അമേരിക്കൻ ഉപരോധം നിലവിൽ വന്നാലും ഇന്ത്യ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ആത്മവിശ്വാസസം പ്രകടിപ്പിച്ച് ഇറാൻ; അമേരിക്കയിൽ വെച്ച് കണ്ടപ്പോൾ സുഷമ സ്വരാജ് ഉറപ്പുനൽകിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി; വില കുറച്ചും ഗതാഗതച്ചെലവ് ഏറ്റെടുത്തും എണ്ണ നൽകാൻ ആലോചിച് ഇറാൻ
September 28, 2018 | 01:11 PM IST | Permalink

സ്വന്തം ലേഖകൻ
നവംബർ നാലിനുള്ളിൽ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണെന്നാണ് അമേരിക്ക ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാനുമേൽ അമേരിക്കയുടെ ഉപരോധം വന്നുകഴിഞ്ഞാൽ ഇന്ത്യ എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ഇറക്കുമതി തുടരുമെന്ന ആത്മവിശ്വാസത്താലാണ് ഇറാൻ.
കഴിഞ്ഞദിവസം അമേരിക്കയിൽവെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അവർ അറിയിച്ചതായും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുഷമ സ്വരാജും താനും കണ്ടതെന്നും മുഹമ്മദ് ജാവിദ് സരീഫ് പറഞ്ഞു.
മെയ് മാസത്തിലാണ് അമേരിക്ക ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിന്മാറിയതും എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടതും. നവംബർ നാലിനാണ് ഉപരോധം പ്രാബല്യത്തിൽവരിക. അപ്പോഴേക്കും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും വെട്ടിക്കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ, ഇറാനുമായുള്ള സാമ്പത്തിക സഹകരണവും എണ്ണവ്യാപാരവും തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് സുഷമ സ്വീകരിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇറക്കുമതി തുടരാൻ ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ബാധ്യതയും ഇറാനുണ്ട്. അമേരിക്കയുടെ പ്രഖ്യാപനം വന്നയുടനെ ഇന്ത്യ ഇറാനിൽനിന്നുള്ള ഇറക്കുമതിയുടെ അളവ് കുറച്ചിരുന്നു. എന്നാൽ, ഇത് പൂർണമായും നിർത്താനുള്ള തീരുമാനമൊന്നും ഇതേവരെ ഇന്ത്യ കൈക്കൊണ്ടിട്ടില്ല. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ.
ഇറാനിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കുന്നതിന് ഇന്ത്യയക്ക് മുന്നിൽ നിരവധി വാഗ്ദാനങ്ങളും ഇറാൻ വെച്ചിട്ടുണ്ട്. സൗജന്യമായി എണ്ണ ഇന്ത്യയിലെത്തിക്കാമെന്നതും പണം നൽകുന്നതിനുള്ള കാലയളവ് കൂട്ടിനൽകാമെന്നതും അതിൽ ചിലതാണ്. മുമ്പ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നപ്പോഴും ഇന്ത്യ ഇറാനുമായുള്ള എണ്ണവ്യാപാരം തുടർന്നിരുന്നു. അതേ അവസ്ഥ തന്നെയാകും നവംബർ നാലിനുശേഷമെന്നാണ് ഇറാൻ വിശ്വസിക്കുന്നതെന്ന് മന്ത്രിയുടെ വാക്കുകൾ തെളിയിക്കുന്നു.
