Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയെട്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയെട്ടാം ഭാഗം

ജീ മലയിൽ

''വിനോദെ, ഞാനൊരു കാര്യം ചോദിക്കട്ടെ. നീ സത്യം പറയുമോ?''

ഒന്നാംവർഷ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ വിനോദിന്റെ മുറിയിൽ നിന്നുംസ്‌നേഹ നിർഝരി നിറഞ്ഞൊഴുകുന്ന അടക്കിപ്പിടിച്ചവാക്കുകൾകേട്ടു.

''എന്താ കേൾക്കട്ടെ?''

''നിനക്കെന്നോട് എന്നെങ്കിലും വെറുപ്പു തോന്നിയിട്ടുണ്ടോ?'' ഒന്നാംവർഷ വിദ്യാർത്ഥിയായ പ്രദീപ് ഒരു കയ്യിൽ തല താങ്ങിയുയർത്തിപ്പിടിച്ച് മറ്റേ കരം വിനോദിന്റെ വയറിനു മുകളിലൂടെ ചുറ്റി അവനെ കെട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു.

''വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ ദേഷ്യം തോന്നിയിട്ടുണ്ട്.''

''എന്നാണ്?''

''നീ ഓർക്കുന്നുണ്ടോ എന്നറിയില്ല. മാഷ് റാഗിങ് പിരീഡിൽ നിന്റെ മുമ്പിൽ വച്ച് എന്നെ മാത്രം റാഗ് ചെയ്തത് ഓർക്കുന്നുണ്ടോ?''

''ഊം.''പ്രദീപ് മൂളി.

''അന്നു നിന്നോട് എനിക്കു ദേഷ്യം തോന്നി. കാരണം നിന്നെ അവർ അടുത്തു പിടിച്ചിരുത്തിയിട്ട് എന്നെ തുണി അഴിപ്പിച്ച് നിന്റെ മുമ്പിൽ നിർത്തുക. നിന്റെ ആ നോട്ടവും മറ്റും കണ്ടപ്പോൾ അങ്ങനെയൊരവസ്ഥയിൽ നിനക്കും ദേഷ്യം തോന്നില്ലേ?''

''അതിനു ഞാനെന്തു പിഴച്ചു?''

''നിന്നെ അന്നു റാഗ് ചെയ്യാതിരുന്നത്...നിന്റെഹാർട്ട് വീക്കാണെന്ന് അന്നൊക്കെ കേട്ടതു നേരാണോ?''

''ചുമ്മാണ്ടല്ലെ. അന്നത്തെ ഭയം കൊണ്ട് ഹൃദയം എപ്പോഴും ദ്രുതഗതിയിൽ മിടിക്കുമാരുന്നു. അപ്പോൾ അവർ കരുതി ഹാർട്ട് വീക്കാരിക്കുമെന്ന്. എന്നോട് അങ്ങനെ ചോദിച്ചപ്പം ഞാനും പറഞ്ഞു ഹാർട്ടിന് അസുഖമുണ്ടെന്ന്.''

''അതുകൊണ്ട് നീ റാഗിംഗിൽ നിന്നും രക്ഷപ്പെട്ടു.''

പ്രദീപ് ഉയർത്തിപ്പിടിച്ചിരുന്ന ശിരസ്സ് തലയിണയിൽ വച്ചു.

അല്പനേരം മൗനം വാചാലമായപ്പോൾഅവർകെട്ടിപ്പിടിച്ചു കിടന്നു.

''ഞാനൊരു കാര്യം ചോദിക്കട്ടെ.നമ്മൾ ഇതൊക്കെപ്പറഞ്ഞാലും എങ്ങനെയാ അടുത്തത്?''പ്രദീപ് വിനോദിന്റെ നേരേ വശം തിരിഞ്ഞു കിടന്നുകൊണ്ടുചോദിച്ചു.

''എങ്ങനെയാ?''

''എനിക്കോർമ്മയില്ല''.

''എനിക്കും.''

''നമ്മൾ അങ്ങടുത്തു. അല്യോ?''

'പ്രദീപുമായി എങ്ങനെയാണടുത്തത്?അടുത്തിടപഴകിയപ്പോൾപലപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന തോന്നലുണ്ടായി. അവന്റെ അടുത്ത് ഇരിക്കുമ്പോൾ ഒരു പ്രത്യേക സുഖവുംസംതൃപ്തിയുംതോന്നുന്നു. കാണാൻ ചന്തമുള്ള ഒരാളെ അടുത്ത സ്‌നേഹിതനായി കിട്ടിയാൽ ആർക്കാണ് ആ അനുഭവം ഉണ്ടാകാത്തത്? ആ സായൂജ്യത്തിൽഅവനോടു ചേർന്ന് ഒഴുകുന്നഅനുഭവം.'വിനോദ് ഓർത്തു.

'സംസാരിച്ചുകൊണ്ടു കിടക്കാൻഅവനെ മുറിയിലേക്കു വിളിച്ചുകൊണ്ടു വന്നതുഞാനാണ്.പറഞ്ഞറിയിക്കാൻ കഴിയാത്തനിർവ്വചിക്കാനാവാത്തഅനുഭൂതിദായകമായ ഒരവസ്ഥാവിശേഷംഇപ്പോൾ ഞാൻ അനുഭവിക്കുന്നു.'

പ്രദീപും അപ്പോൾചിന്തയിലൂടെ ഒഴുകുകയായിരുന്നു. 'വിനോദിനെ കൂട്ടുകാരനായി കിട്ടാൻ അവനെആദ്യംകണ്ട നിമിഷം തന്നെ ആഗ്രഹിച്ചതുംഅതിനു വേണ്ടിഅവനോടു കയറി സംസാരിച്ചതുംഅവൻഓർത്തു.തുടര്ച്ച യായുള്ള സംസാരം അടുപ്പത്തിലേക്കു നയിച്ചു.അവനോടുള്ളസ്‌നേഹം അനുദിനംകൂടിക്കൂടി വന്നു. ആരും കണ്ടാൽ ഇഷ്ടം തോന്നുന്ന കൂട്ടുകാരനെഎപ്പോഴുംകണ്ടുകൊണ്ടിരിക്കാനുള്ള പ്രവണതയും അഭിനിവേശവും ഉണ്ടായി..'

''നീ എന്താ ഒന്നും മിണ്ടാത്തെ?''വിനോദ് ചോദിച്ചു.

''നീ എന്താ ഒന്നും മിണ്ടാണ്ടു കിടക്കുന്നെ?''

അവർ ചിരിച്ചു.

''രാത്രി ഒരുപാടായി. ഞാൻ റൂമിൽ പോയി കിടക്കട്ടെ?'' പ്രദീപ് ചോദിച്ചിട്ടു വിനോദിനെ നുള്ളി.

''നാളെ അവധിയല്ലേ? നീ ഇന്ന് ഇവിടെ കിടന്നോ. നമ്മുടെ മുറിയൻ വീട്ടിൽ പോയിരിക്കുവാ.''

''എന്നാൽ ഞാനിവിടെ കിടന്നോളാം.''

''നിന്നെ ഞാൻ ദീപു എന്നു വിളിച്ചോട്ടെ?''

''എന്തും വിളിച്ചോ. നിനക്കിഷ്ടമുള്ളതെന്തും.''

ആ സംസാരം അല്പനേരം നിലച്ചു.

''സെക്കന്റ്‌ഷോക്കു പോയവരൊക്കെ വരുന്നെന്നു തോന്നുന്നു.''

''വരട്ടെ. നമുക്കെന്താ?''

''നല്ല ഒരു സിനിമയാണ്. നാളെ പോണം. നീ വരുന്നോ?''പ്രദീപ്‌ചോദിച്ചു.

''വരാം. ടിക്കറ്റെടുത്തു തരാമോ?''

''അങ്ങനിപ്പം ഓസണ്ടാ. എനിക്കെടുത്തു താ.''

''നീയല്ലേ ആദ്യം എന്നോടു ചോദിച്ചത്.വയ്യായേൽ വരുന്നില്ലപ്പാ.''

''തരാം കരളെ...പിണങ്ങാതെ.''

''എങ്കിൽ വരുന്ന കാര്യം ഞാനേറ്റു.''ചിരിയുടെ അലകൾഅവിടെഒഴുകി.

അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഇരുണ്ട അന്തരീക്ഷം. അരണ്ട വെളിച്ചം.നിശ്ശബ്ദമായ വായു മണ്ഡലം. ഉറങ്ങുന്ന പക്ഷികളും മൃഗങ്ങളും മനുഷ്യരും.ചന്ദ്രക്കല ആകാശത്തിൽ പടിഞ്ഞാറേ ചക്രവാളത്തിൽ.

ഹോസ്റ്റലിലെ മുറികളിൽ എല്ലം ലൈറ്റുകൾ അണഞ്ഞു കഴിഞ്ഞു.പ്രകൃതി പൂർണ്ണ നിശ്ശബ്ദതയിലേക്ക് ഒഴുകിയെത്തി.

പ്രദീപ് വിനോദിനെ കെട്ടിപ്പിടച്ചു കിടന്നു.

പിടിത്തത്തിന്റെ മുറുക്കം ഏറിക്കൊണ്ടിരുന്നു.നിമിഷങ്ങൾ കൊഴിഞ്ഞു പോയി.

''ഇങ്ങോട്ടു തിരിഞ്ഞു കെട.''പ്രദീപ് വിനോദിനോട് ആവശ്യപ്പെട്ടു.

വിനോദ് പ്രദീപിന്റെ മുഖത്തേക്കു നോക്കി വശം തിരിഞ്ഞു കിടന്നു.വിനോദ് പ്രദീപിനെയും കെട്ടിപ്പിടിച്ചു.അവരുടെ കെട്ടിപ്പിടിത്തത്തിന്റെ മുറുക്കം വീണ്ടും ഏറി.

അവരുടെ ഉള്ളിൽ തള്ളൽ ഉണ്ടായി. തള്ളലിന്റെ മർദ്ദം ഏറിയേറി വന്നു.

കെട്ടിപ്പിടുത്തം വരിഞ്ഞു മുറുക്കലായിത്തീർന്നു.

''ഞാൻ ആരുടെ കൂടെയാ കിടക്കുന്നതെന്നറിയാമോ?''പ്രദീപ് ചോദിച്ചു.

''ആരുടെ കൂടെയാ?''

''ഈ കോളേജിലെ ഒരു സുന്ദരന്റെ കൂടെ. ''

''ഞാനും.''വിനോദും മൊഴിഞ്ഞു.

അതു പറയുമ്പോൾസ്വരങ്ങൾ വിറച്ചിരുന്നു.

വിറയൽശരീരങ്ങളിലേക്കു പടര്ന്നും കയറി.വിറയൽഏറും തോറുംആലിംഗനത്തിന്റെ ശക്തിയും കൂടി. അവർ അന്യോന്യം വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു.

കവിളുകൾ അന്യോന്യം ഉരസി.

വിനോദ് തന്റെ ശിരസ്സ്പ്രദീപിന്റെ ശിരസ്സിന്റെ മുകളിൽ വച്ചു. കിളിർത്തു വരുന്ന രോമകൂപങ്ങൾ കവിളുകളിൽ മുട്ടി പുളഞ്ഞു. അവർ ഇക്കിളിയുടെ രോമാഞ്ചം നുകർന്നു.

''നിന്നെ വിടാൻ തോന്നുന്നില്ല.''

''നിന്നെയും.''

''വിനോദെ....'' വിറയാർന്ന സ്വരം.

''ഊം...''

''നമുക്കെന്നും ഇതു പോലെ കെട്ടിപ്പിടിച്ചു കിടക്കണം.''

''ഊം...''.

വീണ്ടും നിമിഷങ്ങൾ ഉറഞ്ഞു കൂടിയപ്പോൾസീൽക്കാരം ഉയർന്നു.അവരുടെ ഊഷ്മളമായ ഉച്ഛ്വാസവായു അന്യാന്യം ലയിച്ചു ചേർന്നു.

പ്രദീപിന്റെ കാൽവിരലുകൾ വിനോദിന്റെ പാദങ്ങളിൽ നൃത്തം വച്ചു നടന്നു.

''വെറുതെയിരി. ഇക്കിളിയെടുക്കുന്നു.''വിനോദ് ഇക്കിളികൊണ്ടു പുളഞ്ഞു.

''എടുക്കട്ടെ.''

''വിനോദെ''

''ഊം...''

അപരിമേയമായ ഒരു ലോകത്തേക്ക് അവർ വഴുതി വഴുതിപ്പോയി.

അന്തരീക്ഷം സ്‌നേഹം മുറ്റി നില്ക്കുന്ന അവരെ നോക്കി ചിരിച്ചു. അപ്പോൾഅരണ്ട വെളിച്ചംശോഭമയമായി.

വിനോദിനെ പിടിച്ചു തന്റെ സ്‌നിഗ്ദ്ധമായ ശരീരത്തിലേക്ക്അമർത്തിക്കൊണ്ട് പ്രദീപ് ചോദിച്ചു. ''ഈ കിടപ്പിന് സുഖം തോന്നണുണ്ടോ?''

''ഊം...''

അനുഭൂതിദായകമായഅവരുടെ സ്‌നേഹം ആ മുറിയാകെ നിറഞ്ഞൊഴുകി.വിനോദ് ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്കു പറന്നുയർന്നു. പിന്നീട് നിദ്രയിലേക്കു വഴുതി വീണു.

പ്രദീപും മയക്കത്തിലേക്കു തെന്നി വീണു.

എന്തോ ഒരു ശബ്ദം കേട്ടാണ് വിനോദ് ഉണർന്നത്.

എന്തോ ജനലിൽ ഇട്ട് ഉരയ്ക്കുന്ന ശബ്ദം.

വിനോദ് സൂക്ഷിച്ചു നോക്കിയപ്പോൾ അരണ്ട വെളിച്ചത്തിൽ ഒരസ്ഥികൂടം ജനലിനു വെളിയിൽ ഷെയ്ഡിൽനില്ക്കുന്നതുപോലെതോന്നി.അതിന്റെ അസ്ഥിക്കൈകൾ ജനലിൽ ഉരസിക്കൊണ്ടിരിക്കുന്നു.

'എന്ത് പ്രേതമോ?' നേത്രങ്ങൾ അടച്ചു തുറന്നു നോക്കി.

വിനോദിനെ ഭയം ആശ്ലേഷിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഏതാനും നിമിഷങ്ങൾതരിച്ചു സ്തംഭിച്ചു കിടന്നു പോയി.

അവനുനിലവിളിക്കണമെന്നു തോന്നി. എങ്കിലും നാവ് അനങ്ങിയില്ല.തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റിയതു പോലെ.

'ഇതു സ്വപ്നമോ? പ്രേതത്തിൽ വിശ്വാസമില്ലാത്ത ഞാൻ പ്രേതത്തെ കണ്ടു ഞെട്ടുന്നോ?'

അവൻ പ്രദീപിന്റെ ശരീരത്തിൽ പയ്യെ തോണ്ടി. പ്രദീപ് ഞെട്ടിയുണർന്നു.

പ്രദീപിന്റെ ചെവിയിൽ വിനോദ് മന്ത്രിച്ചു. ''ആ ജനാലക്കലേക്ക് ഒന്നു നോക്കിയേ. എന്തോ ഒന്നു നില്ക്കുന്നതു പോലെ.''

പ്രദീപ് അവിടേക്കു നോക്കി. ഒരസ്ഥികൂടം അവിടെ ചലിക്കുന്നു.

''പ്രേതം ഷെയ്ഡിൽ കൂടി നടക്കുന്നു.''

വിനോദ് ധൈര്യം സംഭരിച്ച്ചാടിയെഴുന്നേറ്റു.

''വാ നമുക്കൊന്നു നോക്കാം.''

പ്രദീപും മെല്ലെ എഴുന്നേറ്റു.

പാദങ്ങൾ ശബ്ദമുണ്ടാകാതെതറയിൽ ചലിച്ചു.

ജനലിൽ കൂടി നോക്കിയപ്പോൾ താഴെ നില്ക്കുന്ന ഒരാളുടെ കയ്യിലേക്ക് അസ്ഥികൂടം ഇറങ്ങിച്ചെല്ലുന്നു. അടക്കിപ്പിടിച്ച സംസാരവും കേൾക്കാം.

''ലൂയിയുടെ ശബ്ദമല്ലെ?'' വിനോദ് പ്രദീപിനോടു ചോദിച്ചു.

''ആണെന്നു തോന്നുന്നു.''

''എന്നെ വെരുട്ടാൻ വന്നതാ..''

വിനോദിനു ചിരി വന്നു. ചോർന്നു പോയ ധൈര്യം വീണ്ടുകിട്ടി.

അല്പനേരം കഴിഞ്ഞപ്പോൾഅസ്ഥികൂടവും താങ്ങി രണ്ടുപേർനടന്നകലുന്നതു കണ്ടു.

അവർ അല്പനേരം കൂടി അവിടെ താഴേക്കു നോക്കിനിന്നു.

അസ്ഥികൂടവുമായിനടന്നകലുന്നവരിൽഒരാൾ തീപ്പെട്ടിയുരച്ചു സിഗററ്റിനു തീ കൊളുത്തി.തീയുടെ മഞ്ഞപ്രഭയിൽ ലൂയിയെ അവർ വ്യക്തമായി കണ്ടു. മറ്റെയാൾ ആരാണെന്നു മനസ്സിലായില്ല.

വിനോദ് ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് കിടക്കയിലേക്കു ചലിച്ചു.

''ഞാൻ ഇനീം എന്റെ മുറീൽ പോയി കിടക്കട്ടെ. '' പ്രദീപ് കതകിനെ ലക്ഷ്യമാക്കി നടന്നുകൊണ്ടു പറഞ്ഞു.

''ഇവിടെ കിടക്ക്.'' വിനോദ് പ്രദീപിന്റെ കൈയ്ക്കു പിടിച്ചു നിർബന്ധിച്ചു.

''അവർ എന്റെ മുറിയുടെ അടുത്തെങ്ങാനം വരുമ്പോ ഞാനില്ലേൽ എന്തു കരുതും.''

വിനോദ് പിന്നെയൊന്നും പറഞ്ഞില്ല. പിടിവിട്ടു.

പ്രദീപ് കതകു തുറന്നു വെളിയിലേക്ക് ഇറങ്ങിപ്പോയി.

വിനോദ് വീണ്ടും കിടക്ക ഞെരിച്ചു.

'ലൂയി ആളു കൊള്ളാമല്ലോ.' മനസ്സ് അറിയാതെ ഉരുവിട്ടു.

ഉറക്കത്തെ തടസ്സപ്പെടുത്തിയതിനാലാകാം അതു വീണ്ടും കണ്ണുകളെ തഴുകാൻ വിമുഖത കാട്ടി.

തന്റെ വീട്ടിലെ കാര്യങ്ങൾ പെട്ടെന്ന് ഓർത്തു. 'അമ്മയും അപ്പായും മറ്റും ഇപ്പോൾ ഉറക്കമായിരിക്കും.'

അവൻ തിരിഞ്ഞു കിടന്നു. ചിന്തകൾ വിനോദിന്റെ കോശങ്ങൾ തോറും ഒഴുകിനടന്നു.

കട്ടിൽ പിറുപിറുത്തു. ഉറക്കം വരട്ടെ എന്ന് ആഗ്രഹിച്ചു പല തവണ അങ്ങനെ ഉരുവിട്ടു. പക്ഷേ ഉറക്കം മാത്രം വന്നില്ല.

കാലപ്രവാഹത്തെ തടുക്കാനാവാതെ മണിക്കൂറുകൾഅലിഞ്ഞു ചേർന്ന്അതിൽ ഒലിച്ചു പോയി.

അപ്പോൾ ഹോസ്റ്റലിന്റെ താഴെയുള്ള ഏതോ മുറിയിൽ നിന്നും ഒരു അലർച്ച കേട്ടു. വിനോദ്കട്ടിലിൽ നിന്നും എഴുന്നേറ്റു ചെന്ന് ജനലിൽക്കൂടി വെളിയിലേക്കു നോക്കി.

പ്രേതത്തെ വഹിച്ചുകൊണ്ടു വന്ന നേരത്തേകണ്ട രണ്ടു രൂപങ്ങൾ നടന്നുനീങ്ങുന്നു.

'പ്രേതത്തെ കണ്ട് ആരെങ്കിലും ഭയന്നതാവും.'

വീണ്ടും കിടക്കയിൽ മലർന്നു കിടന്നു. വശം തിരിഞ്ഞു കിടന്നു. 

എപ്പോഴാണ് ഉറക്കം വന്നു പുണർന്നതെന്ന് അവൻ അറിഞ്ഞതേയില്ല.

രാത്രിയിലെ പ്രേതശല്യത്തെപ്പറ്റി പിറ്റേദിവസം ഹോസ്റ്റലിൽ ചർച്ച നടന്നു.
കഴിഞ്ഞരാത്രിയിൽ തങ്ങൾപ്രേതത്തെകണ്ടു എന്ന്ആവർത്തിച്ചു പറഞ്ഞുകൊണ്ട്‌പ്രേതമുണ്ട് എന്ന് ഒരു കൂട്ടർ വാദിച്ചു.പക്ഷേ ബാക്കിയുള്ളവർ അതു വിശ്വസിച്ചില്ല.

'നിങ്ങൾ സ്വപ്നം കണ്ടതാകും.അല്ലേൽ ചിലർ കൂടി ഒത്തോണ്ട് നിങ്ങളെ പറ്റിച്ചതാകും.' ഒരുവൻ അഭിപ്രായപ്പെട്ടു.

മറ്റൊരുവൻപറഞ്ഞു. 'പണ്ട് ഈ കോളേജും ഹോസ്റ്റലും നില്ക്കുന്ന ഭാഗം ചുടലക്കാടായിരുന്നു. അന്ന് ശവങ്ങൾ മറവുചെയ്യാതെ ഇവിടെ കൊണ്ടുവന്നു തള്ളുമായിരുന്നു. കൊലപാതകങ്ങൾ പോലും ഇവിടെ സാധാരണമായിരുന്നു എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടാവും പ്രേതശല്യമുണ്ടായേ.'

പ്രേതത്തിൽ വിശ്വാസമില്ലാത്തവർ അവനെ പരിഹസിച്ചു ചിരിച്ചെങ്കിലുംഅതുകേട്ടു നിന്നപലരും അവനെ പിന്താങ്ങി.അവരുടെ സംഭാഷണം കേട്ടു പ്രദീപും വിനോദും കണ്ണിറുക്കിക്കാട്ടി.

പ്രദീപ് പറഞ്ഞു.'നമ്മൾ എത്രയെത്ര പ്രേതങ്ങളുടെ ഇടയിലാണു കിടക്കുന്നത്. നമ്മളും ഓരോപ്രേതങ്ങളല്ലേ? '

പൊട്ടിച്ചിരിയുടെ അലകൾ അന്തരീക്ഷത്തിൽ ലയിച്ചുചേരുമ്പോൾ ഹോസ്റ്റൽ ചുമരുകൾ മിഴിച്ചു നിന്നു. വിനോദും പ്രദീപും ചിരിച്ചുകൊണ്ട് ആ ചർച്ചയിൽ നിന്നും പിൻവാങ്ങി.

പോകാൻ നേരം വിനോദ് പറഞ്ഞു.'ഇന്നു രാത്രി കൂടി ശ്രദ്ധിക്കണേ. പ്രേതം വരുന്നുണ്ടോ എന്നറിയാമല്ലോ. ഉണ്ടെങ്കി ഉറക്കെ നിലവിളിക്കണം. നമുക്ക് പ്രേതത്തെ ബന്ധിക്കാം.'

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP