Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനഞ്ചാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനഞ്ചാം ഭാഗം

ജീ മലയിൽ

പുതിയ പ്രഭാതത്തിന്റെ നറുമണം വിതറിക്കൊണ്ട് സൂര്യൻ പൂർവ്വ ചക്രവാളത്തിൽ എത്തി നോക്കി. അന്നു വെള്ളിയാഴ്ചയായിരുന്നു. ആ ആഴ്ചയിലെ സാദ്ധ്യായ ദിവസങ്ങളിലെ അവസാന ദിനം. നവാഗതരുടെ ക്ലാസ്സു തുടങ്ങിയിട്ടു നാലു ദിവസം കഴിഞ്ഞിരിക്കുന്നു. അടുത്ത രണ്ടു ദിവസവും അവധിയാണ്.

അവധി ദിവസം ഹോസ്റ്റലിൽ തങ്ങിയാൽ ഒന്നുകിൽ റാഗിംഗിന് ഇരയാകേണ്ടി വരും. അല്ലെങ്കിൽ എന്തെങ്കിലും കഠിനമായ ജോലി ചെയ്യേണ്ടി വരും. അതറിഞ്ഞ് നവാഗതരിൽ ഭൂരിപക്ഷവും അന്നു ഉച്ചയോടെ തന്നെ തങ്ങളുടെ വീടുകളിലേക്കുപോയിരുന്നു. രണ്ടു ദിവസം കൊണ്ടു വീട്ടിൽ പോയി തിരിച്ചു വരുന്നത് പ്രയാസമായതിനാൽ വളരെ ദൂരെ ദിക്കുകളിൽ നിന്നും വന്നവർ ഹോസ്റ്റലിൽ തങ്ങാൻ നിർബന്ധിതരായി.

വീട്ടിൽ പോകാതെ ഹോസ്റ്റലിൽ തങ്ങിയിരുന്ന നവാഗതരെയെല്ലാം ശനിയാഴ്ച കാലത്തു തന്നെ ഫുട്‌ബോൾ കോർട്ടിൽ നിരത്തി നിർത്തി. ഒരു മണിക്കൂർ തുടർച്ചയായി മാർച്ച് ചെയ്യിച്ചു.

മാർച്ചിനു ശേഷം ക്ഷീണം തീർക്കാൻ അല്പ സമയം അനുവദിച്ചു. അതു കഴിഞ്ഞു ഫുട്‌ബോൾ കോർട്ടിലെ കല്ലുകളും പാറക്കഷണങ്ങളും വലിപ്പമുള്ള ചരലുകളും മറ്റും അവരെക്കൊണ്ടു പെറുക്കിച്ചു. ആകെ പതിനഞ്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. നവാഗതരെക്കൊണ്ടു വേണ്ടതുപോലെ വേല ചെയ്യിക്കാൻ കുറെ സീനിയർ വിദ്യാർത്ഥികളും യജമാനപ്രൗഢിയിൽ അവിടെ വിലസുന്നുണ്ടായിരുന്നു.

മദ്ധ്യാഹ്നസമയം വരെ അവർക്കവിടെ പിടിപ്പതു ജോലിയുണ്ടായിരുന്നു. സൂര്യരശ്മികളുടെ പ്രഹരമേറ്റ് അവർ വിയർപ്പിൽ കുളിച്ചു. ക്ഷീണിച്ചവശരായ അവരെ ഉച്ചയൂണിനു വിട്ടപ്പോൾഒരാജ്ഞയുംഉണ്ടായി. ''ഊണു കഴിഞ്ഞ് എല്ലാവരും സീനിയർ ഹോസ്റ്റലിലെ മാമ്മോദീസാകുളത്തിനടത്തു വരണം.''

ഊണു കഴിഞ്ഞ് അവർ കുളത്തിനടുത്തെത്തി. തങ്ങളെ മാമ്മോദീസ മുക്കിയ വെള്ളത്തിന്റെ അപ്പോഴത്തെ അവസ്ഥ കണ്ട്അവരുടെ മുഖങ്ങളിൽ വല്ലാത്ത ഒരു ഭാവം തെളിഞ്ഞു വന്നു. അതിലെ വെള്ളവും ചാണകവും കലര്ന്നു ണ്ടായദുഷിച്ച മിശ്രിതം കോരിക്കളഞ്ഞ്അവർ കുളം വൃത്തിയാക്കി.നല്ല വെള്ളം നിറച്ചു.

അവിടെ നിന്നും അവരെ ഹോസ്റ്റലിനടുത്തു കൂടി ഒഴുകുന്ന ഒരു പുഴയിലേക്കു കുളിപ്പിക്കാൻ കൊണ്ടു പോയി.

കോളേജ് ജംഗ്ഷനിൽ നിന്നും ഹോസ്റ്റലിലേക്കു വരുന്ന ടാറിട്ട റോഡിനോടു ചേർന്ന വീതി കുറഞ്ഞ വഴിയിലൂടെമാടുകളെ കൊണ്ടുപോകുന്നതുപോലെ അവരെ മേയിക്കുമ്പോൾ അതിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാർ തങ്ങളെ നോക്കി ചിരിക്കുന്നതു കണ്ട് നവാഗതർക്കു വല്ലായ്മതോന്നി. വർഷകാലമായിരുന്നതിനാൽ കുണുങ്ങിയൊഴുകുന്ന ആപുഴയിൽ മുങ്ങിക്കുളിക്കാൻ ആവശ്യത്തിനു വെള്ളമുണ്ടായിരുന്നു.

മണൽത്തരികളെ പുണർന്നു പോകുന്ന നേർമ്മയുള്ള ജലം. വെള്ളത്തിനു മുകളിൽ ഉയര്ന്നു നില്ക്കുന്ന പാറക്കൂട്ടങ്ങൾ പുഴയിൽ അങ്ങിങ്ങു വ്യക്തമായി കാണാമായിരുന്നു. മുളങ്കമ്പുകൾ പുഴയിലെ വെള്ളത്തെ പുണരാൻ ചാഞ്ഞു കിടക്കുന്നുവെങ്കിലുംഅതിനുപിടി കൊടുക്കാതെ വെള്ളം മാറിപ്പോകുന്നു.

വെള്ളത്തെ സ്പർശിച്ചപ്പോൾ അവർക്കു അനല്പമായ സുഖം തോന്നി. അവർ സുഖമായി കുളിച്ചു. സൂര്യകിരണങ്ങളുടെ മാർദ്ദവമായ തലോടലും കൂടി കിട്ടിയപ്പോൾ ആ സുഖം കൂടിയതുപോലെ തോന്നി.

ഹൈറേഞ്ചിലെ പാറക്കൂട്ടങ്ങൾക്കിടയിൽ വച്ചു രൂപംകൊണ്ട് ഒഴുകി വരുന്ന മനോഹരമായ പുഴ. അവൾ നിർവിഘ്‌നം ഒഴുകുന്നു. തന്നെ തടസ്സപ്പെടുത്താൻ ആരുണ്ടിവിടെഎന്നു ഉറക്കെ ചോദിച്ചുകൊണ്ട്ഒഴുകുന്നു?അവളുടെ തോഴനെ തേടി.

ഒന്നല്ലെങ്കിൽ മറ്റൊരു വഴിയുണ്ട് അവളുടെ പ്രയാണത്തിന്. സ്വാതന്ത്ര്യത്തിന്റെ വായുവേ അവൾ ശ്വസിച്ചിട്ടുള്ളു. പാരതന്ത്ര്യത്തിന്റെ ഗന്ധം അവൾക്കറിയില്ല. അവളെ തടയാൻ ഒരു മനുഷ്യശക്തിക്കും സാദ്ധ്യമല്ല.ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴിയേ അവൾ തന്റെ തോഴനെ തേടി ചലിച്ചു കൊണ്ടേയിരിക്കും.അവനെ എവിടെ വച്ചു കണ്ടു മുട്ടുന്നുവോ, അവിടെ വച്ചവൾ അവനോടൊത്തു ചേരുന്നു. ആ ശരീരങ്ങൾ ഒന്നാകുന്നു. ഒന്നായി പുണർന്നുകൊണ്ടു വീണ്ടും ഒന്നായി ഒഴുകുന്നു.

'പുഴേ, നീ എത്ര സ്വതന്ത്ര!' അതുകണ്ട് ഒരു നവാഗതന്റെ മനസ്സു കേണു പോയി.'മനുഷ്യരായ ഞങ്ങളേക്കാൾ നീ എത്ര സ്വതന്ത്ര!'

അടുത്ത ദിനം ഞായറാഴ്ച ആയിരുന്നുവെങ്കിൽ കൂടി ഹോസ്റ്റലിൽ നിന്നും ആരും പുറത്തു പോയില്ല. ആ ദിവസം പെട്ടെന്നു കടന്നു പോയതു പോലെവൈകുന്നേരവുമായി.

കുന്നിലൂടെ വളഞ്ഞു കയറുന്ന ടാറിട്ട പാത നിശ്ചേഷ്ടമായി കിടന്നു. ആ പാതയിൽ അവിടവിടെയായി മൂന്നും നാലും വിദ്യാർത്ഥികളുടെ കൂട്ടങ്ങൾകോളേജ് ജംഗ്ഷൻ മുതൽ ഹോസ്റ്റൽ വരെയും കാണാമായിരുന്നു.

സമയം സന്ധ്യയോടടുത്തിരുന്നു. പ്രകൃതിയുടെയും ചാറ്റൽ മഴയുടെയും ശബ്ദങ്ങൾ ചുറ്റിനും കേൾക്കാം.

മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പൽ ഇടയ്ക്കിടയ്ക്കു കുന്നിലേക്ക് അടിച്ചു കയറിവന്നുകൊണ്ടിരുന്നു.

ഒരു ബസ് കോളേജ് ജംഗ്ഷനിൽ നിർത്തിയെന്നു മനസ്സിലായാൽ വിദ്യാർത്ഥികളുടെ കൂട്ടങ്ങളിലുള്ള എല്ലാവരുടെയും കണ്ണുകൾ കയറ്റം കയറി വരുന്ന നവാഗതെരതേടി പായും.

മടങ്ങി വരുമ്പോൾ കഴിക്കാനും കൊറിക്കാനും എന്തെങ്കിലും കൊണ്ടു വരണം, അല്ലെങ്കിൽ മടങ്ങി വരേണ്ട എന്ന്‌വീടുകളിൽ പോയിരിക്കുന്ന നവാഗതരോടു ആജ്ഞാപിച്ചിട്ടുണ്ട്, അതിനാൽ നവാഗതർ ആജ്ഞാവിധേയരായി വീട്ടിൽ നിന്നും കൊണ്ടുവന്ന ചിപ്‌സ്, മിക്‌സ്ചർ, ഹൽവാ തുടങ്ങിയ പലഹാരങ്ങൾ സീനിയർ വിദ്യാർത്ഥികൾക്ക്ആ വഴിയിൽ വച്ചു തന്നെകാഴ്ചയായിഅര്പ്പിടച്ചുകൊണ്ടിരുന്നു.

കോളേജ് ജംഗ്ഷനോടു ഏറ്റവും അടുത്തിരിക്കുന്ന സീനിയർ വിദ്യാര്ത്ഥി കളുടെകൂട്ടം വന്നിറങ്ങുന്ന ഒന്നാംവർഷ വിദ്യാർത്ഥികളുടെ പെട്ടികൾ പരിശോധിച്ച് ഉള്ളതിന്റെ ഒരുപങ്കെടുക്കുന്നു. ഓരോ കൂട്ടത്തിന്റെ അടുത്തെത്തുമ്പോഴും ഇതേ പ്രക്രിയ ആവർത്തിക്കപ്പെടുന്നു. ഹോസ്റ്റലിൽ എത്തുമ്പോഴേക്കും കൊണ്ടുവന്നവയെല്ലാം തീർന്നിരിക്കും. ഹോസ്റ്റലിനോടു അടുത്തിരിക്കുന്നവർക്കു പങ്കു കിട്ടുന്നതിനു മുമ്പേ അവ തീർന്നുപോയാൽ ദേഷ്യം തീർക്കാനെന്നവണ്ണം അവർ പെട്ടി തുറന്ന് അതിലെ സാധനങ്ങൾ മുഴുവൻ റോഡിൽ വലിച്ചു നിരത്തിയിട്ടു പരിശോധിക്കും.ആപരിശോധന കഴിഞ്ഞാൽ നവാഗതർ പെട്ടിയും തലയിൽ വച്ചു ശരണം വിളിയോടെ ഹോസ്റ്റലിലേക്കു പോകുകയും വേണം.

സന്ധ്യ കഴിഞ്ഞപ്പോൾമഴ ശക്തിയായി ചീറ്റാൻ തുടങ്ങി.റോഡിൽ നിരന്നിരുന്ന സീനിയർ വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തി ഇരകളെ പ്രതീക്ഷിച്ചു നില കൊണ്ടു.

കോളേജ് ജംഗ്ഷനിൽ ബസിറങ്ങുമ്പോൾ നേരം നന്നേഇരുട്ടിയതിനാൽ വിനോദ് ബ്രീഫ് കേസും വഹിച്ചുകൊണ്ടു ഹോസ്റ്റലിലേക്കു വേഗം നടന്നു. ഇരുളിന്റെ കരാളഹസ്തങ്ങളുടെ പിടിയിൽപെട്ടു പ്രകൃതി കരഞ്ഞു.

അവന്റെ ശരീരത്തിൽ മഴത്തുള്ളികൾ ആഞ്ഞു പതിച്ചുകൊണ്ടിരുന്നു. എന്നിട്ടും റാഗിംഗിനെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സു നിറയെ. അതുകൊണ്ട് അവൻ ഓടാൻ തോന്നിയില്ല.

ആ അന്ധകാരത്തിലൂടെനടക്കുമ്പോൾഅവനു വീട്ടിലെ കാര്യങ്ങൾ ഓര്മ്മട്ട വന്നു. ആ ആഴ്ച വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ കാര്യങ്ങൾ മനസ്സിലൂടെ കടന്നു പോകാൻ തുടങ്ങി.

വെള്ളിയാഴ്ചഉച്ചയ്ക്കു ഊണു കഴിഞ്ഞുടൻ വിനോദുംകുറെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ കൂടെപമ്മി സ്ഥലം വിട്ടിരുന്നു. ബസ് സ്റ്റാന്റിൽ വച്ചും ബസിൽ കയറുമ്പോഴും അപരിചിതരായ ആളുകളുടെ ദൃഷ്ടികൾ തങ്ങളുടെ നേരേ പാഞ്ഞു വരുന്നതു കണ്ട് അവരുടെ എല്ലാം മുഖങ്ങൾ മഞ്ഞളിച്ചിരുന്നു.

തലയിൽകാട്ടിക്കൂട്ടിയിരിക്കുന്ന വികൃതിത്തരങ്ങൾ കണ്ടാണോ അവർ തുറിച്ചു നോക്കുന്നത് എന്നു ചിന്തിച്ചപ്പോൾ വിനോദിനു ലജ്ജ തോന്നി.

സ്വന്തം വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾഒരു കോരിത്തരിപ്പ്.താൻ ജനിച്ചു വളർന്ന വീട്ടിൽ കാലു കുത്തിയപ്പോൾ നിർവ്വചിക്കാനാവാത്ത ഒരു അനുഭൂതിഉള്ളിലെവിടെയോ ഉത്ഭവിച്ചു മേനിയാകെ പടർന്നു പന്തലിച്ചു.

ഒരാഴ്ചത്തെ വേർപാടിൽ മാതാപിതാക്കളെ കാണാനുള്ള ആകാംക്ഷയും ആഗ്രഹവും വിനോദിന്റെമനസ്സിൽ ഉടലെടുത്തിരുന്നു.തന്റെ അടുത്ത ആളുകളുടെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന അന്തരീഷത്താൽ പൊതിയപ്പെട്ടപ്പോൾമനസ്സിൽ സന്തോഷത്തിന്റെ വിറയൽ അനുഭവപ്പെട്ടു. ആ വായുവിനാൽ ചുറ്റപ്പെട്ടപ്പോൾഅവൻ ആനന്ദപൂരിതനായി.

അവന്റെ മാതാപിതാക്കൾക്കും ഒരാഴ്ചത്തെ വേർപാടുണ്ടാക്കിയ ദുഃഖമെല്ലാം മകനെ കണ്ടപ്പോൾ ഇല്ലാതായി. സഹോദരി അവനെ സ്വാഗതം ചെയ്യാനെന്നവണ്ണം വീടിന്റെ മുൻവശത്തുണ്ടായിരുന്നു.

പിറ്റേദിവസം കാലത്ത് അവൻ ബാല്യം മുതൽ തന്നോടൊത്തു കളിച്ചു നടന്നസുഹൃത്തുക്കളെ കാണാനിറങ്ങി. കോളേജിൽ ഇതു വരെയും ഒരു സ്‌നേഹിതനെപ്പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതം അവരുടെ സാന്നിദ്ധ്യത്തിൽതോന്നി.

''എന്താണെടാ റാഗിങ് എന്നു പറയുന്നത്?''ഒരു സ്‌നേഹിതൻചോദിച്ചു.

''നിനക്ക് ആവശ്യത്തിനു കിട്ടിയോ?''

''അതിനെക്കുറിച്ചൊന്നു പറയുവ്വേ.'' ചോദ്യങ്ങൾ കൊണ്ട് അവർ അവനെ പൊതിഞ്ഞു.

തലയിലെ മുടി കത്രിച്ചു കളഞ്ഞ ഭാഗം കണ്ട് അവർ അവനെകളിയാക്കി. തനിക്കു കിട്ടിയ റാഗിങ് അവൻവിവരിച്ചുപറഞ്ഞു.

''ഓ... ഇത്രേ ഒള്ളോ? ഇതാണോ വലിയ ഏതോ പൈശാചിക പ്രവൃത്തി ആണെന്നു തോന്നുമാറ്പത്രക്കാർ തട്ടി വിടുന്നെ?''
അതു കേട്ടു വിനോദ് പറഞ്ഞു. ''ഇവിടെ വച്ച് ഇങ്ങനെയൊക്കെ പറയാൻ എളുപ്പമാ. അവിടെ ചെല്ലുമ്പോൾ ശരീരം മുഴുവൻ വിറയലാ. മനസ്സിൽനിറയെഎപ്പോഴും ഭയവും. മൂത്രമൊഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കും.''

അപ്പോൾ അവനു മൂത്രമൊഴിക്കണമെന്നു തോന്നി. ആ ഇരുട്ടിന്റെവ മറവിൽ റോഡരുകിൽ നിന്നു മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ അവന് ആശ്വാസം തോന്നി. അവൻ വീണ്ടും ചിന്തകളിൽ മുഴുകി നടന്നു.

ഹോസ്റ്റലിൽ എത്തിച്ചേർന്നപ്പോഴേക്കും കുറെപ്പേർ അവനെവളഞ്ഞു കഴിഞ്ഞു.

''കൊണ്ടുവന്നതിങ്ങ് എടുക്ക്.'' ഒരാൾ ആജ്ഞാപിച്ചു.

വിനോദ് കാര്യം പിടി കിട്ടാതെ വിഷണ്ണനായി നിന്നു.

'എന്നോടെന്തെങ്കിലും കൊണ്ടു വരണമെന്നു പറഞ്ഞിരുന്നോ?എന്താണ് ഇയാൾ ചോദിക്കുന്നത്? 'അവൻ ആലോചിച്ചു നോക്കി.

''താൻ ഒന്നും കൊണ്ടു വന്നിട്ടില്ലേ?''

''എടോ, കഴിക്കാൻ എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ?''

''ഇല്ല സാർ.''അവൻ ദയനീയമായി മറുപടി പറഞ്ഞു. കൊണ്ടുവരണമെന്ന് അവനറിയില്ലായിരുന്നു. ആരും അവനോടു ആവശ്യപ്പെട്ടിരുന്നതുമില്ല.

അവന്റെ പെട്ടി അവർ വിശദമായി പരിശോധിച്ചു നോക്കി.

''ഒന്നുമില്ല.നാശം.'' ഒരുവൻ മന്ത്രിച്ചു.

''എങ്കിൽ പോയി കുറച്ചു ടോഫിയെങ്കിലും വാങ്ങിക്കൊണ്ടു വരൂ.''

അതുകേട്ട് അവൻ അല്പനേരംഅവിടെമിഴിച്ചു നിന്നതേയുള്ളു.

''പോയി കൊണ്ടുവാടോ.'' അതൊരു ആക്രോശമായിരുന്നു.

വിനോദ് പെട്ടി അവിടെ വച്ചിട്ടു തിരിഞ്ഞു നടന്നു.

കോളേജ് ജംഗ്ഷൻ വരെ അവൻ ഇരുട്ടിനെ കീറിമുറിച്ചു നടന്നു ചെന്നു. ഒരു കടയിൽ നിന്നും കുറെ മിട്ടായികൾ വാങ്ങി അവൻ തിരിഞ്ഞു നടന്നു.

ചുറ്റും അന്ധകാരാവൃതമായ അന്തരീക്ഷം. കോളേജ് ജംഗ്ഷനിൽ മാത്രം വെളിച്ചമുണ്ട്. അവിടെ നിന്നും കുന്നിലേക്കു കയറുന്ന ടാറിട്ട പാതയുടെ വശങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളുണ്ട്. പക്ഷേ അവയിൽ പിടിപ്പിച്ചിരിക്കുന്ന വൈദ്യുത വിളക്കിനു വെളിച്ചമില്ല.

ആ കുന്നു കയറുമ്പോൾ വിനോദ് ചിന്തിക്കുകയായിരുന്നു, സഹമനുഷ്യരെ ചൂഷണം ചെയ്യുക എന്ന മനുഷ്യ സ്വഭാവം ഏതു ഗണത്തിൽ പെട്ടവനിലും ഉണ്ടാകുമോ? ഭയപ്പെടുത്തി വാങ്ങുന്നത് അവർക്ക് ഇഷ്ടവിനോദവും വെറുതെ കിട്ടുന്നത് അവര്ക്ക് പ്രിയവും മോഷ്ടിച്ചു ഭക്ഷിക്കുന്നത് അവർക്ക് രുചികരവും ആകുന്നു.

തന്റെര മുറിയിൽ താമസിക്കുന്നവൻ റാഗിംഗിന്റെ ആദ്യആഴ്ച ചൂഷണം ചെയ്യപ്പെട്ട കാര്യം വിനോദ് ഓര്ത്തുു. സാമ്പത്തികമായും സാമൂഹ്യമായും ഉന്നതനായ ഒരു വ്യക്തിയുടെ മകനാണ് അവൻ എന്ന് അറിഞ്ഞു കൊണ്ടു തന്നെ അവനിൽ നിന്നും നിര്ബതന്ധപൂര്വ്വം പണം വാങ്ങി അവർ അത്യുത്സാഹത്തോടെ ഒരു ദിവസം ആഘോഷിച്ചു പോലും.

''ആ ഭക്ഷണം അവര്ക്കു ദഹിച്ചിട്ടുണ്ടാകുമോ?'' വിനോദ് നടക്കുമ്പോൾ സ്വയം ചോദിച്ചു.

മഴത്തുള്ളികൾ ശക്തിയായിശരീരത്തിൽ പതിക്കുന്നു.അവന്റെച ചിന്ത പതറി.

ഘോരമായ അന്ധകാരംമൂലം ഭയം ഉള്ളിൽ തോന്നിയെങ്കിലും അവൻഒരു വിധത്തിൽ തപ്പിത്തടഞ്ഞു ഹോസ്റ്റലിൽ എത്തിച്ചേർന്നു.

അവനെ പ്രതീക്ഷിച്ച് ആരും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. അവനെ പറഞ്ഞു വിട്ടവർ പോലും.

ഒരാൾ അവനെ കണ്ടു. അവന്റെ കയ്യിൽ നിന്നും ടോഫിയുടെ പൊതി വാങ്ങിക്കൊണ്ടു പോയി. പെട്ടിയുമെടുത്ത് നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായി മുറിയിൽ ചെന്നപ്പോൾ ടോഫിക്കു പറഞ്ഞയച്ചവർ ഇരിക്കുന്നതുകണ്ട് അവൻ ഞെട്ടി.

'അവരോട് എന്തു പറയും?'അവൻ അവിടെപതുങ്ങി നിന്നു.

''താൻ പോയില്ലേ?'' വിനോദ് അവിടെനില്ക്കുന്നതു കണ്ട് പറഞ്ഞു വിട്ടയാൾ ചോദിച്ചു.

''പോയി. മടങ്ങി വന്നപ്പോൾ മറ്റൊരു സാർ എല്ലാം വാങ്ങിക്കൊണ്ടുപോയി.'' അവൻ ജീവനില്ലാത്തതുപോലെ പറഞ്ഞു.

'എന്നെ ഇനിയും തിരിച്ചോടിക്കുമോ?'അവൻ ചിന്തിച്ചു.

''സാരമില്ല. അടുത്ത ആഴ്ച ഞങ്ങൾക്കു കൊണ്ടു തന്നാൽ മതി.''

അവനു ആശ്വാസം തോന്നി.

ആ മുറിയിൽ രണ്ടു നവാഗതരെക്കൊണ്ട് ഒരു ഓട്ടൻതുള്ളൽ അവതരിപ്പിക്കുകയായിരുന്നു, അവർ.ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്ന നവാഗതരെ നോക്കി ഒരുവൻ അട്ടഹസിച്ചു. ''നിർത്താനാരു പറഞ്ഞെടാ? അഭിനയിക്കിനെടാ കുരങ്ങ•ാരേ.''

''നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന,
''മർക്കടാ നീയൊന്നു മാറിക്കിടാശ്ശെടാ.''

''ഒത്തില്ല. അല്പം കൂടി കാലു പൊക്കി ആടിക്കേ.''അതുകണ്ടുകൊണ്ടിരുന്ന ഒരുവൻ നിർദ്ദേശിച്ചു.

ഗാനവും തുള്ളലും ആവർത്തിക്കപ്പെട്ടു.

''പോരാ. മുഖഭാവത്തിൽ അല്പം ക്രൗര്യംകൂടി നിഴലിച്ചു വരണം.'' 

വീണ്ടും ആ നവാഗതർമാറിമാറിതുള്ളിക്കാട്ടി. അതു ദർശിച്ചു രസിക്കുന്ന ഒരു സീനിയർ വിദ്യാർത്ഥി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ്അഭിനയിച്ചു കാട്ടി.
''ആ അതുപോലെആടെടാ.'' മറ്റൊരു സീനിയർ വിദ്യാർത്ഥിപറഞ്ഞു.
ഒരുനവാഗതൻവീണ്ടും തുള്ളൽ ആരംഭിച്ചു. കാലുകൾ മുമ്പോട്ടു ചാടിച്ചവിട്ടി ഒരു കരം താഴെ ഇരിക്കുന്ന മർക്കടന്റെ നേരേ ചൂണ്ടി ദൃഷ്ടികൾ ആജ്ഞാഭാവത്തിൽ ചലിപ്പിച്ചു കൊണ്ട്അവൻവീണ്ടും പാടി.

''നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന,
മർക്കടാ നീയൊന്നു മാറിക്കിടാശ്ശെടാ.''

മർക്കടനായി അഭിനയിക്കുന്നവൻ പ്രതിമ കണക്കെ തറയിൽ കുത്തിയിരുന്നു.
''ശ്ശെ! കളഞ്ഞില്ലെ. അവസാനം കൊണ്ടുവന്നു നശിപ്പിച്ചു.'' മറ്റൊരുസീനിയർ വിദ്യാര്ത്ഥി ചാടിയെഴുന്നേറ്റിട്ട് അത്ഒന്നുകൂടിഅഭിനയിച്ചു കാണിച്ചു.

നവാഗതരെക്കൊണ്ട് ആ പ്രവൃത്തിഅവർപല പ്രാവശ്യംമാറി മാറി ചെയ്യിച്ചു. നവാഗതരുടെയാന്ത്രികമായ അഭിനയംദർശിച്ച് മോണകളും ദന്തങ്ങളും കാട്ടി രസം കയറിയ മട്ടിൽ അവർ ചിരിച്ചുകൊണ്ടുമിരുന്നു.

(തുടരും.............)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP