Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലാച്ചോറ് കറുത്തവാവിൽ നിന്നും വെളുത്തവാവിലേക്കുള്ള ദൂരത്തിന്റെ പുസ്തകം

നിലാച്ചോറ് കറുത്തവാവിൽ നിന്നും വെളുത്തവാവിലേക്കുള്ള ദൂരത്തിന്റെ പുസ്തകം

ജോയ് ഡാനിയേൽ

ളരെ ആകസ്മികമായി എഴുത്തുകാരനിൽനിന്നും കൈകളിൽ എത്തിച്ചേർന്ന പുസ്തകമാണ് ഷാബു കിളിത്തട്ടിലിന്റെ 'നിലാച്ചോറ്'. ഉമാ പ്രേമൻ എന്ന സ്ത്രീയുടെ കനലുകൾ എരിഞ്ഞടങ്ങാത്ത ജീവിത പോരാട്ടങ്ങളുടെ കഥയാണിത്. 

ലോകസാഹിത്യം ഒട്ടേറെ ഞെട്ടലോടെയും വിതുമ്പലോടെയും കൈനീട്ടി സ്വീകരിച്ച പുസ്തകമാണ് ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ. മലയാളത്തിൽ ഞാൻ അതേ ശ്വാസഗതിയോടെ പേജുകളിൽ നിന്നും പേജുകളിലേക്ക് യാത്രനടത്തിയത് ഷെമിയുടെ 'നടവഴിയിലെ നേരുകൾ' പിന്നെ ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങൾ' എന്നീ കൃതികളാണ്. എന്നാൽ അതേ നൊമ്പരപ്പാടോടെ അവസാന വരികളും വായിച്ചു തീർത്ത പുസ്തകമാണ് ഷാബുവിന്റെ 'നിലാച്ചോറ്' എന്ന ജീവചരിത്രപരമായ നോവൽ. 

മേൽ പറഞ്ഞ കൃതികളിൽ നിന്നും ഈ പുസ്തകത്തിനെ വ്യത്യസ്!തമാക്കുന്നത് ഇത് എഴുതിയത് നായികയായ ഉമാ പ്രേമൻ അല്ല എന്നതാണ്. ഉമയുടെ നൊമ്പരത്തിന്റെ ഓരോ നിമിഷങ്ങളും ഇത്ര മനോഹാരിതയോടെ, അമിത ആലങ്കാരികതയും സാഹിത്യ വർണ്ണങ്ങളും ചേർക്കാതെ ലളിതമായ ഭാഷയിൽ വായനക്കാരെ തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിന് വായിപ്പിക്കാൻ പോന്ന തൂലികാ സൗന്ദര്യം ഷാബുവിന് എത്രമാത്രം ഉണ്ടെന്ന് വിളിച്ചോതുന്ന വരികളാണ് നോവലിലെങ്ങും. 

റേഡിയോയിലൂടെ മാത്രം ഷാബുവിന്റെ ശബ്ദ കേട്ട ഒരു വായനക്കാരനായിട്ടാണ് ഞാൻ 'നിലാച്ചോറ്' വായിക്കാൻ എടുത്തത്. എന്നാൽ അതിനേക്കാൾ മനോഹരമാണ് ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള ഷാബുവിന്റെ പ്രകടനം എന്നത് വൈകി കിട്ടിയ അറിവ് മാത്രമാണ്. ഒരു വ്യക്തിയുടെ ജീവിത കഥ എഴുതണമെങ്കിൽ ആ വ്യക്തിയുമായി എത്രമാത്രം നമ്മൾ താതാത്മ്യം പ്രാപിക്കണം എന്നത് ഈ ബുക്കിൽ നിങ്ങൾക്ക് കാണാം. ഒരിടത്തുപോലും ഉമാ പ്രേമൻ അല്ലാതെ വേറൊരാളാണ് ഈ കഥ എഴുതിയിരിക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത ചാരുത ഈ കഥയിൽ ഉടനീളം നിങ്ങൾക്ക് ദർശിക്കാം. 

പ്രതിസന്ധികളിൽ തളരാതെ ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉമാ പ്രേമന്റെ വാക്കുകളിൽ പറഞ്ഞാൽ അങ്ങ് ദൂരെ മിന്നി കത്തുന്ന ഒരു ചെറു വിളക്കാണ് ഈ ജീവിത കഥ. ചുറ്റും പരിഹാസവും, പട്ടിണിയും, ക്രൂരതയും പല്ലിളിച്ച് കാട്ടുമ്പോഴും വിധിയെന്ന ക്രൂര മൃഗത്തിന്റെ ചേഷ്ടകളിൽ തളരാതെ എങ്ങിനെ മുന്നോട്ടുപോകാം എന്ന പ്രതീക്ഷയുടെ കിരണങ്ങൾ ഈ കഥ പറഞ്ഞു തരുന്നു. 

പൊന്നി എന്ന 'ഭ്രാന്തി'യുടെ ഭീകര ചിത്രത്തോടെ ആമുഖം തുടങ്ങുന്ന 'നിലാച്ചോറ്' ; 'ബാല്യം നിർമലമായ ജലം', 'കൗമാരം വേരുകളാഴുന്ന മണ്ണ്', 'യൗവനം അതിരില്ലാത്ത ആകാശം' എന്നീ മൂന്ന് ഭാഗങ്ങളായി ഇരുനൂറ്റി അമ്പതിൽ പരം പേജുകളിൽ നീണ്ടു കിടക്കുന്നു. പക്ഷേ ഇത്രയും പേജുകൾ ഒറ്റയിരുപ്പിന് നിങ്ങൾ വായിച്ച് തീർക്കും. അത്രമാത്രം വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥയും, കഥാരചനയുമാണ്. 

മാറ്റരുടെയൊക്കെയോ പാപഫലം ചുമക്കേണ്ടവരായി നാം തീരുമ്പോൾ അതിൽ തകർന്നുപോകാതെ, ജീവിതം ഒരു നിമിഷത്തെ ഭ്രാന്തിനാൽ അവസാനിപ്പിക്കാതെ ദൂരെയെങ്ങോ നമുക്കായി ഇരുട്ടിൽ തെളിഞ്ഞുനിൽക്കുന്ന ചെറു വിളക്ക് തേടിപ്പോകാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'നിലാച്ചോറ്'. സ്‌കൂൾകുട്ടികൾക്ക് പോലും വായിച്ച് അനുഭവിക്കാവുന്ന രീതിയിലാണ് ഷാബുവിന്റെ രചന എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. രചനയുടെ വഴികളിലെങ്ങും തന്റെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ നിരത്തി ഷാബു വായനക്കാരനെ വട്ടംകറക്കുന്നില്ല. പുറചട്ടയിൽ കാണുന്ന ഉമാ പ്രേമന്റെ സുസ്‌മേര വദനം പോലെയാണ് ഇതിലെ വരികളും.

മോശം എന്നു പറയാൻ ഒന്നുമില്ലാത്ത 'നിലാച്ചോറ്' കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.

പുസ്തകം: നിലാച്ചോറ്
രചന : ഷാബു കിളിത്തട്ടിൽ
പ്രസാധകർ : കൈരളി ബുക്‌സ്, കണ്ണൂർ
വില : 250 രൂപ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP