Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിസർവ് ബാങ്കിനെ നിലക്ക് നിർത്താൻ ഇല്ലാത്ത അധികാരം പ്രയോഗിച്ച് കേന്ദ്ര സർക്കാർ; ഒരു സർക്കാരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിയമത്തിലെ വകുപ്പ് പ്രയോഗിച്ച് ഉത്തരവ് നടപ്പിലാക്കാൻ നീക്കം തുടങ്ങി; രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി

റിസർവ് ബാങ്കിനെ നിലക്ക് നിർത്താൻ ഇല്ലാത്ത അധികാരം പ്രയോഗിച്ച് കേന്ദ്ര സർക്കാർ; ഒരു സർക്കാരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിയമത്തിലെ വകുപ്പ് പ്രയോഗിച്ച് ഉത്തരവ് നടപ്പിലാക്കാൻ നീക്കം തുടങ്ങി; രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള തുറന്ന യുദ്ധം മുറുകുന്നു. ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത നിയമം ഉപയോഗിച്ച് റിസവർവ് ബാങ്കിന്റെ അധികാര പരിധിയിൽ കേന്ദ്ര സർക്കാർ കൈകടത്തിയതോടെയാണ് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുന്നത്. 83 വർഷത്തെ ചരിത്രത്തിൽ ആദ്യമായി റിസർവ് ബാങ്കിന് മുകളിൽ കേന്ദ്ര സർക്കാർ സെക്ഷൻ 7 പ്രയോഗിച്ച് ദൈനം ദിന പ്രവർത്തനങ്ങളിൽ കൈകടത്തിയതോടെ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

സർക്കാർ റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നതണ് സെക്ഷൻ 7. ഒരാവശ്യവുമില്ലാതെ സർക്കാർ റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കൈകടത്തിയതോടെ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ഗവർണർ പദവിയിൽ മൂന്ന് വർഷം തികയ്ക്കാനിരിക്കെയാണ് ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നത്. സെക്ഷൻ 7 പ്രകാരം റിസർവ് ബാങ്ക് ഗവർണറുടെ നിർദേശത്തോടെ വേണം സർക്കാരിന് റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനാവശ്യ കൈകടത്തലിന് എതിരാണ് റിസർവ് ബാങ്ക് ഗവർണറും എന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ചെറുകിട വ്യവസായങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് നിലവിലുള്ള നിബന്ധനകൾ ലഘൂകരിക്കുക, പണത്തിന്റെ ലഭ്യത കൂട്ടുക, ബാങ്കുകൾക്കും വ്യവസായ സഥാപനങ്ങൾക്കും മേലുള്ള സമ്മർദ്ദം കുറയ്ക്കു തുടങ്ങിയവയാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. ആർ.ബി.ഐ.യിൽ സർക്കാർ നോമിനികളായ ഡയറക്ടർമാർ ഇത് ഉന്നയിച്ചിട്ടുണ്ട്. ബാങ്കുകളിൽ കിട്ടാക്കടം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ വായ്പാ ഉപാധികൾ കർശനമാക്കുന്ന ആർ.ബി.ഐ.യെ ഇത് പ്രതിരോധത്തിലാക്കിയിരിക്കയാണ്. ഇതോടെയാണ് ഭിന്നത രൂക്ഷമായത്.

വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ നടത്തിയ സഹസ്രകോടികളുടെ വായ്പാത്തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കുന്നതിന് റിസർവ് ബാങ്ക് കർക്കശനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾക്ക് കാരണം റിസർവ് ബാങ്കിന്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ തലയൂരുകയാണുണ്ടായത്. എന്നാൽ, ബാങ്കുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ തങ്ങൾക്ക് വേണ്ടത്ര അധികാരമില്ലെന്ന് അന്നുതന്നെ റിസർവ് ബാങ്ക് തിരിച്ചടിച്ചിരുന്നു.

സർക്കാരിന്റെ പല നടപടികളും റിസർവ് ബാങ്കിന്റെ സ്വതന്ത്രപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ തുറന്നടിച്ചതോടെയാണ് ശീതസമരം മൂർച്ഛിച്ചത്. നേരത്തേ ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലും സർക്കാരിന്റെ അനാവശ്യ ഇടപെടലിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. പിന്നാലെ ആചാര്യയുടെ രൂക്ഷപ്രതികരണവും വന്നതോടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിയിലാണ്. രഘുറാം രാജനെ മാറ്റി ഉർജിത് പട്ടേലിനെ കൊണ്ടുവന്നതുതന്നെ അബദ്ധമായി എന്ന അടക്കംപറച്ചിൽ എൻ.ഡി.എ.യിൽ ഉയർന്നുതുടങ്ങിയതായി സാമ്പത്തികവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നോമിനികളായ മുൻ ബാങ്കർ സതീഷ് മറാഠെ, രേവതി അയ്യർ, സചിൻ ചതുർവേദി, എന്നിവരൊക്കെ ആർ.ബി.ഐ.യെ ഇക്കാര്യത്തിൽ സമ്മർദത്തിലാക്കുകയാണ്. ആർ.ബി.ഐ.യുടെ പ്രവർത്തനസ്വാതന്ത്ര്യത്തെപ്പറ്റി ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യയ്ക്ക് തുറന്നടിക്കേണ്ടിവന്നതും ഇതിനാലാണെന്നാണ് വിലയിരുത്തൽ. വിരൽ ആചാര്യ ഉയർത്തിയ പ്രശ്‌നങ്ങളിൽ റിസർവ് ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ(എ.ഐ.ആർ.ഇ.എ) ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ കേന്ദ്രബാങ്കിനെ തുരങ്കം വയ്ക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം. റിസർവ് ബാങ്കിന് കടിഞ്ഞാണിടാനുള്ള ശ്രമം രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. ഇരുപക്ഷവും വിശദമായ ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും സംഘടനാവക്താവ് ആവശ്യപ്പെട്ടു.

ഏറ്റമുട്ടലിന്റെ പ്രധാന കാരണങ്ങൾ

  • റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഡയറക്ടർ ബോർഡിൽ കൂടുതൽ നോമിനികളെ ഉൾപ്പെടുത്തിയത്.
  •  റിസർവ് ബാങ്കിലെ നീക്കിയിരുപ്പ് പണത്തിന്റെ നല്ലൊരു പങ്ക് സർക്കാരിന് നൽകാനുള്ള നിർദ്ദേശം
  • പലിശ നിരക്ക് കുറയ്ക്കാനുള്ള നിർദ്ദേശം റിസർവ് ബാങ്ക് അവഗണിക്കുന്നു.
  • നീരവ് മോദി സംഭവം ആർ.ബി.ഐ.യുടെ തലയിൽ കെട്ടിവെക്കാൻ സർക്കാർ ശ്രമിച്ചത്.
  •  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ വഴിവിട്ട് സഹായിക്കാൻ തയ്യാറല്ലെന്ന ആർ.ബി.ഐ. നിലപാട്
  • മറ്റൊരു പെയ്മെന്റ് നിയന്ത്രണ അഥോറിറ്റിയെ നിയമിക്കാനുള്ള സർക്കാർ നീക്കം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP