Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർഗ്ഗത്തിൽ നിന്നു വന്ന കാന്താരി

സ്വർഗ്ഗത്തിൽ നിന്നു വന്ന കാന്താരി

ജോയ് ഡാനിയേൽ

സീൻ ഒന്ന് 

ആൻ ഫ്രാങ്കിന്റെ 'ദി ഡയറി ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടുക്ക് ഒളിവിൽ താമസിക്കുമ്പോൾ ആനിനെ ചിരിപ്പിക്കാൻ വേണ്ടി മി. വാൻ ഡാൻ പറയുന്ന ഒരു തമാശ ഉണ്ട്.

ഒരു കൊച്ചു കുട്ടി തന്റെ അമ്മയോട് ചോദിക്കുന്നു താൻ എങ്ങനെയാണ് ഉണ്ടായത് എന്ന്. അമ്മ പറയും, നിന്നെ ദൈവം ഞങ്ങൾക്ക് തന്നതാണ് എന്ന്. അപ്പോൾ അമ്മയും അപ്പനും ഉണ്ടായതോ? അതും ദൈവം ദാനം തന്നതാണ് എന്ന് മറുപടി കിട്ടും. അപ്പോൾ വല്ല്യപ്പനും വല്യമ്മയും ഉണ്ടായതോ? അതിനും ഇതേ മറുപടി കിട്ടും. ഇത് കേട്ടിട്ട് കുട്ടി തന്റെ കിടക്കയിൽ പോയി ഇരുന്ന് ആലോചിക്കും. എന്നിട്ട് സ്വന്തമായി പറയും 'അപ്പോൾ ഈ കുടുംബത്തിൽ ആരും ശാരീരികമായി ബന്ധപ്പെടൽ ഒന്നും ഇല്ലേ?!'

പതിനാലുവയസ്സായ ആൻ അതു തന്റെ ഡയറി 'കിറ്റി' യോട് പറയുമ്പോൾ വായനക്കാരൻ അറിയാതെ ചിരിക്കുന്നതോടൊപ്പം ചിന്തിച്ചും പോകും.

കുട്ടികളോട് ഇതേ ഉത്തരം പറയുന്നുവർ ആണ് നമ്മളും. അതിനു പല കാരണങ്ങൾ കാണും. കുട്ടികൾ അതറിയാൻ പാകമായില്ലെന്നും, പ്രായമാകുമ്പോൾ തന്നെ മനസ്സിലാക്കിക്കോളും എന്നുമുള്ള ചിന്ത ആകാം. എങ്കിലും മുട്ടയിൽ നിന്ന് വിരിയുന്നതിനു മുമ്പേ ഇത്തരം'വിളച്ചിൽ' പറയുന്ന കുട്ടികൾ ഇന്നും നമ്മുടെ മുന്നിൽ തുള്ളിക്കളിച്ചു നടക്കുന്നു.

ഒരിക്കൽ എന്റെ കുട്ടിയും ഇതുപോലൊന്ന് അവളുടെ അമ്മയോട് ചോദിച്ചു. 'അമ്മേ ഞാൻ എങ്ങിനാ ഉണ്ടായത്' അതിന് അമ്മ തന്റെ അമ്മ തന്നോട് പണ്ട് പറഞ്ഞ, തലമുറകൾ തലമുറകൾ കൈമാറിയ ആ ഉത്തരം തന്നെ പറഞ്ഞു.

'ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ദൈവം മോളെ തന്നതാ..'

'ആണോ?.... '

''സത്യം...'

ഈ ദൈവം ആളു കൊള്ളാലോ എന്ന് കുഞ്ഞിമനസ്സ് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ അവൾ ചിന്തിച്ചെങ്കിൽ 'കൊച്ചു കുട്ടികൾ കുറ്റം ചെയ്താൽ .. കോലുമുട്ടായി ഡായ് ..ഡായ്' എന്ന് ഇന്നച്ചൻ തൂവൽസ്പർശം എന്ന സിനിമയിൽ പറഞ്ഞപോലെ പറയണ്ടിയും വരും...

ചോദ്യം ചോദിച്ചു. ഉത്തരവും കൊടുത്തു. വർഷം കഴിഞ്ഞു. എന്നാൽ അത് വേറൊരു വലിയ തമാശക്ക് വഴി ഒരുക്കും എന്ന് ഞാനോ അവളുടെ അമ്മയോ ഒരിക്കലും ചിന്തിച്ചില്ല.

സീൻ രണ്ട്

നമ്മുടെ സ്‌കൂളിലെ സി.ബി.എസ്.ഇ സിലബസ്സിന്റെ കഷ്ടപ്പാട് പിള്ളേരെ പഠിപ്പിക്കുന്ന അമ്മമാർക്ക് നന്നായി അറിയാം. ആഴ്ചയിലും മാസത്തിലും മാറി, മാറി ക്ലാസ് ടെസ്റ്റ്, ആ ടെസ്റ്റ്.. ഈ ടെസ്റ്റ്, എന്നുവേണ്ട രാവിലെ അന്യഗ്രഹത്തിലേക്ക് പോകുംപോലെ 'തോളത്തു ഘനം തൂങ്ങും .. തണ്ടും പേറി, വണ്ടിക്കാളകളെ പ്പോലെ ' (ആരും അറിയണ്ട.. പണ്ട് സ്‌കൂളിൽ പോകാനെന്ന മട്ടിൽ മാങ്ങയും തേങ്ങയും ഒക്കെ പറിച്ചു നടന്നപ്പോൾ പാഠപുസ്തകത്തിൽ നിന്ന് എവിടുന്നോ പഠിച്ചതാ!!) നടന്നു നീങ്ങുന്ന 'ന്യൂ ജനറേഷൻ ഇഗ്ലീഷ് മീഡിയം' സ്‌കൂളിലെ കുട്ടികളെ കാണുമ്പോൾ നെഞ്ചത്ത് കേറി ആരോ പൊങ്കാല ഇട്ട മാതിരി പഴയ തലമുറ ഒന്ന് നിന്ന് പോകും.

പിന്നെ വൈകുന്നേരം തിരികെ വന്നാലോ? ദൈവമേ.. ഈ കൊണ്ടുപോകുന്ന ബുക്കിനകത്തെല്ലാം ഹോം വർക്കും എഴുതി കൊടുത്തിങ്ങു വിടും! ഈ സ്‌കൂൾസാറന്മാർക്ക് ഇതേ ഉള്ളോ പണി? അതും ഈ സാറമ്മാരുടെ അപ്പന്മാർക്കു പോലും ചെയ്യാൻ പറ്റാത്ത അത്ര ഹോംവർക്ക്!! (തന്തക്കു വിളിക്കുവാന്നു ദയവായി തെറ്റിധരിക്കരുതേ... ആവേശം മൂത്ത് അങ്ങ് പറഞ്ഞു പോയതാ). അല്ലേലും ഈ വധ്യാന്മാർക്ക് പണ്ടുതൊട്ടേ ഉള്ള ശീലമാ എളുപ്പമുള്ളതു ക്ലാസിൽ കാണിച്ചിട്ട് പ്രയാസമുള്ളത് ഹോംവർക്ക് ആയി കൊടുത്തു വിടുന്നത്. ഒന്നും ഒന്നും രണ്ട് എന്ന് ക്ലാസിൽ എഴുതി കാണിച്ചിട്ട് ഗുണനവും, ഹരണവും ഒക്കെ വീട്ടിൽ വച്ചു ചെയ്യാൻ കൊടുത്തുവിടുക! സ്‌കൂളിന്റെ 'നിലവാരവും' സാറന്മാരുടെ 'നിലവാരവും' അനുസരിച്ചു ഇതിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും എന്നുമാത്രം. ഇനി അഥവാ നമ്മൾ എങ്ങാനും ചോദിച്ചുപോയാൽ 'ചുമ്മാതല്ല... കാശുവങ്ങിയിട്ടല്ലേ' എന്നങ്ങാനം പറഞ്ഞുപോയാലോ ?

കഴിഞ്ഞ ദിവസം ഹോംവർക്ക് ഒക്കെ ചെയ്ത് വയലിൽ കിളക്കാൻ പോയിട്ട് വന്നു ഇരിക്കുന്ന പോലെ ഇരുന്നുകൊണ്ട് എഴുവയസ്സായ കൊച്ച് ഒരു ചോദ്യം തള്ളയോട് ചോദിച്ചു.

'അമ്മേ .... എന്നെ ദൈവം തന്നതാണ് എന്നല്ലേ അമ്മ ഇന്നാൾ പറഞ്ഞെ?'

'അതേ ....' അമ്മ മറുപടി പറഞ്ഞു.

'അപ്പോൾ ഞാൻ ജനിക്കുന്നതിനു മുമ്പ് എവിടെ ആയിരുന്നു? ദൈവത്തിന്റെ അടുത്തായിരുന്നോ ?'

'ഹും.... എന്താ '

'ദൈവത്തിന്റെ അടുത്തെന്ന് വച്ചാൽ എവിടാ അമ്മേ? സ്വർഗത്തിലോ?'

'അതെ... കൊച്ചുപിള്ളാർ പാവങ്ങൾ അല്ലെ... അപ്പോൾ അവർ തീർച്ചയായും സ്വർഗ്ഗത്തിൽ തന്നെ ദൈവത്തിന്റെ അടുത്തായിരിക്കും...' കൊച്ചിന്റെ താടിക്ക് സ്‌നേഹപുരസരം ഒന്ന് തലോടി അമ്മ മറുപടി പറഞ്ഞു. എന്നിട്ട് മനസ്സിൽ പറഞ്ഞു 'പണ്ട് പറഞ്ഞത് പെണ്ണ് ഇതുവരെ മറന്നിട്ടില്ല'

'അപ്പോ അമ്മേ... എന്നാ ദൈവം എന്നെ സമ്മാനമായി തന്നെ'

'നിന്റെ പപ്പയുടേയും അമ്മയുടെയും കല്യാണം കഴിഞ്ഞിട്ട്..'

'ഹും.... അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി? അതും പറഞ്ഞു അവൾ മുഖം കറുപ്പിച്ചു. മുഖം കറുപ്പിക്കുക മാത്രമല്ല കെറുവിച്ച് മാറിയിരുന്നു.

ഒരു നിമിഷത്തെ നിശബ്ധത. അമ്മ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

'എന്താണെടീ നിനക്ക് മനസ്സിലായെ?'

'ഹും.. ഞാൻ അവിടെ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ അടുത്ത് മനസ്സമാധാനത്തോടെ കഴിയുകയായിരുന്നു..... ഒരു പ്രശ്‌നവും ഇല്ലാതെ....'

അവൾ ഒന്ന് നിർത്തി. 'നിങ്ങൾ പപ്പയും അമ്മയും കൂടി ചേർന്നാ ഈ പ്രശ്‌നം മൊത്തം ഉണ്ടാക്കിയത്.......അവിടെ മനസ്സമാധാനത്തോടെ കഴിഞ്ഞിരുന്ന എന്നെ രണ്ടുപേരും കൂടി ഇങ്ങോട്ട് കൊണ്ടുവന്നു......എന്നിട്ട് ഈ ഹോംവർക്ക് ഒക്കെ തലയിൽ ഇട്ട് എന്നെക്കൊണ്ട് ചെയ്യിക്കുവാ...'

കറുത്തിരുണ്ട ആ മുഖത്തിൽ നിന്നും ദേഷ്യം വിട്ടകലുന്നില്ല. അമ്മ മകളെ ഒന്ന് നോക്കി.... അവൾക്കു ചിരി വന്നു..

'ചിരിച്ചോ..... ചിരിച്ചോ.... ഇപ്പൊ സമാധാനമായല്ലോ.....ദൈവത്തിന്റെ അടുത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്നെ ഇവിടെ രണ്ടുപേരും ചേർന്ന് കൊണ്ടുവന്നു ബുന്ധിമുട്ടിക്കുമ്പോൾ സമാധാനമായല്ലോ .....ഹും....'

എന്നിട്ട് തലയിൽ ഒരു കൈ വച്ചുകൊണ്ട് പറഞ്ഞു. ' ഹോ... അവിടെ എങ്ങാനം നിന്നാൽ മതിയായിരുന്നു. ഇവിടെ വന്നു എന്റെ എല്ലാ പ്രശ്‌നങ്ങളും തുടങ്ങി '

അവളുടെ അമ്മക്ക് ചിരി അടക്കാനായില്ല. അവൾ അടുക്കളയിലേക്ക് പോയി ചിരിക്കാൻ തുടങ്ങി. മകൾ കെറുവിച്ചുതന്നെ കട്ടിലിൽ ഇരിക്കുവാണ്

അൽപനേരം കഴിഞ്ഞു. അമ്മയുടെ ചിരി ഒരുവിധത്തിൽ നിയന്ത്രണമായി. ഒരു കലൊച്ച കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മകൾ.... മുഖം കറുത്ത് തന്നെ. എന്നിട്ട് പറഞ്ഞു.

'അമ്മേ ...ഞാൻ ഇപ്പോളാ വേറൊരു കാര്യം ആലോചിച്ചേ..'

'എന്താടീ..'

'അല്ല.. ഞാൻ ഇനിയിപ്പോൾ അവിടെ സ്വർഗ്ഗത്തിൽ ആയിരുന്നേലും ചില പ്രശങ്ങൾ ഉണ്ടായേനെ...'

'എന്ത് പ്രശ്‌നം....'

'ഞാൻ സ്വർഗ്ഗത്തിൽ ആണെന്നല്ലേ പറഞ്ഞത്?.... അവിടെ ദൈവത്തിന്റെ അടുത്ത്?

'അതേ '

'ഈ ദൈവം ഒക്കെ ആരാമക്കൾ?? എന്നെ അവിടെ അവരെല്ലാം കൂടി എന്നെ പിടിച്ച് വല്ല സണ്ടേസ്‌കൂളിനും വിട്ടിരുന്നേലോ... പിന്നെ അതിന്റെ ഹോംവർക്ക് ?'

ഇതും പറഞ്ഞു അവൾ ഓടിവന്നു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയാകട്ടെ അടുത്ത ചിരിയുടെ പടക്കത്തിന് തിരികൊളുത്തുകയായിരുന്നു.

കടപ്പാട്: എന്റെ പഴഞ്ചൻ തോഷിബാ ലാപ്‌ടോപ്പിന്.
ഗുണപാഠം: കുട്ടികൾ പലപ്പോഴും നമ്മുടെ ഗുരുക്കന്മാരായി മാറും. അവരിൽ നിന്നും ദിവസവും നാം ഓരോന്നും പഠിക്കുകയും ചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP