Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗണ്ട് രണ്ടര വർഷത്തെ ഏറ്റവും വലിയ തകർച്ചയിൽ; ബ്രിട്ടൻ നേരിടുന്നത് ഏഴുവർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ബ്രെക്‌സിറ്റിനെ ഭയന്നിരുന്ന വിപണി നോ ഡീൽ ബ്രെക്‌സിറ്റ് ഉറപ്പിച്ചതോടെ ചുരുങ്ങി താഴുമ്പോൾ

പൗണ്ട് രണ്ടര വർഷത്തെ ഏറ്റവും വലിയ തകർച്ചയിൽ; ബ്രിട്ടൻ നേരിടുന്നത് ഏഴുവർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ബ്രെക്‌സിറ്റിനെ ഭയന്നിരുന്ന വിപണി നോ ഡീൽ ബ്രെക്‌സിറ്റ് ഉറപ്പിച്ചതോടെ ചുരുങ്ങി താഴുമ്പോൾ

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് വിപണി കഴിഞ്ഞ മൂന്നുവർഷമായി ഭയന്നിരുന്നത് സത്യമാവുകയാണോ? ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്ന ആശങ്കയിലായിരുന്നു വിപണി. യൂറോപ്യൻ സിംഗിൾ മാർക്കറ്റുൾപ്പെടെ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്നതായിരുന്നു ബ്രെക്‌സിറ്റിനെ വിപണി ഭയത്തോടെ കാണാൻ തുടങ്ങിയതിന് കാരണം. എന്നാൽ, സിംഗിൾമാർക്കറ്റ് പോയിട്ട് യൂറോ്പ്യൻ യൂണിയനുമായി വ്യാപാരസംബന്ധമായ കരാറൊന്നുമില്ലാതെ ബ്രിട്ടൻ വേർപിരിയുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

കടുംപിടുത്തക്കാരനായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാവുക കൂടി ചെയ്തതോടെ നോ ഡീൽ ബ്രെക്‌സിറ്റിലേക്കാണ് രാജ്യം പോവുകയെന്ന ആശങ്ക വിപണിയിൽ സജീവമാണ്. വിപണിയുടെ ഈ ആശങ്ക ആദ്യം പ്രതിഫലിക്കുന്നത് ബ്രിട്ടീഷ് പൗണ്ടിലാണ്. രണ്ടരവർഷത്തിനിടെ ഏറ്റവും വലിയ വീഴ്‌ച്ചയാണ് പൗണ്ട് നേരിടുന്നത്. 2012-നുശേഷം ഇത്രയും വലിയ മൂല്യത്തകർച്ച പൗണ്ടിനുണ്ടാകുന്നത് ആദ്യമായാണ്. പൗണ്ടിന്റെ വിലയിടിവും വിപണിയിലെ പ്രതിസന്ധിയും ബ്രിട്ടനെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കാണോ തള്ളിയിടുന്നതെന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്. 1.2074 ഡോളറാണ് പൗണ്ടിന്റെ ഇന്നലത്തെ വില. ഓഗസ്റ്റ് ഒന്നിന് 1.2138 ഡോളറായിരുന്നു മൂല്യം. രണ്ടരവർഷത്തിനിടെ ഇത്രയും താഴ്ന്ന വിലയിലേക്ക് പൗണ്ട് കൂപ്പുകുത്തുന്നത് ഇതാദ്യയമായാണ്. 85.4210 രൂപയാണ് ഇപ്പോൾ ഒരു ബ്രിട്ടീഷ് പൗണ്ട്. മൂല്യത്തകർച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരെയും പ്രതിസന്ധിയിലാക്കി.

ബ്രിട്ടൻ അവധിയാഘോഷിക്കുന്ന വേളയിൽത്തന്നെയാണ് പൗണ്ടുവില താഴേക്ക് പോയതെന്നത് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അവധിയാഘോഷിക്കുന്നവർക്കുപോലും ഏതാണ്ട് യൂറോയ്ക്ക് സമാനമായ പൗണ്ട് വലിയ സ്ാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. 1.0653 യൂറോയാണ് ഇപ്പോൾ ഒരു പൗണ്ട്. മുമ്പ് പൗണ്ടിന് യൂറോയ്ക്കുമേലുണ്ടായിരുന്ന ആധിപത്യം ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെ പോക്കറ്റിനെ സമ്പന്നമാക്കി നിർത്തിയിരുന്നു. എന്നാലിക്കുറി, പൗണ്ടും യൂറോയും തുല്യമായതോടെ, ചെലവേറിയത് യാത്രക്കാരെയും വലിയതോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സാമ്പത്തിക വർഷത്തിനിടെ ആദ്യ പാദത്തിൽ അരശതമാനം വളർച്ച രേഖപ്പെടുത്തിയ ബ്രിട്ടീഷ് വിപണി രണ്ടാം പാദത്തിൽ കടുത്ത തളർച്ചയിലാണ്. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നത് വൈകിയതോടെയാണ് നിർണാണ മേഖലയടക്കം ഉണർന്നതും വിപണി വളർച്ച രേഖപ്പെടുത്തിയതും. ജൂൺ ഒന്നിനുശേഷമുള്ള കാലയളവിൽ 0.2 ശതമാനം കുറവാണ് വളർച്ചയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രെക്‌സിറ്റ് ഒക്ടോബറിൽ നടക്കുമെന്നുറപ്പായതോടെ, കമ്പനികൾ വൻതോതിൽ ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയത് വിപണിയിൽ മാന്ദ്യത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമ്മാണ മേഖലയിലും ഉദ്പാദന മേഖലയിലും വന്ന കുറവും വിപണിയെ ഉലച്ചു.

കനത്തെ വെല്ലുവുളിയിലൂടെയാണ് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കടന്നുപോകുന്നതെന്ന് ചാൻസലർ സാജിദ് ജാവിദ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബ്രിട്ടൻ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. മിക്കവാറും രാജ്യങ്ങളിൽ വളർച്ച പിന്നോട്ടടിച്ചിട്ടുണ്ട്. ഈ പ്രതിഭാസത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സാജിദ് ജാവിദ് പറഞ്ഞു. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ കെട്ടുറപ്പുള്ളതാണ്. ഇക്കൊല്ലം ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളെക്കാളും വളർച്ച കൈവരിക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപിയിൽ തളർച്ച നേരിട്ടിട്ടുണ്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തലവൻ റോബ് കെന്റ് സ്മിത്ത് അഭിപ്രായപ്പെട്ടു. 2012-നുശേഷം ആദ്യമായാണ് ജിഡിപിയിൽ വളർച്ച കുറയുന്നത്. ഇക്കൊല്ലം മികച്ച രീതിയിൽ തുടങ്ങുകയും പിന്നീടുണ്ടായ ആശയക്കുഴപ്പം വിപണിയെ പിന്നോട്ടടിച്ചതുമാണ് ജിഡിപിയിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംപാദത്തിൽ ജിഡിപി പൂജ്യത്തിലേക്കെത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ബ്രെക്‌സിറ്റിന്റെ ക്ഷീണത്തിൽനിന്ന് മുക്തമായശേഷം 2021-ഓടെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP