പൊതുവിൽ വിൽപ്പന കുറഞ്ഞിട്ടും മഹിന്ദ്ര പിടിച്ചു നിന്നത് യൂട്ടിലിറ്റി വാഹനങ്ങളുടെ കച്ചവടത്തിൽ; വാഹനവിപണിയിൽ സൂപ്പർ ഹിറ്റായി മറാസോയും XUV300യും; കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റ 45,421 വാഹനങ്ങളിൽ 19524ഉം യൂട്ടിലിറ്റി വാഹനങ്ങൾ
June 05, 2019 | 01:25 PM IST | Permalink

മറുനാടൻ ഡെസ്ക്
വിൽപ്പന ഒന്നടങ്കം കുറഞ്ഞ മെയ് മാസത്തിൽ മറാസോയും XUV300 -യും മഹീന്ദ്രക്ക് തുണയായി. 45,421 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം മഹീന്ദ്ര വിപണിയിൽ വിറ്റത്. ഇതിൽ 19,524 യൂണിറ്റുകൾ യൂട്ടിലിറ്റി വാഹനങ്ങളുടെ മാത്രം സംഭാവനയാണ്. മറാസോ, XUV300 എന്നീ യൂട്ടിലിറ്റി വാഹനങ്ങളാണ് ഇപ്പോൾ മഹീന്ദ്ര നിരയിലെ സൂപ്പർഹിറ്റുകൾ. 2018 മെയ് മാസത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിവാണ് മഹീന്ദ്രക്ക് വിൽപ്പനയിൽ കഴിഞ്ഞ മാസം ഉണ്ടായത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 46,848 വാഹനങ്ങൾ മഹീന്ദ്ര വിറ്റിരുന്നു. 20,608 പാസഞ്ചർ വാഹനങ്ങൾ മാത്രം കമ്പനി മേയിൽ വിപണിയിൽ എത്തിച്ചു. വെരിറ്റോ വൈബ്, വെരിറ്റോ, KUV100 NXT, TUV300, TUV300 പ്ലസ്, XUV300, ബൊലേറോ, ബൊലേറോ പ്ലസ്, ഥാർ, സ്കോർപിയോ, മറാസോ, XUV500, ആൾട്യുറാസ് G4 എന്നീ മോഡലുകൾ മഹീന്ദ്രയുടെ പാസഞ്ചർ നിരയിൽ ഉൾപ്പെടും.
കഴിഞ്ഞ സാമ്പത്തിക വർഷമാണ് മൂന്നു പുതിയ മോഡലുകളെ കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചത്. ഇതിൻപ്രകാരം ആദ്യം മറാസോ എംപിവിയെത്തി. പിന്നെ ഏഴു സീറ്റർ ആൾട്യൂറസ് G4 വന്നു. ഏറ്റവുമൊടുവിൽ നാലു മീറ്ററിൽ താഴെ നീളമുള്ള XUV300 എസ്യുവിയും വിപണിയിലെത്തി.
പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പുറമെ വൈദ്യുത കാറുകളും മഹീന്ദ്ര വിപണിയിൽ വിൽക്കുന്നുണ്ട്. പോയമാസം വൈദ്യുത കാർ വിൽപ്പനയിൽ 24 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവർഷം മേയിൽ 1,420 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി 1,084 യൂണിറ്റുകൾ മാത്രമേ മഹീന്ദ്രയ്ക്ക് വിൽക്കാനായുള്ളൂ.
വാണിജ്യ വാഹന വിൽപ്പനയിലും അഞ്ചു ശതമാനം ഇടിവ് കമ്പനിയെ തേടിയെത്തി. 17,879 യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ മഹീന്ദ്ര വിറ്റത്. ഇടത്തരം, ഉയർന്ന ശേഷിയുള്ള വാണിജ്യ വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. കയറ്റുമതിയിലും 22 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. 2,365 യൂണിറ്റുകളാണ് പോയമാസം വിദേശ വിപണികളിലേക്ക് മഹീന്ദ്ര കയറ്റുമതി ചെയ്തത്.
മുൻവർഷം ഇതേ കാലയളവിൽ കയറ്റുമതി 3,030 യൂണിറ്റുകളായിരുന്നു. 24,704 ട്രാക്ടർ യൂണിറ്റുകളും കഴിഞ്ഞമാസം മഹീന്ദ്ര വിൽക്കുകയുണ്ടായി. പൊതു തിരഞ്ഞെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾക്ക് വിപണിയിൽ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമൊട്ടീവ് സെക്ടർ പ്രസിഡൻഡ് രാജൻ വധേര പറഞ്ഞു.
