Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഫലമീ യാത്ര തുടരുന്നു...

സഫലമീ യാത്ര തുടരുന്നു...

തെളിമയാർന്ന നീലാകാശം മഴയുടെ ഒരു മുന്നറിയിപ്പ് പോലുമില്ലാത്ത അന്തരീക്ഷം, കുളിർകാറ്റിനു പകരം ചൂടുവായുടെ ബാഷ്പ്പ കണങ്ങൾ തിങ്ങി നിൽക്കുന്ന കാലാവസ്ഥ. മാസ്മരിക പ്രപഞ്ചത്തില്ലേ തുടിക്കുന്ന ജീവന്നാധാരമായ ഈ ഭൂമിയുടെ അവസ്ഥ എന്തെന്നറിയാതെ ചിന്തിച്ചു കൊണ്ട് ആധുനിക കാലഘട്ടത്തിലേക്ക് ഞാൻ കാൽ ചുവടുകൾ വച്ച് നീങ്ങുകയാണ്.

സമയം പുലർച്ചെ 7 മണി. ഗൾഫ് കാരനായായതിനു ശേഷം കൈവന്ന സൗഭാഗ്യങ്ങളിൽ ഒന്നായ തന്റെ ഓമന എൻഫീൽഡ് ബൈക്കിനെ വീണ്ടും പുതു ജീവൻ കൊടുത്തു എന്റെ നാട്ടിൻപുറത്തെ നാൽക്കവലയിലേക്കങ്ങിനെ നീങ്ങുകയാണ...ഒരു പാട് പേരോട് കുശലാന്വേഷണം പറയാനുണ്ട്. വർഷത്തിലൊരിക്കൽ കിട്ടിയ 30 ദിവസത്തെ അവധി എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ പല ഗൾഫ് കാരെയും പൊലെ ഒരു സാധാരണ ഗൾഫ് കാരൻ. നാൽക്കവലയിൽ പരിചിതമായ പലമുഖങ്ങൾക്കും ഒരു പുഞ്ചിരി നേർന്നു.... അകലം കൂടുംതോറും പരിചിതമല്ലാത്ത മുഖങ്ങളും കൂടിവന്നു... അപ്പോഴാണ് ആ വഴി വന്ന സിറ്റി ബസ്സിൽ ഒന്ന് കയറി പറ്റാൻ ഒരു മോഹം തോന്നിയത്. തൊട്ടടുത്തുള്ള പാർക്കിങ് സ്ഥലത്തു ബൈക്ക് പാർക് ചെയ്തു നേരെ ആ ബസ്സിലേക്ക് കയറി പ്പറ്റി. അപ്പോഴാണ് കൂടെ പഠിച്ച ഒരു സഹപാഠിയെ ബസ്സിൽ വച്ച് കണ്ടുമുട്ടുന്നത്.

അവന്റെ ആദ്യത്തെ ചോദ്യം നീ എപ്പോൾ വന്നു. ഒരു ഗൾഫ് കാരന്റെ സൗരഭ്യം തുടിപ്പുകളൊന്നും അടിക്കുന്നില്ലെടോ ?.. എന്ത് പറ്റി ഒന്നും കൊണ്ട് വന്നില്ലേ?....ഞാനവനോട് പറഞ്ഞു 'ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നേണം. പക്ഷെ എന്നുവച്ചു അതിന്റെ പൂട മുഴുവനും കൈവശം വെക്കേണ്ട ആവശ്യമില്ലല്ലോ?' എന്ന് ഞാൻ മൊഴിഞ്ഞു. ..വീണ്ടും ചോദ്യങ്ങളൊന്നും വരാത്തതിനാൽ എനിക്ക് തോന്നി...അവനു കാര്യം പിടികിട്ടി കാണുമോ എന്തോ?...അവനെ പിണക്കേണ്ട എന്ന് കരുതി സ്വന്തം നാട്ടിലെ കുശലാന്വേഷണങ്ങളുമായി ഞാൻ വീണ്ടും സൗഹൃദം പുതുക്കി.

നാട്ടിൽ കാലു കുത്തിയ അന്ന് മുതൽ അവിടുത്തെ സാധാരണക്കാരനായ ഒരു നാട്ടുകാരനെ പൊലെ തന്നെയാവണം എന്നുറച്ച തീരുമാനം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ ഗൾഫുകാരെ പോലെയുള്ള യാതൊരു മനോവികാരവും എന്നെ അലട്ടിയിരുന്നില്ല...മനസ് തുടിക്കുന്നുണ്ടായിരുന്നു തന്റേടത്തോടെ എല്ലാവരോടും വിളിച്ചു പറയേണം ഞാനിന്നൊരു ഉത്തമനായ ഗൾഫു കാരനായി എന്ന്. പക്ഷെ ആ മോഹം മനസ്സിൽ തന്നെ സൂക്ഷിച്ചു....യാത്ര തുടങ്ങിയത് ബൈക്കിലാണെങ്കിലും, യാത്രയുടെ ലക്ഷ്യം ഫോർ വീലർ പഠിക്കാനുള്ള അതിയായ ആഗ്രഹമായിരുന്നു. താമസിയാതെ തന്നെ ഉദ്ദേശിച്ച സ്ഥലത്തെത്തി. ഡ്രൈവിങ് സ്‌കൂളിന്റെ വാതിൽ തുറന്ന് അകത്തു കടന്നു നോക്കിയപ്പോൾ കഷണ്ടി തലയുള്ള ഒരു സുമുഖനായ മനുഷ്യൻ. അദ്ദേഹം എന്നോട് തിരക്കി 'ഹും എന്താ വന്നത്?..

ഞാൻ പറഞ്ഞു ''ഡ്രൈവിങ് പഠിക്കേണം!..

അദ്ദേഹം : 'ഏതിന്റെ ടൂ വീലർ, ഫോർ വീലർ, ...

ഞാൻ പറഞ്ഞു : ഫോർ വീലർ..

അപ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെ എന്ന് അറിയിപ്പ് തന്നതിന് ശേഷം ഒരു ചോദ്യം കൂടെ വന്നു ' എവിടെയാ ജോലി '

എന്റെ ജോലി എറണാകുളത്തെ sky line builders എന്ന construction കമ്പനിയിൽ site സൂപ്പർവൈസർ.

ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു...ടെസ്റ്റ് തീയതി കിട്ടുക ചുരുങ്ങിയത് 3 മാസം പിടിക്കും. അപ്പോൾ തന്നെ എന്റെ കാതിൽ നിന്നും ഒരു മാസ കിളി പറന്നു പോയി...ഞാൻ ചോദിച്ചു. ഒരു മാസത്തിനുള്ളിൽ ടെസ്റ്റ് തീയതി ലഭിക്കാൻ എന്തെകിലും വഴിയുണ്ടോ?..തെല്ലൊരു ആലോചനക്ക് ശേഷം അദ്ദേഹം പറഞ്ഞു....പാസ്‌പോർട്ട് ഉണ്ടെങ്കിൽ അത് കാണിച്ചിട്ടെങ്കിലും ഗൾഫ് കാരനാണ് എന്ന് പറഞ്ഞിട്ടെങ്കിലും ഒരു മാസത്തിനുള്ളിൽ ടെസ്റ്റ് date വാങ്ങാം...

അവസാനം ഞാനെടുത്തിരിക്കുന്ന തീരുമാനത്തെ താൽക്കാലികമായി മറന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതെ! 'ഞാൻ ഗൾഫിലാണ്'...

പെട്ടെന്ന് നെറ്റി ചുളിച്ചു അദ്ദേഹം കുറച്ചു ഗൗരവത്തോടെ എന്നോട് ഒരു ചോദ്യം 'അതെന്താ ആദ്യം താൻ കള്ളം പറഞ്ഞത്?. ഗൾഫു കാരനല്ലെന്ന്?..വീമ്പിളക്കി നാലുപേരോടു കുളുസു പറയുന്ന ഗൾഫ് കാരെയെ ഞാൻ അധികവും കണ്ടിട്ടു്ള്ളു.... ഗൾഫുകാരനായിട്ടും ഞാൻ ഗൾഫു കാരനല്ല എന്ന് പറയുന്ന ഒരുആളേ ഞാനാദ്യമായിട്ടാ കാണുന്നത്''...എന്തായാലും നിങ്ങള്ക്ക് വേണ്ടി ഞാൻ തീർച്ചയായും ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നിങ്ങൾ പോകുമ്പോഴേക്കും വാങ്ങിത്തരാം...എന്നുറപ്പിന്റെ മേൽ ഞാനെന്റെ യാത്രയുടെ ലക്ഷ്യം ഇവിടെ ഈ സമയം തുടങ്ങി കഴിഞ്ഞു.... ആ ദിവസത്തെ ഡ്രൈവിങ് ക്ലാസ് കഴിഞ്ഞതിനു ശേഷം എനിക്ക് അദ്ദേഹത്തോടും, അദ്ദേഹത്തിന് എന്നോടും ഒരു ആത്മ സംതൃപ്തി തോന്നിയപോലെ ?...കാരണം അതുവരെയും എന്റെ ഉള്ളിലെ ഭയം ഇതായിരുന്നു ''ഒരു ഗൾഫു കാരന് സമൂഹം ഇട്ടിരിക്കുന്ന വില അവന്റെ സൗരഭ്യം പരത്തുന്ന സ്‌പ്രേയുടെ ഉന്മേഷവും, അവന്റെ ഗൾഫു മണിയിരിക്കുന്ന പോക്കറ്റിന്റെ കനവും, അതിനെ മുതലെടുക്കുന്ന കച്ചവട സ്ഥാപനങ്ങളും..?..'' വീണ്ടും എന്റെ സഫലമീ യാത്ര തുടരുന്നു..?...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP