Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം നിക്ഷേപകർക്ക് സ്വാഗതമോതി ഇന്ത്യൻ ബാങ്കിങ് മേഖല; പലിശരഹിത ബാങ്കിംഗിന് തുടക്കമാകുന്നു; ശരീഅ ഇക്വിറഫ്‌റി ഫണ്ട് എന്ന പേരിൽ പ്രത്യേക മ്യൂച്വൽ ഫണ്ടിന് തുടക്കം കുറിച്ച് എസ്‌ബിഐ

മുസ്ലിം നിക്ഷേപകർക്ക് സ്വാഗതമോതി ഇന്ത്യൻ ബാങ്കിങ് മേഖല; പലിശരഹിത ബാങ്കിംഗിന് തുടക്കമാകുന്നു; ശരീഅ ഇക്വിറഫ്‌റി ഫണ്ട് എന്ന പേരിൽ പ്രത്യേക മ്യൂച്വൽ ഫണ്ടിന് തുടക്കം കുറിച്ച് എസ്‌ബിഐ

ന്യൂഡൽഹി: ലോകവ്യാപകമായുള്ള മുസ്ലിം മതവിശ്വാസികൾക്ക് ഹറാമായ കാര്യങ്ങളിൽ ഒന്നാണ് പലിശ. അതുകൊണ്ട് തന്നെ ബാങ്കിങ് രംഗത്ത് മുസ്ലിം നിക്ഷേപകർ അധികം താൽപ്പര്യം പ്രകടിപ്പിക്കാറുമില്ല. ഇങ്ങനെ ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള വ്യവസായികൾക്ക് പ്രയോജനകരമായ പലിശ രഹിത ബാങ്കിങ് രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും. ശരിഅ ബാങ്കിംഗിന് സർക്കാർ പച്ചക്കൊടി കാട്ടിയതോടെ മുസ്ലിം നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. യുപിഎ സർക്കാറിന്റെ കാലത്ത് പി ചിദംബരം തുടക്കമിട്ട ശരിഅ ബാങ്കിംഗിന് ബിജെപി സർക്കാറും അനുമതി നൽകിയതോടെ എസ്‌ബിഐ ശരീഅ ഇക്വിറ്റി ഫണ്ട് സമാഹരിക്കാൻ നടപടികൾ തുടങ്ങി. എസ്‌ബിഐയുടെ തീരുമാനത്തോടെ ഇന്ത്യ ഔദ്യോഗികമായി പലിശരഹിത ഇസ്ലാമിക് ഫിനാൻസിലേക്ക് കടന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എസ്.ബി.ഐ ശരീഅ ഇക്വിറ്റി ഫണ്ട് എന്ന പേരിൽ പ്രത്യേക മ്യൂച്വൽ ഫണ്ടിന് തുടക്കം കുറിച്ചത്.

ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബർ ഒന്നിനാണ് ആദ്യമായി എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാൻസ് ഉൽപന്നം ഓഹരി വിപണിയിലിറക്കുന്നത്. ഇന്ത്യൻ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയാണ് എസ്.ബി.ഐയുടെ ചുവടുവെപ്പ്. ഡിസംബർ ഒന്നിന് ഇന്ത്യൻ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഇക്വിറ്റി ഫണ്ട് ഡിസംബർ 15ന് ക്‌ളോസ് ചെയ്യും. തുടർന്ന് ഡിസംബർ 26 മുതൽ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങുമെന്ന് എസ്.ബി.ഐ അറിയിച്ചു.

ശരീഅ അടിസ്ഥാനമാക്കി നിക്ഷേപമിറക്കുന്നവർക്ക് മാത്രമല്ല, സാമൂഹിക തിന്മകളില്ലാത്ത നിക്ഷേപങ്ങളിൽ പണമിറക്കാൻ ആഗ്രഹിക്കുന്ന മറ്റു ദീർഘകാല നിക്ഷേപകർക്കും അനുയോജ്യമാണ് ശരീഅ ഇക്വിറ്റി ഫണ്ട് എന്ന് എസ്.ബി.ഐ വ്യക്തമാക്കി. ഈ നിക്ഷേപം ഹൈ റിസ്‌ക് ഗണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണ മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലെന്ന പോലെ നിക്ഷേപകർ തങ്ങളുടെ ധനകാര്യ ഉപദേശകരുമായി കൂടിയാലോചിച്ചാണ് നിക്ഷേപം ഇറക്കേണ്ടതെന്നും എസ്.ബി.ഐ ഉപദേശിച്ചു. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സമാഹരിച്ച് ഓഹരി വിപണിയിലിറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ച എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുക.

സമാഹരിക്കുന്ന നിക്ഷേപം ഇന്ത്യൻ ശരീഅ ബോർഡിന്റെ അംഗീകാരമുള്ള കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. ഏത് കമ്പനിയാണ് ശരീഅ നിയമങ്ങൾക്ക് അനുസൃതമായി നിക്ഷേപിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താൻ ഇസ്ലാമിക പണ്ഡിതർ അടങ്ങുന്ന ശരീഅ ബോർഡ് ഫത്വ പുറപ്പെടുവിക്കും. നിക്ഷേപങ്ങൾ ശരീഅ നിയമങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അവലംബിക്കും.

അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറിയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറലുമായ മൗലാന ഖാലിഖ് സൈഫുല്ലാ റഹ്മാനി, ബംഗളൂരുവിലെ ജാമിഅ ഇസ്ലാമിയ മസീഹുൽ ഉലൂം റെക്ടർ മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാൻ എന്നിവരാണ് നിലവിൽ ഇന്ത്യൻ ശരീഅ ബോർഡിന്റെ ഫത്വ നൽകുക. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്ന കാര്യം ഉറപ്പാണ.് കഴിഞ്ഞ ഇടതുസർക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഇത്തരം ഇസ്ലാമിക് ബാങ്കിങ് എന്ന ആശയത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാർ ഇക്കാര്യത്തിൽ കാര്യമായ നടപടികൾ സ്വീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP