Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ട് നിരോധനത്തിനായി മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്ന കേന്ദ്രവാദം പച്ചക്കള്ളം; നോട്ട് പിൻവലിക്കലിനെ താൻ അനുകൂലിച്ചിരുന്നില്ലെന്ന് രഘുറാം രാജൻ; പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്; മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണമായി: മന്മോഹൻ സിംഗിനെ ശരിവെച്ച് മോദിയുടെ മണ്ടത്തരത്തെ തള്ളി ആർബിഐ മുൻ ഗവർണർ

നോട്ട് നിരോധനത്തിനായി മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്ന കേന്ദ്രവാദം പച്ചക്കള്ളം; നോട്ട് പിൻവലിക്കലിനെ താൻ അനുകൂലിച്ചിരുന്നില്ലെന്ന് രഘുറാം രാജൻ; പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്; മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണമായി: മന്മോഹൻ സിംഗിനെ ശരിവെച്ച് മോദിയുടെ മണ്ടത്തരത്തെ തള്ളി ആർബിഐ മുൻ ഗവർണർ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നടപടിക്ക് മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്നാണ് കേന്ദ്രസർക്കാർ ജനങ്ങളോടായി അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ രംഗത്തെത്തി. നോട്ട് നിരോധനത്തെ ഒരു സമയത്തും താൻ അനുകൂലിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് രഘുറാം രംഗത്തെത്തിയത്. നോട്ട് അസാധുവാക്കാൻ തീരുമാനിച്ച ബോർഡിൽ താൻ അംഗമായിരുന്നില്ല. താൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് നോട്ട് നിരോധനത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രഘുറാം രാജൻ വ്യക്തമാക്കി.

സെപ്റ്റംബർ മൂന്നിന് റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇതാദ്യമായാണ് നോട്ട് നിരോധനം സംബന്ധിച്ച് രഘുറാം രാജൻ അഭിപ്രായ പ്രകടനം നടത്തുന്നത്. 2016 ഫെബ്രുവരിയിൽ നോട്ട് നിരോധനത്തെ സംബന്ധിച്ച് സർക്കാർ തന്റെ അഭിപ്രായമാരാഞ്ഞിരുന്നു. അന്ന് വാക്കാൽ തന്റെ അഭിപ്രായം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ മറ്റ് വഴികളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ഡു വാട്ട് ഡു ഐ ഡു എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് രഘുറാം രാജൻ നോട്ട് നിരോധനത്തെ സംബന്ധിച്ച് അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.

താൻ ഗവർണറായിരുന്ന സമയത്ത് നോട്ട് നിരോധനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ആർബിഐയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും രഘുറാം രാജൻ വെളിപ്പെടുത്തുന്നു. 2016 സെപ്റ്റംബർ മൂന്നിനാണ് അദ്ദേഹത്തെ ആർബിഐ ഗവർണർ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതോടെ, മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് 2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദമാണ് പൊളിയുന്നത്. തന്റെ പിൻഗാമിയുടെ കാലാവധിയുടെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ പൊതുജനങ്ങളുമായുള്ള ഇടപഴകലുകളിൽ നുഴഞ്ഞുകയറാൻ താൽപര്യമില്ലാത്തതിനാലാണ് കഴിഞ്ഞ ഒരു വർഷം ഇതിനെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും രഘുറാം രാജൻ വിശദീകരിക്കുന്നു.

നോട്ട് നിരോധനം സംബന്ധിച്ച നിലപാട് അറിയിക്കാൻ 2016 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ തന്നോട് ആവശ്യപ്പെട്ടതായും അതിന് വാക്കാൽ മറുപടി നൽകിയതായും രാജൻ പറയുന്നു. ദീർഘകാലത്തിൽ ചില നേട്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും അതിന്റെ ഹൃസ്വകാല പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് താൻ പറഞ്ഞ അഭിപ്രായമെന്നും അദ്ദേഹം വെളിപ്പെടുത്തി. അസന്ദിഗ്ധമായി തന്നെയാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തികരംഗത്ത് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര വളർച്ചയിൽ വൻ ഇടിവാണ് ഉണ്ടായത്. ഇക്കാര്യം മുൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവചിക്കുകയും ചെയ്തിരുന്നു. മന്മോഹൻ സിംഗിന്റെ വാദങ്ങൾ നൂറ് ശതമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനം ആയിരുന്നത് ജനുവരി-മാർച്ച് പാദത്തിൽ 6.1 ശതമാനമായും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഈ വർഷത്തെ രണ്ടാം പാദത്തിൽ 5.7 ശതമാനമായും ഇടിഞ്ഞു. പ്രചാരത്തിലുള്ള പണത്തിന്റെ അളവ് കുറഞ്ഞത് ഉപഭോഗത്തെ ബാധിക്കുകയും തന്മൂലം പൂതിയ നിക്ഷേപങ്ങൾ തുടങ്ങാൻ വ്യവസായികൾ മടിക്കുകയും ചെയ്തു.

നോട്ട് നിരോധനമല്ല ജിഡിപി വീഴ്ചയ്ക്ക് കാരണം എന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണം നോട്ട് നിരോധനമാണെന്നാണ് രാജന്റെ പക്ഷം. ജിഡിപിയിൽ രണ്ട് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്നും ഇതിന്റെ മുല്യം രണ്ട് മുതൽ രണ്ടര ലക്ഷം വരെ കോടി രൂപയ്ക്ക് ഇടയിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പണം തിരികെ ബാങ്കുകളിലേക്ക് എത്താതിരുന്നാൽ ഈ നഷ്ടം പരിഹരിക്കാം എന്നായിരുന്നു നടപടി സ്വീകരിച്ചവർ വിചാരിച്ചിരുന്നത് എന്നാണ് താൻ കരുതുന്നതെന്നും രാജൻ വ്യക്തമാക്കി.

നിരോധിച്ച നോട്ടുകളിൽ മൂന്ന് ലക്ഷം കോടി രൂപ വരെ ബാങ്കുകളിൽ മടങ്ങിയെത്തില്ലെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇത് റിസർവ് ബാങ്കിന്റെ ബാധ്യത കുറയ്ക്കുമെന്നും വർദ്ധിക്കുന്ന ലാഭം നിക്ഷേപങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയെന്നാണ് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നത്.

കള്ളപ്പണം നിയന്ത്രിക്കുന്നതിൽ നോട്ട് നിരോധന നടപടി ഫലം കണ്ടില്ലെന്നാണ് ഇതിന്റെ അർത്ഥമെന്നും രാജൻ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് താൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും എന്നിട്ടും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചിരുന്നതായും രാജൻ വെളിപ്പെടുത്തി. വേണ്ട തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തിടുക്കപ്പെട്ട് തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു കമ്മിറ്റിക്ക് രൂപം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പായിരുന്നു എന്ന കാര്യം വ്യക്തമാണ്. എന്നാൽ, തെരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി രാജ്യത്തിന്റെ അതിവേഗ കുതിപ്പിനെയാണ് നരേന്ദ്ര മോദി കളഞ്ഞു കുളിച്ചത്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന ബഹുമതി ഇന്ത്യക്ക് ഏറെക്കാലത്തിന് ശേഷം നഷ്ടമാകുകയായിരുന്നു.

 (തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP