Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിയൊന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ  നാൽപ്പത്തിയൊന്നാം ഭാഗം

ജീ മലയിൽ

ല്ലാവരുടെയും പരീക്ഷ ഇന്നു കഴിയുകയാണ്.

വിനോദിനു കുറച്ചു നാളായി വല്ലാത്ത ആഗ്രഹമായിരുന്നു, കഞ്ചാവു വലിക്കണമെന്ന്. മദ്യത്തിന്റെ രസം അറിഞ്ഞു. ഇനിയും കഞ്ചാവിന്റെ രസം കൂടി ഒന്നറിയണം.

ആ ആഗ്രഹം ബോബിയെ അറിയിച്ചപ്പോൾ ബോബി പറഞ്ഞു. 'പരീക്ഷ കഴിയട്ടെ. സംഘടിപ്പിക്കാം.'

അന്നു പരീക്ഷ എഴുതാൻ പോകുമ്പോഴുംവിനോദിന്റെമനസ്സു നിറയെ പരീക്ഷ കഴിഞ്ഞുവന്നാലുടൻ വലിക്കാൻപോകുന്നകഞ്ചാവിൻപുകയുടെ സുഖമുള്ളനിമിഷങ്ങളെപ്പറ്റിയായിരുന്നു. ആ ചിന്തഎഴുതലിനു വേഗം കൂട്ടി.

പരീക്ഷ എഴുതുന്നതിനിടയിലുംവിനോദ് ഇടയ്ക്കിടയ്ക്കു മന്ത്രിച്ചുകൊണ്ടിരുന്നു.'ആ രസംഇന്നൊന്നറിയണം.'

ബിജുവിനോട് അന്നു കഞ്ചാവു കൊണ്ടുവരണമെന്നുബോബി പ്രത്യേകം പറഞ്ഞ് ഏൽപ്പിച്ചിരുന്നു.

പരീക്ഷ കഴിഞ്ഞു വിനോദും ബോബിയും വിനോദിന്റെ മുറിയിൽ കുത്തിയിരുന്നു.

വിനോദ് ചോദിച്ചു. ' അവർ വരാതിരിക്കുമോ ബോബീ?'

'വരും. സാധനം കിട്ടിയിട്ടുണ്ട്. അല്ലേൽ താനിവിടെയിരി. ഞാൻ പോയി അവരെ വിളിച്ചുകൊണ്ടു വരാം.'

ബോബി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. വിനോദ് അക്ഷമനായി അവിടെ തന്നെയിരുന്നു.

'വലിക്കാൻ പറ്റുമോ? അതോ, അവരെന്നെ കബളിപ്പിക്കുമോ? ബോബിയല്ലേ പറഞ്ഞത്. അപ്പോൾ കബളിപ്പിക്കില്ല.'

അല്പനേരം കഴിഞ്ഞപ്പോൾ ഭദ്രനും ബിജുവും ബോബിയും മുറിയിലെത്തിച്ചേർന്നു.

വിനോദിന്റെ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങി. ആദ്യമായി കഞ്ചാവിന്റെ സുഖം അനുഭവിക്കാൻ പോകുന്നതിന്റെ ആകാംക്ഷ മനസ്സു മുഴുവൻ നിറഞ്ഞു വിങ്ങിയിരുന്നു.

അവർ കസേരകളിലും കട്ടിലിലുമായി ഇരുന്നു.

' തന്റെ മുറിയൻ പോയോടോ? ' ഭദ്രൻ ചോദിച്ചു.

'പരീക്ഷ കഴിഞ്ഞയുടൻ എല്ലാം പെറുക്കിക്കെട്ടി സ്ഥലം വിട്ടു. ' ബോബിയാണുത്തരം പറഞ്ഞത്.

ബിജു പോക്കറ്റിൽ നിന്നും കഞ്ചാവിന്റെ രണ്ടു പൊതികൾ എടുത്തു മേശപ്പുറത്തു വച്ചു. ഭദ്രൻ അവ തുറന്ന് കഞ്ചാവിന്റെ ഇലകൾ ഞെരടിപ്പൊടിച്ചു തുടങ്ങി. ബിജു സിഗററ്റിന്റെ ഉള്ളിൽ നിന്നും ചുക്ക എടുത്തു കളയുന്ന ജോലിയിലേർപ്പെട്ടു.

ബിജു ചോദിച്ചു. ' അളിയനു കഞ്ചാവു വലിക്കണമെന്നെന്താ ഇത്രവല്യ ആഗ്രഹം?'

' അതിന്റെ സുഖം ഒന്നറിയാൻ വേണ്ടി.'

'നല്ലതിനല്ലെ. നേരത്തേ ഞാൻ പറഞ്ഞേക്കാം. കണ്ടോ മാഷിനു പറ്റിയത്? അതുപോലെയൊന്നും വന്നേക്കരുത്.'

'അതൊന്നുമില്ല.അതിന്റെ സുഖം കൂടി വെറുതെ ഒന്നറിയാൻ വേണ്ടി മാത്രം. അതൊരു സ്വഭാവമായാലല്ലേ കുഴപ്പമുള്ളു.'

'ശരി.'ബിജു തന്റെ വേല തുടർന്നു.കഞ്ചാവിൻതരികൾ സിഗററ്റിനുള്ളിൽ ഞെരുങ്ങിക്കൊള്ളുമ്പോൾ ബോബി വിനോദിനെ നോക്കി പറഞ്ഞു.

''ഈ പരിപാടി ഉദ്ഘാടിക്കും മുമ്പ് ആദ്യമേ ഒരുപദേശം തരാം.''

ബോബി പറഞ്ഞു തുടങ്ങിയപ്പോൾ വിനോദ് അവിടെയിരുന്നഎല്ലാവരുടെയും മുഖങ്ങളിലേക്കൊന്നു നോക്കി.

ബോബി തുടർന്നു. ''കള്ളുകുടിയേക്കാളും മദ്യപാനത്തേക്കാളും അപകടകാരിയാണ് കഞ്ചാവടി. കള്ളുകുടിയും മദ്യപാനവും അമിതമായാൽശാരീരികാരോഗ്യത്തെയാണു കൂടുതലുംബാധിക്കുന്നതെങ്കിൽ കഞ്ചാവടി ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നു കളയുന്നതാണ്. മദ്യപാനം മൂലം കരൾരോഗങ്ങൾ,ആമാശയരോഗങ്ങൾ, കിഡ്‌നി സംബന്ധമായ രോഗങ്ങൾ, പുനരുല്പാദനശേഷിക്കുറവ്, ഹൃദയാഘാതം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ്, ത്വക്‌രോഗങ്ങൾ, അലർജിരോഗങ്ങൾ തുടങ്ങിയവ ഉണ്ടാവാനുള്ള സാദ്ധ്യതകളാണേറെയെങ്കിൽ കഞ്ചാവടിയിൽ, പ്രത്യേകിച്ച് കഞ്ചാവിന് അടിമപ്പെട്ടാൽപരിണിത ഫലങ്ങൾ... ഭ്രാന്ത്, തലച്ചോറിന്റെ നാശം, വന്ധ്യത തുടങ്ങി വമ്പൻ രോഗങ്ങളാവും കാത്തിരിക്കുന്നത് എന്ന് എപ്പോഴും ഓർത്തു കൊള്ളുക. കഞ്ചാവിന് അടിമപ്പെടാനും വളരെ എളുപ്പമാണ്.അത് ഈ നാട്ടിൽ സുലഭമാണ്.ഏത് മുറുക്കാൻ കടയിലും കിട്ടുന്നുണ്ട്. ഒരു പൊതിക്ക് വെറും അമ്പതു പൈസയേ ഇപ്പോഴുള്ളു. ഒരാൾക്ക് രണ്ടു ദിവസത്തേക്ക് അതു ധാരാളം മതി. സ്വന്തം മുറിയിലിരുന്നും അതുപയോഗിച്ചു കൊണ്ടേയിരിക്കാം. ആരുമറിയില്ല. എന്നു വച്ചാൽ വളരെ കുറഞ്ഞ ചെലവിൽ ആരോഗ്യം നശിച്ച് രോഗങ്ങൾക്കടിമയാവുമെന്നു മാത്രമല്ല, തനി വട്ടനുമാകാം. മദ്യപാനത്തിന്റെ അസുഖങ്ങളൊക്കെ ഒരു പരിധി വരെ മദ്യപാനം നിർത്തുമ്പോൾ ചികിത്സിച്ചു ഭേദമാക്കാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ കഞ്ചാവടിയിൽ രോഗങ്ങൾ കണ്ടു തുടങ്ങി എന്നതിനർത്ഥം ശരീരകോശങ്ങൾ നശിച്ചു കഴിഞ്ഞു എന്നാണ്.തിരിച്ചു പൂർവ്വ സ്ഥിതിയിലാകാൻ വളരെപ്രയാസമുണ്ടാകുമെന്നർത്ഥം. അതിനാലാണ്കഞ്ചാവടിച്ച് അതിനടിമപ്പെടുന്നവർ മഹാഭൂരിപക്ഷവും തകർന്നടിയുന്നത്. അതുകൊണ്ട്ആദ്യമേ പറയട്ടെ. കഞ്ചാവടിക്കുന്നതു കൊള്ളാം. നശിച്ചുപോകരുത്. അതായത് അതു സ്വഭാവമായി മാറരുതെന്നർത്ഥം.മാറിയാൽ പിന്നെ തിരിച്ചു പിടിക്കാൻ പറ്റില്ല. നശിച്ചില്ലാണ്ടാവും. മാഷാണ് നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം. പഠിക്കാൻ വളരെ സമർത്ഥനായിരുന്ന മാഷ് ഇന്നെവിടെ?മാഷ് മാത്രമല്ല, ഈ കോളേജിൽ പഠിക്കാൻ വന്ന ബുദ്ധിരാക്ഷസന്മാർ പലരും കഞ്ചാവടിച്ചു നശിച്ചില്ലാണ്ടായിട്ടുണ്ട്. അതിനാൽ ഞാനുപദേശിക്കുകയാണ,് കഞ്ചാവടിച്ചു തുടങ്ങാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. പിന്നെ താൻ വളരെ ആഗ്രഹത്തോടെയും ഉത്സാഹത്തോടെയും ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ഞാനിതിനു സമ്മതിച്ചത്. അങ്ങനെ സമ്മതിച്ചു പോയ സ്ഥിതിക്ക് ഇന്ന് ഒരിക്കൽ ആയിക്കോ. പക്ഷേ എനിക്കീ രക്തത്തിൽ പങ്കില്ല. കേട്ടോടോ വിനോദേ?''

''ഒരു പ്രഭാഷണത്തിന് ഒരുങ്ങിയാണല്ലോ വരവ.'' വിനോദ് ബോബിയോടു തമാശ രൂപേണ മൊഴിഞ്ഞു.

''അതു പിന്നെ അങ്ങനെയല്ലേ... അല്ലേ ബിജൂ? തന്നെ ഞങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ട് താൻ നശിക്കരുതെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിനാൽ തന്നോടു പറയേണ്ടത് ചിന്തിച്ചുറപ്പിച്ചു തന്നെയാണ് ഞാനിന്നുവന്നത്. മനസ്സിലായോടോ ദുർവ്വാസാവേ?''

''സമ്മതിച്ചു. അതു സ്വഭാവമാകില്ല.തീർച്ച.ഇവിടെ പഠിച്ചിട്ട് കഞ്ചാവടിയുടെ സുഖം ഒന്നറിയണ്ടേ? അതുകൊണ്ടാ ബോബിയെ നിർബന്ധിച്ചേ.''

''അതു തന്റിഷ്ടം. താനാണു തന്റെ ജീവിതം നിയന്ത്രിക്കേണ്ട ഡ്രൈവർ. താനാണ് തന്റെ ജീവിതത്തിൽ എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും തീരുമാനിക്കേണ്ടത്. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഇപ്പോൾ തനിക്കുണ്ട്. പരിപാടി തുടങ്ങും മുമ്പ് പ്രത്യേകിച്ച് തനിക്കിത് ആദ്യാനുഭവം ആയതിനാൽ ദോഷങ്ങളും കൂടി പറഞ്ഞു തന്നെന്നു മാത്രം.''

''ഞാനൊരു കാര്യം ചോദിച്ചോട്ടെ. പിന്നെ നിങ്ങളൊക്കെ കഞ്ചാവടിക്കുന്നതോ?''

''ഞാൻ കഞ്ചാവു സ്ഥിരമടിക്കുമെന്നാണോ താൻ കരുതുന്നത്? വർഷത്തിൽ ഒന്നോ രണ്ടോ തവണയേ ഞാൻ കഞ്ചാവടിക്കാറുള്ളൂ. അതും അവധി തുടങ്ങുന്നതിനു തലേ ദിവസം മാത്രം. നാട്ടിൽ പോകുന്നതിന്റെ തലേന്ന്.''

''അപ്പോൾ മദ്യപിക്കാം, അല്ലേ?''

''സ്ഥിരമായി മദ്യപിക്കുന്നതും ദോഷം ചെയ്യും. കാലത്തുണ്ടാകുന്ന കൈ വിറയൽ വരെയെത്തരുത്.ലിവർ അടിച്ചു പോകും. കാൻസറുണ്ടാവും. എന്റെ കാര്യം പറഞ്ഞാൽ ഞാൻ വല്ലപ്പോഴും, അതും ഓണത്തിനും ചങ്ക്രാന്തിക്കും മാത്രമേ രണ്ടു പെഗ് അടിക്കത്തുള്ളൂ. കഴിവതും രണ്ടു പെഗ്ഗിൽ നിർത്തും. താൽപ്പര്യമുണ്ടായിട്ടല്ല. ഒരു കമ്പനിക്കു വേണ്ടി മാത്രം.''

ബിജു ഇടയ്ക്കു കയറിപ്പറഞ്ഞു. ''ഡോക്ടർമാർ പറഞ്ഞിട്ടുണ്ട് രണ്ടു പെഗ്ഗ് രാത്രിയിൽ അടിച്ചു കിടക്കുന്നത് ഉറക്കം വരാൻ നല്ലതാണ്, ഹാർട്ടിനും നല്ലതാണെന്ന്.''

ഭദ്രൻ പെട്ടെന്നു ചോദിച്ചു. ''നേരാന്നോ ബിജൂ. അതു കൊള്ളാമല്ലോ.''

ബിജു പറഞ്ഞു. ''എന്നോട് ഒരു ഡോക്ടറും നേരിട്ടു പറഞ്ഞിട്ടില്ല. ഞാൻ കേട്ടതു പറഞ്ഞുവെന്നു മാത്രം. ശരിയോ തെറ്റോയെന്ന് അന്വേഷിച്ചുറപ്പു വരുത്തിക്കോണം.''

ബോബി വീണ്ടും തുടർന്നു. ''വിനോദേ.... മദ്യം രണ്ടു പെഗ് അടിക്കുന്ന പോലെയല്ല കഞ്ചൻ. അതു തുടങ്ങിയാൽ അതിൽ വീണു പോകാൻ സാദ്ധ്യത ഏറെയാണ്. അതിന്റെ പിടിയിൽ തല വച്ചു കൊടുത്തവരെയാരും അതു പിന്നെ വിട്ടിട്ടില്ല. അതിനടിമയായിപ്പോകും.അതിനാൽ സൂക്ഷിച്ചോ. അതിന്റെ കക്ഷത്തിൽ തല വച്ചു കൊടുക്കരുത്. ഇനീ മേലിൽ എന്നോടു പറഞ്ഞേക്കരുത് ഈ സാധനം വേണമെന്ന്. കേട്ടല്ലോ? ഇത് ആദ്യത്തേയും അവസാനത്തെയും ആയിരിക്കട്ടെ.''

ബോബിയുടെ ഉപദേശങ്ങൾ കഴിഞ്ഞപ്പോഴേക്കും വിഷണ്ണനായി പോയ വിനോദിനെ നോക്കി ബിജു ആശ്വസിപ്പിക്കാനായി പറഞ്ഞു.''സാരമില്ലളിയാ. ഇന്നാ ഇതു പിടി.''

ബിജു ആദ്യം നിറച്ച സിഗററ്റു വിനോദിനു കൊടുത്തു. അവൻ മടിച്ചു മടിച്ച് അതു വാങ്ങിപ്പിടിച്ചു.

'മടിയാണേൽ പിന്നെ ആവശ്യപ്പെട്ടതെന്തിനാ?' ബോബിയുടെ ചോദ്യം.

വിനോദ് ഒന്നു മന്ദഹസിച്ചു. ബിജു തീപ്പെട്ടിയും കൊടുത്തു. വിനോദ് തീപ്പെട്ടിയിൽ നിന്നും ഒരു കൊള്ളി എടുത്ത് ഉരസി. ആദ്യം തീ കത്തിയില്ല.കൈ വിറച്ചു പോയിരുന്നു. രണ്ടാമത്തെ പ്രാവശ്യം തീ കത്തി. പക്ഷേ ഉടൻ കെട്ടു പോയി.

' തീപ്പെട്ടി കത്തിക്കാനും ആശാനറിയില്ലേ?' ഭദ്രന്റെ കമന്റ്.

വീണ്ടും ഒരു കൊള്ളി കൂടി കത്തിച്ചു . അതിൽ നിന്നും കഞ്ചാവിന്റെ തരികൾക്കു തീ പിടിച്ചു. വിനോദ് പുക വലിച്ചിട്ട് വെളിയിലേക്കൂതി വിട്ടു.

'ഛെ, അങ്ങനെയാണോടോ കഞ്ചാവു വലിക്കുന്നെ? ഇതാ നോക്കിക്കോ.'

ഭദ്രൻ കഞ്ചാവു നിറച്ച ഒരു സിഗററ്റ് എടുത്തു കത്തിച്ചു വലിച്ചു കാട്ടി.പുക ഒട്ടും തന്നെ പുറത്തേക്കു വന്നില്ല. മുഴുവൻ ഉള്ളിലേക്ക് വലിച്ചു വലിച്ചു കയറ്റി. അപ്പോൾ അയാളുടെ കൃഷ്ണമണികൾ മേലോട്ടുയർന്നു കണ്ടു.

വിനോദും അതു പോലെ ഒരു പുകയെടുത്തു. വലിച്ചു കഴിഞ്ഞപ്പോൾ ചുമച്ചു. എങ്കിലും തലച്ചോറിന്റെ ലോലമായ തന്തുക്കളിൽ ആ പുകപടലം മങ്ങലേൽപ്പിച്ചു കഴിഞ്ഞിരുന്നു. അവൻ വീണ്ടും വീണ്ടും പുക വലിച്ചു കയറ്റി.

നിറച്ചു തീർന്ന ഒരു സിഗററ്റ് ബോബിക്ക് കൊടുത്തിട്ട് ബിജുവും ഒന്നുകത്തിച്ചു.

വിനോദ് ആദ്യമായി വലിക്കുകയായിരുന്നതിനാൽ ശരീരം മുഴുവൻ പെരുത്തു കയറുന്നതു പോലെ അനുഭവപ്പെട്ടു.

അനുഭൂതി! നിർവ്വചിക്കാനാവാത്ത അനുഭൂതി! മുമ്പിൽ ഇരിക്കുന്നവരെപ്പോലും ശരിക്കു ശ്രദ്ധിച്ചു നോക്കാൻ പറ്റുന്നില്ല. കഴിഞ്ഞ നിമിഷങ്ങൾ എല്ലാം വിസ്മൃതിയിൽ ആണ്ടു പോകുന്നു. ഭൂതകാലം മുഴുവൻ വിസ്മരിച്ചു കഴിഞ്ഞു. വർത്തമാനകാലം മാത്രം മുമ്പിൽ. അവൻ തിരമാലകളെപ്പോലെ പൊങ്ങിയും താണും ചാഞ്ചാടി. വിനോദിന്റെ മുമ്പിലിരിക്കുന്നവരൊക്കെ ഓളങ്ങളായി പരിണമിച്ചു. മുറിയിലുള്ളവയെല്ലാം വെറും ബിന്ദുക്കളായി.

താൻ എവിടെയാണിരിക്കുന്നതെന്ന് ഇടയ്ക്കിടയ്ക്കു ചിന്തിച്ചു നോക്കി. ആ ചിന്തയിൽ എത്ര സമയം ഇരുന്നുവെന്ന് അവനു തന്നെ അറിയാതായി.

ബിജു വിനോദിനു രണ്ടു മിഠായി കൊടുത്തു.

'എന്തിനാ?'

വിനോദ് ചിരിച്ചു. ചുണ്ടുകൾക്കൊക്കെ വല്ലാത്ത കനം തോന്നുന്നു.

'ടോഫി കൂടി കഴിച്ചാൽ നല്ല സുഖമായിരിക്കും.'

ബിജു പറഞ്ഞതു കേട്ട് വിനോദ് ഒരു മിഠായി വായിലേക്കിട്ടു. ഒരുമിഠായി കൂടികയ്യിലിരിക്കുന്നതു കണ്ട് വിനോദ് അന്തിച്ചു. ' എന്റെ കയ്യിലെങ്ങനെ ടോഫി വന്നു?'

അടുത്ത നിമിഷം, തന്റെ വായിലും മധുരമുള്ള എന്തോ ഒന്നു കിടന്നലിയുന്നതായി അവനു തോന്നി. വലത്തേ കവിളിൽ വല്ലാത്ത പെരുപ്പു തോന്നുന്നു.

കഞ്ചാവു മുഴുവൻ വലിച്ചു തീർന്നപ്പോൾ ഭദ്രൻ അടുത്തതു നിറച്ചു തുടങ്ങി.

'എന്തേലും പറേടോ.' ബോബി കലങ്ങിച്ചുവന്ന കണ്ണുകൾ കൊണ്ടു വിനോദിനെ നോക്കി മന്ത്രിച്ചു.

വിനോദ് ചോദിച്ചു. 'എന്തു പറയാനാ?'

അവൻ ചിരിച്ചു.നിമിഷങ്ങളോളംആചിരിമായാതെ നിന്നു. ചിരി നിർത്താൻ അറിയാത്തവനെപ്പോലെ.

പെട്ടെന്ന്അവൻബോബിയോടു ചോദിച്ചു.'ബോബി ഇപ്പം എന്നോട് എന്തെങ്കിലും പറഞ്ഞോ?'

' ഇല്ല.'

'ഞാൻ വിചാരിച്ചു ഏതാണ്ടു പറഞ്ഞെന്ന്. ഞാനോർത്തു നോക്കുവാരുന്നു,എന്തുവാ പറഞ്ഞതെന്ന്.'

'അളിയന് ഇനിയും വേണോ? 'ബിജു മറ്റൊരു കഞ്ചൻ വിനോദിനു നീട്ടി. വിനോദ് അതു വാങ്ങി കയ്യിൽ പിടിച്ചു. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു.

'അളിയന് ഏറ്റ ലക്ഷണമുണ്ട്.'ബിജു കുലുങ്ങിച്ചിരിച്ചു. എന്നിട്ട് തന്റെ ചിറികൾ നക്കിത്തുടച്ചു.

കഞ്ചാവു മുഴുവൻ തെറുത്തു കഴിഞ്ഞ് ഭദ്രൻ വിനോദിനെനോക്കിയിരുന്നു. വിനോദിന്റെ ചലനങ്ങളും ഭാവപ്രകടനങ്ങളും കണ്ടുകൊണ്ട്.

വിനോദ് ഭദ്രനോടു ചോദിച്ചു. ' എന്തുവാ നോക്കുന്നെ?'

' വെറുതെ' ഭദ്രൻ ചിരിച്ചു.

വിനോദും ചിരിച്ചു

'ആ ഉറക്കച്ചിരി.' ഭദ്രൻ പറഞ്ഞു.

വിനോദ് ഉറക്കെച്ചിരിച്ചു. ചിരി പൊട്ടിച്ചിരിയായി. ചിരി നിർത്താനറിയാത്തവനെപ്പോലെ ആ പ്രവൃത്തി തുടർന്നു. മിനിറ്റുകളോളംപിന്നെയുംതുടർന്നു. എങ്ങനെ നിർത്തണമെന്ന്അവന് അറിയില്ലായിരുന്നു. എന്തിനാണു ചിരിക്കുന്നതെന്നും അവനറിയില്ലായിരുന്നു.

മറ്റുള്ളവർ അവന്റെ ചിരി കണ്ടുകൊണ്ടു രസിച്ചിരുന്നു. ഭദ്രൻ ബിജുവിനെ തോണ്ടി. ബിജുവിനും ചിരി ഉദിച്ചു.

അടുത്തെവിടെയോ പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ട്‌വിനോദ് ചാടിയെഴുന്നേറ്റു ജനലിനടുത്തേക്കു ചെന്നു.

'നിർത്തിനെടാ പട്ടികളെ.' വിനോദ് അലറി.

പട്ടികൾ കുര നിർത്തിയില്ല. രണ്ടു പട്ടികൾ അന്യാന്യം കടിപിടികൂടുകയാണ്.

'നിർത്തിനെടാ പട്ടികളെ.'വിനോദിന്റെ അലർച്ച വീണ്ടും വീണ്ടും ഉയർന്നു കേട്ടു.

ഭദ്രൻ വിനോദിനെ വിളിച്ചിട്ടു പറഞ്ഞു. 'എടോ വിനോദേ, തനിക്കറിയാവുന്ന തെറി മുഴുവൻ പറ. നിർത്തുമോന്നറിയാം.'

വിനോദ്, തനിക്ക് അറിയാവുന്ന എല്ലാ അസഭ്യവാക്കുകളും ഒന്നിനു പുറകെ ഒന്നായി വിളിച്ചു പറഞ്ഞു നോക്കി.

പട്ടികൾ കുര നിർത്തിയില്ല.

' താനും കൂടി കുരയ്ക്ക്. അപ്പോൾ നിർത്തും.'ഭദ്രൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

വിനോദ് പട്ടി കുരയ്ക്കുന്നതു പോലെ കുരച്ചു നോക്കി. ' ബ്ബൗ.... ബ്ബൗ.... ബ്ബൗ...' .

താനെന്താണു ചെയ്യുന്നതെന്ന് അവന് അപ്പോൾ അറിയില്ലായിരുന്നു.

വിനോദ് കുര തുടർന്നുകൊണ്ടു തന്റെ കൈകൾ ജനലിനു വെളിയിലേക്കിട്ടു. പട്ടികൾ വളരെ ദൂരെ ആയിരുന്നു. എന്നിട്ടും വിനോദിനു തോന്നി, തനിക്ക് അവയെ കയറി പിടിക്കാമെന്ന്. അതിനു വേണ്ടി ആവോളം ശ്രമിച്ചു നോക്കി.

പെട്ടെന്ന് പട്ടികൾ കുര നിർത്തി ഓടിപ്പോയി.

വിനോദും കുര നിർത്തി. എങ്കിലും വളരെ നേരം അവിടെ എന്തോ നോക്കി നിന്നു.എന്തിനാണു അവിടെ നില്ക്കുന്നതെന്ന്അവനറിയില്ലായിരുന്നു.എന്താണു താൻ നോക്കുന്നതെന്നും അവനറിയില്ലായിരുന്നു.

അവൻ ഈ ലോകത്തിലല്ല. ഒഴുകുകയാണ്. എങ്ങോട്ടൊക്കെയോ ഉയരുകയാണ്. പറക്കുകയാണ്. ലക്ഷ്യമില്ലാതെ.

'എത്ര മഹത്തരമായ നിമിഷങ്ങൾ! വിസ്മൃതിയിൽ ലയിച്ചു ചേരുന്ന നിമിഷങ്ങൾ!'

പെട്ടെന്ന് ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ നിന്നും ആരോ അലറി വിളിക്കുന്നത് അവൻ കേട്ടു. വിനോദും അലറി. താഴെ നിന്നും കേട്ട അലർച്ച തുടർന്നു. വിനോദും തന്റെ പ്രവൃത്തി തുടർന്നു. അതു നിമിഷങ്ങളോളംതുടർന്നുകൊണ്ടിരുന്നു.

ഭദ്രൻ വിനോദിനെ വിളിച്ചു കസേരയിൽ ഇരുത്തി. വിനോദിന്റെ പ്രവൃത്തി കണ്ട് ബിജു ചിരിച്ചുകൊണ്ടിരുന്നു. ബോബി ഏതോ അഗാധചിന്തയിൽ മുഴുകിയവനെപ്പോലെ കാണപ്പെട്ടു.

ഭദ്രൻ ചോദിച്ചു. 'ഇനിയും തനിക്കു വേണോടോ വലിക്കാൻ? '

ആ ചോദ്യം കേട്ടപ്പോൾ വിനോദ് കോപിച്ചു. 'എന്നെ ആരും വലിപ്പിക്കയൊന്നും വേണ്ട.'

ഭദ്രൻ ചിരിച്ചു. വിനോദും ചിരിച്ചു.

വിനോദ് ബോധോദയം ഉണ്ടായവനെപ്പോലെ ചോദിച്ചു. 'ഞാനിപ്പം എന്തുവാ പറഞ്ഞത്?'

ഭദ്രൻ പറഞ്ഞു. 'താൻ എന്നെ ഇപ്പം ചീത്ത പറഞ്ഞു.'

'കള്ളം.കള്ളം.ഞാൻ പറഞ്ഞില്ല.' വിനോദ് വീണ്ടും ചിരിച്ചു. 'ഞാനോർക്കുന്നില്ലല്ലോ ചീത്ത പറഞ്ഞതായി. നിങ്ങൾ എന്നെ പൊട്ടൻ കളിപ്പിക്കുവാന്നോ?'

'ഞങ്ങളോ?'ഭദ്രന്റെ ചോദ്യം.

'അതെന്താ അളിയാ അങ്ങനെ പറഞ്ഞത്?'

'ഞാനിപ്പം എന്തുവാ പറഞ്ഞത്?'

'ഹാ, എനിക്കറിയില്ല.' തന്നോടു ചോദിക്കുന്നതു കേട്ട് ബോബി ഉത്തരം പറഞ്ഞിട്ട് വീണ്ടും ചിന്താമഗ്നനായിരുന്നു.

'ശരി നമുക്ക് എന്തെങ്കിലും വിഷയത്തെക്കുറിച്ചു സംസാരിക്കാം.' ബിജു പറഞ്ഞു.

'ശരി.' ഭദ്രനും പറഞ്ഞു.

'ശരി. പറയാം.' വിനോദും ഉരുവിട്ടു. 'എന്തു പറയാനാ?'

'റാഗിംഗിനെക്കുറിച്ചു തന്നെയായിക്കളയാം. തനിക്ക് റാഗിംഗിനെക്കുറിച്ചുള്ള അഭിപ്രായമെന്താ?' ഭദ്രന്റെ ചോദ്യം.

'എന്തഭിപ്രായം? റാഗിങ്, റാഗിംഗാ. പ്രത്യേക അഭിപ്രായമൊന്നുമില്ല.'

'അങ്ങനെയിങ്ങനെ എന്തെങ്കിലും ഒക്കെ പറയാതെശരിക്കുത്തരം പറയണം.'

' അതിനു നമ്മൾ പറഞ്ഞത് അളിയൻ കേട്ടുവോന്ന് സംശയമാ.' ബിജു മന്ത്രിച്ചു.

' നിങ്ങളെന്തുവാ ചോദിച്ചെ? ഞാനങ്ങു മറന്നുപോയി.'

' മറന്നു പോവും.'

' എന്തുവാ ചോദിച്ചെ?'ബിജുവിനെ നോക്കി വിനോദ് ചോദിച്ചു.

പിന്നീട് മുഖം തിരിച്ചു ബോബിയെ തോണ്ടി അവൻ വീണ്ടും ചോദിച്ചു. ' അവരിപ്പം എന്നോടെന്തുവാ ബോബീ ചോദിച്ചെ?'

ബോബി ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ' എന്തുവാ താൻ ചോദിച്ചത്?'

' ഞാനിപ്പം എന്തുവാ ചോദിച്ചത്. ഹാ ഞാനൊന്നും ചോദിച്ചില്ലേ.'

ആ മുറി മുഴുവൻ ലഹരിയിലമർന്നു കഴിഞ്ഞു. അവിടെയിരിക്കുന്നവരെല്ലാം ലഹരിയിൽ മുങ്ങിത്താണു കഴിഞ്ഞു. എങ്കിലും വിനോദിനു മാത്രം താനെന്താണു ചെയ്യുന്നതെന്നറിയില്ലായിരുന്നു.

ആദ്യമായി കഞ്ചാവു വലിക്കുമ്പോഴത്തെ ആ അനുഭവം.

ഭദ്രൻ പഴയ വിഷയം വീണ്ടും എടുത്തിട്ടു. 'താൻ പറഞ്ഞില്ലല്ലോ. തനിക്ക് റാഗിംഗിനെക്കുറിച്ചുള്ള അഭിപ്രായമെന്താ?'

വിനോദ് ഭദ്രന്റെ മുഖത്തേക്കു ഉറ്റുനോക്കി.

'അല്ലെങ്കിൽ മറ്റൊരു ചോദ്യം.താൻ അടുത്ത കൊല്ലം റാഗ് ചെയ്യുമോ?'

വിനോദ് അതിനുത്തരം വേഗം പറഞ്ഞു. ' ചെയ്യും. ചെയ്യും.'

'എന്തുവാ?'ബിജു എടുത്തു ചോദിച്ചു.

'എന്തുവാ?' വിനോദും ചോദിച്ചു.

'എന്തു ചെയ്യുമെന്നാ അളിയൻ പറഞ്ഞത്?' ബിജു പൊട്ടിച്ചിരിച്ചുകൊണ്ട് വിനോദിന്റെ മുഖത്തേക്കു നോക്കി.

'ഹാ.' വിനോദും പൊട്ടിച്ചിരിച്ചു.

ഭദ്രൻ പറഞ്ഞു ' റാഗ് ചെയ്യുമെന്ന്.'

'ശരിയാ ശരിയാ. റാഗ് ചെയ്യും. ഞാൻ റാഗ് ചെയ്യും.'

'താൻ അത് ഉറക്കെ പറയൂ. എല്ലാരും കേക്കട്ടെ.'ഭദ്രൻ വിനോദിനു പ്രചോദനമേകി.

വിനോദ് ഉറക്കെ അലറി.'ഞാൻ അടുത്ത കൊല്ലം റാഗ് ചെയ്യും.ഞാൻ അടുത്ത കൊല്ലം റാഗ് ചെയ്യും.എന്നെ എല്ലാരും റാഗ് ചെയ്തില്ലേ?ഞാനും റാഗ് ചെയ്യും.'

ആ അലർച്ച ആ കുന്നിലാകെ ഒഴുകി നടന്നു. ആ അലർച്ച കേട്ട് കുന്നും അലറിയതു പോലെ.

'ഞാനും റാഗ് ചെയ്യും... ഞാനും റാഗ് ചെയ്യും... ഞാനും റാഗ് ചെയ്യും.'

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP