Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് നിരോധനം സാർവ്വതും തകർത്തു; സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതോടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്നത് ദുഷ്‌ക്കരമായി മാറും; വ്യവസായ മേഖലയുടെ വളർച്ച കുറഞ്ഞു: മോദിയുടെ മണ്ടൻ തീരുമാനത്തെ വീണ്ടും വിമർശിച്ച് വരാനിരിക്കുന്ന പ്രതിസന്ധി എണ്ണിപ്പറഞ്ഞ് ഡോ. മന്മോഹൻ സിങ്

നോട്ട് നിരോധനം സാർവ്വതും തകർത്തു; സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതോടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്നത് ദുഷ്‌ക്കരമായി മാറും; വ്യവസായ മേഖലയുടെ വളർച്ച കുറഞ്ഞു: മോദിയുടെ മണ്ടൻ തീരുമാനത്തെ വീണ്ടും വിമർശിച്ച് വരാനിരിക്കുന്ന പ്രതിസന്ധി എണ്ണിപ്പറഞ്ഞ് ഡോ. മന്മോഹൻ സിങ്

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: നോട്ടു നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായെന്ന് ആവർത്തിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹൻ സിംഗ. നമ്മുടെ സാമ്പത്തിക വ്യവസ്ഥ നിലനിൽക്കുന്നത് ജനങ്ങളുടെ ചിലവഴിക്കൽ ശേഷിയെ മാത്രം ആശ്രയിച്ചാണെന്നും ഇത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ കൂടിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടു നിരോധനത്തിന് ശേഷം ആളുകളുടെ കൈവശം പണമില്ലാതെ വന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ തകർന്നടിഞ്ഞു. വ്യവസായ മേഖലയിൽ 2016 മാർച്ചിലെ 10.7 ശതമാനം വളർച്ചയിൽ നിന്ന് 2017 മാർച്ചിൽ 3.8 ശതമാനമായി കുറഞ്ഞു. ഇതിന്റെയെല്ലാം പ്രതിഫലനം രാജ്യത്ത് ജോലികൾ സൃഷ്ടിക്കുന്നതിൽ പ്രതിഫലിക്കുമെന്നും രാജ്യത്തെ യുവാക്കൾക്ക് ജോലി ലഭിക്കുക എന്നത് ദുഷ്‌ക്കരമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പും കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധത്തിനെതിരെ മന്മോഹൻ സിങ് രംഗത്തു വന്നിട്ടുണ്ട്. നോട്ട് നിരോധനത്തെ ചരിത്രപരപമായ അബദ്ധം എന്ന് വിശേഷിപ്പിച്ച മന്മോഹൻ, ഇത് സംഘടിതവും നിയമപരവുമായ കൊള്ളയടിക്കലാണെന്നും പറഞ്ഞിരുന്നു. നോട്ട് നിരോധനത്തിന്റെ പരിണിത ഫലം എന്താവുമെന്ന് ആർക്കും ഒരു തിട്ടവുമില്ല. എന്നാലിത് കാർഷിക മേഖലയെ തകർക്കുമെന്ന കാര്യം ഉറപ്പാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) രണ്ട് ശതമാനത്തിന്റെ കുറവുണ്ടാവുമെന്നും കഴിഞ്ഞ വർഷം മന്മോഹൻ പറഞ്ഞിരുന്നു.

നോട്ട് പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം രാജ്യത്തുണ്ടാകുമെന്നും അന്ന് മന്മോഹൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രണ്ട് ശതമാനത്തിന്റെ കുറവു വരുമെന്നും ഇത് ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നും മന്മോഹൻ പറയുകയുണ്ടായി. മന്മോഹൻ സിംഗിന്റെ ഈ പ്രവചനത്തെ ശരിവെക്കുന്ന വിധത്തിലാണ് പിന്നീട് ജിഡിപിയുടെ വിവരങ്ങൾ പുറത്തുവന്നതും. മന്മോഹന്റെ വാക്കുകൾ ശരിവെച്ച് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (ജനുവരി - മാർച്ച്) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞിരുന്നു.

മോദിയുടെ ഈ നടപടിയിലൂടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതേ കാലയളവിൽ ചൈനയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനമായി ഇന്ത്യയെ പിന്നിലാക്കുകയും ചെയ്തു. ബുധനാഴ്‌ച്ചയാണ് സർക്കാർ വർഷത്തിലെ അവസാന പാദത്തിലെ കണക്കുകൾ പുറത്ത് വിട്ടത്. സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.1% വളർച്ചനേടിയെന്നാണ് കേന്ദ്ര സർക്കാർ പുറത്തു വിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നത്. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളിൽ സാമ്പത്തിക വളർച്ച 7% രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തിൽ 6.1 ആയി വളർച്ച നിരക്ക് ഇടിയുന്നത്. നോട്ട് അസാധുവാക്കൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മൂന്ന് വർഷം പൂർത്തിയാക്കിയ മോദി സർക്കാറിന് രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാൻ തീർത്തും സാധിച്ചിരുന്നില്ല. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം. രാജ്യത്ത് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് വ്യക്തമായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട മെയ്ക് ഇൻ ഇന്ത്യ പദ്ധതിയക്കമുള്ള രാജ്യത്ത് യുവാക്കൾക്ക് തൊഴിലുകൾ പ്രധാനം ചെയ്യുന്നതിൽ പരാജയപ്പെടുകയാണ്. യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മന്മോഹൻ സിംഗിന്റെ യുപിഎ സർക്കാരിനെക്കാളും മോശമായ പ്രകടനമാണ് മോദി കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന തൊഴിൽ ദായക മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വൻ പരാജയം വ്യക്തമാക്കുന്ന കണക്കുകൾ ലഭ്യമായിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ലേബർ ബ്യൂറോയിൽനിന്നു തന്നെയാണ്.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് 2015, 16 വർഷങ്ങളിൽ ഉണ്ടായതെന്ന് ലേബർ വകുപ്പിന്റെ കണക്കിൽ വ്യക്തമാകുന്നു. 2015 ൽ 1.55 ലക്ഷവും 2016 ൽ 2.31 ലക്ഷവും മാത്രം തൊഴിലുകളാണ് രാജ്യത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. മന്മോഹൻസിങ്ങിന്റെ യുപിഎ സർക്കാർ ഭരിച്ച 2009 ൽ മാത്രം 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു.

പ്രധാന മേഖലകളിലെല്ലാം തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നാണ് ലേബർ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2016ലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടു മാസങ്ങളിൽ മൊത്തം 2.31 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യം(35,000), വിദ്യാഭ്യാസം(67,000), ഐടി-ബിപിഒ(22,000), ഹോട്ടൽ(7000), ഗതാഗതം(18,000), കച്ചവടം(26,000), നിർമ്മാണം(25,000), മാനുഫാക്ചറിങ്(95,000) എന്നിങ്ങനെയാണ് കണക്ക്.

ഐടി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളടക്കം മനുഷ്യവിഭശേഷിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ രാജ്യം ഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) വർധിക്കുമ്പോഴും തൊഴിലവസരങ്ങൾ കുറയുന്ന പ്രതിഭാഗമാണ് ദൃശ്യമാകുന്നതെന്ന് മധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയിരുന്നു.

വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വിപണിയിൽ തൊഴിലില്ലായ്മ വർധിക്കുന്നത് വൻ ദുരന്തമായിരിക്കും വിതയ്ക്കുകയെന്ന് സാമ്പത്തികവിദഗ്ദരും സോഷ്യോളജി വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിന് ആക്കം കൂട്ടുന്നതാണ് നോട്ട് നിരോധനമെന്ന കാര്യത്തിലേക്കാണ് മന്മോഹൻ സിങ് വിരൽ ചൂണ്ടിയത്. അതുകൊണ്ട് തന്നെ സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ് തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുമ്പോൾ ഇന്ത്യക്കാർക്ക് ആശങ്കപ്പെടാൻ കാര്യങ്ങൾ ഏറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP