Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

യേശുക്രിസ്തു കുരിശിൽ മരിച്ചില്ല; ഭാര്യയോടൊപ്പം കേരളത്തിൽ വന്നു; കാശ്മീരിലെത്തി ഏറെക്കാലം രാജാവായി ജീവിച്ചു; ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാവുന്ന നോവൽ ഈയാഴ്ച പുറത്തിറങ്ങുന്നു

യേശുക്രിസ്തു കുരിശിൽ മരിച്ചില്ല; ഭാര്യയോടൊപ്പം കേരളത്തിൽ വന്നു; കാശ്മീരിലെത്തി ഏറെക്കാലം രാജാവായി ജീവിച്ചു; ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാവുന്ന നോവൽ ഈയാഴ്ച പുറത്തിറങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യേശുക്രിസ്തു കുരിശ്ശിൽ മരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ലോകത്തെവിടെയും ഉള്ള ക്രൈസ്തവ വിശ്വാസികൾ അത് അംഗീകരിച്ചു തരാൻ മടിക്കും. ഇത്തരത്തിലുള്ള ചർച്ചകളെ പോലും അസഹിഷ്ണുതയോടെയാണ് ക്രൈസ്തവർ കണ്ടത്. ഏറെ വിവാദം ഉയർത്തിയ 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പോലും ഇന്ത്യയിൽ റിലീസ് ചെയ്യാൻ റിലീസ് ചെയ്യുന്നതിന് എതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കേരളത്തിലായിരുന്നു പ്രതിഷേധക്കാരേറെയും. യേശു ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു 'ഡാവിഞ്ചി കോഡ്' പരാമർശിച്ചത്. ഈ ഒരു പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്ക് വഴിവെക്കാൻ മറ്റൊരു പുസ്‌കതം കൂടി കേരളത്തിലെത്തുന്നത്. പ്രമുഖ എഴുത്തുകാരി രതീദേവി എഴുതിയ 'മഗ്ദലീനയുടെ പെൺ സുവിശേഷങ്ങൾ; എന്റെയും' എന്ന നോവലിൽ യേശുക്രിസ്തുവിന് കുരിശുമരണം സംഭവിച്ചിട്ടില്ലെന്നും കാശ്മീരിലെത്തി രാജാവായി ജീവിച്ചു എന്നുമാണ് പറഞ്ഞുവെക്കുന്നത്.

പീലാത്തോസ് കുരിശുമരണം വിധിച്ച യേശു രണ്ടു കള്ളന്മാർക്കൊപ്പം കുരിശിൽ തറയ്ക്കപ്പെടുകയും മരിച്ച് മൂന്നാം ദിവസം കല്ലറയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന അടിസ്ഥാന ക്രൈസ്തവവിശ്വാസം അട്ടിമറിക്കുന്നതാണ് മലയാളത്തിൽ പുറത്തിറങ്ങുന്ന നോവൽ. ഈയാഴ്ച ഷാർജ ബുക്‌ഫെസ്റ്റിവലിലാണ് നോവൽ പ്രകാശനം ചെയ്യുന്നത്. കുരിശിൽ നിന്നു രക്ഷപെട്ട യേശു ഏറെക്കാലം തന്റെ കാമുകിയും നഗരവേശ്യയും പിന്നെ ഭാര്യയുമായ മഗ്ദലനമറിയത്തോടൊപ്പം കപ്പൽകയറി കൊടുങ്ങല്ലൂരിലും അവിടെനിന്ന് കാശ്മീരിലുമെത്തി, അവിടത്തെ രാജാവായ ഗോപാനന്ദന്റെ പിൻഗാമിയായി രാജ്യം ഭരിച്ചു എന്ന കഥയാണ് നോവൽ പറയുന്നത്. മലയാളിയും ഷിക്കാഗോയിൽ താമസിക്കുന്ന (മുൻ) കമ്യൂണിസ്റ്റും നക്‌സലൈറ്റും ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രതീദേവി ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയമാണ് 'മഗ്ദലീനയുടെ പെൺസുവിശേഷങ്ങൾ; എന്റെയും' എഴുതിയത്.

നോവലിലാണ് ക്രൈസ്തവസഭയുടെ വിശ്വാസങ്ങളെയും ചരിത്രത്തെയും അടിമുടി ഇളക്കിമറിക്കാൻ പോന്ന നിരീക്ഷണങ്ങളും ഭാവനയുമുള്ളത്. യേശുക്രിസ്തുവിന് കുരിശുമരണം സംഭവിച്ചില്ലെന്ന് വാദം തന്നെ മതി ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാൻ. അതേസമയം മാൻബുക്കർ പ്രൈസിനു ശുപാർശ ചെയ്യപ്പെട്ട കൃതികളിലൊന്നാണ് രതീദേവിയുടെ ഇംഗ്ലീഷ് നോവൽ എന്നിടത്താണ് ഈ കൃതി സൃഷ്ടിക്കാവുന്ന ആഗോള പുകിലുകളുടെ സാധ്യത തെളിയുന്നത്. എന്നാൽ വായനാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ പുസ്തകത്തിനായി കാത്തിരിക്കുന്നത്.

മഗ്ദലനമറിയം മാത്രമല്ല യേശുവിന്റെ ഭാര്യയായിരുന്നതെന്നും നോവലിൽ വ്യക്തമാക്കുന്നു. കാശ്മീർ രാജാവ് ഗോപാനന്ദന്റെ മകളെയും യേശു വിവാഹം ചെയ്യുന്നതായി നോവൽ പരാമർശിക്കുന്നു. കാശ്മീർ രാജാവ് ഗോപാനന്ദന്റെ മകൾ യേശുവിനെ സ്വയംവരം ചെയ്തതോടെ സന്യാസിനിയായി മാറിയ മഗ്ദലനമറിയം ഒരാശ്രമം സ്ഥാപിച്ച് അവിടേക്കു താമസം മാറ്റുന്നു. യേശു, തന്റെ പുതിയ ഭാര്യക്കും അഞ്ചുമക്കൾക്കുമൊപ്പം നൂറ്റഞ്ചുവയസ്സുവരെ ജീവിച്ചു മരിച്ചു. മഗ്ദലനയുടെയും യേശുവിന്റെയും കല്ലറകൾ ഇപ്പോഴും കാശ്മീരിലുണ്ട്. ഈ കല്ലറ കണ്ടെത്തി മഗ്ദലനയുടെ ആത്മീയപാരമ്പര്യത്തിൽ ഇരുപത്തി മൂന്നാം തലമുറയിൽ ജനിച്ചവളാണ് താൻ എന്നു തിരിച്ചറിയുന്ന കൊച്ചിയിലെ അഭിഭാഷക ലക്ഷ്മിയുടെ രതിനിർവേദങ്ങളുടെ ആഖ്യാനമായാണ് നോവൽ ചുരുൾനിവരുന്നത്.

ക്രിസ്തുവിനെയും മഗ്ദലനയെയും കുറിച്ചുണ്ടായിട്ടുള്ള വിഖ്യാതങ്ങളായ നോവലുകളുടെയെല്ലാം ഘടനയെ മറികടന്ന്, ഇരുവരെയും കാശ്മീരിനോടും ഇന്ത്യയോടും ബന്ധപ്പെടുത്തുന്ന അപൂർവമായ നോവൽഭാവനയാണ് രതീദേവിയുടെ കൃതിയിലുള്ളത്. തൃശൂർ ഗ്രീൻബുക്‌സാണ് നോവൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.

ഇംഗ്ലീഷിലം മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിക്കുന്ന നോവലിൽ നിന്നുള്ള ചില ഭാഗങ്ങൾ 'മറുനാടൻ മലയാളി' പ്രസിദ്ധീകരിക്കുന്നു.

മഗ്ദലിനയുടെ പെൺസുവിശേഷങ്ങൾ; എന്റെയും - നോവൽ, രതീദേവി

പുസ്തകത്തിൽനിന്ന്

വെള്ളികൊണ്ടുള്ള പാദുകം. മരതകം പതിച്ച പാദസരം. പച്ച പട്ടുപാവാടയിൽ തിളക്കങ്ങൾ, സുവർണനൂലിൽ തുന്നിയ മേൽകുപ്പായം. കഴുത്തിലണിയാൻ നവരത്‌ന പതക്കം. തലയിൽ ഇടാൻ തൂവെള്ള പട്ടിൽ മാണിക്യം പതിച്ച ശിരോവസ്ത്രം. കൈകളിൽ വെനീസ് നിർമ്മിത കുപ്പിവളകൾ. കണ്ണിലെഴുതാൻ ലെബനോണിൻ സുറുമ. ചുണ്ടിലിടാൻ ഇളം ചുവന്ന നിറത്തിലുള്ള കുങ്കുമപ്പൂവിൽ നിന്നുണ്ടാക്കിയ ചായം.
രാജകുമാരന്റെ അടുത്തേക്ക് അണിഞ്ഞൊരുങ്ങി മഗ്ദലീന എത്തിയപ്പോൾ പാദസ്വരത്തിന്റെ ശബ്ദം കേട്ട് രാജകുമാരൻ കണ്ണുകൾ തുറന്നു.
'സ്വർഗ്ഗസുന്ദരി'
'ഏതു ചക്രവർത്തിയും നിങ്ങളെ സ്വന്തമാക്കാൻ മോഹിച്ചു പോകും.'
മഗ്ദലീന നിശ്ശബ്ദയായി നിന്നു.
'കണ്ടുവല്ലോ. ഞാനീ വസ്ത്രങ്ങൾ അഴിച്ച് പരിചാരികയുടെ കൈയിൽ ഏല്പിക്കാം. എനിക്ക് ഇതു വേണ്ട. അധികം സമയം അണിഞ്ഞുനിൽക്കാനും കഴിയില്ല.'
പോകാൻ എണീറ്റ മഗ്ദലീനയുടെ കൈകളിൽ രാജകുമാരൻ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു.
'നോക്കൂ. മഗ്ദലീനേ, നിന്റെ കൺകളിൽ എന്റെ രൂപമാണ് പ്രതിഫലിക്കുന്നത്. നീ എന്റെ കൺകളിൽ നോക്കൂ. അവിടെ നിന്നെയാണ് കാണുന്നത്. നീ മാത്രമാണ്. സത്യം.
നിന്നെ വിട്ടെനിക്ക് പോകാൻ കഴിയുന്നില്ല. വല്ലാതെ സ്‌നേഹിച്ചു പോയി. എന്റെ കൂടെ വരൂ! ചേർന്നുനിന്നപ്പോൾ രണ്ടുപേരുടേയും ഹൃദയമിടിപ്പ് ഒരേ വേഗത്തിലായി. ആ കൺപോളകളിൽ മുഖമമർത്തി ചുംബിച്ചു.
അവന്റെ ആദ്യചുംബനം!

സിരകളിൽ ആയിരം സൂര്യൻ ജ്വലിച്ചുയർന്നു. അവൾ പ്രതിഷേധിച്ചില്ല.
രണ്ടു ശരീരങ്ങൾ പ്രണയത്തിന്റെ ദിവ്യക്ഷേത്രമായി.
അവളുടെ കാൽപാദത്തിനടുത്ത് അവൻ മുട്ടുകുത്തിയിരുന്നു. വെള്ളിപാദുകം അഴിച്ചുമാറ്റി. പാദം മറഞ്ഞുകിടന്ന സിൽക്ക് പാവാട മുകളിലേക്ക് പൊക്കിമാറ്റി. ആ കണങ്കാലിലൂടെ ചുണ്ടമർത്തി മുകളിലേക്ക് മുകളിലേക്ക് ഒരു സൂര്യനായി ജ്വലിച്ചുയർന്നു. വെള്ള സിൽക്കിൽ തുന്നിയ മേലുടുപ്പ് അഴിച്ചെറിഞ്ഞു. മുലക്കച്ചക്കുള്ളിൽ തിങ്ങി നിന്ന യൗവ്വനം.
അവളെ ഇറുക്കെ പുണർന്നു.
വിടർന്ന നെഞ്ചിൽ അവളുടെ മാറിടത്തിന്റെ ചൂട് രണ്ട് തീഗോളം പോലെ അവനറിഞ്ഞു.
വിടർന്നുനിൽക്കുന്ന പനിനീർപ്പൂവിന്റെ ദളങ്ങളിൽ മുത്തമിട്ടുപറക്കുന്ന ചാരുതയുള്ള ചിത്രശലഭം പോലെ ആ സൗന്ദര്യം അവൻ ആസ്വദിക്കുകയായിരുന്നു.


അവളുടെ നഗ്നമായ ശരീരത്തിന്റെ വടിവുകളിൽ തലോടി തലോടി അവളെ ഉറക്കി.
ഉറങ്ങുന്ന മഗ്ദലീനയുടെ മുഖത്തേക്ക് നോക്കി- സ്വർഗ്ഗീയ അനുഭൂതി അയവിറക്കി- അവനിരുന്നു രാവേറുവോളം.

നിമിഷങ്ങൾ പ്രണയനിർഭരങ്ങളായി. ഓരോ സ്പർശനത്തിലും ഓരോ നക്ഷത്രവും വീണുടയുന്ന ദീപ്തമായ ചൂട്. കൺകളിൽ നോക്കി കെട്ടിപ്പിടിച്ചുകിടന്നപ്പോൾ നാലു കണ്ണുകൾ നാലു സമുദ്രങ്ങളായി തിരയടിച്ചു.

സ്ത്രീശരീരത്തിന്റെ ചാരുത അവന്റെ ശരീരം ആദ്യമായറിഞ്ഞു. അവളോടുള്ള പ്രണയത്തിന്റെ തീക്ഷ്ണത ശരീരത്തിനും അപ്പുറമാണെന്നവനറിഞ്ഞു.

നേരം പുലർന്നു. മഗ്ദലീന ഉറക്കത്തിൽ നിന്നുണർന്നു. തന്റെ മടിയിൽ കിടന്നുറങ്ങുന്ന രാജകുമാരനെ നോക്കി ഭിത്തി ചാരി മഗ്ദലീനയിരുന്നു. സ്വച്ഛന്ദമായി ഒഴുകിയ രണ്ടു നദികൾ ഒന്നിച്ചപ്പോഴുള്ള ശുദ്ധി- ആ തെളിമ, പ്രണയപ്രവാഹത്തിന്റെ മോക്ഷനിമിഷം.

നേരം പുലർന്നു. അവനുണർന്നു.

'ഉറങ്ങാതെ എന്നെ നോക്കിയിരിക്കുകയായിരുന്നോ? എനിക്കീ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. എന്നിലെ പുരുഷനെ കാട്ടിതന്ന ആദ്യ പെൺകുട്ടീ!

അവളുടെ മടിയിൽ കിടന്നവൻ ഏറെ കാര്യങ്ങൾ പറഞ്ഞു. അവന്റെ ബാല്യം മുതലുള്ള കഥകൾ - കഥ പറഞ്ഞുകഴിഞ്ഞപ്പോൾ മഗ്ദലീന പറഞ്ഞു. 'എനിക്കിപ്പോൾ കുമാരന്റെ രാജകൊട്ടാരത്തിന്റെ ഓരോ ഇടനാഴിയും അറിയാം. കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ എത്രതരം ചെടികൾ ഉണ്ടെന്നറിയാം. അതിൽ വിടരുന്ന പൂക്കളുടെ നിറവും ഗന്ധവും അറിയാം. അമ്മ, രാജകുമാരനെ എത്ര സ്‌നേഹിക്കുന്നുവെന്നറിയാം.'

'നിന്നെ പുണർന്നു നിൽക്കുമ്പോൾ മരുഭൂമിയുടെ ചൂടിനും വിജനതയ്ക്കും വന്യമായ സൗന്ദര്യം. ലോകം മുഴുവനും പ്രണയത്തിന്റെ താളമാണ്. പുതിയ പ്രഭാതം, പുതിയ സായാഹ്നങ്ങൾ. എല്ലാറ്റിലും ആദ്യതാളം നിറയുന്നു. ഭൂമിയുടെ താളമാണ് മഗ്ദലീനയ്ക്ക്.

പരസ്പരം കൂടുതൽ അറിഞ്ഞും ആഘോഷിച്ചും ആഴ്ചകൾ വീണ്ടും കടന്നുപോയി.

ലൈംഗികത ദൈവികത തന്നെയാണെന്ന് രാജകുമാരൻ മഗ്ദലീനയിലൂടെ അറിഞ്ഞ ദിനങ്ങൾ! ശരീരത്തിലെ ഓരോ കോശങ്ങളിലും പ്രണയത്താൽ നിറയുന്ന ഊഷ്മളത. ആ ഊഷ്മളത ഉന്മേഷമാണ്. ദിവ്യതയാണ്. എത്ര നുകർന്നാലും തീരാത്ത സ്തന്യം പോലെയാണീ നിമിഷങ്ങൾ. പുറത്ത് മരുഭൂമിയിൽ കള്ളിച്ചെടികൾ പൂത്തിട്ടുണ്ട്. മനസ്സിൽ പ്രണയത്തിന്റെ മരംതളിർത്തു, പൂത്തുനിന്നു. പുതിയ അനുഭൂതി സഞ്ചയത്തിന്റെ കതിരുകളായി- മനസ്സിൽ പുതിയ വർണങ്ങളാർജിക്കുന്നു.

താങ്ങാനാവാത്ത സൗരഭ്യമായി! പ്രാണശ്വാസമായി ഈ പ്രപഞ്ചം തന്നിലേക്ക് പ്രവഹിക്കുന്നു. ഈ ആദിമ വിസ്മയത്തിന്റെ നിമിഷം ജീവിതം മുഴുവനും ഒരു നറുവെളിച്ചമായി കൂടെ ഉണ്ടാകും, പ്രിയമുള്ളവളെ!

നീയെന്റെ ജീവന്റെ ഭാഗമാണ്. സ്‌ത്രൈണതയുടെ അലിവും സ്‌നേഹവും എല്ലാം നിന്നിലൂടെ ഞാനറിഞ്ഞു. ആ അറിവ് അസ്ഥിയിൽനിന്നും മജ്ജയിലേക്ക് കയറിക്കൂടിയിരിക്കുന്നു. പിരിയുവാൻ കഴിയുന്നില്ല.

'ഇവിടെ എത്തീട്ട് ഒരു മാസം കഴിഞ്ഞു. ഇനി മടങ്ങിപ്പോകാൻ രണ്ടു പകൽകൂടി. മഗ്ദലീനയെ പിരിയുക എന്റെ ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷം.'

മഗ്ദലീനയെ അയാൾ ചേർത്തിരുത്തി.

'മഗ്ദലീന, ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കൂ! നീ എന്റെ കൂടെ വരൂ. നമുക്ക് ഒന്നിച്ചു ജീവിക്കാം. ജീവിതം മുഴുവനും സ്‌നേഹിച്ചു സ്‌നേഹിച്ചു മരിക്കാം. നീയില്ലാതെ എനിക്കിനി ജീവിക്കാൻ കഴിയില്ല.

വരൂ! എന്റെ കൂടെ വരൂ! വീണ്ടും വീണ്ടും ഞാനത് തന്നെ പറയുന്നു മഗ്ദലീനെ.'

'രാജകുമാരാ, ചില വഴികളിൽ ഒറ്റയ്ക്ക് നടക്കുകയെന്നത് എന്റെ നിയോഗമാണ്. ഞാൻ ശരീരം വിൽക്കുന്നവളാണ്. ഒരു ഇടത്താവളവും ഞാൻ സ്ഥിരമാക്കാറില്ല. എന്നോട് ക്ഷമിക്കൂ.'

മറ്റൊരു ഭാഗം

ഒന്നും ചെയ്യുവാനില്ല.... എത്രനാൾ ഇങ്ങനെ ജീവിക്കും. ഭ്രാന്തു പിടിക്കുന്നു. ഒരു വാക്ക് സംസാരിക്കാൻ ആരുമില്ല.
ആകാശത്തേക്കു നോക്കിയിരിക്കുക പതിവായി. വേഗതയിൽ ഓടിപ്പോകുന്ന വെള്ളമേഘങ്ങൾ!

ഒരിക്കൽ മേഘത്തിനിടയിലൂടെ ഒരു വെള്ളംകൊണ്ടുള്ള ഒരു ഗോവണി താഴേക്കു വരുന്നു. അതിലൂടെ ഒരാൾ എന്റെ ജലവാതിലേക്കു ചാടിയിറങ്ങി. ഞാൻ ആ യുവാവിനെ അദ്ഭുതത്തോടെ നോക്കി നിന്നു. എന്റെ തോളിൽ ചേർത്തു പിടിച്ചുകൊണ്ടാ യുവാവ് പറഞ്ഞു:
'നിന്റെ ഏകാന്തത ഞാൻ കാണുന്നുണ്ടായിരുന്നു. നീ വാതിലിനടുത്തുനിന്ന് ആകാശത്തേക്ക് അർത്ഥിക്കുന്നത് ഞാൻ കേട്ടിരുന്നു. സുന്ദരനും പ്രേമഭരിതനുമായ ഒരു ഗന്ധർവനെ കാത്തിരിക്കുന്നത് ഞാനറിഞ്ഞു.'

ഞാനവന്റെ കൈകളിലേക്കു നോക്കി, ആർദ്രമാണ് കൺകൾ, അലിവുള്ള വാക്കുകൾ, കുലീനമായ മുഖം! ഊർജ്ജം നിറഞ്ഞ ചുണ്ടുകൾ. വർഷങ്ങളായി ഞാൻ കാത്തിരുന്ന സ്വപ്നരാജകുമാരൻ!

അങ്ങനെ വിജനവും ഏകാന്തവുമായ എന്റെ പകലുകൾക്ക് അവൻ കൂട്ടായി വന്നു. ഞാൻ പ്രണയിനി ആകുമ്പോൾ അവൻ എന്റെ കൂടെയുണ്ടാകുന്നു.
തണുപ്പും കോടമഞ്ഞും ഉള്ള ഏതോ താഴ്‌വാരത്ത് ഞാനും അവനും....
സുതാര്യമായ വെള്ളപ്പട്ടുപോലെ ഞങ്ങളെ തഴുകിപ്പോകുന്ന കോടമഞ്ഞ്.... ഒരു പുതപ്പ് ആയി എന്നെ പൊതിയുന്ന അവന്റെ പ്രണയച്ചൂട്....
അവൻ എന്റെ ചെവിയിൽ മന്ത്രിക്കുന്നു.

ലക്ഷമിക്കുട്ടീ, നിന്റെ കൺകളിൽ ഞാൻ ധ്രുവനക്ഷത്രം കാണുന്നു. നിന്റെ കൺകോണുകളിൽ തുടിക്കുന്നത് മകരമത്സ്യം... നിന്റെ നനഞ്ഞ ചുണ്ടുകളിൽ നിലയ്ക്കാത്ത തിരയിളക്കം. കൺപീലികളിൽ കൊടുങ്കാറ്റിന്റെ വന്യത. നിന്റെ കവിളുകളിൽ നിന്നും ഞാൻ കൊയ്‌തെടുക്കുന്ന സ്വർണ്ണമണികൾ! നിന്റെ മാറിടങ്ങളിൽ ഒരു യാഗാശ്വത്തിന്റെ കിതപ്പുകൾ! അടിവയറിൽ ഒരായിരം സൂര്യന്റെ ചൂട്. നിന്റെ തുടയിടുക്കിൽ വന്യോന്മാദത്തിന്റെ ലാവാപ്രവാഹം. ഒരു മഴവില്ല് ഉരുക്കി നിന്റെ ചുണ്ട് നനയ്ക്കുമ്പോൾ അനന്തകോടി നക്ഷത്രങ്ങൾച്ചിതറുമ്പോൾ ആകാശത്തിന്റെ അനന്തയിൽ എവിടെയോ വെള്ളിമേഘങ്ങൾ ഇണചേരുന്നു. നിന്റെ സാമീപ്യത്തിൽ ഞാൻ ഉന്മാദിക്കുന്നു.

ഒരു മെഴുകുതിരിപോലെ ഞാൻ നിറഞ്ഞു കത്തി, ഉടല് ഉരുകിനിൽക്കുന്നു. മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്കു നോക്കുമ്പോൾ - നീ ആകാശത്തേക്ക് ഒരു കാമുകനെ പ്രതീക്ഷിച്ചു നിൽക്കുന്നതു പണ്ടു കാണാമായിരുന്നു.
ഇന്നിതാ ഞാൻ നിന്റെ കൂടെയുരുമ്മിയിരിക്കുന്നു. നിന്റെ മദിപ്പിക്കുന്ന മണവും നിറഞ്ഞ മുലകൾക്കിടയിലെ ചൂടും അരക്കെട്ടിലെ ഉന്മാദവും എന്റെ പുരുഷനാക്കുന്നു - പ്രപഞ്ചം ജനിക്കും മുന്നേ, നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും പൊട്ടിവിടർന്ന പ്രപഞ്ചോൽപ്പത്തിക്കും മുന്നേ കാലവും സമയവും വെളിവാകുന്നതിനും മുന്നേ...

നിന്നെ ഞാൻ പ്രണയിച്ചിരുന്നു ലക്ഷമീ,

അവന്റെ കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു, എന്റെ ദേവാ, എന്റെ ഏകാന്തമായ ഈ ജീവിതത്തിൽ നിന്നും ഞാൻ ഭ്രാന്തു പിടിക്കാതെയിരുന്നത്, നിന്നെപ്പോലെ എല്ലാം തികഞ്ഞ ഒരു കാമുകനെ സ്വയം സൃഷ്ടിച്ചുകൊണ്ടാണ്. എന്നെ പൊതിയുന്ന ഈ ചുവരുകൾ സംവദിക്കുമെങ്കിൽ അവ നിന്നെക്കുറിച്ച് ഓർത്തു തുടിക്കുന്ന എന്റെ നെഞ്ചിന്റെ സ്പന്ദനങ്ങളെക്കുറിച്ച് പറയും. എന്റെ കണ്ണിൽ നിറയുന്ന നിന്നെക്കുറിച്ചു പറയും! എന്നെ പൊതിയുന്ന എല്ലാ ചുവരുകളിലും ഒരു നിറഞ്ഞ സാന്നിദ്ധ്യം നീയാണ്. നീ ഒരു പരമമായ സത്യം, ആയി എന്നിൽ നിറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP