Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടിസിഎസിലെ ജീവനക്കാർക്കു ലോട്ടറിയടിച്ചു; 2628 കോടി വൺടൈം ബോണസായി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് കമ്പനി; ഒരു വർഷത്തെ സേവനത്തിനു ഒരാഴ്ച അധിക പ്രതിഫലം

ടിസിഎസിലെ ജീവനക്കാർക്കു ലോട്ടറിയടിച്ചു; 2628 കോടി വൺടൈം ബോണസായി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് കമ്പനി; ഒരു വർഷത്തെ സേവനത്തിനു ഒരാഴ്ച അധിക പ്രതിഫലം

മുംബൈ: ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട് ഈയിടെ വാർത്തകളിൽ നിറഞ്ഞ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വലിയൊരു മുഖംമിനുക്കൽ ശ്രമത്തിലാണിപ്പോൾ. ജീവക്കാർക്കു ബോണസായി കോടികൾ വാരിക്കോരി നൽകിയാണ് ടിസിഎസ് സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ പത്താം വാർഷികം ആഘോഷിക്കുന്നത്. രണ്ടര ലക്ഷം ടിസിഎസ് ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. ഒരു ഇന്ത്യൻ കമ്പനി ജീവനക്കാർക്കു നൽകുന്ന ഏറ്റവും വലിയ ബോണസ് വിതരണമായിരിക്കുമിത്. സർവീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും ഒരാഴ്ചത്തെ അധിക സാലറി നൽകും. ടിസിഎസിന്റെ നീക്കം പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കോർപറേറ്റ് രംഗത്ത് നല്ല പ്രതിഫലനമുണ്ടാക്കിയേക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ലോകത്തൊട്ടാകെ മൂന്ന് ലക്ഷത്തിലേറെ ജീവനക്കാരുള്ള ടിസിഎസ് രാജ്യത്തിനകത്തും പുറത്തും ചുരുങ്ങിയത് ഒരു വർഷമെങ്കിലും ജോലി ചെയ്ത എല്ലാ ജീവനക്കാർക്കും ബോണസ് നൽകും. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദ വരുമാനത്തിൽ 31 ശതമാനത്തോളം കുറവാണ് ഈ ഒറ്റത്തവണ ബോണസ് മൂലമുണ്ടായത്. ഒമ്പതു മാസം മുമ്പ് ആറു ലക്ഷം വരുന്ന ടിസിഎസ് ഓഹരിയുടമകൾക്കായി 7,835 കോടി രൂപ സ്‌പെഷ്യൻ ഡിവിഡന്റായി വിതരണം ചെയ്തിരുന്നു. സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ പത്താം വാർഷികം പ്രമാണിച്ചായിരുന്നു ഇതും. 2004ൽ ലിസ്റ്റ് ചെയ്യപ്പെട്ട ടാറ്റ ഗ്രൂപ്പിന്റെ ഈ സോഫ്റ്റ് വെയർ കമ്പനി ഇന്ന് ഇന്ത്യയിലെ ഏറ്റവും വിപണി മുല്യമുള്ള സ്ഥാപനമാണ്. 5.06 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം.

ഏറ്റവും കൂടുതൽ കാലം ടിസിഎസിൽ ജോലി ചെയ്ത ജീവനക്കാരായിരിക്കും ഈ ബോണസ് വിതരണത്തിൽ ഏറ്റവും കുടുതൽ നേട്ടമുണ്ടാക്കുന്നവർ. ഇവരിൽ സിഇഒയും എംഡിയുമായ എൻ ചന്ദ്രശേഖരനും ഉൾപ്പെടും. 51കാരനായ ചന്ദ്രശേഖരൻ ഇന്ത്യൻ ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആണ്. 1987ൽ പ്രോഗ്രാമറായി ജോലിയിൽ പ്രവേശിച്ച ചന്ദ്രശേഖരൻ 2009ലാണ് കമ്പനി മേധാവിയായത്.

ഐടി മേഖലയിൽ പുതിയ റിക്രൂട്ട്‌മെന്റുകൾ വർധിച്ചു വരികയാണ്. ടിസിഎസിന്റെ എതിരാളികളും ഇ കൊമേഴ്‌സ് കമ്പനികളുമെല്ലാം സി ലെവൽ എക്‌സിക്യൂട്ടീവുകളെ നിയമിച്ചു വരുന്നുണ്ട്. ഈ ഘടകങ്ങൾ മുൻ നിർത്തി തങ്ങളുടെ ടോപ് ലെവൽ എക്‌സിക്യൂട്ടീവുകളെ പിടിച്ചു നിർത്താനായിരിക്കാം ടിസിഎസിന്റെ ഈ ബോണസ് വിതരണമെന്ന് കെല്ലി സർവീസസ് എംഡി കമൽ കാരന്ത് പറയുന്നു. ഓഹരികൾ നൽകി ജീവനക്കാരെ കോടീശ്വരന്മാരാക്കിയ ഇൻഫോസിസ് പോലുള്ള മറ്റു ഐടി കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗതമായി ജീവനക്കാർക്ക് ശമ്പളം വാരിക്കോരി നൽകുന്നതിൽ ടിസിഎസ് യാഥാസ്ഥിതിക നിലാടുകാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP