ദാമിന്റെ വക്കീലന്മാർ ഒന്നൊന്നായി കൊലചെയ്യപ്പെടുന്ന രംഗങ്ങളും, മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ച് സ്വന്തം ശരീരം പൊട്ടിത്തെറിയിൽ ഇല്ലാതാകുന്ന യുവ മറീനും മനസ്സിൽ തങ്ങിനിൽക്കുന്ന യുദ്ധക്കെടുതിയുടെ ഓർമ്മകളാണ്.

സദ്ദാമും റൊണാൾഡ് റംസ്ഫീൽഡും തമ്മിലുള്ള നീണ്ട സംഭാഷണമാണ് നോവലിലെ ഒരു ഹൈലൈറ്റ്ആ. ഞാൻ ധീരനായ ഇറാക്കിയാണെന്നും അമേരിക്കയുടെ ഓഫർ സ്വീകരിച്ച് മാളത്തിൽ പോയി ഒളിക്കുന്നവനല്ലെന്നും പറയുന്ന പോരാളി. അതേപോലെ കോടതിമുറിയിലെ വിചാരണ വേളയിൽ ന്യായാധിപനോട് 'എന്താണ് നിങ്ങളുടെ പദവി? ഈ കോടതിയോട് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല. ഞാൻ ഇറാക്കിന്റെ പ്രസിഡണ്ടാണ്' എന്ന് നെഞ്ചുവിരിച്ച് സദ്ദാം പറയുന്നു.

ഇത്തരം ഒട്ടനവധി നാടകീയ രംഗങ്ങൾ നിറഞ്ഞതാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. നോവലിന്റെ കൂടുതൽ കഥ വർണ്ണിക്കുന്നത് പുതിയ വായനക്കാരോട് ചെയ്യുന്ന അപരാധമാകും.

വായനയുടെ ആകെത്തുക

സിയുടെ വളരെ ലളിതമായ, ഒറ്റയിരിപ്പിന് വായിച്ച് തീർക്കാവുന്ന ആഖ്യാനം. പേജുകൾ മറിയുന്നത് നമ്മൾ അറിയില്ല. അവസാന പേജ് കഴിയുമ്പോൾ വായനക്കാരനിലുണ്ടാകുന്ന നിശ്വാസവും, വികാരവും... അതാണ് ഈ നോവലിന്റെ വിജയം.

നമ്മൾ കണ്ട് കേട്ട് അറിയാത്ത ഒരുപാട് വിവരങ്ങൾ ശേഖരിച്ചാണ് അസി ഏറെകാലംകൊണ്ട് ഈ നോവൽ എഴുതിത്ത്ത്ത്തീർത്ത്. അതൊക്കെ അടുക്കും ചിട്ടയോടെയും ഒരു സിനിമ പ്രദർശിപ്പിക്കുന്ന രീതിയിൽ കാണിച്ചുതരികയാണ് എഴുത്തുകാരൻ. വ്യത്യസ്തമായ ഒരു പ്രമേയം തന്റെ നോവലിന് ആധാരമാക്കാൻ എഴുത്തുകാരൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനമർഹിക്കുന്നു . കഥയിലെ സംഭവങ്ങൾ ഒക്കെ പഴയ ചരിത്രമൊന്നുമല്ല, നമ്മുടെയൊക്കെ കണ്മുന്നിൽ നടന്നതാണ്. അതിനാൽതന്നെ വളച്ചൊടിച്ചാൽ വായനക്കാരൻ നെറ്റിചുളിക്കും. അതുകൊണ്ടാണ് ഫിക്ഷനും ഫാക്ടും കൂട്ടിയിണക്കാൻ എഴുത്തുകാരൻ നടത്തിയ ശ്രമത്തെ ആദ്യം പ്രശംസിച്ചത്.

കുറച്ചുകൂടി വിശാലമായ ക്യാൻവാസിൽ വരക്കേണ്ട ചിത്രമായിരുന്നില്ലേ ഇതെന്ന് ചിലപ്പോൾ വായനക്കാർക്ക് തോന്നിയേക്കാം. പല അധ്യായങ്ങളും വളരെപ്പെട്ടെന്ന് അവസാനിക്കുന്നപോലെ. എന്നാൽ യഥാർത്ഥ സംഭവങ്ങളും, വിവാദമായേക്കാവുന്ന രംഗങ്ങളും അവതരിപ്പിക്കുമ്പോൾ എഴുത്തുകാരനുണ്ടാകുന്ന പരിമിതികൾ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോൾ വലിച്ചുനീട്ടാതെ തന്മയത്വത്തോടെ കഥ പറഞ്ഞു എന്ന് സമ്മതിക്കേണ്ടിവരും.

നോവലിന്റെ ഒരു ചെറുചിത്രം വരച്ചിടാൻ അഷർ ഗാന്ധിയുടെ കവറിന് സാധിച്ചിട്ടുണ്ട്. അച്ചടിയിൽ പലയിടത്തും ചെറിയ അക്ഷരതെറ്റുകൾ ഉണ്ടെന്നതൊഴിച്ചാൽ പറയത്തക്ക കുറ്റം ഒന്നും പറയാനില്ലാത്ത കൃതിയാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'.

കൂടുതൽ വായനക്കാരിലേക്ക് എത്തപ്പെടേണ്ട ഒരു നോവലാണ് ഇത്. വായനക്കാരനെ നിരാശനാക്കുന്ന ഒന്നും ഇതിലില്ല എന്നുമാത്രമല്ല ഒരുപാട് വിവരങ്ങൾ സമ്മാനിക്കുന്ന കൃതിയുമാണ്. നല്ല പുസ്തകങ്ങൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന മലയാളവായനാസമൂഹത്തിന്റെ സ്വീകരണത്തിന് തെളിവാണ് ചുരുങ്ങിയ കാലം കൊണ്ട് വന്ന മൂന്ന് പതിപ്പുകൾ.

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ
അസി
വില 150 രൂപ
പ്രസാധകർ കൈരളി ബുക്ക്‌സ്, കണ്ണൂർ.
പേജ് 174

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP