Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാം വട്ടം - കഥ

രണ്ടാം വട്ടം - കഥ

ഈ കൂടിക്കാഴ്ച്ച ഒരിക്കലും തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. തികച്ചും അവിചാരിതം. വെറുതെ ഒരു സായാഹ്നം ചിലവിടാൻ തനിയെ ഒന്നു പുറത്തിറങ്ങിയതാണ്. എത്ര നേരം എന്നു വച്ചാ നാലു ചുവരുകൾക്കുള്ളിലിരുന്നു അന്തരീക്ഷത്തിൽ പുകച്ചുരുളുകൾ വരച്ചു കളിക്കുന്നത്.

ശംഖുമുഖം കടപ്പുറം, പതിവ് സായാഹ്നങ്ങളിൽ നിന്നും തികച്ചും വത്യസ്ഥമാണ് ഞായറാഴ്ച്ച സന്ധ്യ. വലിയ തിരക്കായിരിക്കും. അന്നത്തെ സൂര്യാസ്തമയം എന്തോ ഞാൻ കാണണം എന്നു തീരുമാനിച്ചു തന്നെയാണ് ഇറങ്ങിയത്. പൊതുവേ തിരക്കിൽ കൂടി നിൽക്കാൻ എനിക്കു തീരെ താൽപ്പര്യമില്ല. അതുകൊണ്ട് അവിടെ അടുത്തുള്ള കൽമണ്ടപത്തിൽ കുറച്ചു നേരം ഇരുന്നു.
'രമേഷ്' എവിടെയോ കേട്ടു മറന്ന ശബ്ദം... അല്ല ഞാൻ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം....
വീണ്ടും ആ ശബ്ദം!!! 'രമേഷ്' അതെ ഒരിക്കൽ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ശബ്ദം.
ഞാൻ തിരിഞ്ഞു നോക്കി. നീല സാരിയിൽ അവൾ ഇന്നു കൂടുതൽ മനോഹരി ആയിരിക്കുന്നു. കാലത്തിന്റെ വികൃതി അവളെ കൂടുതൽ സുന്ദരിയാക്കുകയാണോ ചെയ്തത്?
ഞാൻ ആശ്ചര്യം ഒളിച്ചു വെയ്ക്കാതെ അവളെ നോക്കി ചിരിച്ചു. 'ശാരി!!...'
'അതെ, എന്തെ എന്നെ മറന്നില്ലേ ഇതു വരെ...'
ഞാൻ വീണ്ടും ഒന്നു ചിരിച്ചു. പിന്നെ എഴുന്നേറ്റു... അവൾ എന്റെ മുൻപേ നടന്നു... അതായിരുന്നു ശീലം... അവൾ മറന്നിട്ടില്ല... മണലിൽ കുറച്ചു ദൂരം നടന്നു... കടലിനോടടുത്തു തിരക്കൊഴിഞ്ഞ സ്ഥലത്തു അവൾ ഇരുന്നു. ഞാൻ അവളുടെ അടുത്തു ഇരുന്നു.
പടിഞ്ഞാറു സൂര്യൻ ആകാശം സിന്ദൂരം ചാർത്തിക്കഴിഞ്ഞു. സന്ധ്യയെ രാത്രിയിലേക്ക് കൂട്ടി കൊണ്ടു പോകാൻ, അവൻ കടലിൽ മുങ്ങാങ്കുഴിയിടാൻ തുടങ്ങിയിരുന്നു. അപ്പോഴും ഞങ്ങളുടെ ഇടയിൽ മൗനം തീർത്ത മതിൽ ഇടിഞ്ഞിട്ടുണ്ടായിരുന്നില്ല.
അവളോടോത്തുള്ള അവസാന ദിനം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു. വിവാഹം കഴിഞ്ഞോ ആവോ!! എന്തിനു വേണ്ടി അന്നു വഴക്കുകൂടി. എല്ലാം എന്തിനോ വേണ്ടി!!!....
കടിഞ്ഞാൺ പൊട്ടിയ കുതിരയെ പോലെ മനസ്സോടുന്നതിനിടയിൽ ഞങ്ങൾക്കിടയിലെ മൗനം തകർക്കാനെന്നോണം അവൾ പറഞ്ഞു 'ഞാൻ ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഹെഡ് നേഴ്‌സ് ആണ്' ഏതു ആശുപത്രിയിൽ ആണെന്നു ഞാൻ ചോദിച്ചില്ല.. അവൾ അതു ആഗ്രഹിക്കാത്തതു പോലെ തോന്നി.
എനിക്കൊന്നും ചോദിക്കാനും പറയാനുമില്ലേ... പിന്നെ ഇത്രെയും നാൾ ഞാൻ എന്തിനാഗ്രഹിച്ചു... ചില സമയങ്ങളിൽ അങ്ങനെയാണ്. മനസ്സൊന്നു ആഗ്രഹിക്കും, പക്ഷേ പ്രവർത്തിക്കാൻ ഒരിക്കലും ശ്രമിക്കില്ല...!!
ഞാൻ കണ്ണുകൾ അടച്ചു ആ മണലിൽ നിവർന്നു കിടക്കുന്നതിനിടയിൽ അവളോട് വളരെ യാന്ത്രികമായി പറഞ്ഞു 'നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നോ എന്നെനിക്കറിയില്ല.... പക്ഷേ ഞാൻ,... നിന്നെയെന്നും ഓർമ്മിക്കാറുണ്ട'...
ഞാൻ കണ്ണുകൾ അടച്ചു തന്നെ കുറച്ചു നേരം കിടന്നു... പതിയെ കൺതുറന്നു തലയുയർത്തി നോക്കി. അവൾ അടുത്തില്ല... സൂര്യൻ മുഴുവനായും മുങ്ങി കുളിക്കാൻ തുടങ്ങിയിരുന്നു...
ഒരു പകലിനെ മടുത്തു അടുത്ത പകലിനെ സ്‌നേഹിക്കാൻ ഞാൻ അവിടെ നിന്നെഴുനേറ്റു പതിയെ നടന്നു...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP