Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയേ നീ എനിക്കാരാണ്?

പ്രിയേ നീ എനിക്കാരാണ്?

ഞ്ഞു വീഴുന്ന ഇടവഴികളിൽ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നീ വേണം എന്നിലെ കുളിരിനു ചൂടുപകരാൻ. കാർമുകിൽ മുകളിൽ നിന്നും എന്നിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നിന്റെ ചേലത്തുമ്പ് വേണം എന്റെ ശിരസ്സിനെ മൂടുവാൻ. രാത്രിയുടെ യാമങ്ങളിൽ ഞാൻ ഏകനായ് ശയിക്കില്ല. നിന്റെ കരളാലനം വേണം എന്നെ തഴുകി ഉറക്കുവാൻ.

ഈ ലോകത്ത് ആരൊക്കെ എനിക്ക് എന്തൊക്കെ അല്ലാതിരുന്നുവോ അതെല്ലാം ആകുന്നു പ്രിയപ്പെട്ടവളെ നീ. ഒളിഞ്ഞും തെളിഞ്ഞു എന്നിലേക്ക് പാഞ്ഞു വരുന്ന വേദനയാകുന്ന അമ്പുകൾ എല്ലാം നിന്റെ ഒരു മാസ്മരിക മന്ദസ്മിതത്താൽ അദൃശ്യമായിപ്പോകുന്നു. എന്നിലെ കന്മഷം എല്ലാം നിന്റെ വിരൽത്തുമ്പിന്റെ പ്രിയലാളനയാൽ അലിഞ്ഞു തീരുമ്പോൾ നീയെനിക്കാരാണ്?

ഒരിക്കലും അഴിക്കാൻ ആകാത്ത ഏതോ ഒരു ബന്ധനം എന്റെ ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ നീ തീർത്തിരിക്കുന്നു. പട്ടുപോലെ മിനുസമുള്ളതാണ് എങ്കിലും, വെണ്ണപോലെ മൃദുലമാണെങ്കിലും ആ ബന്ധനം എത്ര ഗാഡമാണെന്നും അതെന്നിൽ എത്രമാത്രം രൂഡമൂലം ആയിരിക്കുന്നെന്നും എനിക്കുപോലും അറിയില്ല. മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന വിലയേറിയ മുത്തുച്ചിപ്പി ആകുന്നു നിന്റെ ആ ബന്ധനം.

നിന്റെ കൺതടങ്ങളിൽ എന്നിലെ ചൈതന്യം കുടികൊള്ളുന്നു. നിന്റെ മുടിയിഴകളുടെ നേർത്ത സ്പർശനം എന്റെ ചേതനയെ നിറം ചാർത്തുന്നു. നിന്റെ കവിളിണയിലെ ചെറുചലനം എന്നിലെ വികാരം നുരപോന്തിക്കുന്നു. നിന്റെ സാമീപ്യം എന്നിലെ വേദനയാകുന്ന വ്യാധിയെ ദൂരത്തേക്ക് അകറ്റിനിർത്തുന്നു. നിന്റെ മാസ്മരിക ഗന്ധം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വിലയേറിയ സുഗന്ധകൂട്ടായി നാസാരന്ധ്രങ്ങളിൽ അലയടിക്കുന്നു.

എന്റെ ആശയും, എന്റെ പ്രത്യാശയും നിന്റെ വശ്യതയിൽ തളിരിടുന്നു. എന്റെ കോപവും, എന്റെ ക്രോധവും നിന്റെ അധരത്തിന്റെ മധുരിമയിൽ അലിഞ്ഞലിഞ്ഞു പോകുന്നു. ഞാൻ ഞാനല്ലാതായി തീരുമ്പോൾ നീ നീയല്ലാതായ് തീരുമ്പോൾ നമ്മൾ ഒന്നായി മാറുന്നു.

നിന്നിൽ ഞാൻ നിറയുമ്പോൾ, ഞാൻ കണ്ടതൊന്നും കാഴ്കൾ അല്ല. ഞാൻ കേട്ടതൊന്നും കേൾവിയും അല്ല. ഞാൻ തൊട്ടതൊന്നും സ്പർശനം അല്ല. ഞാൻ രുചിച്ചതൊന്നും രുചിയും അല്ല. എന്നിൽ നിറഞ്ഞതൊന്നും നിറവേ അല്ല. ഞാൻ അനുഭവിച്ചതൊന്നും അനുഭവമേ അല്ല. എന്റെ ബന്ധങ്ങൾ ഒന്നും ബന്ധങ്ങൾ അല്ല. എന്റെ ശരീരവും മനസ്സും ആകാശത്തിലെ വെള്ളികെട്ടിയ മേഘകൂട്ടങ്ങളെപ്പോലെ പറന്നു പറന്നു നടന്നു.

നിന്റെ ആലിംഗനം എന്നിൽ വസന്തം തീർത്തു. നിന്റെ ചുടുചുംബനം അതിൽ മലരണിയിച്ചു. പാലുംതേനും ഒഴുകുന്ന വാഗ്ദത്ത ദേശത്തിന്റെ മലയടിവാരത്തിൽ ഒരു പിഞ്ചുപൈതലായ് ഞാൻ നിന്നു. ലൈലയും മജ്‌നുവും, രാധയും കൃഷ്ണനും, ശിവപാർവതിയും സോളമന്റെ മുന്തിരി തോപ്പുകളിലെ മുന്തിരിചാറിന്റെ ലഹരിയിൽ എന്നപോലെ അലിഞ്ഞു നിന്നു. ഒമർഗായമിന്റെ ഈരടികൾ ആ മുന്തിരിത്തോപ്പിന്റെ നലുകോണിലും അലയടിച്ചിരുന്നു. കാമദേവന്റെ കടാക്ഷവും, വീനസ്സിനെ മൃദുസ്പർശനവും നമ്മെ തരളിതപുളകിതരാക്കി.ഞാൻ ഞാനല്ലതായി, നീ നീയല്ലതായി. ഇരുളിന്റെ കമ്പളം നമ്മുടെ കുസൃതിക്ക് തുണയായി കള്ളകണ്ണ് അടച്ചങ്ങനെ നിന്നു. ചീവുടുകൾ നമ്മെ കളിയാക്കി ചിരിച്ചപ്പോൾ ചന്ദ്ര ബിംബം ജനൽപാളികൾക്കിടയിലൂടെ കൗതുക പരവശനായി ഒളിഞ്ഞു നോക്കാൻ വിഫല ശ്രമം നടത്തി.

പ്രിയേ നീ എനിക്കാരാണ്?

മഴ എന്നെന്നേക്കുമായ് പെയ്‌തൊഴിയട്ടെ, വസന്തം എക്കാലത്തേക്കും വിരുന്നുകാരനാകാതിരിക്കട്ടെ. സൂര്യൻ കിഴക്കുതിക്കാതിരിക്കുകയും ചന്ദ്രൻ താരസമൃദ്ധമായ നിശയുടെ നീലിമയിൽ കള്ളക്കണ്ണിട്ടു നോക്കാതിരിക്കുകയും ചെയ്യട്ടെ; അപ്പോൾ ഞാൻ നിന്നെ ആലിംഗനം ചെയ്തു ചോദിക്കും.... നീ എനിക്കാരാണ്? നീയെനിക്കെന്താണ്?

കടൽത്തീരത്ത് ഞാൻ തിരമാലകൾ എണ്ണണ്ടതുണ്ടോ? വൃന്ദാവനത്തിൽ സുഗന്ധം ഏതുപുഷ്പത്തിന്റെ എന്ന് തേടേണ്ടതായുണ്ടോ ? ആർത്തു ചിരിക്കുന്ന കവിളിണകളിൽ ഞാൻ മന്ദഹാസം തിരയേണ്ടതായുണ്ടോ?

ചോദ്യങ്ങൾ എന്നെ എന്നെ തൊട്ടുണർത്തുമ്പോൾ ഉത്തരങ്ങൾ പരൽമീനുകളുടെ ഇക്കിളിപ്പെടുത്തൽ പോലെ വലയം ചെയ്യുന്നു.

ഞാൻ കാണുന്നതെല്ലാം മധുര സ്വപ്നങ്ങൾ. ഞാൻ കേൾക്കുന്നതെല്ലാം ആനന്ദദായകമായ വീചികൾ. ഇവയെന്നെ മൂടട്ടെ. ഇവയെന്നെ തഴുകട്ടെ. ഇവയെന്നെ അവർണ്ണനീയവും അതുല്യവും ആയ അനന്തസാഗരത്തിലേക്ക് നയിക്കട്ടെ.

ഇനിയും ഞാൻ ചോദിക്കട്ടെ...... വെറുതെ ചോദിക്കട്ടെ.... പ്രിയേ, നീ എനിക്കാരാണ്?

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP