Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി അധികാരത്തിലെത്തുമ്പോൾ ബാരലിന് വില 108 ഡോളർ; ഇന്ന് വില 31.55 ഡോളറും; ക്രൂഡ് ഓയിൽ വില പച്ചവെള്ളത്തേക്കാൾ കുറവെങ്കിലും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; സർക്കാറിന്റെ പകൽകൊള്ളയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

മോദി അധികാരത്തിലെത്തുമ്പോൾ ബാരലിന് വില 108 ഡോളർ; ഇന്ന് വില 31.55 ഡോളറും; ക്രൂഡ് ഓയിൽ വില പച്ചവെള്ളത്തേക്കാൾ കുറവെങ്കിലും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; സർക്കാറിന്റെ പകൽകൊള്ളയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

ന്യൂഡൽഹി: ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 31.55 ഡോളറാണ് ഇപ്പോഴത്തെ വില. നിലവിൽ ഒരു ഡോളർ കൊടുത്താൽ 66.89 രൂപ കിട്ടും. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 2110.45 രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 13.27 രൂപയേ ഉള്ളൂ. ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി മിനറൽ വാട്ടറിനേക്കാൾ കുറവ്. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 രൂപയാണ്. പുറത്തെ കടകളിൽ പലവിലയ്ക്ക് കിട്ടും. എന്നാൽ ഇതൊന്നും 15 രൂപയിൽ താഴയുമില്ല.

അങ്ങനെ പുറത്ത് 13.27 രൂപയ്ക്ക് കിട്ടുന്ന സാധനം ഇന്ത്യയിലെത്തുമ്പോൾ 64 രൂപയാകുന്നു. അതായത് നാലര  ഇരട്ടി. ക്രൂഡോ ഓയിൽ സംസ്‌കരണത്തിന് ഇത്രയും തുകയാകുമെന്ന ന്യായം വിലപ്പോവുകയുമില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ കൊള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം. 2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. ഈ സാമ്പത്തിക വർഷം മൂന്നു തവണയാണ് തീരുവ വർധിപ്പിച്ചത്. 2014 നവംബറിനും 2015 ജനുവരിക്കുമിടയിലായി നാലു തവണയാണ് സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിച്ചത്.

സർക്കാരിന്റെ കൊള്ളയെ ഇങ്ങനെ വിമർശിക്കുന്നവരുമുണ്ട്. ക്രൂഡോയിലിന്റെ വില കുറഞ്ഞതുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഇല്ല എന്ന് ആരും പറയരുത്. എത്ര രൂപയാണ് സർക്കാരിന് സബ്‌സിഡി ഇനത്തിൽ ലാഭം. പിന്നെ സർക്കാരിന്റെ പണം എന്ന് പറഞ്ഞാൽ അത് ജനങ്ങളുടെ പണം അല്ലെ?. സബ്‌സിഡി കുറച്ചത് പോരാഞ്ഞിട്ട് നികുതികൾ കൂട്ടി ഖജനാവ് നിറക്കുന്നും ഉണ്ട്. ഇതൊക്കെ അവസാനം പി പി പി എന്നും പറഞ്ഞു കുത്തക മുതലാളിമാർക്ക് കൊടുക്കുകയും ചെയും , കാലണക്ക് വകയിലാത്ത വോട്ടു കൊടുക്കുന്ന തെണ്ടികൾക്കു ഇതൊക്കെ മതി . ഇലക്ഷന് ഫണ്ടും ബിമാനവും കൊടുത്ത മോയലാളിമാർക്ക് പൈസ കൊടുക്കും. 51 ലക്ഷം പേർ സബ്‌സീടി ഒഴുവക്കിയാപ്പോൾ 27ലക്ഷം ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് ഗ്യാസ് കണക്ഷൻ കൊടുത്തു. എന്ത് നല്ല ജനോപാകരപ്രദമായ സർക്കാർ എണ്ണ വിലകുറയുമ്പോൾ മോദി സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്നാണിത്. ഇതിൽ വസ്തുതകൾ ഉണ്ടെന്നെതാണ് സത്യം.

2014 മെയ്‌ 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 33 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്‌സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

ക്രൂഡോയിലിന്റെ വില കുറഞ്ഞത്‌ കൊണ്ട് ജനങ്ങൾക്ക്‌ പ്രയോജനം ഇല്ല എന്ന് ആരും പറയരുത്. എത്ര രൂപയാണ് സർക്കാരിന് ...

Posted by Dhanaraj Subhash Chandran on Monday, January 11, 2016

ബാരലിന് 10 ഡോളർ ഇടിഞ്ഞാൽ കറന്റ് അക്കൗണ്ട് കമ്മി 900 കോടി ഡോളർ കണ്ട് കുറയും എന്നൊരു കണക്കുണ്ട്. 100 ഡോളറിൽ കൂടുതലായിരുന്ന ക്രൂഡ് ഓയിലിന് 40 ഡോളറിൽ താഴെയാവുമ്പോൾ ഇറക്കുമതി ബില്ലിൽ എത്രയോ കുറയും. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഇരട്ടിയിലേറെയായിട്ടുണ്ട്. 2014 ഏപ്രിലിൽ ഒരു ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്നു എക്‌സൈസ് തീരുവ. അത് 19 രൂപയിൽ കൂടുതലായിരിക്കുന്നു. ലിറ്ററിന് 3.65 രൂപയായിരുന്ന ഡീസലിന്റെ തീരുവ 11 രൂപയ്ക്കു മുകളിലായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന വില വർധന ചൂണ്ടിക്കാട്ടി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമ്പോൾ ന്യായീകരിക്കാൻ കാണിക്കുന്ന ആവേശമൊന്നും ഇതേ ക്രൂഡ് ഓയിൽ വിലയിൽ കുറവു വരുമ്പോൾ കാണിക്കുന്നില്ലെന്ന് ചുരുക്കം.

അതേസമയം തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്‌സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. 2014 ജൂലൈയ്ക്കുശേഷം ഇതുവരെ 21 തവണയാണ് എണ്ണക്കമ്പനികൾ പെട്രോൾ വില കുറച്ചത്. ഡീസൽ വിലയിൽ 17 തവണയും കുറവു വരുത്തി. ഇത് അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവിന് ആനുപാതികവുമായിരുന്നില്ല. ഇതിനൊപ്പം എക്‌സൈസ് തീരുവ ഓരോ തവണയും ഉയർത്തി കേന്ദ്ര സർക്കാർ വിലയിടിവിന്റെ നേട്ടം ജനങ്ങൾക്കു കൈമാറാൻ മടിക്കുകയാണ്. അഗോളവിപണിയിൽ 70 ശതമാനം വില ഇടിഞ്ഞു. വില ഇടിയുന്ന സമയത്ത് ഇന്ത്യയിലെ വിപണി വിലയുമായി തട്ടിച്ചു നോക്കുമ്പോൾ നിലവിൽ ലിറ്ററിന് 14 രൂപയുടെ കുറവു മാത്രമേ ഇത്ര നാൾകൊണ്ട് വിപണിയിൽ ഉണ്ടായിട്ടുള്ളൂ. കേന്ദ്ര സർക്കാറിനാകട്ടെ എകദേശം 16000 കോടി രൂപ അധിക വരുമാനമായി ലഭിച്ചുവെന്നുമാണ് കണക്ക്.

ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഒരു ലിറ്റർ പെട്രോളിന് മൂന്നുരൂപയോളം എണ്ണക്കമ്പനികൾ ലാഭമെടുക്കുന്നു. പെട്രോൾ പമ്പുടമകൾക്കുള്ള കമ്മിഷൻ രണ്ടര രൂപ എന്നിവകൂടി ചേർത്താലും 30 രൂപയിൽ താഴെ മാത്രം ചെലവുവരുന്ന പെട്രോളിന് ഉപഭോക്താവ് നൽകുന്നത് 60 രൂപയിലേറെയാണ്. ഡീസലിനും ഇതുതന്നെയാണ് അവസ്ഥ. ഉൽപാദനച്ചെലവും എണ്ണക്കമ്പനികളുടെ ലാഭവും പമ്പുടമയുടെ കമീഷനും ചേർത്താൽ 27 രൂപ മാത്രം വരുന്ന ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 47 രൂപയാണ് ഉപഭോക്താവ് നൽകുന്നത്.

അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിെന്റ ഭാരം ഉപഭോക്താവിെന്റ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിെന്റ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്. പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലൂടെ 99,184 കോടി രൂപയാണ് 2014-15 വർഷം കേന്ദ്രം പിരിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP