Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനങ്ങളെ മയക്കാൻ സുഖിപ്പീര് ബജറ്റ് ; മദ്ധ്യവർഗ്ഗത്തിന്റെ കയ്യടി ഉറപ്പ്; ചെപ്പടിവിദ്യകൾ ഗുണംചെയ്യുക കോർപ്പറേറ്റുകൾക്ക്

ജനങ്ങളെ മയക്കാൻ സുഖിപ്പീര് ബജറ്റ് ; മദ്ധ്യവർഗ്ഗത്തിന്റെ കയ്യടി ഉറപ്പ്; ചെപ്പടിവിദ്യകൾ ഗുണംചെയ്യുക കോർപ്പറേറ്റുകൾക്ക്

പതിനഞ്ചാം ലോകസഭയിലെ അവസാന സമ്മേളനത്തിൽ ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ട് വിവിധമേഖലകളെ സുഖിപ്പിച്ച് കയ്യിലെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ വോട്ടും പ്രചാരണത്തിനുള്ള ഫണ്ട് ഒഴുക്കും ഒരേപോലെ ഉറപ്പിക്കാൻ പര്യാപ്തമായ ഇടക്കാല ബജറ്റാണ് ഇതെന്ന് പറയാം. യുപിഎ സർക്കാരിന്റെ നേട്ടങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ചെറുകാറുകൾക്കും ബൈക്കിനും വിലകുറച്ച് സോപ്പിടൽ ബജറ്റ്; മൊബൈലിനും ടിവിക്കും ഫ്രിഡ്ജിനും തീരുവ കുറച്ചു വോട്ടുകിട്ടാൻ ചൂണ്ടയിട്ട് ചിദംബരത്തിന്റെ ഇടക്കാല ബജറ്റ്; പത്തുലക്ഷം തൊഴിൽ; ഭക്ഷ്യ സബ്‌സിഡിക്ക് ലക്ഷം കോടി; ആധാറിൽ വിട്ടുവീഴ്ചയില്ല; സ്ത്രീകളുടെ കയ്യടിക്കായി നിർഭയക്ക് ആയിരംകോടി; സൈനികരെയും വിദ്യാർത്ഥികളെയും സുഖിപ്പിച്ചു വിഴിഞ്ഞവും വ്യവസായസോണും വിഴുങ്ങി; കേരളത്തിന് കിട്ടിയത് മെട്രോയ്ക്ക് 462 കോടി മാത്രം; ആവശ്യങ്ങൾ കേൾക്കാത്തമട്ടിൽ ഇടക്കാല ബജറ്റ്
വാഹനവിപണിക്ക് നേട്ടം; ഇന്ധനവില കുറയില്ല

മാന്ദ്യം നിലനിൽക്കുന്ന ഇന്ത്യൻ വാഹനവിപണിക്ക് വൻ നേട്ടമാണ് ഈ ബജറ്റ്. ബൈക്കുകളും ചെറുകാറുകളും മുതൽ എസ്യുവികൾ വരെ സ്വകാര്യ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ (കൺസ്യൂമർ വിയക്കിൾസ്) വില കുറയാൻ ബജറ്റ് കാരണമാകും. എന്നാൽ വാഹനവിപണി ഉഷാറാവുമ്പോഴും ഇന്ധനവില പിടിച്ചുനിർത്താനുള്ള ഒരു ശ്രമവും ഗവൺമെന്റിൽ നിന്ന് മേലിലും ഉണ്ടാവില്ലെന്ന് നിശ്ചയമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടി പിൻവലിക്കാനോ, ഭാഗികമായെങ്കിലും വിപണിയിൽ ഇടപെടാനോ ശ്രമമില്ല. വാതകവില സംബന്ധിച്ച് ഡൽഹി സർക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് മൂന്നുപ്രാവശ്യം വിലകൂട്ടാൻ റിലയൻസിന് മൗനാനുവാദം നൽകിയ മന്ത്രാലയത്തിനെനതിരെ, രാജിവച്ചൊഴിഞ്ഞ കെജ്രിവാൾ സർക്കാർ കേസെടുത്ത പശ്ചാത്തലത്തിൽ ഇത് പ്രത്യേകം ശ്രദ്ധാർഹമാണ്.

ഇലക്‌ട്രോണിക് വിപണിക്കും ഉണർവ്; വിലക്കയറ്റം പിടിച്ചുനിർത്തില്ല

വാഹനങ്ങൾക്ക് മാത്രമല്ല, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഉപഭോക്തൃവിപണിയെ തന്നെ കയറയച്ചുവിടുന്ന ബജറ്റാണിത്. റെഫ്രിജറേറ്ററ്റുകളും ടെലിവിഷനുകളും മുതൽ എയർ കണ്ടീഷണറുകളും മൊബൈൽ ഫോണുകളും വരെയുള്ളവയുടെ എക്‌സൈസ് തീരുവ 12%ൽ നിന്നും 10% ആയി വെട്ടിക്കുറച്ചതിനാൽ അവയുടെ വില കുറയാൻ ബജറ്റ് സഹായകമാകും. ഇത് മദ്ധ്യവർഗ്ഗത്തിന് വളരെ ആഹ്ലാദമുണ്ടാക്കുന്നതും ജീവിതനിലവാരം ഉയർത്താൻ പര്യാപ്തവുമാണ്. കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ ഇതിന്റെ പ്രതിഫലനം വലുതായിരിക്കും. എന്നാൽ വരുമാനവർദ്ധനയ്ക്ക് ഇടമില്ലാതെ വിലകുറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. ഇത്തരം ഉപകരണങ്ങളുടെ വില കുറയുന്നത് വിൽപ്പന വർദ്ധിപ്പിക്കുകയും ഇക്കണോമിയിൽ പണവിനിമയം കൂട്ടുകയും ചെയ്യും. എന്നാൽ ജനത്തിന്റെ കയ്യിൽ അത്യാവശ്യത്തിനു ലഭ്യമായ സർപ്ലസ് മണി ഫലത്തിൽ കുറയുകയാവും ഉണ്ടാവുക. ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനോ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ അത്യാവശ്യസേവനങ്ങൾ സുപ്രാപ്യമാക്കാനോ നടപടികളൊന്നുമില്ല. ഊഹക്കച്ചവടമോ അവധിവ്യാപാരമോ നിർത്തലാക്കാൻ പോയിട്ട് നിയന്ത്രിക്കാൻ പോലും ശ്രമമില്ല.

പ്രതിരോധത്തിന് കൂടുതൽ ഫണ്ട്; ഒരു റാങ്കിന് ഒരു പെൻഷൻ

ലോകസഭാ തെരഞ്ഞെടുപ്പിൽ സൈനികർക്ക് വോട്ട്‌ചെയ്യാനുള്ള അവസരം നൽകാനുള്ള ശ്രമത്തിൽ മുഴുകുമെന്ന് എൻഡിഎ നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രസ്താവിച്ച സാഹചര്യത്തിൽ സൈനികരെ കയ്യിലെടുക്കുക യുപിഎയുടെ അടിയന്തിര അജണ്ടയായി എന്നു തോന്നിക്കുന്ന നിലയിലാണ് ഇടക്കാല ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ. ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഏറ്റവുമധികം തുക വകയിരുത്താൻ സാധ്യതയുള്ള മേഖലയാണ് പ്രതിരോധം എന്ന കണക്കുകൂട്ടലിലാണ് ഇവിടേക്ക് പണം ഒഴുക്കാൻ ചിദംബരം തയ്യാറായിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ 10% അധിക ഫണ്ടാണ് പ്രതിരോധമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. 2.24 ലക്ഷം കോടിയാണ് പ്രതിരോധത്തിനു നീക്കിവച്ചിരിക്കുന്നത്. അതിനും പുറമേ, വിമുക്തഭടന്മാരെ കയ്യിലെടുക്കാനായി, ഒരു റാങ്കിന് ഒരു പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കാൻ കൂടുതൽ പെൻഷൻ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. അഞ്ഞൂറുകോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്.

ഭക്ഷ്യസുരക്ഷയ്ക്ക് ഒരുലക്ഷം കോടി; ആധാർ കാർഡ് നിർബന്ധമാകും

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽപെടുത്തി ഭക്ഷ്യ സബ്‌സിഡിക്കായി 1,15,000 കോടി രൂപയാണ് ചിദംബരം അനുവദിച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന പദ്ധതിക്കുവേണ്ടിയാണ് ഇത്രയധികം തുക നീക്കിവച്ചിരിക്കുന്നത്. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനും ട്രാൻസ്‌പോർട്ടേഷനും ഗുണകരമായ കാര്യങ്ങളുമുണ്ട്. സംഭരണത്തിൽ ഇടപെടുകയും ട്രാൻസ്‌പോർട്ടേഷന് നികുതി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ദരിദ്രരും സാധാരണക്കാരുമായ ആളുകൾക്കും കർഷകർക്കും ഒരുപോലെ ഗുണകരമാണ്, ഈ നീക്കം. എന്നാൽ പൊതുവിതരണസംവിധാനം പാടെ തകർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് യൂണിവേഴ്‌സൽ സബ്‌സിഡി പരിപൂർണ്ണമായും മാറ്റിവച്ച് ടാർജറ്റഡ് സബ്‌സിഡിയിലേക്ക് നീങ്ങുകയും അതിൽതന്നെ ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ സാങ്കേതികതയിൽ കുടുങ്ങി അർഹരായവർക്ക് സഹായം എത്താനുള്ള സാധ്യത മങ്ങുകയാണ് ഫലത്തിലുണ്ടാവുക എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

പാർപ്പിടം പ്രധാന അജണ്ട

ഗ്രാമീണഭവനപദ്ധതിക്കായി ആറായിരം കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നാഗരികഭവനപദ്ധതിക്കായി രണ്ടായിരം കോടിയും നീക്കിവച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന യുപിഎ സർക്കാരിന്റെ പരസ്യങ്ങളെ പിന്തുണയ്ക്കുന്ന പ്രഖ്യാപനമാണിത്. പ്രോത്സാഹിപ്പിക്കേണ്ട നീക്കം എന്നുതന്നെ ഇതേക്കുറിച്ച് പറയണം. വർഗ്ഗീയതയ്‌ക്കെതിരെ പാർപ്പിടം എന്ന കോൺഗ്രസിന്റെ ദീർഘകാലതന്ത്രത്തിന്റെ ഭാഗമാണിത്.

വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് മോറട്ടോറിയം

യുവാക്കളെ കയ്യിലെടുക്കാനായി 10 ലക്ഷം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്ന ബജറ്റിൽ 2009 മാർച്ച് 31ന് മുമ്പെടുത്ത വിദ്യാഭ്യാസവായ്പകളുടെ മേലുള്ള പലിശയ്ക്ക് ഉപാധിയോടെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒൻപതുലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണമുണ്ടാകും എന്നാണ് അവകാശവാദം. വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന തുക ജിഡിപിയുടെ ശതമാനക്കണക്കിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൂർണ്ണമായും വായ്പാബന്ധിതമായ ഉന്നതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുക 10,145 കോടി രൂപയിൽ നിന്ന് 79,251 കോടി രൂപയായി വർദ്ധിച്ചതായി പി ചിദംബരം സഭയെ അറിയിച്ചു. കോഴ്‌സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് താത്ക്കാലികമായി ആശ്വാസമാകുന്ന നടപടിയാണ് ഇതെങ്കിലും കൂടുതൽ പേരെ വിദ്യാഭ്യാസവായ്പ എടുക്കാൻ പ്രേരിപ്പിക്കുന്ന നടപടി കൂടിയാണ് ഈ പ്രഖ്യാപനം. പലിശ കിട്ടില്ല എന്നുവരുന്നതോടെ മറുവശത്ത് ബാങ്കുകൾ വിദ്യാഭ്യാസലോൺ നൽകുന്നതിൽ കൂടുതൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നുള്ളതും ഉറപ്പാണ്. ഇതോടെ പലിശടക്കം വായ്പ തിരിച്ചടയ്ക്കാനുള്ള മാർഗ്ഗം കൂടി ഉറപ്പാക്കിമാത്രമേ വിദ്യാഭ്യാസ ലോൺ ലഭിക്കൂ എന്ന അവസ്ഥയുണ്ടാവും. അപേക്ഷിക്കുന്ന ആർക്കും വിദ്യാഭ്യാസ വായ്പ കൊടുക്കണമെന്ന് വർഷാവർഷം പ്രഖ്യാപനങ്ങളുണ്ടെങ്കിലും മാർക്കും, ചേരുന്ന സ്ഥാപനവും മറ്റും പരിഗണിച്ചു മാത്രമേ, ഇപ്പോഴും വായ്പ അനുവദിക്കാറുള്ളൂ. അതിൽ കൂടുതൽ പിടിമുറക്കുമുണ്ടാവാനാണ് സാധ്യത.

ന്യൂനപക്ഷത്തെയും സ്ത്രീകളെയും കയ്യിലെടുക്കും; പദ്ധതിച്ചെലവിൽ മാറ്റമില്ല

ന്യൂനപക്ഷ കാര്യങ്ങൾക്കായി 3711 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇതും കൃത്യമായി തെരഞ്ഞെടുപ്പു മുന്നിൽകണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമായി വിലയിരുത്താം. സാമൂഹ്യനീതി വിഭാഗത്തിന് 6730 കോടി രൂപയും പഞ്ചായത്തീരാജിന് ഏഴായിരം കോടി രൂപയും മാറ്റിവച്ചു. പൊതുകടം മാനേജ് ചെയ്യാനുള്ള ബിൽ തയ്യാറായതായും ചിദംബരം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. നിർഭയ പദ്ധതിക്ക് നീക്കിവച്ച ആയിരം കോടിയുടെ ഗ്രാൻഡ് ലാപ്‌സാവില്ലെന്നും അടുത്ത സാമ്പത്തികവർഷം വീണ്ടും ആയിരം കോടി കൂടി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു. സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതിയാണിത്. എന്നാൽ മുൻവർഷം പ്രഖ്യാപിച്ച ബജറ്റ് വിവിതത്തിൽ ഒരു രൂപ പോലും ചെലവഴിക്കാത്ത പദ്ധതി കൂടിയാണിത്. റെയിൽവേയ്ക്ക് നൽകുന്ന ബജറ്റ് വിഹിതം 26,000 കോടിയിൽ നിന്ന് 29,000 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിച്ചെലവ് (ുഹമി ലഃുലിറശൗേൃല) കഴിഞ്ഞവർഷത്തെ അതേ നിലയിൽ 5,55,322 കോടിയായി നിലനിർത്തും.

ധനക്കമ്മി കുറയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടം

ധനക്കമ്മി കുറയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പക്ഷെ അത്ര നല്ല സൂചനയല്ല നൽകുന്നത്. മൂലധനച്ചെലവും (രമുശമേഹ ലഃുലിറശൗേൃല) പദ്ധതിച്ചെലവും റവന്യൂ ചെലവും (ൃല്ിൗല ലഃുലിറശൗേൃല) കുറച്ചുകൊണ്ടുമാത്രമേ ധനക്കമ്മി കുറയ്ക്കാനാവൂ. പ്രത്യേകിച്ച് ഡോളറിനെനതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കെ ആഭ്യന്തര കടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന്റെ ഭാരം അനുഭവിക്കുക, ഭാവിയിലാവും.

ജനുവരി വരെയുള്ള കാലയളവിൽ 6,60,000 കോടി രൂപയുടെ 296 പദ്ധതികൾക്ക് അനുമതി നൽകിയതായി ചിദംബരം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP