Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മസഖി

ആത്മസഖി

കൊല്ലം പട്ടണത്തിൽ ഒരു ലേഡീസ് ഹോസ്റ്റൽ നടത്തി വരികയായിരുന്നു സുധാമണി. പാചകത്തിനും മറ്റ് സഹായങ്ങൾക്കുമായി രണ്ട് പെണ്ണാളുകൾ വേറെ. പന്ത്രണ്ട് അന്തേവാസികളുമായി ആരംഭിച്ച ഹോസ്റ്റൽ സംരംഭത്തിന് താങ്ങും തണലുമായി ലിസ്സിയും മകൾ ജിൻസിയും കൂട്ടായി വന്നത് ഹോസ്റ്റൽ തുടങ്ങി മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു.

ലിസ്സിയും മകളും മസ്‌ക്കറ്റിലായിരുന്നു. ജോയി അച്ചായന് അവിടെ ഒരു കമ്പനിയിലായിരുന്നു പണി. വിമലഹൃദയസ്‌ക്കൂളിൽ മകളെ പഠിപ്പിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെ അവർ മൂവരും ഒന്നിച്ച് കേരളത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. പതിനഞ്ച് ദിവസത്തോളം സ്വന്തം വീടുകളിലും ബന്ധുവീടുകളിലുമുള്ള സന്ദർശനവും സൽക്കാരവും കഴിഞ്ഞ മുറയ്ക്കാണ് ഹോസ്റ്റൽ അന്വേഷണം ആരംഭിച്ചത്. എസ്എൻ കോളേജിലെ ഒരു അദ്ധ്യാപികയാണ് സുധാമണിയുടെ ഹോസ്റ്റൽ ശുപാർശ ചെയ്തത്. ഒരു മുറി അമ്മയ്ക്കും മകൾക്കുമായി വിട്ടുകൊടുത്തു. എൽഐസി ഏജന്റായി പ്രവർത്തിച്ചിരുന്ന ലിസ്സി അത് തുടരുന്നതിൽ താൽപര്യം കാണിച്ചപ്പോൾ ജോയിച്ചായൻ പച്ചക്കൊടി കാട്ടി.

നാല് വർഷം കഴിഞ്ഞ് ജോയിച്ചായൻ മടങ്ങി വന്നപ്പോൾ 22 സെന്റ് സ്ഥലവും ഒരു പഴയ ഓടിട്ട കെട്ടിടവും സ്വന്തമാക്കുവാൻ കഴിഞ്ഞു. പിന്നീട് കുറച്ച് റിപ്പയറിങ് പണികൾ, പഴയ കെട്ടിടത്തിന്റെ മുഖഛായ മാറ്റി. അങ്ങോട്ടേയ്ക്ക് താമസവും മാറി. കെട്ടിടവും സ്ഥലവും കണ്ടെത്തിയത് സുധാമണി മുഖാന്തിരമായിരുന്നു. അങ്ങനെ ബ്രോക്കറേജ് നൽകാതെ കായംകുളത്ത് ഒരു ആധാരം നടന്നു കിട്ടി. തൊട്ടടുത്ത് തന്നെ സെന്റ് മേരീസ് സ്‌ക്കൂൾ. കുഞ്ഞിന്റെ പഠിത്തം ഒരു വിഘ്‌നവും കൂടാതെ നടന്നുപോയി.

ജോയിച്ചായൻ നന്നായി ഗിറ്റാർ വായിക്കുന്നയാളായിരുന്നു. ഗാനമേള പരിപാടികളിൽ പങ്കെടുക്കുന്ന ശീലവുമുണ്ടായിരുന്നു. ഗൾഫ് മലയാളികളുടെ കൂട്ടായ്മകൾക്ക് കൊഴുപ്പുകൂട്ടുവാനുള്ള കലാപരിപാടികളിൽ അച്ചായന്റെ സാന്നിദ്ധ്യം സജീവമായിരുന്നു.

ഗൾഫ് മേഖലയിൽ പെട്ടെന്ന് അനുഭവപ്പെട്ട തൊഴിൽ മാന്ദ്യത്തിന് ഇരയായി ജോയിച്ചായനും നാട്ടിൽ മടങ്ങി വരേണ്ടി വന്നു.

ആറുമാസം പിന്നിട്ടപ്പോൾ തിരുവനന്തപുരത്ത് ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പിന്നണി ആർട്ടിസ്റ്റായി ജോയിന്റ് ചെയ്തു. ലിസ്സിയുടെ ദാമ്പത്യവല്ലിയിൽ ഒരു പൂക്കാലം കൂടി വരവായി. രണ്ടാമതായി ഒരു മകൾ കൂടി ജനിച്ചു. അന്നും ഇന്നും എന്നും എന്തു സഹായത്തിനും കൂട്ടായി മൂന്ന് ആങ്ങളമാരും അമ്മയും കൂടെയുണ്ടായിരുന്നു. അവർ ലിസ്സിയുടെ രക്ഷാകവചങ്ങളായിരുന്നു.

മലയാള സിനിമാ പിന്നണി ഗായികയായി ഒന്നുരണ്ട് ഹിറ്റ് ഗാനങ്ങളിലൂടെ മുന്നേറിയ പെൺകുട്ടി എങ്ങനെയോ ജോയിച്ചായന്റെ ആകർഷണ വലയത്തിലായി. കാസറ്റ് റിക്കോർഡിംഗും റിഹേഴ്‌സലും വിദേശയാത്രകളും ജോയിച്ചായന്റെ സാമീപ്യവും ഗായികയെ വല്ലാതെ ആകർഷിക്കുകയും തങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്ന് പൊതുജനമധ്യത്തിൽ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ഇതൊക്കെ അറിഞ്ഞ ലിസ്സി കടുത്ത തീരുമാനത്തിലെത്തി. ഇനി തനിക്ക് ഈ ബന്ധം വേണ്ട. രണ്ടു കുട്ടികളെയും താൻ പോറ്റി വളർത്തും. സ്വന്തം മകളുടെ പ്രായമുള്ള ഒരുവളോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരാൾ എന്റെ കുട്ടികൾക്ക് അപ്പനായും എനിക്ക് കെട്ടിയവനായും വേണ്ടേ വേണ്ട. പള്ളി അധികാരികൾ ഇടപെട്ട് ചില നീക്കുപോക്കുകൾ വരുത്തി. ജോയി അയാളുെട വഴിക്കും ലിസ്സിയും കുട്ടികളും അവരുടെ വഴിക്കും.

സ്വന്തം കെട്ടിടത്തിൽ ഒരു കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രണ്ട് മക്കളും അമ്മയ്ക്ക് സഹായികളായി വീറും വാശിയോടും കൂടി ജീവിതം വെട്ടിപ്പിടിക്കുവാൻ കിണഞ്ഞു ശ്രമിച്ചു. മൂത്തവൾ ഡിഗ്രി പാസായി. സ്ത്രീധനമോഹിയല്ലാത്ത നല്ലൊരു ചെറുപ്പക്കാരൻ വിവാഹം കഴിച്ചു. ഇപ്പോൾ ഗൾഫിൽ സകുടുംബം സന്തോഷത്തോടെ കഴിയുന്നു. ഇളയവൾ സിവിൽ സർവ്വീസ് ലക്ഷ്യം വച്ച് മുന്നേറുന്നു.

കഥാനായകനോ? സ്വാഭാവിക ചോദ്യം-ഈ കഥയ്ക്ക് അല്ല ജീവിതത്തിന് ഒരു പരിസമാപ്തി ഇനിയും വന്നിട്ടില്ല. യുവതിയായ കാമുകി ജോയിച്ചായനെ ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തിൽ സ്വന്തം മാതാപിതാക്കളോടൊപ്പം ഗൾഫിൽ ചേക്കേറി. ജോയിച്ചായൻ ഒന്നിലധികം രോഗങ്ങളുമായി വാർദ്ധക്യപുരാണമായി നാടുനീളെ അഗതിയായി നടക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP