ബിസിനസിൽ ചേട്ടനോട് മത്സരിച്ച് തോറ്റ് സാന്താക്രൂസിലെ ആസ്ഥാനം വരെ വിറ്റുരക്ഷപ്പെടാൻ അനിയൻ; അമ്മ ഇടപെട്ട് ശണ്ഠ തീർത്തെങ്കിലും എന്നും ചേട്ടനെ അകറ്റി അനിയൻ; ഒടുവിൽ എറിക്സണ് 580 കോടി ഉടൻ കൊടുത്തില്ലെങ്കിൽ ജയിലിൽ കിടന്നോളാൻ കോടതി പറഞ്ഞപ്പോൾ രക്ഷകനായത് അലിവുള്ള ചേട്ടനും! പാപ്പർ ഹർജി കൂടി നൽകിയതോടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനെ ഏറ്റെടുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ
July 17, 2019 | 05:02 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ചെട്ടനും അനിയനും തമ്മിൽ ബിസിനസിൽ വലിയ മത്സരം. അച്ഛനുള്ള കാലത്ത് ഇങ്ങനെയായിരുന്നില്ലല്ലോ എന്നോർത്ത് അമ്മ. 17 വർഷം മുമ്പ് ധിരുഭായി അംബാനി മരിച്ചപ്പോൾ മുതലാണ് പിന്തുടർച്ചാവകാശികളായ അംബാനി സഹോദരന്മാർ തമ്മിൽ പോര് തുടങ്ങിയത്. റിലയൻസ് സാമ്രാജ്യം കൈയടക്കാൻ വേണ്ടിയുള്ള യുദ്ധം ആളിക്കത്തിയതോടെ, റിലയൻസ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞു. അമ്മ കോകിലബെൻ ഇടപെട്ടാണ് 2005 ൽ ഒരുകരാറുണ്ടാക്കിയത്.
മുകേഷ് അംബാനിക്ക് എണ്ണയും, പ്രകൃതിവാതകവും, പെട്രോകെമിക്കൽ, റിഫൈനിങ്, നിർമ്മാണ മേഖലകൾ ഭാഗമായി കൊടുത്തപ്പോൾ, അനിൽ അംബാനിക്ക് വൈദ്യുതി, ടെലികോം, ഫിനാൻഷ്യൽ സർവീസ് മേഖലകളും കിട്ടി. സംഗതി അവിടം കൊണ്ട് അവസാനിച്ചില്ല. സഹോദരന്മാർ വാർത്താസമ്മേളനങ്ങളിലൂടെ പോരടിച്ചു. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രിക്കുള്ള കത്തുകൾ, വാർത്താ ചാനലുകൾക്കുള്ള അഭിമുഖം അങ്ങനെ പോയ പോര് കോടതിയിലേക്ക് വരെ നീണ്ടു. ഒടുവിൽ വീണ്ടും അമ്മ തന്നെ ഇടപെട്ടു. സഹോരന്മാർ കൈകൊടുത്തിപിരിഞ്ഞു.
കാലക്കേട് പിടികൂടിയപ്പോൾ നട്ടംതിരിഞ്ഞ് അനിൽ
പലവിധകാരണങ്ങളാൽ, അനിൽ അംബാനിക്ക് ശനിദശയായി. ബിസിനസ് വിചാരിച്ച പോലെ ഓടിയില്ല. മുകേഷുമായുള്ള സാമ്പത്തിക അന്തരം കൂടി. ഇപ്പോൾ മുകേഷിന്റെ സ്വത്ത് 5210 കോടി യുഎസ് ഡോളറാണ്. അനിലിന്റേത് വെറും 140 കോടി ഡോളർ മാത്രവും. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയൻസ് സെന്റർ വിൽക്കാനോ വാടകയ്ക്കു നൽകാനോ അനിൽ ശ്രമമാരംഭിച്ചതായി വാർത്തകൾ വന്നത് ഈ മാസം ആദ്യമാണ്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു അനിലിന്റെ ആസ്ഥാനം.
വിൽക്കാൻ സാധിച്ചാൽ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനിൽ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം.റിലയൻസ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയിൽ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.സാന്താക്രൂസിലെ ആസ്ഥാനത്തെ ആറു ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നൽകാൻ ഉദ്ദേശിക്കുന്നത്. ആസ്ഥാനത്തിനാകെ 1500 മുതൽ 2000 കോടി രൂപയാണു മതിപ്പുവില.
മുങ്ങിത്താണപ്പോൾ കൈപിടിക്കാൻ രക്ഷകനായി ചേട്ടൻ
ഒന്നുമില്ലെങ്കിലും ഏകോദര സഹോദരങ്ങളല്ലേ? ഒരുപ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോൾ കൈപിടിക്കാൻ എങ്ങനെ എത്താതിരിക്കും? എറിക്സന്റെ കടം വീട്ടാൻ മുകേഷ് നടപടി സ്വീകരിച്ചതോടെയാണ് അകന്നുപോയ സഹോദരങ്ങൾ അടുത്തത്. ഏറ്റവും ഒടുവിലത്തെ വാർത്തകൾ പ്രകാരം അനിലിന്റെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ പാപ്പർ ഹർജി നടപടികൾ നടക്കുമ്പോൾ ലേലത്തിൽ പങ്കെടുത്ത് ആസ്തികൾ വാങ്ങാനാണ് മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കം. ആർകോമിന്റെ വായുതരംഗങ്ങളും, ടവറുകളും വാങ്ങി റിലയൻസ് ജിയോയുടെ ടെലികോം സൗകര്യങ്ങൾ പോഷിപ്പിക്കാനാണ് മുകേഷിന്റെ തീരുമാനം. 5 ജി സർവീസുകൾ ആരംഭിക്കും മുമ്പുള്ള നിർണായക നീക്കം കൂടിയാണിത്. ഇതിന് പുറമേ ഇളയസഹോദരന്റെ നവി മുംബൈയിലെ ഭൂമി വാങ്ങാനും മുകേഷിന് താൽപര്യമുണ്ട്. ധിരുഭായി അംബാനി നോളജ് സിറ്റി അഥവാ ഡിഎകിസി അനിലിന്റെ പ്രധാന പദ്ധതിയായിരുന്നു. ഇത് 90 കളിൽ ഐസിഎൽ പോളിസ്റ്റർ ഫൈബർ വ്യവസായം ഏറ്റെടുത്ത് ധിരുഭായി അംബാനി തുടങ്ങിയതാണ്. 25,000 കോടിയുടെ ആസ്തിയാണ് ഡിഎകെസി.
നേരത്തെ റിയൻസ് ജിയോ ആർകോമിന്റെ സ്പെക്ട്രം 7300 കോടിക്ക് വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും, ടെലികോം വകുപ്പ് പച്ചക്കൊടി കാട്ടിയില്ല. 46,000 കോടി വരുന്ന ആർകോമിന്റെ കടം ഏറ്റെടുക്കാൻ ജിയോ തയ്യാറാവാതിരുന്നതോടെയാമ് ഡിഒടി അനുമതി നിഷേധിച്ചത്. നിലവിൽ, 21 സർക്കിളുകളിൽ ആർകോമിന്റെ 850 മെഗാഹെർട്സ് വായുതരംഗങ്ങൾ ജിയോ ഉപയോഗിക്കുന്നുണ്ട്. കച്ചവടതാൽപര്യത്തിന് പിന്നിൽ മുകേഷിന് അൽപം വൈകാരിക കാരണങ്ങൾ കൂടിയുണ്ട്. ഒരുടെലികമ്യൂണിക്കേഷൻ കമ്പനി തുടുങ്ങുകയെന്നത് അംബാനി കുടുംബത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. ആർകോം എന്ന യാഥാർഥ്യം ഇല്ലാതാക്കാൻ മുകേഷിന് ഒട്ടും താൽപര്യമില്ല.
കഴിഞ്ഞ മാർച്ചിലാണ് സ്വീഡിഷ് ടെലികോം ഉൽപ്പന്ന നിർമ്മാതാവായ എറിക്സന് കൊടുക്കാനുള്ള 580 കോടിയുടെ കടം വീട്ടി ഇളയസഹോദരനെ രക്ഷിച്ചതാണ് വഴിത്തിരിവായത്. കടം വീട്ടിയില്ലെങ്കിൽ അനിൽ അംബാനി ജയിലിൽ പോകേണ്ടി വരുമായിരുന്നു.
