Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യക്ക് വേണ്ടാത്ത രഘുറാംരാജനെ കൊത്താൻ നിരവധി രാജ്യങ്ങൾ; മാസത്തിൽ പത്തുദിവസം എങ്കിലും എത്തുമോ എന്ന് ചോദിച്ച് സൗദി; സൗദി സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കാനുള്ള ദൗത്യം രഘുറാം രാജൻ ഏറ്റൈടുക്കും

ഇന്ത്യക്ക് വേണ്ടാത്ത രഘുറാംരാജനെ കൊത്താൻ നിരവധി രാജ്യങ്ങൾ; മാസത്തിൽ പത്തുദിവസം എങ്കിലും എത്തുമോ എന്ന് ചോദിച്ച് സൗദി; സൗദി സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കാനുള്ള ദൗത്യം രഘുറാം രാജൻ ഏറ്റൈടുക്കും

ന്യൂഡൽഹി: രഘുറാം രാജനെ വിവിധ ആരോപണങ്ങളുയർത്തി സുബ്രഹ്മണ്യംസ്വാമിയുടെ നേതൃത്വത്തിൽ ഇന്ത്യ പുകച്ചു പുറത്തുചാടിക്കുമ്പോൾ കൊത്തിക്കൊണ്ടുപോകാൻ നിരവധി രാജ്യങ്ങൾ രംഗത്ത്. ഇവയ്ക്കിടയിൽ ഏറ്റവും പ്രധാന ക്ഷണമെത്തിയത് സൗദി രാജാവിൽ നിന്നാണ്. എണ്ണവിലയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകാതെ സാമ്പത്തികരംഗം അടിമുടി പൊളിച്ചെഴുതാൻ ഒരുങ്ങുന്ന സൗദി തങ്ങൾക്ക് പറ്റിയ ആളാണ് രഘുറാം രാജനെന്നു കണ്ടാണ് ഇപ്പോൾ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നത്. സൗദിയിലെ സമ്പദ്ഘടനയുടെ വൈവിധ്യവത്കരണത്തിന് ചുക്കാൻ പിടിക്കാനാണ് ക്ഷണം.

എണ്ണവിലയെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആകർഷകമായ പ്രതിഫലവും ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യവും സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാസത്തിൽ പത്ത് ദിവസം സൗദിയിൽ ഉണ്ടായാൽ മതി. സെപ്റ്റംബർ നാലിനാണ് രഘുറാം രാജൻ ആർ ബി ഐ ഗവർണർ സ്ഥാനം ഒഴിയുന്നതോടെ സേവനം സൗദിക്കുവേണ്ടി ലഭ്യമാകുമോ എന്ന് ആരാഞ്ഞാണ് സൗദി രാജാവ് രംഗത്തെത്തിയിട്ടുള്ളത്.

അടുത്ത കാലത്തായി എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സൗദി കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. തൽഫലമായി എണ്ണവിലയെ ആശ്രയിച്ച് മുമ്പോട്ടില്ലെന്ന കടുത്ത തീരുമാനമെടുക്കാൻ സൗദി നിർബന്ധിതമായിരിക്കുകയാണ്.ഇതിന്റെ ഭാഗമായി തങ്ങളുടെ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതാനുള്ള തീരുമാനം. വരുമാനനികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ നടപ്പിലാക്കാൻ സൗദി ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇതു സംബന്ധിച്ച കൂടിയാലോചനകൾ നടത്തുന്നതിനായി നൂറുകണക്കിന് സൗദി ഒഫീഷ്യലുകളും കമ്പനി എക്‌സിക്യൂട്ടീവുകളും ഫോറിൻ കൺസൾട്ടന്റുമാരും റിയാദിലെ ആഡംബര ഹോട്ടലുകളിൽ ഫെബ്രുവരിയിൽ യോഗം ചേർന്നിരുന്നു. എണ്ണവിലയിടിയുന്ന പശ്ചാത്തലത്തിൽ സൗദിയുടെ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് അതിജീവിക്കുകയെന്ന കാര്യം ചർച്ച ചെയ്യുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. എണ്ണ വിലയെ ആശ്രയിച്ച് ദീർഘകാലം നിലനിൽക്കാനാവില്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് സമ്പദ് വ്യവസ്ഥയെ എങ്ങനെ പുനക്രമീകരിക്കാമെന്ന സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നത്.

ഈ ആലോചനകൾ നടക്കുന്നതിനിടെയാണ് രഘുറാം രാജനെ ഇന്ത്യ പുകച്ചുപുറത്തുചാടിക്കുന്നതും സൗദി ക്ഷണവുമായി എത്തുന്നതും. പുതുതായി നടപ്പിലാക്കുന്ന മാറ്റങ്ങളെ ദി നാഷണൽ ട്രാൻസ്ഫർമേഷൻ പ്ലാൻ(എൻടിപി) എന്നാണറിയപ്പെടുന്നത്. ഈ പദ്ധതികളിൽ പലതും ഇപ്പോൾ രഹസ്യമാണ്. അവ ഏതാനും ആഴ്ചകൾക്കുള്ളിൽ വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിശദീകരിക്കാൻ മിനിസ്റ്റർമാർ തയ്യാറായിട്ടില്ല.

അതേസമയം, സെപ്റ്റംബർ നാലിന് തന്റെ കാലാവധി അവസാനിച്ചാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർസ്ഥാനത്ത് തുടരില്ലെന്ന് രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു. വീണ്ടും ഗവർണറായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ അക്കാദമിക് രംഗത്തേക്ക് തിരിച്ചുപോകുകയാണെന്നും ആർബിഐ ജീവനക്കാർക്കുള്ള സന്ദേശമായി അദ്ദേഹം ആർബിഐ വെബ്‌സൈറ്റിൽ കുറിക്കുകയും ചെയ്തു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽനിന്ന് അവധിയെടുത്താണ് 2013 സെപ്റ്റംബറിൽ രഘുറാം രാജൻ ആർബിഐ ഗവർണറായത്. അടുത്തിടെ കേന്ദ്രസർക്കാർ അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രഘുറാം രാജന്റെ വിശദീകരണം.

എന്നാൽ സൗദിയിൽ നിന്നുള്ള ഓഫർ രഘുറാം രാജൻ നിരസിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ സ്ഥാനത്തു നിന്ന് രഘുറാം രാജൻ പുറത്തു പോകുമ്പോൾ സന്തോഷിക്കുന്നത് സുബ്രഹ്മണ്യം സ്വാമി മാത്രമല്ല. അദ്ദേഹത്തിന്റെ ചില നടപടികളിൽ കടുത്ത അസ്വസ്ഥതകൾ ഉള്ളവർ കൂടിയാണ്. ഇതിൽ വ്യവസായികളും വ്യക്തികളും സ്ഥാപനങ്ങളും ബാങ്കുകളും ഒക്കെ ഉൾപ്പെടുന്നുണ്ട്. രാജന്റെ നിലപാടുകളും നയങ്ങളും കാഴ്ചപ്പാടുകളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും എന്നാൽ ഇന്ത്യയിൽ അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നിരവധി പേരാണ് രഘുറാം രാജന്റെ പുറത്താകൽ കാത്തിരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP