Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാർ ലിങ്ക് ചെയ്യുമ്പോൾ നിങ്ങളറിയാതെ പേയ്‌മെന്റ് അക്കൗണ്ട് മൊബൈൽ കമ്പനി തുറക്കുന്നുണ്ടോ? ആ അക്കൗണ്ടിൽ പണം വരുന്നതും പോകുന്നതും നിങ്ങളറിയാൻ എന്തെങ്കിലും സംവിധാനമുണ്ടോ? എയർടെല്ലിന് വിലക്ക് വന്നത് ഉപഭോക്താക്കൾ അറിയാതെ മൊബൈൽ വാലറ്റ് തുറന്നുവെന്ന് കണ്ടതോടെ: മൊബൈൽ കമ്പനികൾ കളമൊരുക്കുന്നത് വൻ തട്ടിപ്പിനെന്ന് സംശയിച്ച് സോഷ്യൽ മീഡിയ

ആധാർ ലിങ്ക് ചെയ്യുമ്പോൾ നിങ്ങളറിയാതെ പേയ്‌മെന്റ് അക്കൗണ്ട് മൊബൈൽ കമ്പനി തുറക്കുന്നുണ്ടോ? ആ അക്കൗണ്ടിൽ പണം വരുന്നതും പോകുന്നതും നിങ്ങളറിയാൻ എന്തെങ്കിലും സംവിധാനമുണ്ടോ? എയർടെല്ലിന് വിലക്ക് വന്നത് ഉപഭോക്താക്കൾ അറിയാതെ മൊബൈൽ വാലറ്റ് തുറന്നുവെന്ന് കണ്ടതോടെ: മൊബൈൽ കമ്പനികൾ കളമൊരുക്കുന്നത് വൻ തട്ടിപ്പിനെന്ന് സംശയിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മൊബൈലുമായി ആധാർ ലിങ്ക് ചെയ്യണമെന്ന നിർബന്ധം കേന്ദ്രസർക്കാർ കൊണ്ടുവന്നത് എന്തിനായാണ്. ഇത് മൊബൈൽ കമ്പനികളെ സഹായിക്കാനാണെന്ന വാദം ശക്തമായി പ്രതിപക്ഷം ഉയർത്തുന്നു. ഇത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞദിവസം ഉണ്ടായ ആധാർ ഏജൻസിയുടെ തീരുമാനം. ആധാർ മൊബൈലുമായി ലിങ്ക് ചെയ്യുമ്പോൾ നിങ്ങൾ അറിയാതെ നിങ്ങളുടെ പേരിൽ ഒരു മണി അക്കൗണ്ട് മൊബൈൽ സേവനദാതാക്കൾ തുറന്നേക്കാം എന്ന സാധ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്.

മിക്ക മൊബൈൽ കമ്പനികളും ഇത് ചെയ്യുന്നുമുണ്ട്. ഗ്യാസ് സബ്‌സിഡി ഉൾപ്പെടെ മിക്ക സബ്‌സിഡികളും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ഇത്തരത്തിൽ മൊബൈൽ കമ്പനികൾ നിങ്ങളുടെ പേരിൽ തുറക്കുന്ന പേയ്‌മെന്റ് അക്കൗണ്ടുകളിലേക്ക് ഈ പണം എത്തിപ്പെടാൻ സാധ്യതയേറെയാണെന്നും ഇത് ഒരു വ്യക്തിയുടെ അനുമതിയില്ലാതെ നടത്തുന്ന തട്ടിപ്പാണെന്നുമുള്ള വാദമാണ് ഉയരുന്നത്.

എയർടെൽ മണി, ജിയോ മണി, എംപൈസ തുടങ്ങി പല പേരുകളിൽ പല കമ്പനികൾ മൊബൈൽ വാലറ്റ് അക്കൗണ്ടുകൾ തുറക്കുന്നുണ്ട്. അറിഞ്ഞുകൊണ്ടുതന്നെ സൗകര്യത്തിന് വേണ്ടി അക്കൗണ്ട് തുറക്കുന്നവരുണ്ട്. എന്നാൽ ഇത്തരമൊരു അക്കൗണ്ട് തന്റെ പേരിൽ തുറന്നു എന്നറിയാതെ പലരും ഈ കെണികളിൽ വീഴുന്ന സാഹചര്യം ഏറെയാണ്. ഈ അക്കൗണ്ടുകളിൽ പണം വരികയും പോകുകയും ചെയ്യുന്നത് അറിയാത്ത സ്ഥിതി ഉണ്ടായേക്കാം. പ്രത്യേകിച്ചും മൊബൈൽ ഉപയോഗത്തിൽ ഒട്ടും പ്രാവീണ്യമില്ലാത്തവരുടെ കാര്യത്തിൽ വലിയ തട്ടിപ്പിന് ഈയൊരു സ്ഥിതികളമൊരുക്കും.

ഇത്തരത്തിൽ ആധാറും മൊബൈലുമായി ലിങ്ക് ചെയ്യുമ്പോൾ വ്യക്തിസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആക്ഷേപം ശരിവച്ചുകൊണ്ടാണ് കഴിഞ്ഞദിവസം എയർടെല്ലിനെതിരെ നടപടി ഉണ്ടായത്. ആധാർ ദുരുപയോഗം ചെയ്തതിന് എയർടെല്ലിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. യു.ഐ.ഡി.ഐയാണ് പ്രമുഖ മൊബൈൽ സേവന ദേതാക്കളായ കമ്പനിക്ക് വിലക്കേർപ്പെടുത്തിയത്. ആധാർ ഉപയോഗിച്ച് മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്മെന്റ് ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോൺ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്താകളുടെ വിവരങ്ങൾ ഉപയോഗിച്ച് അനുവാദമില്ലാതെ എയർടെൽ പേയ്‌മെന്റെ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ പേയ്മന്റെ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തത് ആധാർ നിയമങ്ങളുടെ ലംഘനമാണെന്നാണ് യു.ഐ.ഡി.എ.ഐ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് എയർടെല്ലിന് താൽക്കാലിക വിലക്കേർപ്പെടുത്താനുള്ള തീരുമാനം എജൻസി എടുത്തത്.

എയർടെൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം നിരവധി പേരുടെ ഗ്യാസ് സബ്സിഡി കമ്പനിയുടെ പേയ്മന്റെ് ബാങ്കിലേക്ക് പോയതായി പരാതികൾ ഉയർന്നിരുന്നു. 23 ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ ഓപ്പൺ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ യു.ഐ.ഡി.എ.ഐക്ക് ലഭിക്കുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവനുസരിച്ച് എയർടെല്ലിന് തങ്ങളുടെ ഉപയോക്താകളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കുകയില്ല. ആധാർ ഉപയോഗിച്ച് പേയ്മന്റെ് ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത്തരത്തിൽ മറ്റ് സേവന ദാതാക്കളും അക്കൗണ്ടുകൾ ഉപയോക്താക്കളുടെ അനുമതിയില്ലാതെ തുറക്കുന്നുണ്ടോ എന്നതും ചോദ്യംചെയ്യപ്പെടുന്നു.

ആധാറുമായി മൊബൈൽ ലിങ്ക് ചെയ്യുമ്പോൾ അതിനിടെ പ്രത്യേക ഫോമുകൾ പൂരിപ്പിച്ച് വാങ്ങുകയോ മറ്റോ ചെയ്താൽ സംശയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് പലരും മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ ആധാർ നമ്പരും വിരലടയാളവും നൽകിയ ശേഷം നിങ്ങളുടെ മൊബൈലിൽ വരുന്ന സന്ദേശങ്ങൾ സ്വീകരിച്ച് സേവനദാതാക്കൾ തന്നെയാണ് കസ്റ്റമർ കെയർ സെന്ററിൽ ആധാർ ലിങ്കിങ് നടത്തുന്നത്. ഇതിൽ നിങ്ങളുടെ അനുമതിയില്ലാതെ മൊബൈൽ ദാതാക്കളുടെ സേവനങ്ങൾ, അതായത് അവരുടെ വാലറ്റ് തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരിക്കാൻ സാധ്യത ഏറെയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും ഉപഭോക്തൃ സംഘടനകൾ ഉയർത്തുന്നു.

ഏതായാലും ഇത്തരം സംഭവങ്ങൾ വ്യാപകമായി ഉണ്ടാകുന്നുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിലും വിഷയം സജീവമായി ചർച്ചയാകുന്നു. ഇത്തരത്തിൽ ആധാറിന്റെ ദുരുപയോഗം മൊബൈൽ കമ്പനികൾ നടത്തുന്നുവെന്ന് വ്യക്തമാക്കി പല പോസ്റ്റുകളും വരുന്നുണ്ട്.

ബിജു സ്വാമി എഴുതിയ ഒരു പോസ്റ്റ് ചുവടെ:

എനിക്ക് ഒരു എയർടെൽ കണക്ഷനുണ്ടായിരുന്നു. ആധാർ നമ്പർ കൊടുത്തപ്പോൾ എന്റെ അനുമതി ഇല്ലാതെ അവർ എന്റെ പേരിൽ എയർടെൽ പയ്‌മെന്റ്‌റ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തത് ഞാൻ നേരത്തെ എഴുതിയിരുന്നു. അത് മനസിലാക്കിയ ഞാൻ എയർടെൽ കസ്റ്റമർ സർവീസ് സെന്ററിൽ ചെന്ന് നല്ല ഫ്രില് വെച്ച തെറി അവരുടെ തന്തക്കു വിളിച് കണക്ഷൻ പോലും വലിച്ചെറിഞ്ഞിരുന്നു. ഇത് ഞാൻ എന്റെ പോസ്റ്റായി ഇട്ടപ്പോൾ 'ആധാർ ഫൂൾ പ്രൂഫ് ആണ്, ഞാൻ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്ന് എന്നെ ഉത്ബോധിപ്പിച്ചു ക്ലാസ് എടുത്ത കുറെ ആളുകൾ ഇപ്പോൾ എന്നെപോലെ 23 ലക്ഷം ആളുകളുടെ അനുമതി ഇല്ലാതെ ഇങ്ങനെ ചെയ്തു കോടികൾ അടിച്ചു എന്ന വാർത്ത വരുമ്പോൾ മറുപടി തരണം.

അന്ന് തന്നെ ഞാൻ ഒരു പരാതി RBI യുടെ ബാങ്കിങ് ഓംബുഡ്‌സ്മാന് രേഖാമൂലം അയച്ചിരുന്നു എങ്കിലും അത് സേവനത്തിലെ പോരായ്മ അല്ല, ഞാൻ ട്രായ് യിലാണ് പരാതിപ്പെടേണ്ടതെന്നാണ് കുറെ റിട്ടയേർഡ് പേന ഉന്തി ഏമാന്മാരുടെ വയോജന കേന്ദ്രമായ ഇവിടെ നിന്നൊക്കെ ഉള്ള മറുപടി. 23 ലക്ഷം അക്കൗണ്ട് എന്നാൽ അവരുടെ മൊത്തം കണക്ഷന്റെ 25 % വരും. കുറെ ആളുകൾ ഒന്നിലധികം സിം, കോർപൊറേറ് കണക്ഷൻ എന്നിവയായി കണ്ടാൽ ഏതാണ്ട് മുഴുവൻ അക്കൗണ്ടിലും ഇത് ചെയ്തു എന്നല്ലേ അർഥം. ന്യായീകരിച്ചവർ മറുപടി പറയൂ.

ഞാൻ എല്ലാ ഉതതരവാദിത്തത്തോടെയും ചോദിക്കട്ടെ ഇതൊരു ഫ്രോഡും ഫോർജറിയും ചീറ്റിംഗും അല്ലെ? ഈ 23 ലക്ഷം പേരുടെ പേരിൽ അവർ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ഉണ്ടാക്കി ആയിരക്കണക്കിന് കോടി ലോൺ ഉണ്ടാക്കി എയർടെൽ സ്വന്തം അക്കൗണ്ടിൽ റൂട്ട് ചെയ്‌തോ എന്ന് ആർകെങ്കിലും അറിയാമോ? ഇത്രയും വ്യാപകമായ തട്ടിപ്പു നടന്നിട്ടും എന്തെങ്കിലും നിയമനടപടി RBI ഈ ബാങ്കിനെതിരെ എടുത്തോ? മകളെ കെട്ടിക്കാനോ മയ്യത്താകാറായി കിടക്കുന്നയാളുടെ ചികിത്സക്കോ ഒരു പ്രാഥമിക സഹകരണ സംഘം വിട്ടു വീഴ്ച ചെയ്തു ഒരു ചെറിയ വായ്പ ആൾജാമ്യത്തിൽ കൊടുക്കുന്നതിനെ സമ്പദ് വ്യവസ്ഥയെ അപകടത്തിൽ ആകുമെന്ന് പറഞ്ഞു വാൾപയറ്റ് നടത്തുന്ന 'FB ധനകാര്യ ടെക്കി വിദഗ്ദ്ധർ' കമ്പിളിപുതപ്പു മോദിൽ ഇരിക്കാതെ ഉത്തരം പറയണം.

അടിക്കുറിപ്പായി പറയട്ടെ, ഞാൻ ടെക്‌നൊളജിയിൽ വീക് ആണ്, ഫങ്ക്ഷണൽ ആയ അറിവ് ഉള്ളൂ. പക്ഷെ ബാങ്കിങ്ങിലെ തട്ടിപ്പിലും തരികിടയിലും ഉസ്താദും നാട്ടാനയ്ക് മാത്രമല്ല , കാട്ടാനയ്ക്കും അണ്ടർ വെയർ തയ്ക്കാൻ അറിയാവുന്നവനാണ്. അതുകൊണ്ട് ആണ് ഇതൊക്കെ മുൻകൂട്ടി പറയുന്നത്. ഇനി എങ്കിലും വെറുതെ തർക്കിക്കാൻ മിനക്കെടരുത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP