Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ.എൻ.വിക്കൊരു ചരമഗീതം

ഒ.എൻ.വിക്കൊരു ചരമഗീതം

ഒ. എൻ.വി യുടെഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ വരികൾ കൂടി ചേർത്ത് അദ്ദേഹത്തിനൊരു ചരമഗീതം എഴുതിയിരിക്കുകയാണ്

മലയാള നാടിന്റെ പുണ്യമേ! മഹാ കവേ!
നിൻ മൃതിയിൽ നിനക്കാത്മ ശാന്തി!
ഇതു നിന്റെ ചരമ ശുശ്രൂഷയ്ക്ക്,
ഹൃദയത്തിലിന്ന് കുറിച്ച ഗീതം.
മൃതിയെന്ന സത്യമാം നിഴലിൽ
നീ മരവിച്ചിരിക്കേ ......
ഉയിരറ്റനിൻ മുഖത്തശ്രുബിന്ദുക്കളാൽ
ഉദകം പകർന്നു വിലപിക്കുവൻ
ഇവിടെ ഈ ഞങ്ങളുണ്ട്..
ഇതു നിനക്കായി മാത്രം കുറിക്കുന്നു ഞാൻ

ആ മൃത മേനി കണ്ട്
കത്തുന്ന സൂര്യൻ തിരിയണക്കുന്നുവോ..
ആടി മുകിൽ മാല കണ്ണീരു തൂകുന്നുവോ
ആതിരകൾ കണ്ണു ചിമ്മുന്നുവോ
ആവണികൾ ഒരു കുഞ്ഞു പൂവു തിരയുന്നുവോ
ആറുകൾ ഒഴുക്കു തിരയുന്നുവോ?

ബോധമാം നിറ നിലാവിലൊരു
തുള്ളിയെങ്കിലും ശേഷിക്കുവോളം
നിന്റെയീ ഓർമ്മകൾക്കു മരണം വരില്ല..
നീയെന്റെ കവിതയിൽ വയമ്പും
നറുതേനുമായി വന്നൊരാദ്യാനുഭൂതി..
എന്റെ തിരി കെടും നേരത്തു
തീർത്ഥകണമായെത്തുന്നൊരന്ത്യാനുഭൂതി.

ആയിരമുണ്ണിക്കനികൾക്കു
താരാട്ടുമായി നീ ഉണർന്നിരുന്നേക്കുമൊ..
ആയിരം പുഴകളുടെ ഓളങ്ങളായെന്റെ
ആത്മഹർഷങ്ങൾക്കു താളം പിടിച്ചേക്കുമൊ..

കാവ്യമായ് ഗാനമായി താളമായി
പുത്തനാം വർണ്ണക്കുടകൾ തീർത്തീടുവാൻ..
അന്തരംഗങ്ങളിൽ കളമെഴുതുവാൻ
നൂറു വർണ്ണങ്ങൾ ചെപ്പിലൊതുക്കി വച്ചീടുവാൻ
സായന്തനങ്ങളെ സംഗീതമാക്കുവാൻ
ഒരു പുനർജ്ജനിക്കായി കത്തിരിക്കുന്നു ഞാൻ

എന്നെയുണർത്തുവാനെന്നെയമൃതൂട്ടുവാൻ
ഹൃദയ നീഡത്തിലൊരു കിളിമുട്ടയടവച്ചു
നീ കവിതയായി വിരിയിച്ചതും..
ജലകണികപോലെ തരളമെൻ
ഹൃത്തിന്നൊരു നളിന ദലമായി
നീ താങ്ങായി നിന്നതും
എന്നിൽ നിറയുന്നു നീ
അമൃതമീ സ്മൃതികൾ മത്രം..

വാക്കുകളിൽ സംഗീതമുള്ള പാട്ടുകാരാ..
അരിയ നിൻ തൂലികയിൽ നിന്നൊരു
മാത്രയെങ്കിലൊരുമാത്രയെൻ
കവിതക്കൊരു തൂവലായി തീർന്നിടാമൊ?

കവിതയുടെ തീർത്ഥ വഴികളിൽ
കവിതയായി നീ അകലങ്ങളിൽ അലയുമ്പോൾ
'അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതേ നിനച്ചു പോയി'

മഹാനു ഭാവനീ ഗുരുവിൻ
പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു ഞാനിന്ന്
ഒരായിരം പ്രണാമസൂനം

മരണമില്ലാത്തൊരീ മഹാകവേ!
ഇതു നിന്റെ മൃതി ശാന്തി ഗീതം!
ഇതു നിന്റെ ചരമ ശുശ്രൂഷയ്ക്കു
ഹൃദയത്തിലിന്ന് കുറിച്ച ഗീതം!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP