ഐസിഐസിഐ ബാങ്കിന്റെ ലാഭത്തിൽ വൻ ഇടിവ്; വായ്പ വിവദം തൊടാതെ ബോർഡ് യോഗം; നേരത്തെ വ്യക്തത വരുത്തിയിരുന്നെന്നു സിഇഒ ചന്ദ കൊച്ചാർ
May 08, 2018 | 07:53 AM IST | Permalink

മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിന്റെ ലാഭത്തിൽ വൻ ഇടിവ്. കഴിഞ്ഞ കൊല്ലം 2017 ജനുവരി മാർച്ച് കാലത്ത് 2025 കോടി രൂപയായിരുന്ന ലാഭം ഇക്കൊല്ലം 1020 കോടി രൂപയായി പുകുതിയോളം കുറഞ്ഞു.
വിഡിയോകോണിന് വൻ തുക വായ്പ നൽകിയ സംഭവത്തിൽ ബാങ്ക് മേധാവി ചന്ദ കൊച്ചാർ ആരോപണം നേരിടുമ്പോഴാണ് ബാങ്കിന്റെ ലാഭത്തിൽ വൻ ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന ത്രൈമാസ ലാഭമാണ് ഇത്തവണത്തേത്. വായ്പ വിവാദം ഇന്നലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചർച്ച ചെയ്തില്ല. ഇതു സംബന്ധിച്ച് നേരത്തെ വ്യക്തത വരുത്തിയിരുന്നെന്ന് സിഇഒ ചന്ദ കൊച്ചാർ പറഞ്ഞു.
അതേ സമയം വിഡിയോകോണിനു മാത്രമല്ല പല കമ്പനികൾക്കും ക്രമവിരുദ്ധമായി വായ്പ നൽകിയെന്നും ഐസിഐസിഐ ബാങ്കിലുള്ളവർ അതിനൊക്കെ പ്രതിഫലം പറ്റിയിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം വായ്പകളൊക്കെ കിട്ടാക്കടമാവുകയും വിഡിയോകോൺ പോലെ ക്രമവിരുദ്ധ വായ്പക്കാരുമായി ചന്ദ കൊച്ചാറിന്റെ കുടുംബം നേരിട്ടു ബന്ധപ്പെട്ടെന്നു വ്യക്തമാകുകയും ചെയ്തെങ്കിലും മാർച്ച് 28ന് ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അവരിൽ വിശ്വാസം പ്രഖ്യാപിക്കുകയാണു ചെയ്തത്. വിവാദം ബാങ്കിന്റെ പ്രതിച്ഛായ മങ്ങാൻ ഇടയാക്കിയില്ലേയെന്ന ചോദ്യം നിക്ഷേപം ഗണ്യമായി ഉയർന്നെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ചന്ദ കൊച്ചാർ പ്രതിരോധിച്ചത്.
എന്നാൽ മാർച്ച് 31ന്റെ കണക്കനുസരിച്ച് ബാങ്ക് നൽകിയിട്ടുള്ള വായ്പകളുടെ 8.84 ശതമാനമാണ് മൊത്തം കിട്ടാക്കടം. ഈ ത്രൈമാസത്തിലെ കിട്ടാക്കട അനുപാതം 4.77 ആണ്. കിട്ടാക്കടം മറികടക്കാൻ കൂടുതൽ തുക നീക്കിവയ്ക്കേണ്ടിവന്നതാണു ലാഭം കുറയാൻ കാരണമെനാനണ് ബാങ്കിന്റെ വിശദീകരണം.