Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഐടി മേഖലയിൽ പ്രതിസന്ധി മുറുകുന്നു; കൊഗ്‌നിസെന്റിനു പിന്നാലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി മറ്റ് ഐടി കമ്പനികളും; ഇൻഫോസിസും വിപ്രോയും ടിസിഎസും അടക്കം പിരിച്ചുവിടാൻ ഒരുങ്ങുന്നത് ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ

ഇന്ത്യൻ ഐടി മേഖലയിൽ പ്രതിസന്ധി മുറുകുന്നു; കൊഗ്‌നിസെന്റിനു പിന്നാലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി മറ്റ് ഐടി കമ്പനികളും; ഇൻഫോസിസും വിപ്രോയും ടിസിഎസും അടക്കം പിരിച്ചുവിടാൻ ഒരുങ്ങുന്നത് ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ

ബാംഗ്ലൂർ: അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഏറ്റവും അധികം തിരിച്ചടിയായത് ഇന്ത്യൻ ഐടി കമ്പനികൾക്കാണ്. ഇതിന് പിന്നാലെ ആഗോള ഐടി വിപണിയിലെ മാന്ദ്യവും കൂടിയായപ്പോൾ ഇന്ത്യൻ ഐടി മേഖലയിലെ തൊഴിൽ സുരക്ഷയും അപകടത്തിൽ ആയിരിക്കയാണ്. പ്രമുഖ ഐടി കമ്പനിയായ കൊഗ്‌നിസെന്റ് 6000ത്തോളം ജീവനക്കാരെയാണ് പിരിച്ചു വിടാൻ ഒരുങ്ങുന്നത്. സാമ്പത്തിക മാന്ദ്യം തന്നെയാണ് ഇതിന് കാരണം.

കൊഗ്‌നിസെന്റിനു പിന്നാലെ ഇന്ത്യയിലെ മറ്റ് പ്രമുഖ ഐടി കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2008-10ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവു വലിയ തൊഴിൽ നഷ്ടത്തിനാണ് ഇന്ത്യയിലെ വലിയ ഐടി സേവന കമ്പനികൾ തുടക്കമിടുന്നതെന്നാണ് സൂചന. പത്ത് പ്രമുഖ കമ്പനികൾ തൊഴിൽ അവസരങ്ങൾ വെടടിക്കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്.

പത്ത് മുതൽ 20 വർഷം വരെ പ്രവർത്തന പരിചയമുള്ള മധ്യ തലത്തിലും ഉയർന്ന തലത്തിലുമുള്ള ഐടി പ്രൊഫഷണലുകളായിരിക്കും ആദ്യം പിരിച്ചുവിടൽ നടപടി അഭിമുഖീകരിക്കേണ്ടി വരിക. ക്രമേണ താഴ്ന്ന തലത്തിലുള്ള ജീവനക്കാരും പിരിച്ചുവിടൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 ബില്യൺ ഡോളർ മൂല്യമുള്ള ഐടി വ്യവസായം പ്രതീക്ഷിച്ചതിലും മോശം പ്രകടനം നടത്തുന്നതിന്റെയും യുഎസിൽ നിന്നും കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് പിരിച്ചുവിടൽ നടപടികൾ താഴ്ന്ന തലത്തിലേക്കു കൂടി വ്യാപിക്കുമെന്ന് വിലയിരുത്തുന്നത്. തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലാളി യൂണിയനുകളെ സമീപിക്കുന്ന ഒരു അവസ്ഥയിലേക്ക് സ്ഥിതിഗതികൾ വഷളാവുകയാണ്.

കഴിഞ്ഞ ആഴ്ച ഡയറക്റ്റർമാർ, അസോസിയേറ്റ് വൈസ് പ്രസിഡന്റ്മാർ, മുതിർന്ന വൈസ് പ്രസിഡന്റുമാർ എന്നിവർക്കായി കൊഗ്‌നിസെന്റ് വോളണ്ടറി റിട്ടയർമെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആയിരത്തോളം എക്സിക്യൂട്ടിവുകൾ പുറത്തുപോയേക്കും. 'യുക്തിപരമായി' തൊഴിലാളികളെ പുനഃസംഘടിപ്പിക്കുന്നതിലൂടെ 6,000 തൊഴിലവസരങ്ങൾ (അതായത് മൊത്തം തൊഴിൽ ശേഷിയുടെ 2.3%) വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഇൻഫോസിസും വിപ്രോയും ഉൾപ്പടെയുള്ള കമ്പനികൾ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്നാണ് വിവരം.

ഗ്രൂപ്പ് പ്രൊജക്റ്റ് മാനേജർ, പ്രൊജക്റ്റ് മാനേജർ, സീനിയർ ആക്കിടെക്റ്റ്സ് തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കുന്നവരും ഉയർന്ന തലത്തിലുള്ളവരും ഉൾപ്പെടെ 1,000ത്തിനടുത്ത് ജീവനക്കാരോട് പിരിഞ്ഞുപോകാൻ ഇൻഫോസിസ് ആവശ്യപ്പെട്ടേക്കും. ഈ വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിടേണ്ടവരെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ അതത് വിഭാഗത്തിന്റെ ചുമതലുള്ള മാനേജർമാരോട് കമ്പനി നിർദേശിക്കും.

മൂന്നാഴ്ച മുൻപ് വിപ്രോ സിഇഒ ആബിദ് അലി നിമുച്വാലയും പിരിച്ചുവിടൽ സംബന്ധിച്ച സൂചന നൽകിയിരുന്നു. കമ്പനിയുടെ വരുമാനം വർധിച്ചില്ലെങ്കിൽ പത്ത് ശതമാനം ജീവനക്കാരെ നടപ്പുവർഷം പിരിച്ചുവിടുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഫ്രെഞ്ച് ഐടി സർവീസസ് കമ്പനിയായ കാപ്ജെമിനിയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. മൊത്തം തൊഴിൽ ശേഷിയുടെ അഞ്ച് ശതമാനത്തോളം അല്ലെങ്കിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കാപ്ജെമിനിയുടെ തീരുമാനം. അതേസമയം, ഇന്ത്യയിൽ ഈ വർഷം 20,000 പേരെ പുതുതായി റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP