Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനൊന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനൊന്നാം ഭാഗം

ജീ മലയിൽ

വിനോദ് ഒന്നാം വർഷക്കാർക്കുള്ള പോതുപരിപാടി കഴിഞ്ഞ് ഹാളിൽ നിന്നും ചെറിയ ചുവടു വയ്പുകളോടെ തന്റെ മുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരു സീനിയർ വിദ്യാർത്ഥി തന്റെ കൂടെ വരാൻ അവനോടു പറഞ്ഞു. അവൻ വിഷാദത്തോടെ അയാളെ പിന്തുടർന്നു. ആ ഹോസ്റ്റലിലെ മുകളിലത്തെ നിലയിലെ ഒരറ്റം ചേർന്ന മുറിയിൽ അവർ എത്തിച്ചേർന്നു. അവരെ പ്രതീക്ഷിച്ച് ആ മുറിയിൽ മൂന്നു പേർ ഇരിക്കുന്നുണ്ടായിരുന്നു.

''ഇതാണ് ഞാൻ പറഞ്ഞ ആൾ വിനോദ്.'' വിനോദിനെ വിളിച്ചുകൊണ്ടു വന്ന സീനിയർ വിദ്യാർത്ഥി മറ്റുള്ളവരെ നോക്കി അവനെ പരിചയപ്പെടുത്തി.

വിനോദ് അവിടെ പരുങ്ങി നിന്നു. താൻ ആരുടെയും നോട്ടപ്പുള്ളി ആകാതെ നടന്നെങ്കിലും പലരും തന്നെ ശ്രദ്ധിക്കുന്നുവല്ലോ എന്ന ചിന്ത അവനെ മഥിച്ചു.

പെട്ടെന്ന് ആ ഭാവം മാറി. മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാൻ തക്ക എന്തു പ്രത്യേകതയാണ് തന്നിലുള്ളത് എന്ന ചിന്തയിൽ അവൻ ആശ്ചര്യപ്പെടാൻ തുടങ്ങി. അവിടെ എന്താണു നടക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചു ഓർത്തപ്പോൾ വീണ്ടും ഭയം തോന്നി.

ആ മുറിയിൽ ഇരുന്ന ഒരാൾ വിനോദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു. ''താനാണോടോ എന്റെ അനിയൻ?''

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടു വിനോദ് ഉത്തരം പറയാനാവാതെ വിമ്മിഷ്ടപ്പെട്ടു.
''സെബാസ്റ്റ്യൻ, തന്റെ കൂട്ടിരിക്കുന്നു അയാളും.'' അവിടെ കൂടിയിരുന്ന മറ്റൊരാൾ പറഞ്ഞു.
''അതാണെടോ തന്റെ ചേട്ടൻ. മനസ്സിലായോ?''

വിനോദ് തലയാട്ടിക്കൊണ്ടു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ ചേട്ടന്റെ മുഖത്തേക്കു നോക്കി. 'താടിയും മീശയുമില്ലാത്ത മുഖം. പേര് സെബാസ്റ്റ്യൻ. എന്റെ മുഖവും അയാളുടേതു പോലെ ആയിരിക്കുമോ?'

''നിങ്ങളിൽ ആരുടെ അപ്പനാ ദേശാടനം നടത്തിയെ?''

അതു കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും പറഞ്ഞ ആൾ മാത്രം ചിരിച്ചില്ല. വിനോദിനെ നോക്കി അയാൾ വീണ്ടും ചോദിച്ചു. ''തന്റെ അപ്പൻ ദേശാടനമോ തീർത്ഥാടനമോ നടത്തിയിട്ടുണ്ടോടോ?''

'ഇല്ല.'' വിനോദ് പരുങ്ങലോടെ പറഞ്ഞു.

''സെബാസ്റ്റ്യാ, തന്റെ അപ്പൻ തന്നെയാ അയാളുടെ നാട്ടിലും ചെന്നെ. ഏതായാലും രണ്ടുപേരുടേം അപ്പൻ ഒന്നുതന്നെ.'' യാതൊരു ഭാവഭേദവും കൂടാതെ അയാൾ പറഞ്ഞു.

''തനിക്ക് എത്ര പെങ്ങന്മാരുണ്ടെടോ?'' അവിടെ ഇരുന്ന മറ്റൊരു സീനിയർ വിദ്യാർത്ഥി ചിരിച്ചുകൊണ്ടു വിനോദിനോടു ചോദിച്ചു.

''ഒന്ന്.''
''മൂത്തതോ, ഇളയതോ?''
''ഇളയത്.''
''എത്ര വയസ്സായി?''
''പതിനാല്.''

''നല്ല പ്രായം. അവളെ എനിക്ക് കെട്ടിച്ചു തരണം.'' അയാൾ വിനോദിനെ നോക്കി ചിരിച്ചു.
''താനെന്താടോ ഒന്നും പറയാത്തത്. സമ്മതമാണോ..... കെട്ടിച്ചു തരാമോ?''
വിനോദ് സമ്മതം മൂളി. 

സെബാസ്റ്റ്യൻ ചോദിച്ചു. ''ചേട്ടനോട് ആലോചിക്കാതെ ഒറ്റയ്ക്കു സമ്മതിച്ചോ?''
അവരുടെയൊക്കെ പ്രകൃതം എപ്പോൾ മാറുമെന്നു അറിയാത്തതിനാൽ കൂടുതൽ അടുപ്പത്തോടെ സംസാരിക്കാൻ വിനോദിനു ഭയമായിരുന്നു. അതിനാൽ വിനോദ് ഉത്തരം പറഞ്ഞില്ല.

''അയാൾക്ക് ചേട്ടനായി. അളിയനുമായി. അങ്ങനെയാ യോഗമുള്ളവന്. ഏതായാലും അയാളെക്കണ്ടിട്ട് പെങ്ങള് മോശമായിരിക്കില്ലെന്നു തോന്നുന്നു. ബിജു കോളടിച്ചു.'' അവിടെയിരുന്ന മൂന്നാമത്തെയാൾ തട്ടിവിട്ടു.

''തന്റെ പെങ്ങളു ചരക്കാണോ?''

വിനോദ് അയാളുടെ മുഖത്തേക്കു മിഴിച്ചു നോക്കി.

''കണ്ടാൽ കൊള്ളാമോ എന്ന്?''

''ഇല്ല.''

''അതു പിന്നെ താൻ അങ്ങനെയല്ലേ പറയൂ. തന്നെ കണ്ടാലറിയാല്ലോ തന്റെ പെങ്ങൾ ആളൊരു ചരക്കാണെന്ന്.''

അതുകേട്ട് അവിടെയിരുന്നവർ പൊട്ടിച്ചിരിച്ചു. വിനോദ് മുഖം കുനിച്ചു.

''ഇവിടെ ഇരിക്കെടോ.'' വിനോദിനെ അളിയൻ അടുത്തേക്കു വിളിച്ചു. വിനോദ് അവിടെ പോയി ഇരുന്നു.

''ബിജുവേ, അയാൾ പോയി ഉറങ്ങിക്കോട്ടെ. അല്ലേൽ ഇപ്പം കറങ്ങി താഴെ വീഴും.'' സെബാസ്റ്റ്യൻ പറഞ്ഞു.

'അളിയൻ ബിജുവും ചേട്ടൻ സെബാസ്റ്റ്യനും. കൊള്ളാം. നല്ല സീനിയേഴ്‌സ്.' വിനോദ് ജനാല വഴി വെളിയിലേക്കു നോക്കിയിരുന്നു. കറുത്ത കോട്ടിട്ട ദുർഭൂതത്തെപ്പോലെ ഇരുട്ടിന്റെ നിറം ദൂരെ കാണാം. സീനിയർ വിദ്യാർത്ഥികൾ അവിടെയിരുന്ന് എന്തെല്ലാമോ സംസാരിക്കുന്നു.
''അപ്പോ, അളിയോ എന്തു പറയുന്നു?'' ബിജു ചിരിച്ചുകൊണ്ട് ഉറക്കെ ചോദിച്ചു. വിനോദ് ഒന്നു ഞെട്ടി. ആ സമയം ഒരാൾ കയ്യിൽ ഒരു പായ്ക്കറ്റ് സിഗററ്റും ചെറിയ ഒരു പൊതിയുമായി അവിടെ എത്തി.

''കിട്ടിയെടോ കിട്ടി'' എന്ന് ആർത്തട്ടഹസിച്ചു കൊണ്ടാണ് അയാൾ മുറിയിൽ കയറിയത്.
''ആ ലൂയി വന്നല്ലോ.'' സെബാസ്റ്റ്യൻ പറഞ്ഞു.

പൊതിക്കെട്ട് അഴിച്ച് അയാൾ അതിലെ വസ്തു ഞെരടാൻ തുടങ്ങി. ഒരാൾ സിഗററ്റിൽ നിന്നും ചുക്ക പുറന്തള്ളിയിട്ട് ഞെരടി പൊടിച്ച ആ പൊടി സിഗററ്റിന്റെ കടലാസിലേക്കു കുത്തിത്തിരുകിത്തുടങ്ങി.

ലൂയി അതു വിലക്കിയിട്ടു പറഞ്ഞു. ''വരട്ടെ, വരട്ടെ, കുറച്ചൂടെ ഞെരടിയിട്ടു മതി നിറയ്ക്കുന്നത്.''

''ഇത്രയൊക്കെ പൊടിഞ്ഞാൽ മതി ലൂയി.'' അക്ഷമനെപ്പോലെ അയാൾ വീണ്ടും പൊടി വാരി നിറയ്ക്കാൻ തുനിഞ്ഞു.

ലൂയി അയാളുടെ കരം പിടിച്ചു മാറ്റിയിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു. ''തനിക്കറിയാമോടോ, മണ്ണിനേം പെണ്ണിനേം കഞ്ചനേം എത്ര ഞെരടി കശക്കുന്നോ അത്രേം സുഖം കിട്ടും. അതുകൊണ്ട് വെയിറ്റ് ചെയ്യ്.''

ലൂയി തന്റെ പ്രവൃത്തി കൂടുതൽ ഉഷാറോടെ തുടർന്നു.അല്പനേരത്തിനു ശേഷം ലൂയി ഒരു സിഗററ്റിൽ കഞ്ചാവു നിറച്ച് അതിനു തീ കത്തിച്ചു. ഒരു പുക എടുത്ത ശേഷം അത് അടുത്ത ആളിനു കൈമാറി. അനുഭൂതി നിറഞ്ഞ സന്തോഷം അവരുടെ മുഖങ്ങളിൽ നിഴലിച്ചു.

''അളിയോ വലിക്കുന്നോ?'' ബിജു ചിരിച്ചുകൊണ്ടു ചോദിച്ചു.

''ഇന്നാടോ വലിയെടോ.'' ലൂയി ഗർജ്ജിച്ചുകൊണ്ടു കഞ്ചാവു കുത്തി നിറച്ച ഒരു സിഗററ്റു വിനോദിന്റെ കയ്യിലേക്കു നീട്ടി. അവൻ വാങ്ങാൻ തുനിഞ്ഞപ്പോൾ ബിജു തടഞ്ഞു.
''വേണ്ടാ ലൂയി. അയാൾ പോയിക്കിടന്നുറങ്ങട്ടെ.'' സെബാസ്റ്റ്യൻ ബിജുവിനെ പിന്താങ്ങി.
''വലിക്കേണ്ടെങ്കി വലിക്കേണ്ട. പക്ഷേ അയാൾ അവിടെ ഇരിക്കട്ടെ.'' വിനോദ് പോകാൻ ലൂയി അനുവദിച്ചില്ല.

സാരമില്ല എന്ന അർത്ഥത്തിൽ സെബാസ്റ്റ്യൻ വിനോദിനെ നോക്കി കണ്ണിറുക്കി കാട്ടി. ലൂയി ഒരു ക്രൂരനാണെന്നു വിനോദിനു തോന്നി. ആ അവസരത്തിൽ മാഷ് അവിടെയെത്തി. മാഷ് എന്ന് ആരോ പറയുന്നതു കേട്ട് വിനോദ് ചാടിയെഴുന്നേറ്റു സല്യൂട്ട് ചെയ്തു.

മാഷിനെക്കുറിച്ചു കേട്ടിരുന്നു. അയാൾ നടന്നു പോകുന്നതു ദൂരെ നിന്നു കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അടുത്തു കാണുന്നത്. ഫിലിപ് ലൂക്കോസിനോടു കാട്ടിയ ദുഷ്ടതകളും പകപോക്കലെന്ന പേരിൽ ചെയ്തു കൂട്ടിയ കാടത്തരങ്ങളും സീനിയർ വിദ്യാർത്ഥികൾ പറയുന്നതു കേട്ട് മാഷ് ഒരു ക്രൂരനാണെന്ന ധാരണ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇടയിൽ പരന്നു കഴിഞ്ഞിരുന്നു.

മാഷ് എന്ന പേര് നവാഗതർക്ക് ഒരു പേടിസ്വപ്നമായി തീർന്നിരുന്നു. ആ പേടി സ്വപ്നം പലരുടെയും ഉറക്കത്തെപ്പോലും കെടുത്തുമായിരുന്നു. അതിനാൽ മാഷ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു അഗ്നിരേഖ നവാഗതരുടെ ഉള്ളിൽക്കൂടി പായും. മാഷിനെ കാണുന്നവരെല്ലാം ഓടിയൊളിക്കുകയാണു പതിവ്.

ക്രൂരനായ മാഷിന്റെ പിടിയിൽ പെടരുതെന്ന് താനും ആഗ്രഹിച്ചിരുന്നു. അയാളുടെ മുമ്പിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നുവെങ്കിലും ഇതാ കുടുങ്ങിയിരിക്കുന്നു. വിനോദിന്റെ ഉള്ളിൽ വിറയൽ പടർന്നു. പ്രായം ഇരുപത്തിയെട്ടെങ്കിലും തോന്നിക്കുന്ന ശരീരഘടന. സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ. ക്രൂരമായ മുഖഭാവം. അതിനു മാറ്റു കൂട്ടാനെന്ന പോലെയുള്ള വളച്ച വീതിയുള്ള കട്ടിയുള്ള മീശ. ക്രൂരത നിഴലിക്കുന്ന ചുവന്ന കണ്ണുകൾ. അവ പാതി അടച്ചു നോക്കിയാൽ ഒന്നാം വർഷ വിദ്യാർത്ഥികൾ മൂത്രമൊഴിച്ചു പോകും. ക്ലാസ്സിൽ കയറാറില്ല. കോളേജിലെ ഏറ്റം സീനിയർ വിദ്യാർത്ഥി ആയതിനാൽ അദ്ധ്യാപകർ ആരും തന്നെ ഒന്നും പറയാറില്ല. മാഷിന്റെ ജൂണിയറായി ആ കോളേജിൽ പഠിച്ചവർ പോലും ആ കോളേജിലെ തന്നെ അദ്ധ്യാപകരായി ജോലി നോക്കുന്നു.

സർവ്വ സ്വതന്ത്ര കേഡിയായി നടക്കുന്ന മാഷിന്റെ കയ്യിൽ കിട്ടുന്ന പാവം നവാഗതർ ക്രൂരമായി മർദ്ദിക്കപ്പെടുന്നു. അപമര്യാദയായി കൈകാര്യം ചെയ്യപ്പെടുന്നു. അബോധാവസ്ഥയിലുള്ള ഒരു മനുഷ്യനെപ്പോലെ പെരുമാറുന്ന അയാളുടെ ക്രൂര വിനോദം കണ്ടു മറ്റുള്ള സീനിയർ വിദ്യാർത്ഥികൾ പോലും അന്തം വിട്ടു നോക്കി നില്ക്കാറുണ്ട്. ആ ഹിംസ്രത്തിന്റെ പിടിയിൽ നിന്നും അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു നോക്കിയാലും സാധിക്കാറില്ല. തന്നെ ഇനിയും എന്തെല്ലാം കാട്ടിക്കൂട്ടുമോ എന്ന ചിന്തയിൽ ഭയന്നു വിറക്കുന്ന വിനോദിന്റെ മനസ്സ് വല്ലാതെ വെപ്രാളപ്പെട്ടു. ഉള്ളിന്റെ ഉള്ളിൽ ഭയാഗ്നി രേഖകൾ മിന്നി മറയുന്നു. ഹൃദയം വല്ലാതെ ത്രസിക്കുന്നു.

മാഷിനെ കണ്ടപ്പോൾ മാഷിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ ലൂയിയുടെ മുഖം വികസിച്ചു. മാഷിന്റെ ഏതു കാട്ടാളത്തരത്തിനും കൂട്ടു നില്ക്കുന്ന, എല്ലാ വർഷങ്ങളും ജയിച്ചിരുന്നുവെങ്കിൽ ഫൈനൽ ഇയർ വിദ്യാർത്ഥി ആയിരിക്കേണ്ട മൂന്നാം വർഷ വിദ്യാർത്ഥിയായ ലൂയി. മദ്യത്തിന്റെ ലഹരിയിൽ എന്തു ധൈര്യവും കാട്ടാൻ മുതിരുന്ന ലൂയി. ''ഇതാരാ നിൽക്കണ്ത്. ഇരയെ വിഴുങ്ങിക്കൊണ്ടിരിക്വാണോ?'' മാഷിന്റെ ചോദ്യം. വിനോദ് മുഖം കുനിച്ചു നിന്നു. 

മാഷിന്റെ മുഖത്തെ ക്രൂരത മാഞ്ഞു സന്തോഷരേഖകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആ സന്തോഷച്ഛായ പോലും ഭയാനകമായി വിനോദിനു തോന്നി.

''നിങ്ങൾ ഇവിടെ പരിപാടി ആസൂത്രണം ചെയ്യണുണ്ടെന്നറ്ഞ്ഞു. വന്നല്പം പിടിച്ചിട്ടു പോകാന്നു കര്തി.''

''മാഷ് ഇരുന്നാട്ടെ, ഇതാ പിടിച്ചോളൂ.'' ലൂയി തന്റെ കയ്യിലിരുന്ന കഞ്ചാവു നിറച്ച ഒരു സിഗററ്റ് മാഷിനു നല്കി.

''താനിരുന്നൊടോ.'' മാഷിന്റെ ആജ്ഞ കേൾക്കേണ്ട താമസം വിനോദ് ഇരുന്നു.

മാഷ് തീപ്പട്ടിയുരസി. മസ്തിഷ്‌കത്തെ ലോലമായി താരാട്ടാൻ പര്യാപ്തമായ പുക പരന്നു.
ലഹരി നുണഞ്ഞ പുകച്ചുരുളുകളുടെ കടന്നാശ്ലേഷണത്തിൽ മാഷിലെ അനുഭൂതികൾ ഉയർന്നു പൊങ്ങി നൃത്തം ചവിട്ടി. അന്തരീഷത്തിൽ ലയിക്കുന്ന ചുരുളുകളായി മാഷുയർന്നു. പിന്നെ ചക്രവാളസീമയോളം പറന്നുനടന്നു നടനം ചവിട്ടി. വീണ്ടും ഉയർന്നുയർന്ന് പറക്കുന്നതു പോലെയും വേഗം താഴെ വീഴുന്നതു പോലെയും മാഷിനു തോന്നി. പല മായാരൂപങ്ങളും വർണ്ണങ്ങളും പടർന്നു വികസിച്ചു. അവ രൂപം പൂണ്ടു മാഷിന്റെ മുമ്പിൽ നിരന്നു വീണു.
പെട്ടെന്ന് മാഷ് വിനോദിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി കുറെനേരം ഇരുന്നു. മാഷിനു താനറിയാതെ ഒരു പ്രത്യേകതരം സ്‌നേഹം അപ്പോൾ വിനോദിനോടു തോന്നി. മരുഭൂമിയിലെ മരുപ്പച്ച പോലെ. പാറക്കെട്ടുകൾക്കിടയിലെ ജലരേഖകൾ പോലെ ആ ക്രൂരമായ മനസ്സിലും സ്‌നേഹം. അതും ഒരു നവാഗതനോട്. മറ്റുള്ള നവാഗതരോടു പെരുമാറുന്നതു പോലെ ക്രൂരമായ ആ സ്വഭാവം വിനോദിനോടു കാട്ടാൻ അയാൾക്കു തോന്നിയില്ല.

''എന്ത്‌ടൊ തന്റെ പേര്?'' മാഷ് അറിയാതെ ചോദിച്ചു പോയി.

''വിനോദ്.'' വിറയലോടു കൂടിയ മറുപടി.

''മാഷിന്റെ ബിനോയിയെപ്പോലെ ഇരിക്കുന്നു. അല്ലേ മാഷേ?'' ലൂയി ഉരുവിട്ടു. ''ശരിയാണ്‌ല്ലോ.'' മാഷ് അത്ഭുതപ്പെട്ടു. വേഗം കണ്ണുകളടച്ചു തുറന്നു നോക്കി. 'ഞാൻ സ്‌നേഹിക്ക്ണ ഉറ്റതോഴൻ ബിനോയ്. അവനിന്നെവിടെ? അവൻ പോയി. കാലയവനികക്കുള്ളിൽ എന്നന്നേക്കുമായി മറഞ്ഞു പോയി.'

മാഷിന്റെ ഉള്ളിൽ പിടച്ചൽ അനുഭവപ്പെട്ടു. തന്റെ ഉറ്റ സ്‌നേഹിതനെ അവസാനം കണ്ട ദിവസം ഓർമ്മയിൽ മിന്നുന്നു. മുന്നിൽ തെളിയുന്നു.

രണ്ടു വർഷം മുമ്പ് വീട്ടിൽ അവധിക്കു ചെന്ന സമയം. അന്നൊരു ഞായറാഴ്ച.അവധി ആഘോഷിക്കാൻ ബിനോയിയുമായി കള്ളുഷാപ്പിലേക്കു പോയി. കുപ്പികൾ നിരന്നു. വെളുത്ത സത്ത് തലച്ചോറിൽ കിടന്നു പുളഞ്ഞു. പെട്ടെന്ന് തന്റെ സ്‌നേഹിതൻ ബോധരഹിതനാകുന്നതു പോലെ കണ്ടു. ചോര കടവായിൽ കൂടി പുറത്തു ചാടി. കണ്ണുകൾ അടഞ്ഞു. കൈകളും കാലുകളും നിശ്ചലമായി. കസേരയുടെ പുറകിലേക്കു അവൻ ചാഞ്ഞു വീണു. ആശുപത്രിയിലാക്കിയെങ്കിലും.... അതായിരുന്നു അവസാനം. 

ഇതാ അവനെപ്പോലെ ഒരുവൻ. തന്റെ ഉറ്റ തോഴൻ ബിനോയ് മുന്നിൽ ഇരിക്കുന്നു.

''ബിനോയ്.''  മാഷ് അറിയാതെ വിളിച്ചു പോയി.

വിനോദ് അന്തം വിട്ടു.

ബോധോദയം ഉണ്ടായതു പോലെ മാഷ് കണ്ണുകൾ അടച്ചു തുറന്നു. അയാളുടെ ചിന്ത ഭൂതകാല ഏടുകളെ തള്ളിമാറ്റി വർത്തമാന സത്യത്തിലേക്കു വഴുതി വീണു.

'തന്നെ ഞാൻ ബിനോയ് എന്നു വിളിച്ചോട്ടെ.'' വികാരവായ്പുള്ള ആ അഭ്യർത്ഥനക്കു മുമ്പിൽ വിനോദ് തലയാട്ടി.

'ക്രൂരനായ ഒരു മനുഷ്യൻ എന്നോടു സ്‌നേഹമായി പെരുമാറുന്നോ? എന്നെ ഇഷ്ടപ്പെടുന്നോ?'
പെട്ടെന്ന്! വിനോദിന്റെ മനസ്സ് ചോദിച്ചു.

'ഞാൻ കാണുന്നത് സത്യമോ? മാഷിൽ ഇങ്ങനെയൊരു ബലഹീനതയോ?

ക്രൂരതയിലും സ്‌നേഹമോ? ഏതു മനസ്സിലാണ് സ്‌നേഹകണങ്ങൾ ഒഴുകാത്തത്? സ്‌നേഹം മരീചികയില്ല. ഒരു പരമാർത്ഥം. ഒരു സത്യം.'

മാഷിനു വിനോദിനോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നിത്തുടങ്ങി. തന്റെ ഉറ്റ തോഴനോടു തോന്നിയതു പോലെയുള്ള ഒരു പ്രത്യേക തരം അടുപ്പവും. വിനോദിന് അവിടെയിരിക്കുന്നതു അരോചകമായി അനുഭവപ്പെട്ടെങ്കിലും നിശ്ശബ്ദനായി അടങ്ങിയിരുന്നു. അവനു നന്നേ ക്ഷീണം തോന്നി. ഇരുളിന്റെ കനം ഏറുകയായിരുന്നു. കൺപോളകളുടെ കനം കൂടുകയായിരുന്നു.

'നേരം ഒരുപാടായി. ബാക്കി എല്ലാവരും ലഹരിയിൽ നൃത്തം ചവിട്ടുന്നു. ഞാനോ? ഒരു കാഴ്ചവസ്തുവായി അവരുടെ മുമ്പിൽ.'

അപ്പോൾ അവിടെ ഉയർന്ന ഏകശബ്ദം മാഷിന്റെ മാത്രം.

രാത്രി ഒരുമണി ആയപ്പോൾ അവനു പോകാനുള്ള അനുവാദം കിട്ടി. ഹോസ്റ്റൽ ഒച്ചയിൽ നിന്നും മുക്തി നേടിക്കഴിഞ്ഞു. ചുറ്റുപാടും നിശ്ശബ്ദമായ അന്തരീഷം. അവൻ തന്റെ മുറിയിൽ കയറി കിടക്കയിൽ അമർന്നു വീണു. പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുമ്പോൾ അവനെ വല്ലാത്തൊരു വിഷാദഭാവം പൊതിഞ്ഞു.

മാഷ് എന്ന ക്രൂരനായ മനുഷ്യന്റെ നോട്ടപ്പുള്ളിയായതിൽ അവന്റെ നെഞ്ചു പിടയുന്നുണ്ടായിരുന്നു. അവൻ കണ്ണുകളടച്ചു കിടന്നു. ആ ഇരുട്ടിലൂടെ തന്റെ മുമ്പിൽ മാഷിന്റെ ഭീകരരൂപം തെളിഞ്ഞു വരുന്നു. അയാൾ എന്തിനെയും വിഴുങ്ങാൻ തയ്യാറായി വാ മലർക്കെ തുറന്നു നിൽക്കുന്നു. 'ഹോ.. എന്താണ് ഇങ്ങനെയൊക്കെ കാണുന്നത്?'

അവനു തന്നോടു തന്നെ അമർഷം തോന്നി. കണ്ണുകൾ തുറന്നു പിടിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി. അന്നു പോതുമുറിയിൽ അരങ്ങു തകർത്താടിയ പ്രവൃത്തികൾ ഒന്നൊന്നായി അപ്പോൾ അവനോടു സംവദിക്കാൻ തുടങ്ങി.

മനുഷ്യരെ മനുഷ്യർ അല്ലാതാക്കുന്ന പ്രവൃത്തികൾ.

ഒരു കൗമാരക്കാരന് സ്വന്ത ശരീരത്തിൽ യാതൊരു നിയന്ത്രണവും അവകാശവും ഇല്ലാത്ത അവസ്ഥ. ഇങ്ങനെയാണോ ഹോസ്റ്റൽ ജീവിതം തുടങ്ങേണ്ടത്? എന്താണ് ഇവ ചെയ്തു കൂട്ടുന്നവരുടെ മനസ്സിൽ? ഇതിൽ എന്തു സംതൃപ്തിയാണ് അവർക്കു ലഭിക്കുന്നത്?

ഒരു കൗമാരക്കാരന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രായത്തിൽ അവന്റെ വ്യക്തിത്വത്തെ ചവിട്ടി മെതിച്ചു കൊണ്ടും ഇടിച്ചു താഴ്‌ത്തിക്കൊണ്ടും നേടുന്ന ഉൽക്കർഷമനോഭാവം. നിസ്സഹായന്റെ മേൽ ആഞ്ഞു ചവിട്ടിക്കൊണ്ട് അവനെ തറയോളം താഴ്‌ത്തുമ്പോൾ കിട്ടുന്ന മനോസുഖം.
സംഘടിത ശക്തിയിൽ അസംഘടിതരുടെ മേൽ അധികാരം സ്ഥാപിച്ചു കിട്ടാൻ അശരണരായ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു രസിക്കുക. പിന്നീട് ആ സുഖത്തിൽ ഇരുന്നും കിടന്നും പുളയ്ക്കുക. അവർക്കു സഹജീവികളായ മനുഷ്യരെ മനുഷ്യരായി കാണുന്നതിലും പ്രിയം മനുഷ്യരേക്കാൾ താണ മൃഗങ്ങളായോ മറ്റു ജീവികളായോ കാണാനാണ് . അവരുടെ സ്വന്തം പേരു വിളിക്കുന്നതിനു പകരം സാങ്കേതികനാമം എന്ന ഓമനപ്പേർ നൽകിയും തവള മാതിരിയും കുരങ്ങൻ മാതിരിയും ഒക്കെ അവരെക്കൊണ്ട് അഭിനയിപ്പിച്ചും അത്തരം ജീവികളാക്കാനാണ്. അപഹാസ്യപ്പെടുത്തുന്നതും അപകർഷബോധം ഉണ്ടാക്കുന്നതുമായ വികൃതമായ പേരുകൾ നൽകി അവർ ആസ്വദിക്കുന്നതെന്താണ്? അവരുടെ തന്നെ വികലമായ മനസ്സിന്റെ ചെറുപതിപ്പുകളും പ്രതിബിംബങ്ങളും അല്ലേ?

മനുഷ്യരെ മൃഗത്തോടും അവയേക്കാൾ താഴെയുള്ള ജീവികളോടും തുലനം ചെയ്യുന്നവരുടെ ജന്മം ഏതു ജീവിയുടെ ആത്മാവിൽ ആയിരിക്കും? മനുഷ്യരെ മനുഷ്യരായി കാണാൻ അത്തരക്കാർ ഇനിയും എത്ര ജന്മങ്ങൾ കൂടി കാത്തിരിക്കണം? അവർക്കു ഈ മനുഷ്യജന്മത്തിൽ സന്തോഷിക്കാൻ ഒന്നും തന്നെയുണ്ടാവില്ല. അവരുടെ അസ്തിത്വം തന്നെ ജന്മസമയത്തോ പൂർവ്വകാലത്തോ നഷ്ടപ്പെട്ടിട്ടുണ്ടാകും.

ഉന്നത വിദ്യാഭ്യാസം നഗ്‌നതയുടെ വിദ്യാഭ്യാസമായിത്തീർന്നിരിക്കുന്നു. കാമക്കണ്ണുകളെ തുറന്നു പിടിക്കാൻ അഭ്യസിപ്പിക്കുന്ന ഇടമായിത്തീർന്നിരിക്കുന്നു. ഇത്ര അപമാനകരവും ലജ്ജാകരവുമായ അവസ്ഥയിൽ ഉന്നത വിദ്യാഭ്യാസം എത്തിയിട്ടും അധികൃതർ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. ഒന്നും അറിയുന്നില്ല.

ഈ റാഗിങ്ങിൽ നിന്നുമെന്താണ് പുതിയ വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്? അപമാനമോ അഭിമാനമോ? പരിഹാസമോ പുകഴ്‌ത്തലോ? അടിമത്തമനോഭാവമുള്ള അപകർഷതയോ മാനുഷതയുടെ സ്വാതന്ത്ര്യമോ?

കൗമാരപ്രായത്തിൽ കൂട്ടുകാരിൽ നിന്നും സമപ്രായക്കാരിൽ നിന്നുമാണ് പല പ്രധാനപ്പെട്ട കാര്യങ്ങളും പഠിക്കേണ്ടത്. ജീവിതത്തിൽ ആവശ്യമായേക്കാവുന്ന അത്തരം കാര്യങ്ങൾക്കു പകരം ഇവിടെ പഠിക്കുന്നത് ജീവിതത്തെ പരാജയത്തിൽ കൊണ്ടെത്തിക്കാൻ ഉതകുന്ന കാര്യങ്ങൾ മാത്രം. നെഗറ്റീവ് ചിന്താഗതി വളർത്തി സ്വയം ഒതുങ്ങി ഇല്ലാതാകുന്ന അവസ്ഥയിൽ അവനെ കൊണ്ടെത്തിക്കുന്ന കാര്യങ്ങൾ മാത്രം. സീനിയേഴ്‌സിനെ ശത്രുവായി മാത്രം കാണാൻ ഉതകുന്ന കാര്യങ്ങൾ മാത്രം. ജൂനിയർ വിദ്യാർത്ഥികളെ സ്‌നേഹത്തോടെ സഹായിക്കുകയും അവനെ ഉയർത്തിക്കൊണ്ടു വരുകയും ചെയ്യുന്നതിനു പകരം അവനെ പീഡിപ്പിച്ച് ഇല്ലാതാക്കുന്ന കാര്യങ്ങൾ.

മനസ്സിനെ വികല ചിന്തകളിൽ കൊണ്ടെത്തിക്കാൻ പര്യാപ്തമായ വാക്കുകൾ വളരെ ഉച്ചത്തിലുള്ള ശബ്ദതരംഗത്തിൽ ചെവിയിലൂടെ തുളഞ്ഞു കയറി മനസ്സിന്റെ ആഴത്തിൽ കടന്നു ചെല്ലുന്നത് ഭയാനകമായി വിനോദിനു തോന്നി. തെറിപ്പാട്ടു പാടുന്നതും കേൾക്കുന്നതും കാതിനു സുഖം നൽകുന്നുവെങ്കിൽ അവരുടെ കാതുകൾ മാത്രമല്ല സകല അവയവങ്ങളും മലിനപ്പെട്ടിരിക്കുന്നു. ജഡമാകെ മലിനപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയം മാലിന്യകുംഭമായി തീർന്നിരിക്കുന്നു.

താൻ ആദ്യമായിട്ടാണ് കോടുങ്ങല്ലൂർ മേളപ്പാട്ട് കേൾക്കുന്നത്. അതിൽ എത്രയോ തരം ആളുകൾ കഥാപാത്രങ്ങളായി വന്നു പോകുന്നു... മനുഷ്യാവയവങ്ങൾ വികൃതമായ രീതിയിൽ വർണിക്കപ്പെടുന്നു. ആ പാട്ടിൽ അസഭ്യവർണന മാത്രമല്ല, ഒരു മനുഷ്യശരീരത്തിലും കാണാത്ത അവയവങ്ങളുടെ പർവ്വതീകരിച്ച വിജൃംഭണവർണനകളും ചേർത്തിരിക്കുന്നത് ആർക്കു വേണ്ടിയാണ്? ആ പാട്ട് എഴുതിയവന്റേതു മാത്രമല്ല അതു പാടി രസിക്കുന്നവരുടെ അവയവങ്ങൾ പോലും അതു കേട്ടു നാറുന്നുണ്ടാവും.

ഹാ.. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിൽ കടന്നുകൂടിയ സംസ്‌കാരം എത്ര കേമം!
അസഭ്യഗാനങ്ങളിലെ വർണനകളിലൂടെ ഭീകരരൂപമെടുക്കുന്ന അവയവങ്ങൾ ഉറക്കത്തിൽ പോലും തങ്ങളെ വിഴുങ്ങാനായി പാഞ്ഞടുക്കുന്നതു കണ്ടു ഞെട്ടി ഉണരുന്ന ജീവിതങ്ങൾ ഇവിടെയുണ്ട്.

ദൈവങ്ങളെപ്പോലും പരിഹാസ്യപാത്രങ്ങളാക്കുന്ന മന്ത്രങ്ങളും ശരണം വിളികളും ഇവിടെയുണ്ട്. ദൈവം കനിഞ്ഞു നൽകിയ ജഡത്തെ വികൃതവും നികൃഷ്ടവും ആക്കുന്ന കോലങ്ങൾ ഇവിടെയുണ്ട്.

ഇവിടെ ആർക്കും ദൈവങ്ങളെ ഭയമില്ല. മനുഷ്യരെ ഭയവും ശങ്കയുമില്ല. ദൈവഭക്തി തന്നെയില്ല. അതുള്ളവർ ഹോസ്റ്റലിൽ വന്നു ചേർന്നിട്ടുണ്ടെങ്കിൽ അവരിലും ആ നല്ല ഗുണങ്ങൾ ഇല്ലാതാക്കുന്ന എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്.

റാഗിങ്... ഇത് ഏതു ദുഷ്ടന്റെ തലയിലാണ് ഉദിച്ചത്?

റാഗിങ്, എ ഡെവിലിഷ് ആക്ട്. ഒരു സാത്താന്യബുദ്ധിയിൽ ഉദിച്ച ദുഷ്പ്രവൃത്തി!

റാഗിങ് ഇവിടെ ഇങ്ങനെ വാഴ്ച നടത്താൻ ഇതു ഭൂമിയോ നരകമോ? ഇതു നാടോ കാടോ? ഇവിടം മനുഷ്യർ ജീവിക്കുന്നയിടമോ മൃഗങ്ങളുടെ ആവാസകേന്ദ്രമോ? അത് ഒരുതരം ലഹരിയാണ്. ലൈംഗികത മനുഷ്യന്റെ ലഹരിയാവുന്നത് അതു മറച്ചു വയ്ക്കുമ്പോഴാണോ? അതോ, പുറത്തു കാട്ടുമ്പോഴാണോ?

മൃഗങ്ങൾക്ക് അത്തരം ലഹരിയുണ്ടാവുമോ?

(തുടരും.....)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP