Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു? സുജിത് കുമാറിന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം

ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു? സുജിത് കുമാറിന്റെ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം

സുജിത് കുമാർ

ബിറ്റ് കോയിനെക്കുറിച്ചും ബ്ലോക് ചെയിനെക്കുറിച്ചും സാങ്കേതികമായി കൂടുതൽ പറയുന്നതിനു മുൻപ് നമുക്കൊരു ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

  1. ഗോപാലൻ തന്റെ പ്ലാവിലുള്ള പത്ത് ചക്കകൾ വിൽക്കാനാഗ്രഹിക്കുന്നു. കുറേ നാളായി ബിറ്റ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയെക്കുറിച്ച് കേൾക്കുന്നു. എന്നാൽ പിന്നെ ചക്കയുടെ പണമായി രൂപയ്ക്കും ഡോളറിനും പകരം ബിറ്റ് കോയിൻ സ്വീകരിച്ചേക്കാമന്ന് ഗോപാലനു തോന്നിയെങ്കിൽ തെറ്റു പറയാനാകില്ലല്ലോ.

  2. ചക്ക വിൽപ്പനയ്ക്കുണ്ടെന്ന് ഗോപാലൻ ഈ-ബേയിൽ പരസ്യം ചെയ്തു. ഒരു ചക്കയ്ക്ക് വിലയായി ഒരു ബിറ്റ് കോയിനും നിശ്ചയിച്ചു. ഇനി ബിറ്റ് കോയിൻ സ്വീകരിക്കാൻ ഒരു സംവിധാനം വേണ്ടേ ? ബാങ്കിലേക്ക് പണം സ്വീകരിക്കാൻ അക്കൗണ്ട് നമ്പർ കൊടുക്കുന്നതുപോലെ, പേ ടി എം വഴി പണം വാങ്ങാൻ മൊബൈൽ നമ്പർ കൊടുക്കുന്നതുപോലെ ബിറ്റ് കോയിൻ സ്വീകരിക്കാനും ഒരു വിലാസം ഉണ്ടാക്കണം. അത് വളരെ എളുപ്പമാണ്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന ബിറ്റ് കോയിൻ വാലറ്റ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്‌തെടുത്തു (Electrum, Bit Knots, GreenAddress തുടങ്ങി പല തരത്തിലുള്ള വാലറ്റുകളും ലഭ്യമാണ്). ഇതല്ലാതെ മൊബൈൽ ആപ്പുകളായുള്ള വാല്ലറ്റുകളുണ്ട്, ഓൺലൈൻ വാലറ്റുകളുണ്ട്. അങ്ങിനെ പലതും . ഗോപാലൻ എന്തായാലും തെരഞ്ഞെടുത്തത് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ഓഫ് ലൈൻ വാലറ്റ് ആണ്. അതിനൊരു കാരണമുണ്ട്- സ്വന്തം കമ്പ്യൂട്ടർ ആയതുകൊണ്ട് കൂടുതൽ വിശ്വസനീയതയുണ്ടല്ലോ. ആരുടേയെങ്കിലുമൊക്കെ സെർവ്വറിൽ ബിറ്റ് കോയിനുകൾ എന്ത് വിശ്വാസത്തിൽ സൂക്ഷിക്കും? അവർ എങ്ങാനും പൊടി തട്ടി സ്ഥലം വിട്ടാലോ ? നാളെ ആ വെബ് സൈറ്റേ അപ്രത്യക്ഷമായാലോ ? അങ്ങനെയുള്ള ആശങ്കകൾ ഉള്ളതിനാൽ ബിറ്റ് കോയിൻ ഓഫ്ലൈൻ വാലറ്റ് തന്നെ ഉപയോഗിച്ചു. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു. അതു വഴി ഒരു ബിറ്റ് കോയിൻ വിലാസം ഉണ്ടാക്കിയെടുത്തു. പാസ്വേഡൊക്കെ നൽകി സുരക്ഷിതമാക്കിയ ഒരു ചെറിയ പേഴ്‌സ് ആക്കി ഇതിനെ കണക്കാക്കാം. തന്റെ ബിറ്റ് കോയിൻ പേഴ്‌സിന്റെ താക്കോലായ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് അലമാരിയിൽ വച്ച് പൂട്ടുകയും ചെയ്തു. കാരണം കമ്പ്യൂട്ടറെങ്ങാൻ നാശമായി പോയാൽ തീർന്നില്ലേ കാര്യം . ബിറ്റ് കോയിൻ വാലറ്റിന്റെ വിലാസമായി ലഭിച്ച പ്രത്യേക കോഡ് പകർത്തി എടുത്ത് ആർക്ക് വേണമെങ്കിൽ കൈമാറാം. പേ ടി എം വഴി പണം സ്വീകരിക്കാൻ നമ്മൾ മൊബൈൽ നമ്പർ മറ്റുള്ളവർക്ക് കൊടുക്കാറില്ലേ അതുപോലെത്തന്നെ. ഈ കോഡ് അതേ രൂപത്തിലോ ക്യു ആർ കോഡ് ആക്കിയോ എല്ലാം പകർത്താനും പ്രിന്റ് ചെയ്യാനുമൊക്കെയുള്ള സൗകര്യം ബിറ്റ് കോയിൻ വാലറ്റുകൾ നൽകുന്നു. ഇപ്പോൾ ഗോപാലനൊരു ബിറ്റ് കോയിൻ വിലാസമായി. ഇത് തന്റെ ചക്ക വിൽപ്പനയ്ക്കുള്ള ഈ ബേ പരസ്യത്തിൽ പണം നൽകാനുള്ള വിലാസമായി ചേർത്തു.

  3. ഗോപാലന്റെ ചക്കപ്പരസ്യം കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പ്രസ്തുത ബിറ്റ് കോയിൻ വിലാസത്തിലേക്ക് നിശ്ചിത മൂല്ല്യമുള്ള ബിറ്റ് കോയിൻ നൽകി ആ വിവരം അറിയിച്ചാൽ ചക്ക കൊറിയറായി അയയ്ക്കപ്പെടുമെന്ന രീതിയിൽ കാര്യങ്ങളെത്തി.

  4.  അങ്ങനെ ബിറ്റ് കോയിൻ കയ്യിലുള്ള ചങ്കരൻ എന്ന ചക്കപ്രാന്തൻ ഗോപാലന്റെ ചക്ക ബിറ്റ് കോയിനു പകരമായി വാങ്ങാൻ തീരുമാനമെടുക്കുന്നു. അയാൾ തന്റെ ബിറ്റ് കോയിൻ വാലറ്റിലെ ബിറ്റ് കോയിൻ അയയ്ക്കാനുള്ള സംവിനത്തിൽ ഗോപാലന്റെ ബിറ്റ് കോയിൻ വിലാസം പകർത്തി 'send' ബട്ടൻ അമർത്തുന്നു. അതോടെ ഒരു ബിറ്റ് കോയിൻ ഇടപാടിനു തുടക്കമാവുകയായി.

  5. ചങ്കരന്റെ പേഴ്‌സിലുള്ള പത്തു ബിറ്റ് കോയിനുകളിൽ നിന്നും ' ഒരു ബിറ്റ് കോയിൻ ഗോപാലന്റെ പേഴ്‌സിലേക്ക് മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. ' എന്ന് ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ഉറക്കെ അറിയിപ്പ് നൽകപ്പെടുന്നു (ഇതിനെ ബ്രോഡ് കാസ്റ്റിങ് എന്ന് വിളിക്കാം). ചങ്കരന്റെ പേഴ്‌സിൽ എത്ര ബിറ്റ് കോയിനുണ്ടെന്നും ഗോപാലന്റെ പേഴ്‌സിൽ എത്ര ബിറ്റ് കോയിൻ ഉണ്ടെന്നും ഉള്ള വിവരങ്ങൾ പൊതു കണക്ക് പുസ്തകമായ ബ്ലോക് ചെയിനിൽ ഉണ്ട്. ഇനി അതിൽ പുതിയ ഇടപാട് രേഖപ്പെടുത്തണം. അതായത് ചങ്കരന്റെ പേഴ്‌സിൽ നിന്നും ഗോപാലന്റെ പേഴ്‌സിലേക്ക് ഒരു ബിറ്റ് കോയിൻ മാറ്റി ചങ്കരന്റെ പേഴ്‌സിൽ 9 ഉം ഗോപാലന്റെ പേഴ്‌സിൽ 1 ഉം ആയി കണക്ക് പുതുക്കണം. ഇത് ആര് ചെയ്യും ? പേ ടി എം വഴി ഇടപാട് നടത്തുമ്പോൾ പേ ടി എം കാർ ചെയ്യും , ബാങ്കുകൾ വഴി നടത്തുമ്പോൾ ബാങ്ക് ജീവനക്കാരോ ബാങ്കിങ് സോഫ്റ്റ്‌വെയറോ ചെയ്യും. പക്ഷേ ഇവിടെ അങ്ങനെ ഇടനിലക്കാരൊന്നുമില്ലാത്തതിനാൽ പിന്നെ ഈ ഇടപാട് രേഖപ്പെടുത്തുന്ന ജോലി ആരു ചെയ്യും ? അവിടെയാണ് ബിറ്റ് കോയിൻ വ്യത്യസ്തമാകുന്നത്. ബിറ്റ് കോയിൻ നെറ്റ്‌വർക്കിലുള്ള ആർക്കും ഈ പണി ചെയ്യാം . ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകമെടുക്കുക, അതിൽ രണ്ടൂ പേരുടേയും വിവരങ്ങൾ നോക്കുക, ഇടപാട് രേഖപ്പെടുത്തുക. ഇതാണ് പണി. ഈ പണീ ചെയ്യുന്നവരുടേ പേരാണ് ബിറ്റ് കോയിൻ മൈനേഴ്‌സ്. അതായത് ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾ. ബിറ്റ് കോയിൻ ശ്രുംഖലയിൽ നടക്കുന്ന ഇടപാടുകളെല്ലാം പരിശോധിച്ച് ബ്ലോക് ചെയിനിൽ ചേർക്കുന്ന പണി ചെയ്യുന്ന ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിക്ക് ബിറ്റ് കോയിൻ ശ്രുംഖല പ്രതിഫലമായി ബിറ്റ് കോയിനുകൾ നൽകുന്നു.

  6. ഇതുവരെ കാര്യങ്ങൾ എളുപ്പമായിരുന്നു അല്ലേ? ചങ്കരന്റെയും ഗോപാലന്റെയും കണക്ക് നോക്കി ഇടപാട് കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയാൽ ബിറ്റ് കോയിൻ ലഭിക്കും . കൊള്ളാമല്ലോ പരിപാടി. അങ്ങനെ ചിന്തിക്കാൻ വരട്ടെ. അത്ര ലളിതമല്ല കാര്യങ്ങൾ. ഈ കണക്ക് ചേർക്കൽ പരിപാടി റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെ ഒരു പസിൽ ആണ്. റൂബിക് ക്യൂബ് സോൾവ് ചെയ്യാൻ ശ്രമിക്കുന്നവർക്കറിയാം അതെത്ര കഠിനമാണെന്ന്. ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകം ഒരു ക്രിപ്‌റ്റോഗ്രാഫിക് സൂത്രപ്പണിയാണ്. ക്രിപ്‌റ്റോഗ്രാഫിയുടെ സങ്കീർണ്ണതകളെക്കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല. ഇത്രമാത്രം മനസ്സിലാക്കുക പേരു പോലെത്തന്നെ ഇതിൽ ഇടപാടുകൾ ചേർക്കുന്നത് ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഇഷ്ടികകൾ ആയാണ്. അതായത് തൊട്ട് മുൻപുള്ള ഇഷ്ടികയുമായി ഒരു പ്രത്യേക രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഇഷ്ടിക ഉണ്ടാക്കിയെടുത്താൽ മാത്രമേ പുതിയ ഇഷ്ടിക ബ്ലോക് ചെയിനോട് ചേർന്ന് നിൽക്കൂ. ഈ ഇഷ്ടിക ഉണ്ടാക്കുന്നത് റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെയുള്ള ഒരു പസിൽ ആണെന്ന് പറഞ്ഞല്ലോ. എന്തിനിങ്ങനെ ഒരു പസിൽ ഉണ്ടാക്കണം? ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമായാൽ കണക്കുകൾ ചേർക്കുന്നതുപോലെ തിരുത്തുകയും ചെയ്യാമല്ലോ. ബ്ലോക്ക് ചെയിൻ ഒരു തുറന്ന കണക്ക് പുസ്തകമായതിനാൽ അങ്ങനെ എളുപ്പത്തിൽ ഒരാൾക്കോ ഒരുകൂട്ടാം ആളുകൾക്കോ ഈ കണക്ക് തിരുത്താൻ സാധിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം . അതിനായി അത്ര എളുപ്പം കുരുക്കഴിക്കാനാകാത്ത വിഷമമുള്ള ഒരു ഗണിത പ്രശ്‌നത്തിന്റെ കുരുക്കഴിച്ചാലേ ബ്ലോക് ചെയിനിലേക്ക് ഇടപാടുകൾ ചേർക്കാനും അതുവഴി ബിറ്റ് കോയിനുകൾ സ്വന്തമാക്കാനും കഴിയൂ എന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. റിസർവ് ബാങ്ക് നോട്ടടിക്കുന്നതുപോലെ, സ്വർണം കുഴിച്ചെടുക്കുന്നതുപോലെ, പുതിയ ബിറ്റ് കോയിനുകൾ ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ചേർക്കപ്പെടുന്നത് മൈനിങ് എന്നറിയപ്പെടുന്ന ഈ ഇടപാട് ചേർക്കൽ പ്രക്രിയയുടെ ഉപോല്പന്നമായതിനാൽ അതിന്റെ ദൗർലഭ്യതയും ഉറപ്പ് വരുത്തേണ്ടതായുണ്ട്. നിശ്ചിത വർഷങ്ങൾ കഴിയുന്തോറും ബിറ്റ് കോയിനിന്റെ ലഭ്യതയും കുറഞ്ഞ് കുറഞ്ഞ് വരുന്ന രീതിയിലാണ് ബിറ്റ് കോയിൻ സിസ്റ്റം വിഭാവനം ചെയ്തിട്ടുള്ളത്. 2009 ൽ ബിറ്റ് കോയിൻ തുടങ്ങിയ സമയത്ത് ഒരു ബ്ലോക്ക് ബ്ലോക് ചെയിനുമായി കൂട്ടീച്ചേർത്താൽ 50 ബിറ്റ് കോയിനുകൾ പ്രതിഫലമായി ലഭിച്ചിരുന്നു. എങ്കിൽ 2012 ൽ അത് 25 ആയും 2016 ൽ അത് 12.5 ആയും കുറഞ്ഞു. 2020 ൽ ഇത് 6,25 ആയിരിക്കും. ഇതിന്റെ ഒരു കണക്ക് ഇങ്ങനെയാണ് മൊത്തം 21 മില്ല്യൺ ബിറ്റ് കോയിനുകളേ മൈനിംഗിലൂടെ കിട്ടൂ. ഓരോ 210000 ബ്ലോക്കുകൾ ബ്ലോക് ചെയിനിലേക്ക് കൂട്ടിച്ചേർക്കുമ്പോഴും ലഭിക്കുന്ന ബിറ്റ് കോയിനുകളുടെ എണ്ണം പകുതിയാകും 2140 ആം ആണ്ടോടെ ഈ 21 മില്ല്യൺ എന്ന സംഖ്യ പൂർണ്ണമാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. അതിനു ശേഷവും ബ്ലോക് ചെയിനിൽ കണക്കുകൾ ചേർക്കപ്പെടേണ്ടതുണ്ടല്ലോ. അപ്പോൾ മൈനിങ് ചെയ്യുന്നവർക്ക് എന്തായിരിക്കും പ്രതിഫലമായി ലഭിക്കുക? ആ അവസരത്തിൽ ഇടപാടുകൾക്കായി ഒരു നിശ്ചിത ഫീസ് വാഗ്ദാനം ചെയ്യുന്ന രീതി അവലംബിക്കപ്പെടും. ഇപ്പോഴും പെട്ടന്ന് ഇടപാടുകൾ ബ്ലോക് ചെയിനിൽ ചേർക്കാനായി ഒരു നിശ്ചിത ശതമാനം തുക പ്രതിഫലം നൽകുന്ന രീതി നിലവിലുണ്ട്.

  7. ഗോപാലന്റെ ബിറ്റ് കോയിൻ വാലറ്റിൽ ' പെൻഡിങ്' എന്ന് കാണിക്കപ്പെട്ട ഇടപാട് ബ്ലോക് ചെയിനിൽ രേഖപ്പെടുത്തുന്നതോടെ പൂർണ്ണമായതായി കാണിക്കുന്നു. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചതായി ഉറപ്പു വന്നതിനെത്തുടർന്ന് കമ്പ്യൂട്ടർ ഷട് ഡൗൺ ചെയ്ത് അയയ്ക്കാനുള്ള ഫ്രഷ് ചക്കയ്ക്കായി പ്ലാവിലേക്ക് വലിഞ്ഞ് കയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP