Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചവെള്ളത്തെക്കാൾ കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്ന കാലം വരുമോ? വിലയിടിവിന് പിന്നിൽ ഗൂഢാലോചന നടത്തുന്നത് അമേരിക്കയോ? ഇന്ത്യ എന്തുകൊണ്ട് വില കുറയ്ക്കുന്നില്ല? എണ്ണ പ്രതിസന്ധി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പച്ചവെള്ളത്തെക്കാൾ കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്ന കാലം വരുമോ? വിലയിടിവിന് പിന്നിൽ ഗൂഢാലോചന നടത്തുന്നത് അമേരിക്കയോ? ഇന്ത്യ എന്തുകൊണ്ട് വില കുറയ്ക്കുന്നില്ല? എണ്ണ പ്രതിസന്ധി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പഭോക്തൃലോകത്തിന് പ്രതീക്ഷ നൽകി അസംസ്‌കൃത എണ്ണവില വീണ്ടും താഴേക്ക്. ലോക സാമ്പത്തിക വ്യവസ്ഥയിൽത്തന്നെ കാര്യമായ മാറ്റം വരുമെന്ന സൂചന നൽകി, ക്രൂഡ് ഓയിലിന്റെ വില ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എണ്ണയുദ്പാദനം കുറയ്ക്കില്ലെന്ന സൗദി അറേബ്യയുടെ നിലപാടും ഈ നിലപാട് ശരിയാണെന്ന യു.എ.ഇ മന്ത്രിയുടെ പ്രഖ്യാപനവുമാണ് വില വീണ്ടും ഇടിയാൻ കാരണമായത്. അമേരിക്കയിൽ എണ്ണയുദ്പാദനം വർധിച്ചതും ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ ആവശ്യം കുറച്ചു. ഇതര സമ്പദ്‌വ്യവസ്ഥകളെ തളർത്തുകയെന്ന ഗൂഢാലോചനയുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ ബാരലിന് 46 ഡോളറിലാണ് വിപണനം അവസാനിപ്പിച്ചത്. രാവിലെ 45.23 ഡോളർ വരെ ഇടിഞ്ഞിരുന്നു. 2009 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, യുഎസ് ക്രൂഡ് വില 44.21 ഡോളർ വരെയെത്തിയിരുന്നു. ഇന്ത്യ വൻതോതിൽ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ ബാരലിന് 45.50 ഡോളറിലേക്കും താഴ്ന്നു. ഡിമാൻഡ് കുത്തനെ താഴുകയും ഉത്പാദനം ക്രമാതീതമായി കൂടുകയും ചെയ്തതാണ് വിലത്തകർച്ചയ്ക്ക് മുഖ്യകാരണം.

അസംസ്‌കൃത എണ്ണയുടെ വില തിരിച്ചു പിടിക്കാനായി ഉത്പാദനം കുറയ്ക്കണമെന്ന ആവശ്യം എണ്ണയുദ്പാദക രാജ്യങ്ങൾ മുന്നോട്ടുവച്ചിരുന്നെങ്കിലും പ്രമുഖ ഉത്പാദകരായ സൗദി അറേബ്യ ഇതുവരെ അതംഗീരരിച്ചിട്ടില്ല. ഉത്പാദനം കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനം ശരിയായിരുന്നെന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ.) എണ്ണ വകുപ്പ് മന്ത്രി സുഹെയ്ൽ ബിൻ മുഹമ്മദ് അൽ മസ്രൂയി പ്രസ്താവിക്കുക കൂടി ചെയ്തതോടെ, വില കുത്തനെ ഇടിയുകയായിരുന്നു.

ക്രൂഡ് ഓയിൽ വില ഇടിയുന്നതിന് പിന്നിൽ അമേരിക്കൻ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. കഴിഞ്ഞ ആറുവർഷത്തിനിടെ അമേരിക്കയിലെ ആഭ്യന്തര ഉദ്പാദനം ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. ചൈനയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലുണ്ടായ ക്ഷീണവും ഇതിനെ ബാധിച്ചു. അമേരിക്കയിൽ ഷെയിൽ ഗ്യാസ് ഉത്പാദനം കൂട്ടിയതുകൊണ്ട് അവിടേയ്ക്കുള്ള കയറ്റുമതിയിൽ കാര്യമായ കുറവുവന്നു. യൂറോപ്പ്, ഏഷ്യൻ വിപണികളിൽ എണ്ണവില്പന പ്രതീക്ഷിച്ചത്ര ഉയർന്നിട്ടുമില്ല.

2014 ജൂണിനു ശേഷം അസംസ്‌കൃത എണ്ണയുടെ വിലയിൽ 60 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.അതേസമയം, എന്ത് വില കൊടുത്തും വിപണിയിലെ നിലവിലുള്ള വിഹിതം നിലനിർത്തുകയാണ് ഒപെക് രാജ്യങ്ങളുടെ ലക്ഷ്യം. ഇതിനായി പ്രധാന ഉപഭോക്തൃ രാജ്യങ്ങൾക്ക് ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഉത്പാദക രംഗത്തെ ചെറിയ രാജ്യങ്ങളായ റഷ്യ, വെനസ്വേല, ബ്രസീൽ, നൈജീരിയ, ഇറാൻ, ഇക്വോഡോർ എന്നിവയ്ക്ക് വിലത്തകർച്ച കനത്ത ക്ഷീണമാണുണ്ടാക്കുന്നത്. സൗദി അറേബ്യയും യു.എ.ഇയും പോലെ, കരുതൽ ശേഖരമുള്ള രാജ്യങ്ങൾക്ക് വില ഇനിയും താഴ്ന്നാലും പിടിച്ചുനിൽക്കാനാകും. ഉദ്പാദനം കുറയ്‌ക്കേണ്ടെന്ന് സൗദി അറേബ്യ തീരുമാനിക്കുന്നതിന് കാരണവും ഇതാണ്. വിപണിയിലെ സാന്നിധ്യം നിലനിർത്തുന്നതിനായിസൗദി അറേബ്യ ക്രൂഡോയിലിന്റെ വില അടുത്തിടെ വെട്ടിക്കുറക്കുക പോലും ചെയ്തു.

ക്രൂഡോയിൽ വിലത്തകർച്ച ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇതുവരെ പ്രത്യക്ഷത്തിൽ പ്രയോജനപ്പെട്ടിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ സർക്കാർ തയ്യാറായിട്ടുമില്ല. എന്നാൽ, വിലത്തകർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇന്ത്യയുടെ വാർഷിക ഇറക്കുമതിച്ചെലവ് 5000 കോടി ഡോളർവരെ താഴാൻ ഇത് സഹായിക്കും. നിലവിൽ 16,000 കോടി ഡോളറാണ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ്.

വിലക്കുറവ് അടുത്ത ബജറ്റിലും പ്രതിഫലിക്കും. എന്നാൽ, ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയെയാകും അത് ബാധിക്കുക. എന്നാൽ, എണ്ണവിലയിൽ വരുന്ന കുറവ് ഇത്തരം നഷ്ടങ്ങളെ മറികടക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയിൽ എണ്ണയുദ്പാദനം വർധിക്കുന്നതിനാൽ, സമീപഭാവിയിൽ എണ്ണവില തിരികെ ഉയരില്ലെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില ബാരലിന് 40 ഡോളർവരെയെങ്കിലും താഴുമെന്ന് അമേരിക്കൻ ബാങ്കുകൾ കണക്ക് കൂട്ടുന്നു. 

അമേരിക്കയിലെ ഷെയിൽ ഗ്യാസ് ഉദ്പാദനം കുറയ്ക്കുന്നതിനുവേണ്ടിയാണ് ക്രൂഡ് ഓയിൽ വില താഴ്‌ത്തുന്നതെന്ന സൂചനയുമുണ്ട്. എണ്ണയുത്പാദനം ഇപ്പോഴത്തെ രീതിയിൽ നിലനിർത്താനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് യു.എ.ഇ. മന്ത്രിയുടെ പ്രസ്താവന അങ്ങനെയാണ് വ്യാഖ്യാനിക്ക്‌പെടുന്നത്. ഷെയിൽ ഗ്യാസ് ഉത്പാദകരെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഒപെക്കിന്റെ ഈ നടപടി. ഷെയിൽ വാതക ഉത്പാദനത്തിന് ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ വിപണിയിൽ വില കുറഞ്ഞു നിന്നാൽ അവർ ഉത്പാദനം കുറച്ച് പിന്മാറുമെന്നാണ് ഒപെക് രാഷ്ട്രങ്ങളുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP