Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമാഫിയകൾക്കും രാഷ്ട്രീയ പൊള്ളത്തരത്തിനുമെതിരെ കൽപ്രമാണം വരുന്നു; സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് രാജീവ് ശിവശങ്കറിന്റെ നോവൽ

ഭൂമാഫിയകൾക്കും രാഷ്ട്രീയ പൊള്ളത്തരത്തിനുമെതിരെ കൽപ്രമാണം വരുന്നു; സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് രാജീവ് ശിവശങ്കറിന്റെ നോവൽ

ഭൂമാഫിയകളുടെയും രാഷ്ട്രീയ മേലാളന്മാരുടെയും കള്ളക്കളികളെക്കുറിച്ചുള്ള വാർത്തകൾ മലയാളികൾ എന്നും കേൾക്കുന്നതാണ്. ഈ ഭൂമാഫിയ-രാഷ്ട്രീയക്കളികൾ മറയില്ലാതെ വ്യക്തമാക്കുന്ന നോവൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ രാജീവ് ശിവശങ്കറിന്റെ 'കൽപ്രമാണ'മാണ് കേരളം നേരിടുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കു വിരൽചൂണ്ടുന്നത്.

ഭൂമാഫിയ - രാഷ്ട്രീയക്കളികൾ പച്ചയ്ക്കു പറയുന്ന ഈ നാവലിൽ പലരുടെയും ഉറക്കം കെടുത്താൻ പോന്ന ചേരുവകൾ ഉൾപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളിൽ കേരളം കാണാൻ പോകുന്ന അടുത്ത വിവാദം ഈ നോവലിനെക്കുറിച്ചാകും.

ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടുമെല്ലാം സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്ന അന്വേഷണമാണ് കൽപ്രമാണം. പാർട്ടികളിലെ ഗ്രൂപ്പ് വഴക്കും വിഭാഗീയതയും മുതൽ ബിഷപ്പിന്റെ ഇടപെടൽ വരെ ഇടംപിടിക്കുന്ന ഈ നോവലിൽ വിവാദത്തിനു വേണ്ട ചേരുവകളെല്ലാം അടങ്ങിയിട്ടുണ്ട്. പാറമട രാഷ്ട്രീയത്തിന്റെ അറിയാക്കഥകളേറെയുള്ള ഈ നോവൽ പുറത്തിറങ്ങും മുമ്പുതന്നെ ചർച്ചാവിഷയമായിരുന്നു.

കേരളത്തിലെ സമീപകാല കാഴ്ചകളുടെ കണ്ണാടിയാണ് 'കൽപ്രമാണ'ത്തിൽ മധ്യതിരുവിതാംകൂറിലെ പഴുക്ക എന്ന സാങ്കൽപിക ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങൾ. പാറമടലോബി പിടിമുറുക്കിയ ഗ്രാമത്തിൽ ജീവിതം ക്രമേണ ദുഃസഹമാകുന്നു. ഒരിക്കലും വറ്റാത്ത ഉറവകൾ മാഞ്ഞുപോകുന്നു. രോഗങ്ങൾ പിടിമുറുക്കുന്നു. നിരത്തിലൂടെ തലങ്ങുംവിലങ്ങും ഓടുന്ന പാറ ലോറികൾ മനുഷ്യരെ കുരുതികൊടുക്കുന്നു. പാറമടയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ പണംകൊണ്ടും ഭീഷണികൊണ്ടും നിശബ്ദരാക്കുന്നു. ജീവിതം വഴിമുട്ടിയതോടെ പലരും കുടിയൊഴിഞ്ഞുപോകുകയും ചെയ്യുന്നു.

എന്നാൽ, സ്വന്തം മണ്ണിനുവേണ്ടിയും സ്വച്ഛ ജീവിതത്തിനുവേണ്ടിയും ഒരുസംഘം പോരാടുന്നു. സഹനത്തിന്റെയും അതിജീവനത്തിന്റെയും 3250 നാളുകൾക്കിടയിൽ പഴുക്കയിൽ പിന്നീട് അരങ്ങേറുന്നത്, ഇക്കഴിഞ്ഞ ദശകത്തിൽ കേരളത്തിലെ പാറമടവിരുദ്ധപ്രക്ഷോഭങ്ങളിൽ നടന്ന സംഭവങ്ങളാണ്. യഥാർഥ വസ്തുതകളുടെ പശ്ചാത്തലം ഫാന്റസിയുമായി കോർത്തിണക്കിയിട്ടുള്ള നോവലിൽ ഓരോ വാക്കും വരിയും ചുറ്റും നടക്കുന്ന കഥകളുടെ ചിത്രം വ്യക്തമാക്കുന്നു.

പാറമടവിരുദ്ധ പ്രക്ഷോഭക്കാർക്കു മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറുന്ന മന്ത്രിമാർ, ചടങ്ങിൽ പങ്കെടുക്കാമെന്നുറപ്പു നൽകിയശേഷം അവസാനനിമിഷം പിൻവലിയുന്ന പ്രതിപക്ഷനേതാവ്, പാറമടക്കാർക്കുവേണ്ടി ശബ്ദമുയർത്തുന്ന ബിഷപ് തുടങ്ങിയ കഥാപാത്രങ്ങൾ സമകാലിക ജീവിതത്തിൽ നിന്ന് പറിച്ചെടുത്തതാണ്. കേരളത്തെ വിസ്മയിപ്പിച്ച ചുവന്ന മഴ, കിണർ ഇടിഞ്ഞുതാഴൽ, സുനാമി, ഭൂചലനങ്ങൾ, വരൾച്ച, അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെയും യന്ത്രോപകരണങ്ങളുടെയും രംഗപ്രവേശം തുടങ്ങിയവയും 2002 മുതൽ 2014 വരെ നീളുന്ന കാലത്തെ അവതരിപ്പിക്കുന്ന നോവലിൽ ഇടംപിടിക്കുന്നു.

രാഷ്ട്രീയക്കാർ ഒത്തുകളിച്ചും തമ്മിലടിച്ചും കോഴപ്പണം പങ്കിട്ടും കേരളത്തെ കൂട്ടിക്കൊണ്ടുപോകുന്നതു ദുരന്തമുഖത്തേക്കാണെന്നും വൈകിക്കിട്ടുന്ന നീതി നീതിയല്ലെന്നും അടിവരയിടുകയാണ് കൽപ്രമാണം. സർക്കാരിനെ നിശിതമായി വിമർശിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന ഈ നോവൽ സർക്കാർ ഉടമസ്ഥതയിലുള്ള സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാമൂഹ്യ അനീതികൾക്കെതിരെ തൂലിക ചലിപ്പിക്കുന്ന രാജീവ് ശിവശങ്കറിന്റെ പുതിയ നോവലും കേരളം ചർച്ചചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്ത് വർധിച്ചുവരുന്ന സാത്താൻ പൂജയും മന്ത്രവിധികളുടെ മറവിൽ നടക്കുന്ന കച്ചവടവും പുറത്തുകൊണ്ടുവരാൻ 'തമോവേദം', 'പ്രാണസഞ്ചാരം' എന്നീ നോവലുകളിലൂടെ രാജീവിന് കഴിഞ്ഞിരുന്നു.

കൽപ്രമാണം(നോവൽ)
രാജീവ് ശിവശങ്കരൻ
നാഷണൽ ബുക്ക് സ്റ്റാൾ
വില: 240 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP