Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായിരിക്കുമ്പോൾ തന്നെ റാങ്കിട്ടപ്പോൾ ഏഴാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ആഗോള ജിഡിപി റാങ്ക് ആറിൽ നിന്ന് ഏഴായെങ്കിലും നിരാശപ്പെടാൻ വകുപ്പില്ല; തൽക്കാലം തിരിച്ചടിയായത് വിനിമയനിരക്കിലെ ചാഞ്ചാട്ടവും വിപണി മാന്ദ്യവും; പ്രതീക്ഷ നൽകുന്നത് 2025 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന പ്രവചനം; ട്രംപിന്റെ വിടുവായത്തരങ്ങൾ തുടരുന്നെങ്കിലും റാങ്കിൽ മുമ്പർ അമേരിക്ക തന്നെ

ലോകത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായിരിക്കുമ്പോൾ തന്നെ റാങ്കിട്ടപ്പോൾ ഏഴാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ആഗോള ജിഡിപി റാങ്ക് ആറിൽ നിന്ന് ഏഴായെങ്കിലും നിരാശപ്പെടാൻ വകുപ്പില്ല; തൽക്കാലം തിരിച്ചടിയായത് വിനിമയനിരക്കിലെ ചാഞ്ചാട്ടവും വിപണി മാന്ദ്യവും; പ്രതീക്ഷ നൽകുന്നത് 2025 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന പ്രവചനം; ട്രംപിന്റെ വിടുവായത്തരങ്ങൾ തുടരുന്നെങ്കിലും റാങ്കിൽ മുമ്പർ അമേരിക്ക തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പരീക്ഷയിൽ നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്ന കുട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയ പോലെയായി പുതിയ ഗ്ലോബൽ ഡിജിപി റാങ്കിങ് ഇന്ത്യക്ക്. എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ 2018 ലെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. 2017 ൽ ഇന്ത്യ ആറാ സ്ഥാനത്തായിരുന്നു. ബ്രിട്ടണും ഫ്രാൻസുമാണ് അഞ്ചും ആറും സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. ഫ്രാൻസിനായിരുന്നു മുൻപ് ഏഴാം സ്ഥാനം. ലോക ബാങ്ക് പുറത്ത് വിട്ട കണക്കുകളാണ് ഇവ വ്യക്തമാക്കുന്നത്. ട്രംപ് എന്തു വിടുവായത്തരം പറഞ്ഞാലും അമേരിക്കയുടെ സാമ്പത്തിക കരുത്തിനെ അതൊന്നും ബാധിക്കില്ല. അമേരിക്കയാണ് റാങ്കിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2018ലെ കണക്കുകൾ നോക്കിയാൽ 20.5 ട്രില്യൺ ഡോളർ മൂല്യമുള്ളതാണ് അമേരിക്കയുടെ ജിഡിപി.

ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. 13.6 ട്രില്യൺ യുഎസ് ഡോളറാണ് ചൈനയുടെ ജിഡിപി മൂല്യം. അഞ്ചു ട്രില്യൺ യുഎസ് ഡോളറുമായി ജപ്പാൻ നാലാം സ്ഥാനത്തുണ്ട്. 2018ൽ ഇന്ത്യയുടെ ജിഡിപി എന്നത് 2.65 ട്രില്യൺ യുഎസ് ഡോളറായിരുന്നു. ബ്രിട്ടണ് ഇത് 2.64 ട്രില്യണും ഫ്രാൻസിന് ഇത് 2.5 ട്രില്യൺ ഡോളറുമാണ്. രൂപയുടെ വിനിമയത്തിലുണ്ടായ ചാഞ്ചാട്ടവും വളർച്ചാ നിരക്ക് കുറഞ്ഞതുമാണ് തിരിച്ചടിയായതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

2017 ൽ ഡോളറിനെതിരെ ഇന്ത്യയുടെ മൂല്യം ഉയർന്നപ്പോൾ, തൊടട്ടുത്ത വർഷം താഴ്ന്നു. വളർച്ചാനിരക്ക് കുറഞ്ഞതും, കറൻസി നിരക്കിലെ വ്യതിയാനവുമാണ് റാങ്കിങ് കുറയാൻ കാരണമെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ചിലെ മുഖ്യ സാമ്പത്തിക വിദഗ്ദധൻ ദേവേന്ദ്ര പന്ത് അഭിപ്രായപ്പെട്ടു. വളർച്ചാ നിരക്ക് ഉയർന്നാൽ റാങ്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി ഇപ്പോഴും ഇന്ത്യ തന്നെയാണ്. എന്നാൽ, വളർച്ചാനിരക്ക് ഈ സാമ്പത്തിക വർഷം 7 ശതമാനമായി കുറയും. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം തുടരുന്നതുകൊണ്ട് ചൈനയുടെ വളർച്ചയും താഴോട്ടാണ്. 2019 ൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും 2025 ഓടെ ജപ്പാനെ കടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നുമാണ് കഴിഞ്ഞ മാസം ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാർക്‌സ് വിലയിരുത്തിയത്. അതിന് ശേഷം അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാവുക.

തുടർച്ചയായി രണ്ടാംവട്ടം അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ 2025 ൽ ഇന്ത്യയെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഇന്ത്യ യുകെയെ മറികടക്കുമെന്നാണ് ഐഎച്ച്എസ് മാർകിറ്റ് പറയുന്നത്. ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2025 ഓടെ 3.6 ട്രില്യൺ കോടിയുടേതായി മാറുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവ് സർക്കാരിന് മുന്നിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2019 മുതൽ 2023 വരെ ഇന്ത്യയുടെ സമ്പദ് വളർച്ച ശരാശരി ഏഴ് ശതമാനമായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP