Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതിയും സെസ്സും കൊടുത്തും സബ്‌സിഡി വേണ്ടെന്നുവച്ചും ഇന്ത്യ വളരാൻ സഹിക്കുന്നവരുടെ നെഞ്ചത്തടിച്ച് അരുൺ ജെയ്റ്റ്‌ലി; കിമ്പളവും സൗജന്യ പെൻഷനും കിട്ടാത്ത സ്വകാര്യ മേഖല ജീവനക്കാരുടെ പെൻഷൻ കവർന്നെടുത്ത ബജറ്റ്; കേന്ദ്രം അടിച്ചുമാറ്റിയത് സാധാരണക്കാരന്റെ 18 ശതമാനം വരുമാനം

നികുതിയും സെസ്സും കൊടുത്തും സബ്‌സിഡി വേണ്ടെന്നുവച്ചും ഇന്ത്യ വളരാൻ സഹിക്കുന്നവരുടെ നെഞ്ചത്തടിച്ച് അരുൺ ജെയ്റ്റ്‌ലി; കിമ്പളവും സൗജന്യ പെൻഷനും കിട്ടാത്ത സ്വകാര്യ മേഖല ജീവനക്കാരുടെ പെൻഷൻ കവർന്നെടുത്ത ബജറ്റ്; കേന്ദ്രം അടിച്ചുമാറ്റിയത് സാധാരണക്കാരന്റെ 18 ശതമാനം വരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോടീശ്വരന്മാരുടെ വായ്പകൾ കിട്ടാക്കടങ്ങളായി എഴുതിത്ത്തള്ളാനും നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കാനും മാറിവരുന്ന സർക്കാരുടെ പ്രാപ്തരാക്കുന്നത് ഇന്ത്യയിലെ മധ്യവർഗമായ സാധാരണക്കാർ നൽകുന്ന നികുതി വരുമാനം ഉള്ളതുകൊണ്ടാണ്. സൗജന്യ പെൻഷനോ കിമ്പളമോ കിട്ടാത്ത സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാർ, അവരുടെ വരുമാനത്തിൽനിന്ന് അടയ്‌ക്കേണ്ട നികുതി കൃത്യമായി അടയ്ക്കുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്വകാര്യമേഖലാ ജീവനക്കാരുടെ വയറ്റത്തടിക്കുന്നതാണ്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശമാണ് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 25 വയസ്സിൽ ഇപ്പോൾ ജോലിക്ക് കയറുന്ന ഒരാളുടെ റിട്ടയർമെന്റ് ആനുകൂല്യത്തിൽനിന്ന് 18 ശതമാനത്തോളം നികുതിയായി ഈടാക്കുന്ന നിർദേശങ്ങളാണ് ഇതിലുള്ളത്. സർക്കാർ ജീവനക്കാർക്കുള്ളതുപോലെ സൗജന്യ പെൻഷനോ ആരോഗ്യ പരിപാലന പദ്ധതികളോ ഒന്നുമില്ലാതെ, പെൻഷൻ പറ്റിയാൽ കഷ്ടപ്പെട്ടുപോകുന്ന സ്വകാര്യ ജീവനക്കാർക്ക് ഈ തീരുമാനം ഏൽപിച്ച ആഘാതം ഏറെ വലുതാണ്.

ഇക്കൊല്ലം ഏപ്രിലിനുശേഷം പ്രൊഫിഡന്റ് ഫണ്ടിലെത്തുന്ന തുകയ്ക്ക് നികുതി ഏർപ്പെടുത്താനാണ് ബജറ്റ് നിർദേശമുള്ളത്. അതനുസരിച്ചാണ് ഇപ്പോൾ ജോലിക്ക് കയറുന്ന ഒരാൾക്ക് ഇപിഎഫിൽനിന്ന് 18 ശതമാനത്തോളം നികുതിയിനത്തിൽ നഷ്ടമാകുമെന്ന് കണക്കാക്കിയിട്ടുള്ളത്. കരിയർ പാതി പിന്നിട്ടവർക്കും കനത്ത നഷ്ടമുണ്ടാക്കുന്ന തീരുമാനമാണിത്. അടിസ്ഥാനശമ്പളത്തിന്റെ 12 ശതമാനത്തോളമാണ് പി.എഫിലേക്ക് പോകുന്ന വിഹിതം. ഇത്രയും തന്നെ തൊഴിലുടമയും അടയ്ക്കണം. ഈ രീതിയിൽ ശേഖരിക്കപ്പെടുന്ന ഇപിഎഫിൽ പുതിയ നികുതി നിയമം നടപ്പിലാകുന്നതോടെ, ഇപ്പോൾ 25 വയസ്സുള്ള ഒരാൾക്ക് റിട്ടയർ ചെയ്യുമ്പോൾ 18 ശതമാനത്തോളം നഷ്ടം നേരിടും. 35 വയസ്സുള്ളയാൾക്ക് 12.5 ശതമാനവും 45 വയസ്സുള്ളയാൾക്ക് 8.1 ശതമാനവും 55 വയസ്സായ ആൾക്ക് രണ്ടുശതമാനവും പിഎഫിൽനിന്ന് നികുതിയായി നൽകേണ്ടിവരും.

ഈ ബജറ്റ് നിർദ്ദേശം സംബന്ധിച്ച് ആദായ നികുതി വകുപ്പിനും റവന്യൂ വകുപ്പിനും വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. വിവിധ തൊഴിലാളി സംഘടനകൾ പ്രതിഷേധം ഉയർത്തിയതോടെ നിർദ്ദേശം പിൻവലിക്കാനുള്ള ആലോചനപോലും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നിർദ്ദേശം പിൻവലിക്കണമെങ്കിൽ അതിന് ഉത്തരവിടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈവർഷം ഏപ്രിൽ ഒന്നിനുശേഷം നിക്ഷേപിക്കുന്ന തുക പിന്നീട് പിൻവലിക്കുമ്പോൾ അതിലെ 60 ശതമാനം തുകയ്ക്കുമാത്രമേ പലിശ ഏർപ്പെടുത്തൂ എന്നാണ് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ നൽകുന്ന വിശദീകരണം. എന്നാൽ, കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ 60 ശതമാനത്തിന് മാത്രമേ നികുതി ഈടാക്കൂ എന്ന് എവിടെയും പറയുന്നില്ല. പിഫ് നിക്ഷേപങ്ങൾക്ക് ആദായനികുതി വകുപ്പ് നിയമത്തിലെ 80 സി പ്രകാരം നികുതിയിളവ് ലഭിക്കേണ്ടതാണ്. എന്നാൽ, അതേക്കുറിച്ചും ഈ റിപ്പോർട്ടിൽ സൂചനയില്ല.



സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഒറ്റയടിക്ക് പി.എഫ്. തുക പിൻവലിക്കാതെ പെൻഷൻ സംവിധാനങ്ങളിലേക്ക് പോകുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ പരിഷ്‌കാരം കൊണ്ടുവന്നതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. പിഎഫ് തുകയുടെ 40 ശതമാനം തുക പിൻവലിക്കുന്നതിന് നികുതിയിളവ് നൽകിയിട്ടുമുണ്ട്. ശേഷിച്ച 60 ശതമാനം തുക പെൻഷൻ പദ്ധതികളിൽ മുടക്കിയാൽ നികുതിയിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം. പെൻഷൻ പദ്ധതിയിൽ ചേർന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ അനന്തരാവകാശികൾക്ക് നികുതിയീടാക്കാതെ മുഴുവൻ തുകയും ലഭിക്കും. ഇപ്പോൾ ഇപിഎഫിലുള്ള 3.70 ലക്ഷം പേരിൽ മൂന്നുകോടി ആളുകളും 15,000 രൂപയിൽത്താഴെ ശമ്പളം വാങ്ങുന്നവരാണെന്നും അവർക്ക് ഈ നികുതി ബാധകമല്ലെന്നും കേന്ദ്രം പറയുന്നു.

ഇപിഎഫിന്റെ ഭാഗമായുള്ള പെൻഷൻ പദ്ധതിയുണ്ട്. ഇതിലേക്ക് വിഹിതമടയ്ക്കുകയെന്നത് നിർബന്ധവുമാണ് എന്നാൽ, എത്ര വിഹിതമടച്ചാലും ഇ.പി.എഫ് പെൻഷൻ 4,000 രൂപയിലധികം കിട്ടില്ല എന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്. മിക്കവാറും ആളുകൾ അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ ഒരുശതമാനം പോലും വരില്ല ഈ പെൻഷൻ തുകയെന്നതാണ് കൗതുകകരമായ കാര്യം. ഏതായാലും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനു നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതേത്തുടർന്ന്, തുക പിൻവലിക്കുമ്പോൾ അതിന്റെ 60 ശതമാനത്തിനു നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് നിർദ്ദേശം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചന തുടങ്ങി.

എന്നാൽ കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ, 11 ഇനങ്ങൾ ഉൾപ്പെട്ട വിശദീകരണത്തിൽ എവിടെയും 60 ശതമാനത്തിന്റെ പലിശയ്ക്കു മാത്രമേ ആദായനികുതി ബാധകമാകൂ എന്നു പറയുന്നില്ല. പിഎഫ് നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ 80 സി പ്രകാരമുള്ള ഇളവ് തുടരുമോയെന്നും വ്യക്തമല്ല. തൊഴിലാളികളുടെയും മധ്യവർഗത്തിലെ സ്ഥിരവരുമാനക്കാരുടെയും നടുവൊടിക്കുന്ന പുതിയ നികുതി നിർദ്ദേശം പിൻവലിക്കണമെന്ന് എല്ലാ തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുടമകളും തൊഴിലാളികളും മുഴുവൻ തുകയും ഒറ്റയടിക്കു പിൻവലിക്കാതെ പെൻഷൻ സംവിധാനങ്ങളിലേക്കു പോകുന്നതു പ്രോത്സാഹിപ്പിക്കാനാണു പരിഷ്‌കാരം കൊണ്ടുവന്നത്. പ്രോവിഡന്റ് ഫണ്ടിലും നാഷനൽ പെൻഷൻ പദ്ധതിയിലും ഉള്ള തുകയുടെ 40% പിൻവലിക്കുന്നതിനു നികുതി ഇളവ് അനുവദിച്ചത് അങ്ങനെയാണ്. ബാക്കിയുള്ള 60% തുക പെൻഷൻ ലഭിക്കുന്ന പദ്ധതിയിൽ മുടക്കിയാൽ നികുതി ചുമത്തുകയില്ല. അതായത്, പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചാൽ പിഎഫ് തുകയ്ക്ക് ഒരു പലിശയുമില്ലെന്നാണ് വിശദീകരണം. പെൻഷൻ പദ്ധതിയിൽ ചേർന്ന വ്യക്തി മരിച്ചാൽ അനന്തരാവകാശികൾക്കു ലഭിക്കുന്ന തുകയ്ക്കു നികുതി ഈടാക്കുകയില്ല. ഒരു വ്യക്തി മുഴുവൻ പിഎഫ് തുകയും പിൻവലിച്ച് ചെലവഴിക്കാതെ പെൻഷൻ പദ്ധതികളിൽ നിക്ഷേപിക്കണം എന്നതാണ് ഈ നികുതിയുടെ ലക്ഷ്യം. ഇപിഎഫിൽ ഇപ്പോൾ മൂന്നു കോടി 70 ലക്ഷം പേരാണുള്ളത്. ഇതിൽ മൂന്നു കോടി അംഗങ്ങളും 15,000 രൂപയ്ക്കു താഴെ പ്രതിമാസശമ്പളം വാങ്ങുന്നവരാണ്. അവർ ഈ നികുതിയുടെ പരിധിയിൽ ഇല്ലെന്നും പറയുന്നു.

എന്നാൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ ഇ.പി.എഫുകാർക്ക് എതിരെ നടപടികൾ തുടങ്ങയെന്നും ആക്ഷേപം ഉണ്ട്. ആദ്യം പി.എഫ് നിക്ഷേപത്തിൽനിന്നു കുറച്ചു തുക ഷെയർ മാർക്കറ്റിലേക്കു മാറ്റാനായിരുന്നു നീക്കം. അതിന്റെ സ്ഥിതി എന്തെന്നറിയില്ല. ഇപ്പോഴിതാ പി.എഫ് പിൻവലിക്കുമ്പോൾ നികുതി ഏർപ്പെടുത്താൻ പുതിയ ബജറ്റിൽ തീരുമാനം. ഇരുപതും മുപ്പതും വർഷത്തെ തൊഴിലാളിയുടെ അധ്വാനഫലത്തിൽനിന്ന് സർക്കാർ നിർബന്ധമായി പിടിച്ചുവാങ്ങി താഴ്ന്ന പലിശനിരക്കു (ബാങ്കുനിരക്കിനേക്കാൾ) നൽകി സൂക്ഷിക്കുന്ന പണം തിരികെ നൽകുമ്പോൾ 10 മുതൽ 30 ശതമാനം വരെ ടാക്‌സ് പിടിക്കുമത്രെ. അതും ഒരുമിച്ച്. നികുതി വിമുക്ത നിക്ഷേപമെന്ന് ഉറപ്പുനൽകി വാങ്ങി സൂക്ഷിക്കുന്ന ഈ പണം, റിട്ടയർ ചെയ്യുമ്പോൾ എങ്ങനെ തിരികെ നൽകാതിരിക്കാമെന്ന ഗവേഷണത്തിലാണ് ഒരുപറ്റം കേന്ദ്രമന്ത്രിമാറെന്നാണ് വിമർശനം.

ഇതുകൂടാതെ പി.എഫ് പെൻഷൻ എന്ന മറ്റൊരു തട്ടിപ്പുമുണ്ട്. തൊഴിലാളിയുടെ ശമ്പളത്തിന്റെ 12 ശതമാനം തുകയാണ് തൊഴിലുടമ പി.എഫിൽ അടയ്‌ക്കേണ്ടത്. വർഷങ്ങളായി അതിന്റെ 8.33 ശതമാനമാണു പെൻഷനിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാൽ കുറച്ചുകാലമായി ഈ രീതിക്കു മാറ്റം വന്നു. എല്ലാ തൊഴിലാളികളിൽനിന്നും കുറേനാൾ മുൻപുവരെ മാനദണ്ഡമൊന്നുമില്ലാതെ 541 രൂപ വീതവും പിന്നീട് 2014 മുതൽ അത് 750 രൂപയുമായി ഉയർത്തിയിരിക്കുകയാണ്. പെൻഷൻഫണ്ട് എന്ന പേരിലുള്ള നിർബന്ധിത പിരിവാണിത്. ഈ പെൻഷൻ ഫണ്ടിന് പലിശയില്ല. ലക്ഷങ്ങളോട് അടുത്ത തുക വർഷങ്ങളായി ഓരോ തൊഴിലാളിയുടെയും പേരിൽ പലിശയില്ലാതെ കേന്ദ്ര സർക്കാർ പിടിച്ചുവച്ചിരിക്കുന്നുവെന്നും ആക്ഷേപം ഉണ്ട്.

അവസാനം പെൻഷൻ നൽകുന്നതോ, സർക്കാരിനു തോന്നുംപടി യാതൊരു മാനദണ്ഡവുമില്ലാതെ. പെൻഷൻ കമ്യൂട്ട് ചെയ്ത് തുക സ്വീകരിക്കാനുള്ള തൊഴിലാളിയുടെ അവകാശം മുൻ സർക്കാർ നിർത്തലാക്കിയത് മറ്റൊരു ക്രൂരതയാണെന്നും പറയുന്നു. പിടിച്ചുപറിക്കുന്ന പണത്തിന്റെ പലിശപോലും പെൻഷനായി നൽകുന്നില്ല എന്നതാണ് ഈ പെൻഷൻ പദ്ധതിയുടെ നിലവിലുള്ള പ്രത്യേകത. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം കത്തിപടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP