Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോകത്തെ ഏറ്റവും വലിയ തൊഴിൽ വിപണി ഇന്ത്യ തന്നെ; കഴിഞ്ഞവർഷം ഇന്ത്യയിലേക്കെത്തിയത് നാലരലക്ഷം കോടിരൂപ! ഏറ്റവും കൂടുതൽ പണം ഒഴുക്കുന്നത് യുഎഇയിൽനിന്നും സൗദിയിൽനിന്നും; ഇന്ത്യയിൽനിന്നും പണം പോകുന്നത് ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും

ലോകത്തെ ഏറ്റവും വലിയ തൊഴിൽ വിപണി ഇന്ത്യ തന്നെ; കഴിഞ്ഞവർഷം ഇന്ത്യയിലേക്കെത്തിയത് നാലരലക്ഷം കോടിരൂപ! ഏറ്റവും കൂടുതൽ പണം ഒഴുക്കുന്നത് യുഎഇയിൽനിന്നും സൗദിയിൽനിന്നും; ഇന്ത്യയിൽനിന്നും പണം പോകുന്നത് ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്തേറ്റവു കൂടുതൽ പ്രവാസി പൗരന്മാരുള്ള രാജ്യമാണ് ഇന്ത്യ. ഏതുരാജ്യത്തുചെന്നാലും അവിടെ ഇന്ത്യക്കാരുണ്ടാകും. അതുകൊണ്ടുതന്നെയാണ് വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണം എത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നത്. ഏറെക്കാലമായി വിദേശപണമെത്തുന്ന രാജ്യങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ, അടുത്തകാലത്ത് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 2017-ൽ ഈ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യയിലേക്ക് അക്കൊല്ലം എത്തിയത് നാലരലക്ഷം കോടി രൂപയാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശത്തുനിന്നുള്ള പണംവരവിൽ 9.9 ശതമാനത്തിന്റെ വർധനവാണ് 2017-ൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് പട്ടികയിൽ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചതെന്ന് ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് റെമിറ്റൻസ് ഔട്ട്‌ലുക്ക് എന്ന റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോർട്ട് പുറത്തിറങ്ങിയത്. ഇന്ത്യയിൽനിന്ന് പുറത്തേയ്ക്ക് പണം പോകുന്നതിലും സമാനമായ വർധനയുണ്ടായിട്ടുണ്ട്. 2017-ൽ ഇന്ത്യയിൽനിന്ന് പുറത്തേക്ക് പോയത് 38,000 കോടി രൂപയാണ്.

ലോകത്തിന്റെ തൊഴിൽവിപണിയായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ മേഖലയിലും മിക്കവാറും രാജ്യങ്ങളിൽ ഇന്ത്യൻ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ മുന്നിട്ടുനിൽക്കുന്നതും. ലോകത്താകെയുള്ള വിദേശവരുമാനത്തിന്റെ 11.2 ശതമാനത്തോളമാണ് 2017-ൽ ഇന്ത്യയിലേക്ക് എത്തിയത്. സമീപകാലത്ത് ഇന്ത്യയിൽനിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന ഇക്കുറി രണ്ടാം സ്ഥാനത്തേക്കുപോയി. നാലേകാൽ ലക്ഷം കോടിരൂപയാണ് ചൈനയിലേക്ക് 2017-ൽ വിദേശത്തുനിന്നെത്തിയത്. ഫിലിപ്പീൻസ് (2.18 ലക്ഷം കോടി രൂപ), മെക്‌സിക്കോ (രണ്ടുലക്ഷം കോടിരൂപ), ഫ്രാൻസ് (1.68 ലക്ഷം കോടിരൂപ) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ

ഗൾഫ് രാജ്യങ്ങളാണ് ഇപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശപണത്തിന്റെ മുഖ്യസ്രോതസ്. അതിൽത്തന്നെ യുഎഇയാണ് ഒന്നാമത്. ഇന്ത്യയിലേക്കെത്തുന്ന പണത്തിന്റെ 20 ശതമാനവും യു.എ.ഇയിൽനിന്നാണ്. 2017-ൽ അവിടെനിന്ന് ഇന്ത്യയിലെത്തിയത് 91,681 കോടി രൂപയാണ്. 17 ശതമാനം വിദേശപണവുമായി അമേരിക്കയിലെ പ്രവാസികൾ രണ്ടാം സ്ഥാനത്തുണ്ട്. അമേരിക്കയിൽനിന്ന് 2017-ൽ 77,729 കോടി രൂപയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സൗദി അറേബ്യ (74,407 കോടി രൂപ), കുവൈറ്റ് (30,560 കോടി രൂപ), ഖത്തർ (27,238 കോടി രൂപ) എന്നീ രാജ്യങ്ങളിലെ പ്രവാസികളും ഇന്ത്യയിലേക്കെത്തുന്ന വിദേശപണത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഇന്ത്യയിലേക്കെത്തുന്ന ആകെ വിദേശപണത്തിന്റെ 55.6 ശതമാനവും സംഭാവന ചെയ്യുന്നത് ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിൽനിന്നാണ്.

2017-ലെ കണക്കനുസരിച്ച് ലോകത്ത് മറ്റുരാജ്യങ്ങളിലായി ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.64 കോടിയാണ്. മെക്‌സിക്കോയിലെ 1.19 കോടി ജനങ്ങളും റഷ്യയിലെ 1.1 കോടി ജനങ്ങളും പ്രവാസികളാണ്. ഒരുകോടി പ്രവാസികളുമായി ചൈന നാലാം സ്ഥാനത്താണ് നിൽക്കുന്നത്. ബംഗ്ലാദേശിൽനിന്നും പാക്കിസ്ഥാനിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരേറെയാണെങ്കിലും ഇതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. നിയമപരമായ കുടിയേറ്റമാണെങ്കിൽമാത്രമേ, പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്കുകളും കൃത്യമാകൂ.

ഇന്ത്യയിൽ ജോലി ചെയ്ത് പണം നാട്ടിലേക്കയക്കുന്നവരിൽ ഏറെയും തൊട്ടയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽന്നുള്ളവരാണ്. ഇതിലേറെയും ബംഗ്ലാദേശികളാണ്. പുറത്തേക്ക് പോകുന്ന 38,000 കോടിയുടെ 71 ശതമാനവും (ഏകകദേശം 26,500 കോടി രൂപ) ബംഗ്ലാദേശിലേക്കാണ് എത്തുന്നത്. നേപ്പാളിലേക്ക് 6643 കോടി രൂപയും ശ്രീലങ്കയിലേക്ക് 3300 കോടി രൂപയും 2017ൽ പോയതായി ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP