Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂതപ്പാട്ടെഴുതിയ ഇടശ്ശേരിയെ പൂതമാക്കുന്നതെന്തിന്?

പൂതപ്പാട്ടെഴുതിയ ഇടശ്ശേരിയെ പൂതമാക്കുന്നതെന്തിന്?

പൂതപ്പാട്ടിനെയും അതിലെ കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഇടശ്ശേരിയെ ഫ്യൂഡൽനാടുവാഴി പാരമ്പര്യവുമായി കൂട്ടിക്കെട്ടുന്നതിൽ വലിയൊരു തെറ്റുണ്ട്. കാരണം, ആ ഫ്യൂഡൽ നാടുവാഴി പാരമ്പര്യത്തെ കണിശമായി തന്റെ കവിതകളിലൂടെ വിമർശനത്തിനു വിധേയമാക്കിയ മലയാളത്തിലെ ചുരുക്കം ചില കവികളിലൊരാളായിരുന്നു, ഇടശ്ശേരി. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് വൈലോപ്പിള്ളിക്കവിതകളിലെപ്പോലെ ഇടശ്ശേരിക്കവിതകളിലും കാണാനാവുക. തൊള്ളായിരത്തി നാല്പ്പത്തെട്ടിലെഴുതിയ 'പുത്തൻ കലവും അരിവാളുംന' എന്ന കവിതയിലൂടെ അന്നത്തെ ജന്മികുടിയാൻ ബന്ധത്തിന്റെ നേർക്കാഴ്ച കാണിച്ചുതന്ന ഇടശ്ശേരിയെ അതേ വ്യവസ്ഥിതിയുടെ പിന്മുറക്കാരനായി കാണുന്നത് ആ കവിതകളുടെ അശ്രദ്ധമായ വായനയാണെന്നാണ് തോന്നുന്നത്.

താൻ ജനിച്ചുവളർന്ന വള്ളുവനാടൻ മണ്ണിന്റെ കലാസാംസ്‌ക്കാരിക പാരമ്പര്യങ്ങൾ ഇടശ്ശേരിയുടെ കവിതകളിൽ പ്രതിഫലിച്ചിരുന്നു. മിത്തുകളും നാട്ടുമൊഴികളും പ്രാദേശികപദങ്ങളുമെല്ലാം സമൃദ്ധമായി ആ കവിതകളിൽ വരുന്നത് അതുകൊണ്ടാണ്. അതൊക്കെയാണെങ്കിലും മാറിവരുന്ന കാലത്തിന്റെ പുതിയ സന്ദേഹങ്ങൾ പ്രതിഫലിപ്പിക്കാൻ അദ്ദേഹം തന്റെ കവിതകളെ ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് 'പൂതപ്പാട്ടും', 'പുത്തൻ കലവും അരിവാളും' 'കുറ്റിപ്പുറം പാലവുംന' എല്ലാം.

ഈ പൂതപ്പാട്ട് എന്ന കവിതയെത്തന്നെ ഒരു അലിഗറിയായി പലരും വിലയിരുത്തിയിട്ടുണ്ട്. ചിലർ അതിൽ ജന്മിക്കും കുടിയാനും ഭൂമിയുടെ മേലുള്ള അവകാശവാദത്തിന്റെ ബിംബങ്ങളാണ് കണ്ടിരുന്നതെങ്കിൽ, മറ്റു ചിലർ, അതിൽ, വിദ്യാഭ്യാസം കയ്യൊഴിഞ്ഞ ഒരു തലമുറയെ സമർത്ഥമായി തട്ടിയെടുക്കുന്ന ആധുനികകാലത്തെ പൂതത്തെയും അതിനെ തോല്പ്പിച്ച് ആ തലമുറയെ വീണ്ടെടുക്കുന്ന നങ്ങേലിയെയുമാണ് ദർശിച്ചത്. മാതൃസ്‌നേഹത്തിനെക്കുറിച്ചുള്ള ഒരു പഴംപുരാണമായി മാത്രം അതിനെ കണ്ടവരുമുണ്ട്.

നിരൂപകർക്കും പണ്ഡിതന്മാർക്കും ഏതുവിധേനയും വഴങ്ങിക്കൊടുക്കുമ്പോഴും, ഇടശ്ശേരി സ്വയം വിശ്വസിക്കുകയും ജീവിതാവസാനം വരെ പിന്തുടരുകയും ചെയ്ത പുരോഗമനോന്മുഖമായ ചിന്താസരണികൾ മിത്തിന്റെ തലത്തിൽനിന്നും വളരെവളരെയുയരത്തിൽ പൂതപ്പാട്ടിനെ ആധുനികമലയയാള സാഹിത്യ ചരിത്രത്തിൽ അവരോധിക്കുക തന്നെ ചെയ്യും.

ദൈവവിശ്വാസിയായിരുന്നു എന്ന ഒരേയൊരു കുഴപ്പമൊഴിച്ചാൽ, വള്ളുവനാടിന്റെ തനത് ക്ഷേത്രോത്സവങ്ങളോടും ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള അനുഷ്ഠാനകലകളിൽനിന്നും എന്നും ഒരു കൃത്യമായ അകലം സൂക്ഷിച്ചിരുന്ന, തന്നെക്കുറിച്ച് എഴുതേണ്ടിവരും എന്നുള്ളതുകൊണ്ട് ആത്മകഥ എഴുതുന്ന സാഹസത്തിൽനിന്നും ഒരു തീണ്ടാപ്പാടകലം അവിടെയും കാത്തു സൂക്ഷിച്ച ഒരു സാധാരണ വക്കീൽ ഗുമസ്തനും, നാടൻ കർഷകനുമായിരുന്നു ഇടശ്ശേരി. ഗാന്ധിജിയെയും കേളപ്പനെയും മനസ്സിൽ കൊണ്ടുനടക്കുമ്പോഴും, പണിയെടുക്കുന്നവന്റെ പ്രത്യയശാസ്ത്രം എന്നും കവിതക്കുള്ളിൽ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു പൊന്നാനിക്കാരൻ. കുനിഞ്ഞ് ഒരു പ്ലാവിലയെങ്കിലുമെടുക്കാതെ കഞ്ഞികുടിച്ചാൽ ശരീരത്തിൽ പിടിക്കില്ല എന്ന ഉത്തമബോധ്യമുള്ള ഒരു നാട്ടുമ്പുറത്തുകാരൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP