Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരിക്കക്കുട്ടന്മാർ

വരിക്കക്കുട്ടന്മാർ

ജോയ് ഡാനിയേൽ

കദേശം രണ്ടു ദശകങ്ങൾക്ക് മുമ്പ്, എന്നുവച്ചാൽ ഞാൻ കോളേജിൽ പഠിക്കുന്ന കാലം. മണ്ണിന്റെ ഗന്ധവും മഴയുടെ ഇരമ്പലും, കിളികളുടെ കളകളവും ഒക്കെ സൗജന്യമായി കിട്ടിയ അവകാശങ്ങൾ. അവയുടെ ഒക്കെ ജന്മികൾ ആയിരുന്നു ഞങ്ങൾ.

അന്നൊരു മഴക്കാലം, ഉത്സവക്കാലം എന്ന് പറയുന്നതാവും ശരി. മഴയത്ത് കുട്ടിത്തോർത്തും ഉടുത്ത് പാടത്തും, പറമ്പിലും അർമാദിക്കുമായിരുന്ന ഒരു തലമുറയുടെ വാലറ്റമായിരുന്നു ഞങ്ങൾ എന്ന് തോന്നുന്നു. മണ്ണിന്റെ മണവും, മഴയുടെ ഇരമ്പലും തൊട്ടറിഞ്ഞു ആസ്വദിച്ച അവസാന തലമുറ ആയിരിന്നുവോ അത്?!

രാത്രി മഴയുടെ താരാട്ട് കേട്ട് ഒരിക്കൽ ഞാൻ ചിന്തിച്ചു. എത്രമാത്രം മരങ്ങൾആണ് പറമ്പിൽ നിറഞ്ഞു നിൽക്കുന്നത് ? ആരാണ് ഇവയെല്ലാം നട്ടത്? അപ്പനോ, അതോ അപ്പൂപ്പനോ? എന്തായാലും ഇതിൽ ഒന്നുപോലും എന്റെ വിയർപ്പിന്റെ ഗന്ധം ഉള്ളതല്ല. ..... എന്നാൽ എനിക്ക് എന്തുകൊണ്ട് കുറെ മരങ്ങൾ ഒക്കെ നട്ടുപിടിപ്പിച്ചു കൂടാ? അടുത്തു വരുന്ന ഒരു തലമുറയെ ഗർവ്വോടെ കാണിക്കാൻഎങ്കിലും എന്റെ വക....

അടുത്ത ദിവസം. ചാറ്റൽമഴയുടെ പനിനീർവൃഷ്ടിക്കൊപ്പം ഞാൻ രാവിലെ പറമ്പിലൂടെ നടന്നു.എന്താണ് നടുക? ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള എന്തെങ്കിലും. അതിന് നല്ല പ്ലാനിങ് തന്നെ വേണം. പേര... പ്ലാവ്...മാവ്... വാളൻപുളി ...ആഞ്ഞിലി...പച്ചപ്പിന്റെ വലിയൊരു പരവതാനി തന്നെ മുന്നിൽ നീണ്ടുനിവർന്നു കിടക്കാൻ തുടങ്ങി. അവസാനം ഇഷ്ടമുള്ളതും, ഫലം തരുന്നതും, ദീർഘകാലം നിലനിൽക്കുന്നതുമായ ഒന്ന് തിരഞ്ഞെടുത്തു.എന്റെ എക്കാലത്തെയും വീക്‌നെസ് ആയിരുന്ന പ്ലാവ്!

വെറുതെ പ്ലാവ് നട്ടിട്ടു കാര്യം ഇല്ല. നല്ല ഒന്നാന്തരം തേൻവരിക്ക തന്നെ തിരഞ്ഞെടുക്കണം. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ. അവസാനം പറമ്പിലെ ഏറ്റവും തേൻ ചുരത്തുന്ന പ്ലാവിലെ ചക്കപഴുക്കുന്ന സമയം ഞാൻ നോക്കിയിരുന്നു.

അന്ന്, തേൻവരിക്ക പ്ലാവിലെ ചക്ക കട്ടിലിന്റെ കീഴെക്കിടന്നു പഴുത്ത് വീടുമുഴുവൻ സുഗന്ധം പരത്തുവാൻ തുടങ്ങിയപ്പോൾ അപ്പൻ കല്ലേൽ പിളർക്കുന്ന കൽപ്പന പുറപ്പെടുവിച്ചു.

'ചക്കയിനി കീറാം..'

തേച്ചു റെഡിയാക്കിയ കത്തി എടുത്ത് ആരാച്ചാർ കാളയെ വെട്ടുന്നമാതിരി മെയ് വഴക്കത്തോടെ ഒന്നാന്തരം നെടുവരിയൻ ചക്ക ഞാൻതന്നെ അടുക്കളയിൽ ഇട്ട് മുറിച്ചു. കടും മഞ്ഞ നിറത്തിലുള്ള ചുളകൾ നാവിനും ചുണ്ടിനും പകർന്നു നല്കിയ ഉന്മാദത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .

കൂട്ടിയിട്ട ചക്കകുരുവിൽ നിന്നും നല്ല പത്ത് കുരു ഞാൻ തിരഞ്ഞെടുത്തു.അത് വീടിനു പുറകിൽ ചാണകക്കുഴിക്കരികെ മണ്ണിളക്കി പാകി.

ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു പിന്നീട്. കുരു വിരിഞ്ഞ് മുകുളം പുറത്ത് വരുന്നതുവരെ ലേബർ മുറിയുടെ മുന്നിൽ അക്ഷമനായി ഉലാത്തുന്ന ഭർത്താവിനെ പോലെ പല പകലുകൾ ഞാനുലാത്തി. അവസാനം വെളുപ്പും , ഇളം പച്ചയും നിറഞ്ഞ കുഞ്ഞിന്റെ തല പുറത്ത് വന്നു! (സിസേറിയൻ അല്ല കേട്ടോ...പ്രകൃതിക്ക് എന്ത് സിസേറിയൻ? അല്ലേൽ തന്നെ പ്രകൃതിയിൽ മനുഷ്യൻ അല്ലാതെ ഏതെങ്കിലും ജീവജാലങ്ങൾ സിസേറിയൻ ചെയ്യുമോ? മനുഷ്യന് എന്തു തോന്യവാസവും ആകാമല്ലോ!)

കുഞ്ഞിപ്ലാവിൻ തൈകൾ തൊട്ടും തലോടിയും ഞാൻ താലോലിച്ചു. അവരുടെ വളർച്ച എത്ര വേഗമാണ്? ഓരോ പ്രഭാതവും ഞാൻ ഉണർന്നുവരുമ്പോൾ അവർ കൂടുതൽ പക്വതയും ശക്തിയും ഉള്ളതായി വരുന്നു! ഇലകൾ ഒന്ന്... രണ്ട് .. മൂന്ന് ..അയ്യടാ.. എന്റെ തേൻവരിക്ക കുഞ്ഞുങ്ങളെ...ഞാൻ അവയെ മുത്തം വച്ചു (സത്യമായും പ്രായപൂർത്തിയിലേക്ക് കുതിക്കുന്ന എന്റെ എന്റെ ആദ്യ മുത്തം ആയിരുന്നു അത്).

അന്ന് ഒരുദിവസം, മഴയത്ത് നനഞ്ഞു കുതിർന്ന് നിന്ന് ഞാൻ പ്രകൃതിയോട് വിളിച്ചു പറഞ്ഞു 'നോക്കുവിൻ.... എന്റെ മക്കളെ...എന്റെ സന്താനങ്ങളെ...'

തീർച്ചയായിട്ടും തേൻ വരിക്ക പ്ലാവ് എന്നെ ദേഷ്യത്തോടെ നോക്കിയിട്ടുണ്ടാവും. അവളുടെ സന്താനങ്ങളുടെ പിതൃത്വം ഞാൻ കേറി ഏറ്റെടുത്തപ്പോൾ. എന്തായാലും, കള്ളീ.. തേൻവരിക്ക പ്ലാവേ.. നീ ഉള്ളിൽ ചിരിച്ചു കാണും എന്നെനിക്കറിയാം.എന്തിനാണെന്നോ? നിന്റെ ജീവിത ലക്ഷ്യമായ സന്തതി പരമ്പരയെ നിലനിർത്തിയതിന്.

പത്ത് പ്ലാവിൻ തൈകൾക്ക് പത്ത് സ്ഥലം കണ്ടുപിടിക്കണം. അതിനായി ഞാൻ ഞങ്ങളുടെ വസ്തുവിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവ്വേ നടത്തി. അയൽക്കാരുടെ സ്ഥലത്ത് നമ്മുടെ മരം നടാൻ ഒക്കില്ലല്ലോ. അഥവാ നട്ടാൽ തന്നെ അത് ജാരസന്തതി എന്ന് അറിയപെടും!

സ്ഥലം കണ്ടുപിടിച്ചു. പ്ലാവിൻ തൈകൾ വേരിളകാതെ പിഴുത് പത്തു സ്ഥലത്ത് നട്ടു. നനഞ്ഞ മണ്ണും, തോരാത്ത ചാറ്റമഴയും ഇലകൾ വാടാതെ അവരുടെ വളർച്ചക്ക് അനുകൂലമായി അനുഗ്രഹിച്ചു. എന്റെ പ്രൊജക്ടിനെക്കുറിച്ച് ഞാൻ വീട്ടിൽ ചർച്ച നടത്തി. അപ്പോൾ അമ്മ നടുക്കുന്ന ഒരു സത്യം പറഞ്ഞുകളഞ്ഞു!

'തേൻവരിക്കയുടെ കുരു ഇട്ട് ഉണ്ടാകുന്നത് തേൻവരിക്ക തന്നെ ആകണം എന്നില്ല. ചിലപ്പോൾ അത് ഒന്നിനും കൊള്ളത്തതോ അല്ലേൽ കൂഴച്ചക്കയോ ആയി മാറും!'

ദൈവമേ! അങ്ങനെയും ജനിതക ശാസ്ത്രമോ? എന്നാലും ഞാൻ ഉദ്യമത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. എന്തായാലും വരിക്കച്ചക്കയുടെ കുരു ഇട്ടു കിളിർത്തു പ്ലാവായി അതിൽ വാഴക്കുല ഉണ്ടാകില്ലല്ലോ?കുറഞ്ഞത് ആ ജനിതകശാസ്ത്രം ഒക്കെ എനിക്കറിയാമായിരുന്നു.

പ്ലാവിന്റെ തൈകൾ പത്ത് സ്ഥലത്തായി വളരാൻ തുടങ്ങി. കുറെ വർഷങ്ങൾ കഴിഞ്ഞാൽ പത്ത് തേൻവരിക്ക പ്ലാവുകൾ !!ഹോ... കുളിര് കോരിയിട്ട് കിടന്നുറങ്ങാൻ മേല .

ഋതുക്കൾ മാറി, മാറി വന്നു. വർഷങ്ങൾ പെയ്‌തൊഴിഞ്ഞു. വേനൽ കനലുകൾ മാറി മറിഞ്ഞു. ഒരുപാട് ചെടികൾ ഋതുമതികൾ ആയി.... പൂവിട്ടു, പുഷ്പിച്ചു, വണ്ടുകളെ മണവും ഗുണവും നൽകി മാടിവിളിച്ചു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.

വർഷങ്ങൾ കഴിഞ്ഞപ്പോൾ പത്ത് പ്ലാവിൻതൈകൾ മൂന്നായി ചുരുങ്ങി. കോളേജിൽ പുതുതായി പരിജയപ്പെട്ട സുഹൃത്ത് പള്ളീലച്ചനാകാൻ പോയിട്ട്, പാതിവഴി ഉപേക്ഷിച്ചു വന്ന ബന്നി എന്നോട് ഒരു കാര്യം പറഞ്ഞത് എന്റെ പ്ലാവിൻ തൈകൾക്കും ബാധകം ആണെന്ന് എനിക്ക് മനസ്സിലായി.

'പള്ളീലച്ചനു പഠിക്കുക എന്നാൽ, മുഴുനീളെ ലീക്കുള്ള ഒരു പൈപ്പ് പോലെയാ...അതിൽ വെള്ളം കടത്തിവിട്ടാൽ ഒരു തലക്കൽ നിന്നും മറുതലക്കൽ എത്തുന്നത് വളരെക്കുറച്ചുമാത്രം'

എന്നാൽ എന്റെ വരിക്കക്കുട്ടന്മാരുടെ വളർച്ചയെ നശിപ്പിച്ചത് സെമിനാരിയിൽ പോയിട്ടോന്നുമല്ല. അതിനു കാരണം രണ്ടു സ്ത്രീകൾ ആണ്. അവരുടെ നാശംപിടിച്ച രണ്ടു മൃഗങ്ങൾ ആണ്.

സൂസയുടെ മുട്ടനാടും.. കുട്ടിയമ്മയുടെ പെണ്ണാടും !!??

ഈ രണ്ടു നികൃഷ്ട ജീവികൾ ഇടക്കിടെ കെട്ടിയിട്ടിരിക്കുന്ന കുറ്റിയും പറിച്ച് ഞങ്ങളുടെ പറമ്പിൽ കേറി മേയും. ഞാൻ കണ്ണിലെ കൃഷ്ണമണി പോലെ കരുതി വളർത്തിക്കൊണ്ട് വന്ന പ്ലാവിൻ തൈകൾ അവറ്റകൾ കരിമ്പ് കറുമുറ കടിച്ചു തിന്നുന്ന സുഖത്തോടെ തിന്നു കളഞ്ഞു. സൂസയുടെ മുട്ടനാടിനെ കല്ലുപെറുക്കി ഞാൻ എറിഞ്ഞു. കുട്ടിയമ്മയുടെ പെണ്ണാടിനെ കപ്പത്തണ്ട് എടുത്തു ചന്തിക്ക് നല്ല പെടപെടച്ചു. എന്റെ ഏഴു വരിക്കകുട്ടന്മാർ പലപ്പോളായി ഈ ക്രൂരമൃഗങ്ങളുടെ ആട്ടിൻ കാട്ടമായി പരിണമിച്ചു! ഇനിയുള്ള മൂന്നു കുഞ്ഞുങ്ങളെ ജീവൻ പണയപ്പെടുത്തിയും രക്ഷപെടുത്തണം. അതിർത്തിയിലെ ജവാന്മാരുടെ ജാഗ്രത അത്യാവശ്യമാണ്. അവസാനം ഒരു രാത്രി ഞാൻ ആടുകളുടെ അപ്പൂപ്പനാർക്കിട്ടു വരെ കൊടുക്കാൻ പറ്റിയ ഒരു പണി കണ്ടു പിടിച്ചു. നേരം ഒന്ന് വെളുത്തോട്ടെ ! ആടുകളുടെ അമ്മേ കെട്ടിക്കാൻ....

രാവിലെ പശുതൊഴുത്തിൽ ചെന്നു. തലേന്ന് കൊടുത്ത പച്ചപുല്ല് എന്ന റോമെറ്റീരിയൽ ഒന്നാന്തരം ചാണകമാകുന്ന ഫിനിഷ്ട് പ്രോടക്റ്റ് ആയി തൊഴുത്തിൽ കിടപ്പുണ്ട്. പശുവിന്റെ ചവിട്ടുകൊള്ളാതെ അത് ഒരു വട്ടയിലയിൽ പൊതിഞ്ഞ് കരസ്ഥമാക്കി (കാരണമില്ലേലും പശു എന്നെ ചവിട്ടും, എന്തെന്നാൽ അവളെ രാവിലെ പാലുകറക്കാൻ അമ്മ ചെല്ലുമ്പോൾ മര്യാദക്കു നിൽക്കാൻ കമ്പുമെടുത്ത് ഓങ്ങി.. ഓങ്ങി നിൽക്കുന്നത് ഞാനാണല്ലോ. പാല് പിഴിഞ്ഞെടുത്ത് വാവലു ചപ്പിയ പഴം പോലെയുള്ള അകിട് പാവം പശുകിടാവിനു കൊടുത്തിട്ട് പോകുന്നതിന്റെ ദേഷ്യം അവൾക്ക് ചില്ലറ ഒന്നുമല്ല).

പച്ചചാണകം എന്റെ ബാക്കി വന്ന മൂന്ന് വരിക്കകുഞ്ഞുങ്ങളിൽ തളിച്ചു. ഇനി ആടല്ല, ആടിന്റെ പൂടപോലും ചാണകത്തിന്റെ ദുർഗന്ധം ഉള്ള പ്ലാവിലയുടെ അടുത്ത് എത്തുന്നത് ഒന്ന് കാണണം. ചാണകം തളിക്കൽ ഇടയ്ക്കിടെ നടത്തിയാൽ മതി.

ഐഡിയ ഫലിച്ചു. ബാക്കിവന്ന മൂന്നു പ്ലാവിൻകുഞ്ഞുങ്ങൾ മരമായി വളരാൻ തുടങ്ങി. പഠനം കഴിഞ്ഞ് ഞാൻ ജോലിയുടെ ഭാണ്ടവും പേറി കൊച്ചിയിൽ ചേക്കേറി. കൊച്ചിയിലെ കൊതുകിന്റെ താരാട്ട് കേട്ട് ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ എന്റെ വരിക്കക്കുട്ടന്മാരെ ഓർക്കും. സത്യമായും അമ്മയുടെ വാക്ക് അറംപറ്റുമോ? ഒരുത്തനെങ്കിലും തേൻവരിക്ക പ്ലാവിന്റെ സന്താനഗുണം കാട്ടണെ ഈശ്വരാ...

കാലത്തിന്റെ ജോലിപാച്ചിലിൽ ഞാൻ ബോംബയിലേക്ക് ചേക്കേറി. ആഴ്ചയിൽ ഒരിക്കൽ ഉണ്ടായിരുന്ന വീട്ടിൽ വരവ് വർഷത്തിൽ ഒരിക്കലായി പരിണമിച്ചു. നാട്ടിൽ വരുമ്പോൾ ഒക്കെ ഞാൻനട്ടു വളർത്തിയ മൂന്നു പ്ലാവുകളെ ഞാൻ തൊട്ടു.. തലോടി. ഇനി അവറ്റകൾ കായിക്കുന്നത് കൂടി കണ്ടാൽ മതി, ജീവിതം ധന്യമായി.

ഒരു അവധിക്കാലത്ത് ഞാൻ വരുമ്പോൾ കാണുന്നത് മൂന്നുപേരിൽ ഒരാൾ കൂടി അകാല ചരമം പ്രാപിച്ചതാണ് . എന്താണെന്നറിയില്ല, ആ പ്ലാവ് ഒരു വേനൽക്കാലത്ത് ഇലപൊഴിച്ചു. പിന്നെ മഴക്കാലത്ത് അതിന്റെ ഇലകൾ തളിർത്തില്ല. ഒരു അസ്ഥിപഞ്ജരം പോലെ അതങ്ങനെ നിന്നു. അത് കണ്ടു ഞാൻ മറ്റുള്ള രണ്ടു പ്ലാവുകളോട് പറഞ്ഞു 'മക്കളെ... നിങ്ങൾ എങ്കിലും നശിച്ചു പോകാതെ നിക്കണേ..'

ഇതിനിടെ അപ്പൻ വസ്തു വീതം തിരിച്ചപ്പോൾ ഒരു പ്ലാവ് എന്റെ വീതത്തിൽ വന്നു. മറ്റേത് ചേട്ടന്റെ വസ്തുവിലും.

ഇന്ന്, രണ്ടു ദാശാബ്ധങ്ങൾക്ക് ശേഷം ഞാൻ നാട്ടിലെത്തി. പഴങ്ങളുടെ പേരുള്ള ഫോണുകളും, ഐഓ എസ്സും, അണ്ട്രോയിഡും , വിൻഡോസ് 8ഉം ഒക്കെ കൈവെള്ളയിൽ കളിക്കുന്ന, ഓർഗാനിക് വെജിറ്റബിൾ ഹൈപ്പർ മാർക്കറ്റുകളിൽ പായ്ക്കറ്റിൽ ആക്കി വിൽക്കുന്ന ഒരു ലോകത്ത് നിന്നും ഞാൻ മഴയുടെ ഈണവും മണ്ണി ന്റെ നനവും നിറഞ്ഞ എന്റെ വീട്ടുമുറ്റത്തെത്തി.

അവധിയുടെ ആലസ്യത്തിൽ നിന്നുണരുംമുമ്പ് ഞാൻ ചെന്ന് എന്റെ വരിക്കകുട്ടനെ കെട്ടിപ്പിടിച്ചു. അതിന്റെ ചില്ലകൾ ഞാൻ തലോടി.അത് വളർന്നു പന്തലിച്ച് നിവർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തോ ഒരു അഭിമാനം എനിക്ക് തോന്നി. ചുറ്റും നിറഞ്ഞു നിൽക്കുന്ന ചക്കകൾ.അമ്മയുടെ വാക്ക് അറം പറ്റിയില്ല.രണ്ടു പ്ലാവും വരിക്ക തന്നെയായി. എന്റെ പ്ലാവ് തേൻ വരിക്കയും.

അതിന്റെ കൊമ്പുകളിൽ ഞാൻ അമർത്തി പിടിച്ചു. ചുംബിച്ചു. നിനക്ക് ഇന്ന് ഇരുപതു വയസ്സ്. ഒരിക്കലും നശിച്ചു പോകാത്തവിധം നീ വളർന്നു കഴിഞ്ഞു. എന്റെ വിയർപ്പിന്റെ സന്താനമായി, പുതിയ തലമുറകൾക്ക് സാക്ഷിയാകനായി....

മുക ളിൽ നിന്നും ഒരു ഇല എന്റെ മീൽ വീണു. ഞാനത് എടുത്തു നോക്കി. പഴുത്ത ഒരുപ്ലാവില. എനിക്കറിയാം... നിന്റെ നന്ദിയുടെ സ്പർശനം. ശത്രുക്കളിൽ നിന്ന് രക്ഷിച്ചു വളർത്തിയത്തിന് ... കാത്തു പരിപലിച്ചതിന് ..

സന്തതിപരമ്പരകൾക്കു തേൻവരിക്ക ചുരത്തി നല്കാനും, പക്ഷികൾക്ക് സങ്കേതമായി, കൂടുകെട്ടി മുട്ടകൾ വിരിയിക്കാനും, കിളികൾക്കും , അണ്ണാറക്കണ്ണൻ മാർക്ക് ഭോജനം നല്കാനും... ഇന്ന് നീ പ്രാപ്ത്മായി.

എന്റെ വരിക്ക കുട്ടാ... നിന്നെ ഞാൻ ഒത്തിരി ഒത്തിരി സ്‌നേഹിച്ചുപോയെടാ...സത്യമായും .. സത്യം, സത്യമായും.

പിൻകുറിപ്പ് : കഥയിലെ സംഭവങ്ങളും ചിത്രങ്ങളും യാഥാർത്ഥ്യം ആണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP