എസ് ബി ടി പണി തന്ന് മടങ്ങിയപ്പോൾ കേരളത്തിന് ലഭിച്ച ഏക പ്രതീക്ഷയും അടയുന്നു; കേരളാ ബാങ്ക് എന്ന സ്വപ്നത്തിന് മുമ്പ് പാര; കോടതി കേസുകൾ ഇല്ലെങ്കിലേ ലൈസൻസ് തരൂ എന്ന് റിസർവ്വ് ബാങ്ക് പറഞ്ഞതോടെ ജില്ലാ ബാങ്കുകളുടെ ലയനത്തിനെതിരെ കേസുമായി കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളി കേസ് നൽകിയാൽ കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല
October 06, 2018 | 09:48 AM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറായിരുന്നു മലയാളിയുടെ സ്വന്തം ബാങ്ക്. ഇതിനെ എസ് ബി ഐയിൽ ലയിപ്പിച്ചതോടെ കേരളത്തിന് സ്വന്തമായി ബാങ്ക് എന്നത് സ്വപ്നമായി. സഹകരണബാങ്കുകളെ യോജിപ്പിച്ച് കേരളാ ബാങ്കെന്ന ആശയം അവതരിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്. ബാങ്കിന് അനുമതി നൽകാൻ റിസർവ്വ് ബാങ്ക് തത്വത്തിൽ തീരുമാനിച്ചു. എന്നാൽ ലൈസൻസ് കൊടുക്കാൻ ബാങ്കുമായി ബന്ധപ്പെട്ട കേസൊന്നും പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ടാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കം കേരളാ ബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത്.
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും ലയിച്ചു കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ലക്ഷോപലക്ഷം ജനങ്ങൾ ആശ്രയിക്കുന്ന സഹകരണ പ്രസ്ഥാനം ഇല്ലാതാകുമെന്നും ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക തകർച്ച നേരിടുന്ന സംസ്ഥാന സർക്കാർ സ്വന്തം ആവശ്യങ്ങൾക്കു പണം കണ്ടെത്താനുള്ള ഉപായമായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. സഹകരണ മേഖലയെയും അതിനെ ആശ്രയിക്കുന്ന ജനലക്ഷങ്ങളെയും തകർത്തുകൊണ്ടു പണം ഉണ്ടാക്കാൻ സർക്കാർ കുറുക്കുവഴി തേടുകയാണ്. ലാഭകരമായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ 250 കോടി രൂപ നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതോടെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യമാകുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.
ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കായാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എന്നാൽ, സഹകരണ ബാങ്കുകൾ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. കാർഷിക വായ്പ, സ്വർണ വായ്പ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ സഹകരണ ബാങ്ക് നൽകുമ്പോൾ നിക്ഷേപങ്ങൾക്കു കൂടുതൽ പലിശയും നൽകുന്നു. നിരവധി വാണിജ്യ ബാങ്കുകൾ സംസ്ഥാനത്തു പ്രവർത്തിക്കുമ്പോൾ, അതിൽ കൂടുതൽ എന്തു സേവനമാണു കേരള ബാങ്കിനു നൽകാനാകുകയെന്നു മുല്ലപ്പള്ളി ചോദിച്ചു. ഇതോടെയാണ് കേരളാ ബാങ്കിന് ലൈസൻസ് കിട്ടുന്നത് പ്രതിസന്ധിയാലാകുന്നത്.
