ഡെബിറ്റ് കാർഡുകളിൽ മാറ്റം വരുത്താൻ എസ്ബിഐ; മാഗ്നറ്റിക്ക് ഡെബിറ്റ് കാർഡുകൾ മാറ്റി ചിപ്പ് കാർഡുകൾ വാങ്ങണമെന്ന് അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം; കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതാണ് ചിപ്പ് കാർഡുകളെന്നും ഈ വർഷം അവസാനത്തോടെ മാഗ്നറ്റിക്ക് സട്രിപ്പ് കാർഡുകൾ ഉപയോഗിക്കാൻ പറ്റാതാകുമെന്നും എസ്ബിഐ അറിയിപ്പ്
August 18, 2018 | 12:22 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ഡെബിറ്റ് കാർഡുകളിൽ മാറ്റം വരുത്താൻ എസ്ബിഐ തീരുമാനം. നിലവിൽ ഉപയോഗിക്കുന്ന മാഗ്നറ്റിക്ക് കാർഡുകൾ മാറ്റി ചിപ്പ് കാർഡുകൾ വാങ്ങണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം നൽകി. 2018 അവസാനത്തോടെ മാഗ്നറ്റിക്ക് കാർഡുകൾ ഉപയോഗിക്കാൻ പറ്റാതാകും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് എസ്ബിഐയുടെ തീരുമാനം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാർഡ് മാറുന്ന വിവരം എസ്ബിഐ അറിയിച്ചത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതും കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ് ചിപ്പ് കാർഡുകൾ എന്നും എസ്ബിഐ അവകാശപ്പെടുന്നു.
പഴയ കാർഡുകൾ മാറ്റുന്നതിന് പ്രത്യേക ചാർജ് ഈടാക്കില്ല. കാർഡ് ഉടമയുടെ വിവരങ്ങൾ അതീവ സുരക്ഷിതമായി ചിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അവ ചോർത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഓൺലൈൻ ബാങ്കിങ് സൗകര്യമുള്ളവർ ലോഗിൻ ചെയ്ത് ഇ-സർവീസസ്- വിഭാഗത്തിൽ പോയി എടിഎം കാർഡ് സർവീസസിൽ ചെന്നാൽ പുതിയ കാർഡിന് അപേക്ഷിക്കാനാകും.അല്ലെങ്കിൽ ശാഖയിൽപോയി നേരിട്ട് അപേക്ഷ നൽകുകയുമാകാം.
