Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി തോമസ് കുക്കിന്റെ ഒരു വിമാനം പോലും പറന്നുയരില്ല; അനേകം രാജ്യങ്ങളിലായി കുടുങ്ങിപ്പോയ ആയിരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ വീണ്ടും ബില്ലടയ്ക്കണം; പ്രത്യേക വിമാനങ്ങൾ അയച്ച് പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ ബ്രിട്ടൻ; അവസാനിക്കുന്നത് 178 വർഷം പാരമ്പര്യമുള്ള ആദ്യത്തെ ടൂർ ആൻഡ് ട്രാവൽ ഏജൻസി

ഇനി തോമസ് കുക്കിന്റെ ഒരു വിമാനം പോലും പറന്നുയരില്ല; അനേകം രാജ്യങ്ങളിലായി കുടുങ്ങിപ്പോയ ആയിരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ വീണ്ടും ബില്ലടയ്ക്കണം; പ്രത്യേക വിമാനങ്ങൾ അയച്ച് പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ ബ്രിട്ടൻ; അവസാനിക്കുന്നത് 178 വർഷം പാരമ്പര്യമുള്ള ആദ്യത്തെ ടൂർ ആൻഡ് ട്രാവൽ ഏജൻസി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടീഷ് ട്രാവൽ ആൻഡ് ടൂർ കമ്പനിയായ തോമസ് കുക്ക് അടച്ചുപൂട്ടി. ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിർത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ ലോകത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രയിലായിരുന്നവരുടെ സ്ഥിതി അനിശ്ചിതത്വത്തിലായി. 178 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിട്ടീഷ് കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു.

വിനോദസഞ്ചാരം ആഗോളതലത്തിൽ ഇത്രയേറെ പ്രചാരം നേടുന്നതിന് മുമ്പ്, വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആരംഭിച്ച സ്ഥാപനമായിരുന്നു തോമസ് കുക്ക്. ലോകത്തെ ഏറ്റവും പഴക്കംചെന്ന ട്രാവൽ ഏജൻസി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തോമസ് കുക്ക് കമ്പനിയിൽ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനിൽമാത്രം 9000 പേർ. 25 കോടി ഡോളർ ബാധ്യതയുള്ള കമ്പനി പിടിച്ചുനിർത്താനുള്ള അവസാനശ്രമവും പരാജയപ്പെടുകയായിരുന്നു.

നിലവിൽ കമ്പനിയുടെ പാക്കേജുകളിൽ 600,000 ആളുകളെങ്കിലും വിവിധ വിദേശ രാജ്യങ്ങളിലായി യാത്ര ചെയ്യുകയും ഹോട്ടലുകളിലും മറ്റുമായി താമസിക്കുകയും ചെയ്യുന്നുണ്ട്. ഇവരിലേറെയും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയ നിലയിലാണ്. ബ്രിട്ടീഷുകാരായ സഞ്ചാരികളെ നാട്ടിലെത്തിക്കാൻ 40 വിമാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കിയിരുന്നു. സർക്കാരുകളെയും ഇൻഷുറൻസ് കമ്പനികളെയും ഏകോപിപ്പിച്ചാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. 1,60,000 ബ്രിട്ടീഷ് സഞ്ചാരികളെ രണ്ടാഴ്ചയ്ക്കകം തിരികെയെത്തിക്കാൻ വിമാനങ്ങൾ അയക്കും. ഒരുദിവസം 16,000 പേരെ വീതം മടക്കിക്കൊണ്ടുവരാനാണ് ശ്രമം.

കമ്പനി അടച്ചുപൂട്ടിയതോടെ സമീപമാസങ്ങളിൽ വിനോദസഞ്ചാരത്തിനായി തോമസ് കുക്കുവഴി ബുക്ക് ചെയ്ത പത്തുലക്ഷത്തിലേറെ സഞ്ചാരികളുടെ പദ്ധതികളും അനിശ്ചിതത്വത്തിലായി. ബ്രിട്ടനിലെ ഇരുപതിലേറെ വിമാനത്താവളങ്ങളിൽ തോമസ് കുക്കിന്റെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു. അതെല്ലാം നിർത്തലാക്കി. തോമസ് കുക്കിന്റേതായ എല്ലാ വിമാനസർവീസുകളും നിർത്തലാക്കി. കമ്പനിയിലെ ജീവനക്കാരുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ തുടരുകയാണ്.

കടബാധ്യത മറികടക്കുന്നതിന് 200 ദശലക്ഷം പൗണ്ട് സഹായം കമ്പനി ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാകാതെ വന്നതോടെയാണ് കമ്പനി പാപ്പരായി പ്രഖ്യാപിച്ചതും പ്രവർത്തനം നിർത്തിയതും. ഇതോടെയാണ് വിദേശത്ത് യാത്രയിലായിരുന്നവർ കുടുങ്ങിയത്. ഇവരിൽ പലരും ഹോട്ടലിൽ പണമടയ്ക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. രോഗബാധിതരായ പലർക്കും ചികിത്സ പോലും തേടാനാകാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.

പല ഹോട്ടലുകളിലും വിനോദ സഞ്ചാരികളെ ബന്ദിയാക്കിയതായും പരാതിയുയർന്നിട്ടുണ്ട്. പണം നൽകിയാലല്ലാതെ ഹോട്ടൽ വിട്ടുപോകാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ഹോട്ടൽ ജീവനക്കാർ മുറി പൂട്ടിയെന്ന പരാതികൾവരെ ഉയർന്നിട്ടുണ്ട്. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് സഞ്ചാരികൾ കടന്നുപോകുന്നതെന്നാണ് റിപ്പോർട്ട്. സ്‌പെയിനിലെ ടെനറിഫിലുള്ള റിസോർട്ടുകൾ സഞ്ചാരികൾക്ക് പുതിയ ബിൽ നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് യൂറോ സ്വന്തം കൈയിൽനിന്ന് വീണ്ടും മുടക്കേണ്ട അവസ്ഥയിലാണ് അവരിൽപലരും.

ടെനറിഫിലെ ട്രോയ ഹോട്ടലിൽ കഴിയുകയായിരുന്ന സ്റ്റീഫൻ മക്‌ഗോണൽ, സ്‌റ്റേസി റോബിൻസൺ, അവരുടെ ഒമ്പത് മാസം പ്രായമുള്ള മകൾ ഒലിവിയ എന്നിവരോട് ഹോട്ടൽ അധികൃതർ അധികമായി 917 പൗണ്ടുകൂടി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 1500 പൗണ്ട് തോമസ് കുക്കുവഴി അടച്ചശേഷമാണ് ഇവർ യാത്രയ്ക്ക് പുറപ്പെട്ടത്. അധികമായി ആവശ്യപ്പെട്ടിട്ടുള്ള പണം നൽകാതെ ഹോട്ടൽ മുറിവിട്ടുപോകാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. ചെസ്റ്റ് ഇൻഫക്ഷൻപിടിച്ച മകളുമായി ദമ്പതിമാർ ഹോ്ട്ടലിൽ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോർട്ട്. മറ്റു യാത്രക്കാരുടെയും സ്ഥിതി സമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP