Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം മാത്രം രൂപയുടെ മൂല്യം ഇടിഞ്ഞത് 11 ശതമാനം; കൊടുത്ത് തീർക്കാനുള്ള വിദേശ കടം ഈ വർഷം മാത്രം ഉയർന്നത് 68,000 കോടി; എണ്ണ ഇറക്കുമതിക്കായി അധികം വേണ്ടത് ശതകോടികൾ; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നേരിടുന്നത് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും സാധ്യതകൾ ഏറെ; തിളങ്ങുന്ന ഇന്ത്യ സൃഷ്ടിക്കാൻ മോദി നാല് വർഷം പെടാപ്പാടുപെട്ടപ്പോൾ ഫലം ഇങ്ങനെ

ഈ വർഷം മാത്രം രൂപയുടെ മൂല്യം ഇടിഞ്ഞത് 11 ശതമാനം; കൊടുത്ത് തീർക്കാനുള്ള വിദേശ കടം ഈ വർഷം മാത്രം ഉയർന്നത് 68,000 കോടി; എണ്ണ ഇറക്കുമതിക്കായി അധികം വേണ്ടത് ശതകോടികൾ; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നേരിടുന്നത് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും സാധ്യതകൾ ഏറെ; തിളങ്ങുന്ന ഇന്ത്യ സൃഷ്ടിക്കാൻ മോദി നാല് വർഷം പെടാപ്പാടുപെട്ടപ്പോൾ ഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതമാണ് എല്ലാത്തിനും കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കാൻ പ്രധാനമന്ത്രി മോദി നടപ്പാക്കിയതായിരുന്നു രണ്ട് തീരുമാനങ്ങളും. എന്നാൽ ഇതൊന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായില്ല. രൂപയുടെ മൂല്യം അന്താരാഷ്ട്ര തലത്തിൽ ഇടിഞ്ഞു. ഇന്ധന വില കുതിച്ചുയർന്നു. ഇതോടെ ഇറക്കുമതിക്ക് കൂടുതൽ തുക മാറ്റി വയ്‌ക്കേണ്ടിയും വന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതു കൊണ്ട് തന്നെ ഇറക്കുമതി ചെലവും കൂടി. അങ്ങനെ ഇന്ത്യൻ പണം വിദേശ വിപണയിലേക്ക് ഒഴുകുകയാണ്. അങ്ങനെ തിളങ്ങുന്ന ഇന്ത്യയാകാനുള്ള രാജ്യത്തിന്റെ യാത്ര കിതപ്പിലേക്കാണ് എത്തുന്നത്. വലിയ പ്രതിസന്ധിയിലേക്ക് രാജ്യമെത്തുമെന്നാണ് വലയിരുത്തൽ.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുകയാണ്. സെപ്റ്റംബർ ആദ്യവാരത്തിൽ 70 ഡോളർ വരെ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കൂടുതൽ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് രൂപയെ ദുർബലമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുമ്പോൾ ഡോളറായാണ് പണം നൽകുന്നത്. ഇറാനിൽ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ അമേരിക്കയുടെ എതിർപ്പ് കാരണം ഇറാനെ ഇന്ത്യ ഒഴിവാക്കി. ഇതാണ് എല്ലാ പ്രശ്‌നത്തിനും മൂലകാരണം. റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ലെന്ന വിമർശനവും ഉണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടലും അസാധ്യമാകുന്നു.

ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നതും കേന്ദ്ര സർക്കാരിനെയാണ്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ട് തന്നെ ഇന്ധന വില കുറയ്ക്കാനാകുന്നില്ല. ഈ വിഷയം പ്രതിപക്ഷം രാജ്യ വ്യാപകമായി ചർച്ചയാക്കുകയാണ്. ഇന്ധനത്തേയും ജി എസ് ടിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യം. ഇതിനുള്ള രാഷ്്ട്രീയ തീരുമാനം എടുക്കാനാവാത്തത് രാജ്യത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണമാണ്. ഈ ഘട്ടത്തിൽ ്അത്തരമൊരു തീരുമാനമെടുത്താൽ ഖജനാവിലേക്ക് എത്തുന്ന നികുതി പണം കുറയും. ഇതോടെ ഒന്നും ചെയ്യാനുള്ള കാശ് ഇല്ലാത്ത അവസ്ഥയുമാകും. ക്രൂഡ് ഓയിൽ വില കൊടുക്കാൻ മാത്രമേ പിന്നെ ഖജനാവിൽ എന്തെങ്കിലും ഉണ്ടാകൂ. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാൻ മാർഗ്ഗമില്ലാതെ പകച്ചിരിക്കുകയാണ് മോദി സർക്കാർ.

ഇന്ധനവില കൂടുന്നതും രൂപയുടെ മൂല്യമിടിയുന്നതും രാജ്യത്തിന്റെ വ്യാപാരകമ്മി വർധിപ്പിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 2.8 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 1.8 ശതമാനം മാത്രമായിരുന്നു. അഞ്ച് വർഷത്തിനിടെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് സമ്പദ്‌വ്യവസ്ഥയിൽ അനുഭവപ്പെടുന്നത്. വ്യാപാരകമ്മി ഉയരുന്നതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനിടെ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഈ വർഷം 11 ശതമാനം കുറഞ്ഞതോടെ ഹ്രസ്വകാല കടങ്ങൾ അടയ്ക്കാൻ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുന്നു. ഡോളറിനായി കൂടുതൽ രൂപ നൽകേണ്ടി വരുന്നതാണ് ഇതിന് കാരണം. ഇതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും.

രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്താണ് രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം വിശദീകരിക്കുന്നത്. വിനിമയ നിരക്ക് ഈ വർഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താൽ ഇന്ത്യയുടെ എണ്ണ ബില്ലിൽ മാത്രം 45,700 കോടിയുടെ വർധനയുണ്ടാകുമെന്ന് എസ്‌ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് വിശദീകരിക്കുന്നു. ഇന്ത്യയുടെ ഹ്രസ്വകാല കടം 2017 ൽ 217.6 ബില്യൺ ഡോളറായിരുന്നു. ഇതിൽ പകുതി 2018ന്റെ ആദ്യ പകുതിയിൽ അടച്ചു തീർക്കുകയോ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തതായി അനുമാനിച്ചാൽ പോലും ഡോളറിന്റെ വിനിമയ ശരാശരിയായ 65.1 എന്ന നിലയിൽ കണക്കാക്കിയാൽ 7.1 ലക്ഷം കോടി രൂപ തിരിച്ചടക്കാനാണ്ട്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രൂപയുടെ വിനിമയ നിരക്കിന്റെ ശരാശരി 71.4 ആയി കണക്കാക്കിയാലും, തിരിച്ചടക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയാകും. 70,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുക. ഇത ്താങ്ങാനുള്ള കരുത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കില്ല. ജി.ഡി.പി ഉയരുന്നുണ്ടെങ്കിലും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുറവ് സമ്പദ്‌വ്യവസ്ഥക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ലെന്നാണ് വിലയിരുത്തൽ. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കരുത്താർജിച്ചതും മറ്റ് കറൻസികൾക്ക് തിരിച്ചടി നൽകുന്ന ഘടകമാണ്. 4.1 ശതമാനം നിരക്കിലാണ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച. ഇതുമൂലം കൂടുതൽ ആളുകൾ അമേരിക്കയിലാണ് നിക്ഷേപം നടത്തുകയാണ്. ഇത് ഡോളറിന് കരുത്താകുമ്പോൾ മറ്റ് കറൻസികളുടെ മൂല്യശോഷണത്തിന് കാരണമാവുന്നു.

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുമ്പോൾ പരിഹാരം കാണാൻ കഴിയുന്നത് ആർ.ബി.ഐക്ക് മാത്രമാണ്. കരുതൽ ധനശേഖരത്തിൽ നിന്ന് ഡോളർ കൂടുതലായി വിപണിയിലറക്കി രൂപയുടെ മൂല്യശോഷണം ആർ.ബി.ഐ തടയണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അത്തരമൊരു കടുത്ത നടപടിയിലേക്ക് കേന്ദ്രബാങ്ക് നീങ്ങുന്നുമില്ല. കേന്ദ്ര സർക്കാരുമായുള്ള ഏകോപനത്തിന്റെ പ്രശ്‌നമാണ് ഇത്. രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതോടെ ഇറക്കുമതിക്ക് കൂടുതൽ ചെലവേറും. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. വിനിമയ മൂല്യം ഇനിയും ഇടിയുകയും സർക്കാറിൽ നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതിരിക്കുകയും ചെയ്യാത്തപക്ഷം എണ്ണവില വരും ദിവസങ്ങളിലും ഉയരും. ഇത് പണപ്പെരുപ്പത്തിനും കാരണമാകും. അങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുന്ന അവസ്ഥയാകും ഉണ്ടാകുക.

തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ വാരാന്ത്യം രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 26 പൈസ നേട്ടത്തിൽ 71.73ലാണ് രൂപ ഇന്നലെ വിനിമയം അവസാനിപ്പിച്ചത്. പ്രാദേശിക വിപണികളുടെ തുടർച്ചയായ മുന്നേറ്റമാണ് രൂപയ്ക്കു കൂട്ടായത്. എന്നാൽ ഇത് താൽകാലികം മാത്രമാണെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ സ്വർണം നിലമെച്ചപ്പെടുത്തിയതാണ് ഡോളറിനു തിരിച്ചടിയായത്. രൂപയുടെ മൂല്യത്തകർച്ച പ്രവാസികളും ഐടി, ടെക് കമ്പനികളും ആഘോഷിക്കുകയാണ്. രൂപയുടെ ഇടിവിനു പിന്നിൽ ഇന്ത്യയുടേതായ കാരണങ്ങളല്ലെന്നാണ് കേന്ദ്ര് സർക്കാരിന്റെ പക്ഷം. ചൈന, കാനഡ തുടങ്ങി പല രാജ്യങ്ങളുമായും അമേരിക്ക വ്യാപാര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ആശങ്ക ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചതെന്നാണ് മോദി സർക്കാരിന്റെ വിശദീകരണം.

നിക്ഷേപകർ ഇവിടങ്ങളിൽനിന്നു പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാൻ തുടങ്ങിയതോടെ ഡോളറിനു കരുത്തു കൂടിയെങ്കിലും മറ്റു കറൻസികൾ ക്ഷീണത്തിലായെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. പല വികസ്വര രാജ്യങ്ങളിലും കറൻസിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അർജന്റീന, തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടർന്നാൽ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വൻ തോതിൽ പണം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP