Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്ഐഡിസിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് കമ്പനിക്ക് 1.8 കോടിയുടെ ഫണ്ടിങ്; അങ്കമാലിയിലെ വി എസ്ടി ട്രാവൽസിന് സഹായം എത്തിക്കുന്നത് ദുബായ് ആസ്ഥാനമായ കമ്പനി

കെഎസ്ഐഡിസിയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് കമ്പനിക്ക് 1.8 കോടിയുടെ ഫണ്ടിങ്; അങ്കമാലിയിലെ വി എസ്ടി ട്രാവൽസിന് സഹായം എത്തിക്കുന്നത് ദുബായ് ആസ്ഥാനമായ കമ്പനി

തിരുവനന്തപുരം: കെഎസ്ഐഡിസിയുടെ അങ്കമാലി സ്റ്റാർട്ടപ്പ് സോണിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള വി എസ്ടി ട്രാവൽസ് എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന് ദുബായ് ആസ്ഥാനമായ പ്രൊമാറ്റസ് ഗ്രൂപ്പിന്റെ മൂന്നുലക്ഷം ഡോളറിന്റെ (ഏകദേശം 1.8 കോടി രൂപ) ഫണ്ടിങ് ലഭിച്ചു. കെഎസ്ഐഡിസി പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൊന്നിന് ഇത്രയും വലിയ തുകയുടെ പ്രവർത്തന സഹായം ലഭിക്കുന്നത് ഇതാദ്യമാണ്.

വെഹിക്കിൾഎസ്ടി എന്ന പേരിൽ ഇവർ രൂപംകൊടുത്ത ആപ്ലിക്കേഷൻ കൂടുതൽ വികസിപ്പിക്കുന്നതിനും വിപണിയിലിറക്കുന്നതിനും ഫണ്ടിങ് സഹായകമാകും.
ഓട്ടോറിക്ഷ മുതൽ വിമാനം വരെ ഏതു യാത്രയ്ക്കുമുള്ള വാഹനം ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാക്കാനുതകുന്നതാണ് വെഹിക്കിൾഎസ്ടി എന്ന ആപ്ലിക്കേഷൻ.

ഓട്ടോറിക്ഷ, ടാക്സി കാർ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങൾക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിങ്, ക്രെയ്ൻ, ബുൾഡോസർ, റിക്കവറി വാഹനങ്ങൾ, ആംബുലൻസ് പോലുള്ള അത്യാവശ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയർ പഞ്ചറാകുകയോ, വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്ടെത്താൻ സാധിക്കും.

ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനത്തിന്റെ നിലവാരവും റിവ്യുവും അടിസ്ഥാനമാക്കി സേവന ദാതാക്കളെ റേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. അതുകൊണ്ടുതന്നെ, തുടർന്ന് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കാവശ്യമുള്ള സേവനദാതാവിനെ നിശ്ചയിക്കാനും സാധിക്കും. അക്ഷയകേന്ദ്രങ്ങളുമായി ചേർന്ന് സംസ്ഥാനത്തുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് സംരംഭത്തിന് ധനസഹായം ലഭ്യമായിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ ഉടൻതന്നെ ഐഒഎസ്, വിൻഡോസ് എന്നിവയിലും ലഭ്യമാക്കും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തെ 25 ഓട്ടോറിക്ഷകളുടെ സേവനമാണ് ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്നത്. കുടുംബശ്രീ ട്രാവൽസുമായും ഇവർ ധാരണയിലെത്തിയിരുന്നു. യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ടാബ്ലെറ്റുകൾ ഈ വാഹനങ്ങളിലുണ്ടാകും. യാത്രക്കാർക്ക് ടാക്സി പോകുന്ന വഴി മനസ്സിലാക്കാൻ ഇതിലെ നാവിഗേഷൻ സംവിധാനം ഉപയോഗിക്കാം. അതോടൊപ്പം ഇതിൽ പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിതവിഹിതം ടാക്സി ഉടമകൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബട്ടൺ അമർത്തിയാൽ അത്യാവശ്യ ഘട്ടങ്ങളിൽ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു ബന്ധപ്പെടാനാകും. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷയും വെഹിക്കിൾഎസ്ടി ഉറപ്പാക്കുന്നു.

ഗ്ലോബൽ ഓപ്പറേഷൻ പാർട്ണർഷിപ്പ് വ്യവസ്ഥയിൽ ഫണ്ടിങ് ലഭ്യമായതോടെ സ്റ്റാർട്ടപ്പ് കമ്പനിക്ക് തങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കാനുമുള്ള അവസരമാണ് കൈവരുന്നത്. ചേർത്തല ഇൻഫോപാർക്കിൽ ഗവേഷണ വികസന വിഭാഗം ആരംഭിക്കുന്നതിനൊപ്പം ഗൾഫിലും യുഎസിലും ഓഫീസുകളും തുറക്കാനാകും. നിലവിൽ കെഎസ്ഐഡിസിയുടെ മെന്ററിംഗും ഇൻകുബേഷൻ സൗകര്യവും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ആറു മാസം മുൻപു മാത്രം തുടങ്ങിയ വെഹിക്കിൾഎസ്ടിയാണ് ഏറ്റവും കുറഞ്ഞ കാലയളവിൽ വലിയ തുകയുടെ ഫണ്ടിങ് ലഭ്യമാകുന്ന ആദ്യത്തെ സ്റ്റാർട്ടപ്പ് കമ്പനി.
തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊമാറ്റസ് ഗ്രൂപ്പ് ചെയർമാൻ ജോഷി ബാബുവും വെഹിക്കിൾഎസ്ടി സിഇഒ ആൽവിൻ ജോർജും ധാരണാപത്രം ഒപ്പുവച്ചു. കെഎസ്ഐഡിസി എംഡി ഡോ. എം.ബീന, തിരുവനന്തപുരം ഡിസിപി ശിവവിക്രം, ടെക്നോപാർക്ക് സിഇഒ ഋഷികേശ് നായർ, പ്രൊമാറ്റസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശേഷപ്രകാശ്, വെഹിക്കിൾഎസ്ടി സിഒഒ നവീൻ ദേവ്, സിടിഒ പി.വി. സതീഷ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP